വിഷയം: സോക്സ് തടവി നിസ്കരിക്കുന്നവനെ തുടരല്‍
വുളൂഅ് ചെയ്യുമ്പോള്‍ കാല്‍ കഴുകാതെ സോക്സിന് മുകളില്‍ വെള്ളം കൊണ്ട് തടവുന്ന ഇമാമിനെ തുടര്‍ന്ന് നിസ്കരിച്ചാല്‍ ശരിയായി വുളൂഅ് ചെയ്ത മഅ്മൂമിന്‍റെ നിസ്കാരം ശരിയാവുമോ?
ചോദ്യകർത്താവ്
Sabir
Jul 26, 2020
CODE :Fiq9932
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
വുളൂ ചെയ്യുമ്പോള്‍ കാലുകള്‍ കഴുകുന്നതിന് പകരം സോക്സിനു മുകളില്‍ തടവുന്നത് ഖുഫ് തടവുന്നത് പോലെയാണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. ഖുഫ്ഫ് ധരിച്ചവന് അതിനു മുകളില്‍ തടവാമെന്ന ഇളവിന്, ഖുഫ് ശുദ്ധിയുള്ളതായിരിക്കണം, ധരിച്ചത് ശുദ്ധിയോടെയായിരിക്കണം, കാലില്‍ നിന്ന് കഴുകല്‍ നിര്‍ബന്ധമായ മുഴുവന്‍ ഭാഗത്തെയും മറക്കുന്നതായിരിക്കണം, വെള്ളം ഉള്ളിലേക്ക് ചേരുന്നത് തടയുന്നതായിരിക്കണം, അത് മാത്രം കാലില്‍ ധരിച്ചുകൊണ്ട് സാധാരണ ആവശ്യങ്ങള്‍ക്കായി തുടര്‍ച്ചയായി നടക്കാന്‍ സാധിക്കുന്നതായിരിക്കണം എന്നീ നിബന്ധനകള്‍ അനിവാര്യമാണ്. ഇതില്‍ അവസാനം പറഞ്ഞ രണ്ട് നിബന്ധനകളും സാധാരണ സോക്സുകളില്‍ ഇല്ലാത്തതിനാല്‍ അവയെ ഖുഫിന്‍റെ പരിധിയില്‍ പെടുത്താവുന്നതല്ല.
നാല് മദ്ഹബുകളിലെ നിയമങ്ങളനുസരിച്ചും ഇന്ന് പ്രചാരത്തിലുള്ള സോക്സ് തടവി വുളൂ പൂര്‍ത്തീകരിക്കാന്‍ വകുപ്പില്ല.
ഹമ്പലീ മദ്ഹബ് പ്രകാരം സോക്സിന്മേല്‍ തടവാമെന്ന് പറയപ്പെടാറുണ്ട്. സോക്സിന് അറബിയില്‍ പറയുന്ന പദമായ ജൌറബില്‍ തടവാം എന്ന കിതാബുകളിലെ പ്രയോഗമാകാം ഈ തെറ്റിദ്ധാരണക്ക് കാരണം. ജൌറബിന്മേല്‍ തടവാം എന്ന് പറയുന്നിടത്ത് അത് അനുവദനീയമാവാന്‍ രണ്ട് നിബന്ധനകള്‍ പ്രത്യേകം പറയുന്നുണ്ട്. കാലില്‍ നിന്ന് കഴുകല്‍ നിര്‍ബന്ധമായ ഭാഗത്തു നിന്ന് ഒന്നും വെളിവാകാത്ത വിധം കട്ടിയുള്ളതായിരിക്കണമെന്നതും ചെരുപ്പൊന്നും കൂടാതെ അത് മാത്രം ധരിച്ചുകൊണ്ട് തുടര്‍ച്ചയായി സാധാരണപോലെ നടക്കാന്‍ സാധിക്കുന്നതായിരിക്കണമെന്നതും അവിടെ നിബന്ധന പറഞ്ഞിട്ടുണ്ട്. ഈ നിബന്ധന സോക്സിന് ഇല്ലല്ലോ. ആയതിനാല്‍ സോക്സ് തടവി വുളൂ ചെയ്യുന്ന രീതി നാലു മദ്ഹബിലും അംഗീകരിക്കപ്പെടുന്നതല്ല.
നിസ്കാരം ശരിയല്ലെന്ന് ഉറപ്പുള്ള ഒരാളെ തുടര്‍ന്ന് നിസ്ക്കരിച്ചാല്‍ തുടര്‍ന്നവന്‍റെ നിസ്കാരവും ശരിയാവില്ല (ഫത്ഹുല്‍മുഈന്‍)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.