വിഷയം: ‍ ചരിത്രം

ആരാണ് ബുഖ്ത് നസ്ർ. അവരുടെ ചരിത്രവും ഉസെെർ നബിയുമായി ഉള്ള ബന്ധവും എന്ത്?

ചോദ്യകർത്താവ്

മുഹ്സിന

Aug 19, 2022

CODE :Had11307

അള്ളാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും. നബി (സ്വ) യിലും കുടുംബത്തിലും അനുചരന്മാരിലും അള്ളാഹുവിന്‍റെ സ്വലാതും സലാമും സദാ വര്‍ഷിക്കട്ടെ.

സൂറതുല്‍ ഇസ്റാഇലാണ് ഖുര്‍ ആന്‍ ബുഖ്തുന്നസ്‍ര്‍ (ബഡ്കനോസര്‍) ന്‍റെ ബൈതുല്‍ മുഖദ്ദസ് ആക്രമണത്തെ കുറിച്ച് സൂചിപ്പിക്കുന്നത്.

നിങ്ങള്‍ ഭൂമിയില്‍ (ശാമില്‍) രണ്ടു പ്രാവശ്യം കുഴപ്പമുണ്ടാക്കുമെന്നും വലിയ അഹംഭാവം കാണിക്കുമെന്നും തൗറാത്ത് മുഖേന ഇസ്രാഈല്യരെ നാം അറിയിച്ചു. 4 

 അങ്ങനെ ആ രണ്ടില്‍ ഒന്നാമത്തേതിന്റെ (ശിക്ഷയുടെ) ഘട്ടമെത്തുമ്പോള്‍ കഠിനമായ ആക്രമണശക്തിയുള്ള നമ്മുടെ ചില അടിമകളെ നിങ്ങള്‍ക്കുനേരെ നാം അയക്കും. അങ്ങനെ അവര്‍ സ്വന്തം വീടുകള്‍ക്കിടയില്‍ നിങ്ങളെ തെരഞ്ഞുനടക്കുന്നതാണ്. ഇതു നടപ്പില്‍വരുത്തുന്ന ഒരു തീരുമാനം തന്നെയാകുന്നു.5

 പിന്നീട് അവരെ തിരിച്ചടിക്കുവാന്‍ നിങ്ങള്‍ക്കു നാം അവസരം നല്‍കും. ധനംകൊണ്ടും സന്താനങ്ങളെകൊണ്ടും നിങ്ങളെ നാം സഹായിക്കയും ചെയ്യും. നിങ്ങളെ ജനസംഖ്യ വളരെ വര്‍ദ്ധിച്ച ഒരു സമുദായമാക്കുന്നതുമാണ്. 6

 (എന്നിട്ട് നിങ്ങളോട് നാം പറഞ്ഞു:) നന്മ ചെയ്താല്‍ അതിന്റെ ഗുണം നിങ്ങള്‍ക്കുതന്നെയാണ്; തിന്മ ചെയ്യുന്നുവെങ്കില്‍ അതിന്റെ ദോഷവും നിങ്ങള്‍ക്കുതന്നെ. പിന്നീട് രണ്ടാമത്തെ കുഴപ്പത്തിന്റെ (ശിക്ഷയുടെ) ഘട്ടമെത്തിയപ്പോള്‍ നിങ്ങളെ അപമാനിക്കുവാനും ഒന്നാംപ്രാവശ്യം പള്ളിയില്‍ പ്രവേശിച്ചതുപോലെത്തന്നെ രണ്ടാം പ്രാവശ്യം പള്ളിയില്‍ പ്രവേശിക്കുവാനും അവര്‍ ജയിച്ചടക്കിയതിനെയെല്ലാം നശിപ്പിക്കുവാനുംവേണ്ടി (നമ്മുടെ ചില അടിമകളെ നിങ്ങളുടെ നേരെ നാം അയക്കും). 7

സൂറതുല്‍ ഇസ്റാഇലെ ആയതുകളുടെ സാരമാണ് വിശദീകരിച്ചത്. ഈ ആയതുകളെ വിശദീകരിച്ച് കൊണ്ട് മലയാളം ഖുര്‍ആന്‍ പരിഭാഷയായ ഫത്ഹുര്‍റഹ്മാന്‍ എഴുതിയത് കാണുക.

ഇസ്രാഈല്യര്‍ സംസ്‌കാര പാരമ്പര്യമുള്ള ഒരു പുരാതന സമുദായമാണ്. പക്ഷെ, തങ്ങളുടെ കൊള്ളരുതായ്മ അവര്‍ പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. അതിനുള്ള അല്ലാഹുവിന്റെ ശിക്ഷയും അവര്‍ അനുഭവിക്കാറുണ്ടായിരുന്നു. അവയില്‍ രണ്ട് പ്രധാന സംഭവങ്ങളാണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്: ഒന്ന്, ബാബിലോണിയയിലെ നെബുക്കഡ് നേസര്‍ (ബുഖ്ത്തുനസ്സര്‍) രാജാവും പരിവാരങ്ങളും പട്ടാള വ്യൂഹവും ബൈത്തുല്‍മുഖദ്ദസ് ആക്രമിച്ചതാണ്. അതിലവര്‍ ഇസ്രാഈല്‍ സമൂഹത്തെ തകര്‍ത്ത് തരിപ്പണമാക്കി. അവരില്‍ ഒരു വിഭാഗത്തെ ബാബിലോണിയയിലേക്ക് നാടുകടത്തി. നൂറ് കൊല്ലത്തിന് ശേഷമാണ് അവര്‍ക്ക് നാട്ടിലേക്ക് തിരിച്ചുവരാന്‍ അവസരം ലഭിച്ചത്. എഴുപതിനായിരം ഇസ്രയേല്യരെ അന്ന് നബുക്കഡ് നേസര്‍ ചക്രവര്‍ത്തി നിര്‍ദാക്ഷിണ്യം കൊന്നുകളഞ്ഞു. എന്നാല്‍ പിന്നീട് സ്വഗേഹത്തിലേക്ക് തിരിച്ചുവരാന്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തി അവരെ സഹായിച്ചു. അഞ്ചുനൂറ്റാണ്ടുകള്‍ക്ക് ശേഷം റോമന്‍ ചക്രവര്‍ത്തി എസ്പിയാനോസ് വീണ്ടും അവരെ അക്രമിച്ചു നിര്‍വീര്യരാക്കിയതായി ചരിത്രത്തില്‍ കാണാം. തൗറാത്തില്‍ അവര്‍ ഭേദഗതി വരുത്തിയതും ശഅ്‌യാഅ് നബി(അ)നെ കൊന്നതും മറ്റുമാണ് അവരുണ്ടാക്കിയ കുഴപ്പം. പിന്നീട് പശ്ചാത്തപിച്ചു മടങ്ങി സച്ചരിതരായി മാറിയപ്പോള്‍ 6-ാം വാക്യം ചൂണ്ടിക്കാട്ടുന്നതു പോലെ അല്ലാഹു പിന്നെയും അവരെ അനുഗ്രഹിച്ചു.... എന്നാല്‍ ഇസ്രയേല്യര്‍ പിന്നെയും ധിക്കാരം പ്രവര്‍ത്തിക്കുകയായിരുന്നു. സകരിയ്യാ നബി, യഹ്‌യാ നബി(അ) എന്നിവരെ അവര്‍ കൊന്നുകളഞ്ഞു. ഈസാ നബി(അ)നെ അവര്‍ കൊലപ്പെടുത്തുവാന്‍ ശ്രമിച്ചു. അതിന്റെ ഫലമായി റോമക്കാരുടെ ഒരു ഭയങ്കര ആക്രമണത്തിന് അവര്‍ വിധേയരായി. ഇസ്രാഈല്യരുടെ ചരിത്രത്തിലെ ബീഭത്സസംഭവം അതായിരുന്നു. ഒന്നാമത്തെ തവണ ബുഖ്ത്തുനസ്സറിന്റെ ബാബിലോണിയന്‍ സൈന്യം ബൈത്തുല്‍മുഖദ്ദസ് പള്ളി ചുട്ടെരിച്ചു. ലോകത്തുണ്ടായിരുന്ന തൗറാത്തിന്റെ ഒരേയൊരു അസ്സല്‍ കോപ്പി അവര്‍ നശിപ്പിക്കുകയുണ്ടായി. തടുക്കുവാനും എതിര്‍ക്കുവാനും കഴിവില്ലാതെ ഇസ്രാഈല്യര്‍ ഓടിഒളിക്കയായിരുന്നു. എന്നാല്‍ ശത്രുക്കള്‍ അവരുടെ വീടുകള്‍ക്കിടയില്‍ തെരഞ്ഞ് നടന്ന് പിടിച്ചു ശിക്ഷിച്ചു. എന്തൊരു ദയനീയമായ അവസ്ഥ! മറ്റു സംഭവങ്ങളിലും ഇസ്രാഈല്യരുടെ നില ഇതുതന്നെയായിരുന്നു. ഇവിടെ നാം ഒന്നു നല്ലവണ്ണം ഗ്രഹിക്കേണ്ടതുണ്ട്. ധിക്കാരം ആരു പ്രവര്‍ത്തിച്ചാലും അല്ലാഹു അവരെ ശിക്ഷിക്കുക തന്നെ ചെയ്യും. ആ ശിക്ഷ നടപ്പാക്കാനയക്കുന്നത് ചിലപ്പോള്‍ അവരിലും കടുത്ത പോക്കിരികളെയും തെമ്മാടികളെയുമായിരിക്കും. മുസ്‌ലിംകള്‍ എന്തുതെറ്റ് ചെയ്താലും അല്ലാഹുവിന്റെ മതത്തെയും അവന്റെ പള്ളികളെയും അവന്‍ രക്ഷിച്ചുകൊള്ളുമെന്നും അത് നശിക്കാന്‍ അവന്‍ അനുവദിക്കില്ല എന്നും അന്ധമായി വിശ്വസിക്കുന്നവര്‍ ഇതെല്ലാം ഒന്ന് കണ്ണ്തുറന്ന് നോക്കേണ്ടതാണ്.

ചോദ്യത്തില്‍ ഉസൈര്‍ റ നെ കുറിച്ച് ചോദിച്ചിരുന്നു. ബഡ്കനോസര്‍ ഫലസ്‍ഥീന്‍ കത്തിച്ച് ചാരമാക്കിയതിന് ശേഷം ഈ പട്ടണത്തിലൂടെ പോകാനിടയായ ഉസൈര്‍ റ ചോദിച്ചു. ഇത്രമേല്‍ നശിച്ച ഈ പട്ടണം എങ്ങനെയാണ് അള്ളാഹു ഇനി പുനരുജ്ജീവിപ്പിക്കുക. അങ്ങനെ 100 വര്‍ഷം അള്ളാഹു അദ്ദേഹത്തെ ഉറക്കിയ ചരിത്രം ഖുര്‍ആനില്‍ സൂചിപ്പിക്കുന്നുണ്ട്. (സൂറതുല്‍ ബഖറ 259).



കൂടുതല്‍ അറിയാനും പഠിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

 

ASK YOUR QUESTION

Voting Poll

Get Newsletter