പള്ളകാണൽ പോലുള്ള മാമൂലുകളോട് ഇസ്ലാമിന്റെ കാഴ്ചപ്പാട് എന്താണ്

ചോദ്യകർത്താവ്

Abdulla

Jan 29, 2019

CODE :Oth9098

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

പള്ള കാണൽ എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ഒരു സ്ത്രീയുടെ ഗർഭ കാലത്തെ ഏറ്റവും പ്രയാസകരമായ അവസാന ഘട്ടങ്ങളിൽ അവളുടെ മാതാപിതാക്കളും ബന്ധുക്കളും അവളെ ആശ്വസിപ്പിക്കാനും സന്തോഷിപ്പിക്കാനും വേണ്ടി പോകുന്നതാണെങ്കിൽ അത് നല്ലതും ഇസ്ലാമികവുമാണ്. കാരണം ഒരു മാതാവ് കുഞ്ഞിനെ ഗർഭം ചുമക്കുന്നത് വളരേ പ്രയാസകരമാണെന്ന് വിശുദ്ധ ഖുർആൻ പറയുന്നുണ്ട് (സൂറത്തു ലുഖ്മാൻ). ഒരാൾ പ്രയാസം അനുഭവിക്കുമ്പോൾ അത് അകറ്റാനും അതിന് കഴിയില്ലെങ്കിൽ അത് ലഘൂകരിക്കാനും അല്ലാഹുവും റസൂൽ (സ്വ)യും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അല്ലഹു തആലാ പറയുന്നു: ‘നിങ്ങളുടെ പ്രയാസങ്ങളെ ലഘൂകരിക്കാനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. മനുഷ്യൻ ദുർബ്ബനനായിട്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്’ (സൂറത്തുന്നിസാഅ്). നബി (സ്വ) അരുൾ ചെയ്തു: ‘ഒരു സത്യ വിശ്വാസിയുടെ ഒരു പ്രയാസം ആരെങ്കിലും അകറ്റിയാൽ അല്ലാഹു അവന്റെ ആഖിറത്തിലെ ഒരു പ്രയാസം അകറ്റിക്കൊടുക്കും’ (സ്വഹീഹ് മുസ്ലിം). അതു പോലെ ഇത്തരം സന്ദർശനങ്ങളിലുള്ള മറ്റൊരു ഗുണം അല്ലാഹുവും റസൂൽ (സ്വ)യും നിരവധി തവണ പ്രോത്സാഹിപ്പിച്ച കുടുംബ ബന്ധം ചേർക്കൽ കൂടിയുണ്ട് എന്നതാണ്. നബി (സ്വ) അരുൾ ചെയ്തു: ‘അല്ലാഹുവിലും അന്ത്യ നാളിലും ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കിൽ അവൻ കുടുംബ ബന്ധം ചേർക്കട്ടേ’ (സ്വഹീഹുൽ ബുഖാരി), ‘ആരെങ്കിലും തന്റെ ഉപജീവനത്തിൽ വിശാലതയും ആയുസ്സിൽ വർദ്ധനവും ആഗ്രഹിക്കുന്നവെങ്കിൽ അവൻ കുടുംബ ബന്ധം ചേർത്തു കൊള്ളട്ടേ’ (സ്വഹീഹുൽ ബുഖാരി).

ചുരുക്കത്തിൽ സ്ത്രീകൾ അവരുടെ ജീവിതകാത്ത് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രയാസങ്ങളിലൊന്ന് ഗർഭാവസ്ഥയാണ്. കുഞ്ഞിനോടും ഭർത്താവിനോടും ഉള്ള സ്നേഹം മാതൃത്വത്തിന് അല്ലാഹു നൽകിയ ഔന്നത്യവും കാരണം സ്ത്രീ ആ ഘട്ടത്തിലെ ഒരു വിധപ്പെട്ട വേദനകളേയും അസ്വസ്ഥകളേയും അറിയാതെ പോകുന്നു, അല്ലെങ്കിൽ അവഗണിക്കുന്നു. ആ ഘട്ടത്തിൽ ഭർത്താവിൽ നിന്നും ഭർതൃ വീട്ടുകാരിൽ നിന്നും തലോടലും ആശ്വാസവും സന്തോഷവും മാത്രമേ അവർ കൊതിക്കുകയുള്ളൂ. അത് നൽകാൻ അവർ ബാധ്യസ്ഥരുമാണ്. അതോടൊപ്പം തന്റെ മാതാപിതാക്കളും ബന്ധുക്കളും തന്നെ വന്ന് കണ്ട് ആശ്വസിപ്പിക്കുന്നത് അവരുടേയും കുഞ്ഞിന്റേയും മാനസികവും ശാരീരികവുമായ ആരോഗ്യത്തിനും സ്വാസ്ഥ്യനും വഴി തെളിയിക്കുമെന്നതിൽ സംശമില്ലല്ലോ. അത് കൊണ്ടൊക്കെയാവാം അത്തരം ഒരു രീതി മുമ്പ് മുതലേ സ്വീകരിച്ചു വരുന്നത്.

എന്നാൽ പവിത്രമായ ലക്ഷ്യത്തോടെയുള്ള ഇത്തരം കർമ്മങ്ങളെ ധൂർത്തടിച്ച് കൊണ്ടും ഭാര്യവീട്ടുകാരെ അമിതമായ പണം ചെലവാക്കാൻ നിർബ്ബന്ധിപ്പിച്ച് പ്രയാസപ്പെടുത്തിയും സ്ത്രീ പുരുഷന്മാർ ഇടകലർന്നുള്ള ഫങ്ഷനുകൾ നടത്തിയും ഒരു നിർബ്ബന്ധിത മാമൂലാക്കി  കളങ്കപ്പെടുത്തുന്ന രീതി ഇസ്ലാമിക ദൃഷ്ട്യാ നിഷിദ്ധവും അനുഗ്രഹ ശൂന്യവും നിരുത്സാഹപ്പെടുത്തേണ്ടതുമാണ്. കാരണം ധൂർത്തന്മാരെ അല്ലാഹു ഇഷ്ടപ്പെടില്ലെന്നും (സൂറത്തുൽ അഅ്റാഫ്) അവർ പിശാചിന്റെ സഹോദരങ്ങളാണെന്നും (സൂറത്തുൽ ഇസ്റാഅ്) മറ്റുള്ളവരെ കഷ്ടപ്പെടുത്തുന്നത് വലിയ തെറ്റും (സൂറത്തുൽ അഹ്സാബ്) പിശാചുമായുള്ള ഗൂഢാലോചനയുടെ ഭാഗവുമാണെന്നും (സൂറത്തുൽ മുജാദിലഃ) ബോധപൂർവ്വം സ്ത്രീ പുരുഷന്മാർ ഇടകലർന്നുള്ള പരിപാടികൾക്ക് വേണ്ടി ഒരുങ്ങിപ്പുറപ്പെടാൻ പാടില്ലെന്നും (സൂറത്തുന്നൂർ)അത്തരക്കാർ സ്വർഗത്തിൽ പ്രവേശിക്കുകയില്ലെന്ന് മാത്രമല്ല അവർക്ക് സ്വർഗത്തിന്റെ വാസന പോലും കിട്ടുകയില്ലെന്നും (സ്വഹീഹ് മുസ്ലിം), അത്തരക്കാർ വ്യഭിചാരികളാണെന്നും (അബൂദാവൂദ്, തിർമ്മദി) ശർഅ് കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter