വിഷയം: നായ നടന്ന നനഞ്ഞ വഴി
മഴ പെയ്ത ശേഷം നനവുള്ള റോഡിലൂടെയോ പറമ്പിലൂടെയോ നായ കടന്ന് പോയ ശേഷം ആ വഴിയിലൂടെ ഒരാൾ ചെരുപ്പില്ലാതെ നടന്നാൽ ഏഴ് പ്രാവശ്യം കഴുകണോ? ഇനി മണ്ണിൽ വെള്ളത്തിന്‍റെ അംശം കാണാനില്ലെങ്കിലും നനവുള്ള അവസ്ഥയാണെങ്കിലോ?
ചോദ്യകർത്താവ്
Iqbal
Jun 12, 2020
CODE :Fiq9870
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
മഴ പെയ്ത ശേഷം നനവുള്ള റോഡിലൂടെയോ പറമ്പിലൂടെയോ നായ കടന്ന് പോയ ശേഷം ആ വഴിയിലൂടെ ഒരാൾ ചെരുപ്പില്ലാതെ നടന്നത്കൊണ്ട് മാത്രം ഏഴു പ്രാവശ്യമോ ഒരു പ്രാവശ്യമോ പോലും കഴുകേണ്ടതില്ല. മണ്ണ് നനഞ്ഞാലും ഇല്ലെങ്കിലും ഇതുതന്നെയാണ് വിധി. നജസിന്‍റെ തടി ശരീരത്തിലോ വസ്ത്രത്തിലോ ആയെന്ന് ഉറപ്പായാല്‍ മാത്രമേ കഴുകേണ്ടതുള്ളൂ.
നജസിന്‍റെ തടി വേറിട്ടുകാണാത്ത കാലത്തോളം നജസായിട്ടുണ്ടെന്നുറപ്പുള്ള വഴിയിലൂടെയോ മറ്റോ നടക്കുമ്പോള്‍ വസ്ത്രത്തിലോ ശരീരത്തിലോ ആകാനിടയുള്ളതും സാധാരണഗതിയില്‍ അവയെ തൊട്ട് സൂക്ഷിക്കല്‍ പ്രയാസകരവുമായ കുറഞ്ഞ മണ്ണിനെ തൊട്ട് വിട്ടുവീഴ്ചയുണ്ട്. നായ, പന്നി പോലോത്തവ കൊണ്ട് നജസായതാണെന്ന് ഉറപ്പുള്ള സ്ഥലമാണെങ്കില്‍ പോലും നജസിന്‍റെ തടി വേറിട്ടുകാണാത്ത കാലത്തോളം ഇതാണ് വിധി. ഇത് ശ്രദ്ധിക്കല്‍ ക്ലേശമായതിനാലാണ് ഈ വിധി. സമയത്തിനനുസരിച്ചും നജസായ സ്ഥലത്തിനനുസരിച്ചും ഇവിടെ കുറഞ്ഞ അളവില്‍ വിട്ടുവീഴ്ചയുണ്ടെന്ന് പറഞ്ഞതില്‍ വ്യത്യാസമുണ്ടാകും (ഫത്ഹുല്‍മുഈന്‍, തുഹ്ഫ 2/362)
അഥവാ വേനല്‍കാലത്ത് വിട്ടുവീഴ്ച്ചയില്ലാത്തതിന് ശൈത്യകാലത്ത് വിട്ടുവീഴ്ചയുണ്ടാകും. കയ്യിലോ കുപ്പായക്കയ്യിലോ വിട്ടുവീഴ്ചയില്ലാത്തതിന് കാലിലും ചെരുപ്പിലും വിട്ടുവീഴ്ചയുണ്ടാകും (തുഹ്ഫ2/363, ഇആനത് 1/178)
ചെരിപ്പില്ലാതെ ഖുഫ്ഫ മാത്രം ധരിച്ച് നടക്കുമ്പോള്‍ ഖുഫ്ഫയിലാകുന്ന കുറഞ്ഞ മണ്ണും തീരെ ചെരിപ്പില്ലാതെ നടക്കുമ്പോല്‍ കാലിലാകുന്ന കുറഞ്ഞ മണ്ണും ഈ വിട്ടുവീഴ്ചയുടെ പരിധിയില്‍ വരുന്നതാണ് (ശര്‍വാനീ, ഇബ്നുഖാസിം 2/362-363)
ചളിയോ മണ്ണോ തീരെയില്ലാത്ത ഒരു വഴിയില്‍ മൃഗങ്ങളുടെയും നായകളുടെയും മനുഷ്യരുടെയും കാഷ്ടമുണ്ടാവുകയും മഴ നനഞ്ഞ് വഴിയില്‍ പരക്കുകയും ചെയ്താല്‍ ആ വഴിയിലൂടെ നടക്കുമ്പോള്‍ വസ്ത്രത്തിലോ കാലിലോ ആകുന്ന നജസിന് വിട്ടുവീഴ്ചയുണ്ടോ എന്ന് ശൈഖുനാ ഇബ്നുഹജര്‍(റ)നോട് ചോദിക്കപ്പെട്ടപ്പോള്‍ ഇങ്ങനെ മറുപടി നല്കി: വഴിയിലൂടെ യാത്ര പോകുന്നവന്‍ വീഴുകയോ അശ്രദ്ധകാണിക്കുകയോ വഴുതുകയോ ഒന്നും ചെയ്യാതിരിക്കുമ്പോള്‍ മേല്‍പറയപ്പെട്ട വഴിയില്‍ നജ്സ് വ്യാപിച്ചു കിടക്കുന്നതിനാല്‍ സൂക്ഷിക്കല്‍ പ്രയാസകരമായ നജസിനെ തൊട്ട് വിട്ടുവീഴ്ചയുണ്ട് (ഫത്ഹുല്‍മുഈന്‍&ഇആനത് 1/178)
എന്നാല്‍ നജസ് വേറിട്ടു കാണുന്ന തരത്തില്‍ ശരീരത്തിലോ വസ്ത്രത്തിലോ ആയാല്‍ അതിന് വിട്ടുവീഴ്ചയില്ല (ഫത്ഹുല്‍മുഈന്‍)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.