ഉമ്മയുടെ അനിയത്തിയുടെ മകള്‍ മഹ്റം ആണോ?
ചോദ്യകർത്താവ്
Farhan
Apr 26, 2020
CODE :Fiq9739
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഉമ്മയുടെ സഹോദരിമാരുടെ പുത്രിമാര്‍ മഹ്റം അല്ല. അവരെ തൊട്ടാല്‍ വുളൂ മുറിയുന്നതാണ്. അവരെ വിവാഹം കഴിക്കാവുന്നതാണ്.
കുടുംബ ബന്ധം, മുലകുടി ബന്ധം, വൈവാഹിക ബന്ധം എന്നിങ്ങനെ മൂന്ന് കാരണങ്ങള്‍ കൊണ്ടാണ് വിവാഹബന്ധം ഹറാമാവുക (മഹ്റം ആവുക).
കുടുംബ ബന്ധം മുഖേനയും മുലകുടി ബന്ധം മുഖേനയും ഏഴ് വിഭാഗം ആളുകള്‍ നിഷിദ്ധമാവും.
കുടുംബന്ധം മുഖേന വിവാഹം നിഷിദ്ധമായവര്‍: മാതാവ്, പിതാ-മാതാമഹികള്‍ (അവര്‍ എത്ര മേല്‍പോട്ട് പോയാലും), പുത്രിമാര്‍, പൗത്രികള്‍ (അവര്‍ എത്ര താഴെത്തോളം), സഹോദരികള്‍ മൂന്ന് വിധത്തിലുള്ളതും (മാതാവും പിതാവുമൊത്തവര്‍, മാതാവോ പിതാവോ ഒത്തവര്‍), പിതൃസഹോദരികള്‍ മൂന്ന് വിധത്തിലുള്ളതും, മാതൃസഹോദരികള്‍ മൂന്ന് വിധത്തിലുള്ളതും, സഹോദര പുത്രിമാര്‍, സഹോദരീ പുത്രിമാര്‍(ഇവര്‍ എത്ര കീഴ്‌പോട്ടു പോയാലും).
കുടുംബ ബന്ധം മുഖേന ഹറാമായവരെല്ലാം മുലകുടി ബന്ധത്തിലൂടെയും ഹറാമാകും.
വിവാഹ ബന്ധത്തിലൂടെ ഹറാമായവര്‍:
കുടുംബ ബന്ധം മുഖേനയോ മുലകുടി ബന്ധം മുഖേനയോ ഉള്ള ഭാര്യയുടെ മാതാവ്, മാതാപിതാമഹികള്‍ ( എത്ര മേല്‍പോട്ട് പോയാലും), ഭാര്യയുടെ പുത്രികളും പൌത്രികളും അവര്‍ എത്ര താഴോട്ട് പോയാലും (ഭാര്യയുമായി സംയോഗം നടന്നാല്‍ മാത്രമെ ഈ പുത്രി ഹറാമാകുകയുള്ളൂ.), പിതാവിന്റെ ഭാര്യ (സ്വന്തം പിതാവ്, പിതാവിന്റെ പിതാവ്, മാതാവിന്റെ പിതാവ്, തുടങ്ങി എത്ര മുകളിലുള്ളവരായാലും അവരുടെ ഭാര്യമാര്‍), സന്താനങ്ങളുടെ ഭാര്യമാര്‍ (സന്താനങ്ങള്‍ എത്ര കീഴ്‌പോട്ട് പോയാലും).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.