അലക്സാണ്ടര്‍ രാജാവിനു ഖുര്‍ആനില്‍ വിശേഷിപ്പിച്ച പേരന്ത്?

ചോദ്യകർത്താവ്

ഖമറുദ്ദീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.

ബി. സി. നാലാം നൂറ്റാണ്ടില്‍ ജീവിച്ച ഗ്രീക്കു വംശജനായ രാജാവാണ് അലക്സാണ്ടര്‍ മൂന്നാമന്‍. മഹാനായ അലക്സാണ്ടര്‍ എന്നും അറബികള്‍ക്കിടയില്‍ ഇസ്കന്ദര്‍ ദുല്‍ഖര്‍നൈന്‍ എന്നും അറിയപ്പെടുന്നു. സൂറതുല്‍ കഹ്ഫില്‍ പറയപ്പെട്ട ദുല്‍ഖര്‍നൈന്‍ ഈ അലക്സാണ്ടര്‍ ചക്രവര്‍ത്തിയെയാണ് സൂചിപ്പിക്കുന്നത് എന്ന തരത്തില്‍ ചില ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ കാണാമെങ്കിലും ശരിയായി വിശകലനം നടത്തിയാല്‍ ഇതല്ല വാസ്തവമെന്നു് മനസ്സിലാക്കാനാകും.  ഇവര്‍ രണ്ടു പേരും വ്യത്യസ്ത കാലഘട്ടങ്ങളില്‍ ജീവിച്ച വ്യത്യസ്ത വ്യക്തികളാണ്.

അല്‍കഹ്ഫില്‍ പറയപ്പെട്ട ദുല്‍ഖര്‍നൈന്‍ സ്വാലിഹായ മനുഷ്യനായിരുന്നു. അല്ലാഹുവിന്‍റെ വലിയ്യായിരുന്നു. നബിയായിരുന്നുവരെ അഭിപ്രയാമുണ്ട്. എന്നാല്‍ അലക്സാണ്ടര്‍ അവിശ്വാസിയായിരുന്നു.

ഖുര്‍ആനിലെ ദുല്‍ഖര്‍നൈന്‍ ജീവിച്ചത് ഇബ്റാഹീം നബി(അ)മിന്‍റെ കാലഘട്ടത്തിലായിരുന്നു. കാല്‍നടയായി താന്‍ ഹജ്ജിന് പോവുകയും അപ്പോള്‍ ഇബ്‌റാഹീംനബി(അ)നെക്കുറിച്ച് കേള്‍ക്കുകയും തുടര്‍ന്ന് അദ്ദേഹത്തെ ചെന്ന് കാണുകയും ചെയ്തുവെന്ന് സുപ്രധാന താബിഉകളില്‍ ഒരാളായ ഉബൈദുബ്‌നുഉമറില്‍ നിന്ന് മഹാനായ ഫാക്കിഹീ(റ) ഉദ്ധരിച്ചിട്ടുണ്ട്. കൂടാതെ ദുല്‍ഖര്‍നൈന്‍ മസ്ജിദുല്‍ഹറാമില്‍ പ്രവേശിച്ചുവെന്നും എന്നിട്ട് ഇബ്‌റാഹീംനബി(അ)ന് സലാം ചൊല്ലുകയും അദ്ദേഹത്തിന് കൈകൊടുക്കുകയും ചെയ്തുവെന്നും ഇബ്‌നുഅബ്ബാസ്(റ)വില്‍ നിന്നും ഫാക്കിഹീ(റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉസ്മാനുബ്‌നുല്‍ഹാജ് വഴിയായി ഫാക്കിഹീ ഉദ്ധരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: ഇബ്‌റാഹീം(അ)നോട് കഥാപുരുഷന്‍ പ്രാര്‍ഥിക്കുവാന്‍ അപേക്ഷിച്ചു. ഞാനതെങ്ങനെ ചെയ്യും, നിങ്ങള്‍ എന്റെ കിണറിന് നാശം വരുത്തിയല്ലോ എന്ന് ഇബ്‌റാഹീംനബി(അ) പറഞ്ഞു. അപ്പോള്‍ അതെന്റെ നിര്‍ദ്ദേശം അനുസരിച്ചുണ്ടായതല്ല (തന്റെ അറിവ് കൂടാതെ സൈന്യങ്ങളില്‍ ചിലര്‍ ചെയ്തതായിരുന്നു അത്) എന്ന് ദുല്‍ഖര്‍നൈന്‍ പ്രതികരിക്കുകയുണ്ടായി. അദ്ദേഹം ഇബ്‌റാഹീംനബി(അ)നോട് കൂടി കഅ്ബ പ്രദക്ഷിണം (ഥവാഫ്) ചെയ്തിട്ടുണ്ടെന്നും അസ്‌റഖിയും മറ്റും പ്രസ്താവിച്ചിരിക്കുന്നു. ഏകദേശം ബി. സി. രണ്ടായിരം വര്‍ഷം മുമ്പായിരുന്നു ഇബ്റാഹീം നബി(അ)  ജീവിച്ചിരുന്നത്. (ഫത്ഹുല്‍ ബാരി)  എന്നാല്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തി ജീവിച്ചിരുന്നത് ബി.സി. 356 നും 323 നും ഇടയിലായരുന്നു.

ഖുര്‍ആനിലെ ദുര്‍ഖര്‍നൈനിന്‍റെ മന്ത്രി ഖിദ്‍ര്‍ (അ) ആയിരുന്നുവെങ്കില്‍ അലക്സാണ്ടറിന്‍റെ ഉപദേഷ്ടാവ് അരിസ്റ്റോട്ടില്‍ ആയിരുന്നു.

(പ്രധാന അവലംബം ഫത്ഹുര്‍റഹ്മാന്‍ ഖുര്‍ആന്‍ വ്യാഖ്യാനം - http://quranonweb.net/)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter