വിഷയം: ഖുര്‍ആനിനോടുളള ആദരവ്
ഗൾഫിൽ അധിക റൂമിലും ഡബിൾഫ്രെയിം കട്ടിലുകള്‍ ആയിരിക്കുമല്ലോ കിടക്കാൻ. താഴെ ഇരുന്നു ഖുർആൻ ഓതുമ്പോൾ മുകളിൽ മറ്റുള്ളവര്‍ കിടക്കുന്നുണ്ടാവും. അങ്ങനെ ഓതാൻ പറ്റുമോ? ഖുർആനേക്കാൾ കാൽ മുകളിൽ വരുന്നത് കുറ്റകരമല്ലേ?
ചോദ്യകർത്താവ്
Suhaib
Jun 7, 2020
CODE :Oth9860
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
വിശുദ്ധഖുര്‍ആനിന്‍റെ പവിത്രതയും ബഹുമാനവും കാത്തുസൂക്ഷിക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ തട്ടുകളായി സംവിധാനിച്ച കട്ടിലുകളില്‍ മുകളിലെ തട്ടില്‍ ആളിരിക്കുന്നത് താഴെയുള്ള തട്ടിലിരിക്കുന്നവരുടെ ഖുര്‍ആന്‍പാരായണത്തിന് തടസ്സമാകുന്നതല്ല. ഇവിടെ രണ്ട് തട്ടുകളും രണ്ട് നിലകളായി പരിഗണിക്കപ്പെടുന്നതാണ്.
ഒരു ബില്‍ഡിംഗിലെ താഴെ തട്ടില്‍ ഖുര്‍ആന്‍ വെക്കുന്നതിന് മുകളിലെ തട്ടിലെ ആളുകളുടെ പാദങ്ങളോ മറ്റോ തടസ്സമാകുന്നില്ലല്ലോ. എന്നതുപോലെയാണ് ഇവിടെയും പരിഗണിക്കപ്പെടുന്നത്.
ഒരു ഷെല്‍ഫിന് രണ്ട് തട്ടുണ്ടാവുമ്പോള്‍ താഴെ തട്ടില്‍ ഖുര്‍ആന്‍ വെക്കുകയും മുകളിലെ തട്ടില്‍ മറ്റെന്തെങ്കിലും വെക്കുകയും ചെയ്യുന്നത് ഖുര്‍ആനിനോടുള്ള അനാദരവില്‍ പെടില്ലെന്ന് മഹാന്മാര്‍ വിവരിച്ചിട്ടുണ്ട്.
എങ്കിലും ഇത്തരം സാഹചര്യങ്ങളില്‍ വുശുദ്ധഖുര്‍ആന്‍ അനാദരിക്കപ്പെടുന്ന അവസ്ഥ നമ്മില്‍ നിന്ന് അറിയാതെപോലും സംഭവിക്കാതിരിക്കാന്‍ നാം പരമാവധി ശ്രദ്ധിക്കേണ്ടതുണ്ട്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.