എന്‍റെ ഉപ്പയെയും ഉമ്മയെയും പരിചരിക്കേണ്ടത് എന്‍റെ ഭാര്യയുടെ ബാധ്യതയല്ലേ? ഭാര്യക്ക് വലിയ അസുഖം പിടിപെട്ടാല്‍ അത് ചികില്‍സിക്കേണ്ടത് അവളുടെ ഉപ്പയോ ഭര്‍ത്താവോ?

ചോദ്യകർത്താവ്

അബ്ദുല്‍ സത്താര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഭര്‍ത്താവിന്റെ മാതാപിതാക്കളെ ശുശ്രൂഷിക്കുകയെന്നുള്ളത്‌ ഭാര്യയുടെ നിര്‍ബന്ധ ബാധ്യതയല്ല. ഇത് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാം. അതുപോലെ ഭാര്യക്ക് അസുഖം വന്നാല്‍ അതിന്‍റെ ചികില്‍സ ഭര്‍ത്താവിന്‍റെ ബാധ്യതയല്ല എന്നതുമാണ് കര്‍മ്മശാസ്ത്രത്തിന്‍റെ കൃത്യമായ വിധി. എന്നാല്‍ ഇത്തരം കാര്യങ്ങളിലെല്ലാം പലപ്പോഴും സാഹചര്യങ്ങളും നാട്ടുനടപ്പുമനുസരിച്ചു വ്യതാസം വരും. മതപരം എന്നതിലുപരി ഓരോ നാട്ടിലെയും സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് ഇത്തരം വിഷയങ്ങള്‍. അതേക്കാളെല്ലാമുപരി, അവകാശങ്ങളുടെയും ബാധ്യതകളുടെയും അതിര്‍വരമ്പുകളുടെ കണിശതക്കപ്പുറം മനപ്പൊരുത്തത്തോടെയുള്ള ജീവിതമാണ് പ്രധാനം. ഇതിനായി ഇരുഭാഗത്ത് നിന്നും ഒട്ടേറെ നീക്കുപോക്കുകള്‍ ആവശ്യമായി വരും. ഇന്ന് നാടുകളിലൊക്കെ നടന്നുകൊണ്ടിരിക്കുന്ന രീതികള്‍ അത്തരം പരസ്പര ധാരണയില്‍ വളര്‍ന്നുവന്നതാണെന്ന് മനസ്സിലാക്കാം. നിര്‍ബന്ധ ബാധ്യതകളേ ചെയ്യൂ എന്ന് ഭാര്യ ശാഠ്യം പിടിച്ചാല്‍ പലപ്പോഴും കുടുംബജീവിതം തന്നെ ദുസ്സഹമായിത്തീരും. കുട്ടികളെ പരിപാലിക്കുന്നതിനും മുലയൂട്ടുന്നതിനും സ്ത്രീക്ക് പ്രതിഫലം ആവശ്യപ്പെടാവുന്നതാണ്. വീട്ടിലെ ജോലികള്‍ ചെയ്യാന്‍ വേലക്കാരിയെ നിയോഗിക്കാന്‍ ആവശ്യപ്പെടുകയോ അല്ലാത്ത പക്ഷം അതിന് പ്രതിഫലം വാങ്ങുകയോ ചെയ്യാന്‍ സ്ത്രീക്ക് അധികാരമുണ്ട്. അതെല്ലാം പുരുഷന്മാര്‍ വക വെച്ചുകൊടുക്കുകയാണെങ്കില്‍, രോഗചികില്‍സക്കായി സ്ത്രീക്ക് ആരെയും ആശ്രയിക്കേണ്ടിവരികയുമില്ല. അപ്പോള്‍ അത് അവളുടെ തന്നെ ബാധ്യതയായി മാറുമെന്നര്‍ത്ഥം. ഇവയെല്ലാം ഇത്തരത്തില്‍ കണിശമായി പോരാട്ടത്തിലൂടെ നേടിയെടുക്കുന്നതിന് പകരം, പരസ്പരം ധാരണയും മനപ്പൊരുത്തവുമാണ് കുടുംബ ജീവിതത്തില്‍ ആവശ്യം. അങ്ങനെ വരുമ്പോള്‍ ഭാര്യക്കും ഭര്‍ത്താവിനും ജീവിതം സുഗമവും അതിലേറെ സംതൃപ്തവുമായിത്തീരും. വീട്ടിലെ ജോലികളും കുട്ടികളുടെ പരിപാലനവുമെല്ലാം പ്രതിഫലേഛയില്ലാതെ സ്വയം ഏറ്റെടുത്ത് ചെയ്യുന്നവരാണ് നമ്മുടെ സ്ത്രീകളെല്ലാം തന്നെ. അത് കൊണ്ട് തന്നെ, അവരുടെ ചികില്‍സാചെലവുകള്‍ വഹിക്കാനും അവരുടെ ന്യായമായ ആവശ്യങ്ങളെല്ലാം നിറവേറ്റിക്കൊടുക്കാനും പുരുഷന്മാരും തയ്യാറാവേണ്ടതുണ്ട്. സമാധാന പൂര്‍ണ്ണമായ ഒരു കുടംബ ജീവിതം അല്ലാഹു എല്ലാവര്‍ക്കും പ്രദാനം ചെയ്യട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter