കസാഖിസ്താനും പ്രക്ഷോഭത്തിന്റെ വഴിയിലേക്കോ

മധ്യേഷ്യയിലെ ഏറ്റവും വലുതും രാജ്യവിസ്തൃതിയില്‍ ലോകത്തെ ഏറ്റവും വലിയ മുസ്‍ലിം രാജ്യവുമായ  കസാഖിസ്താനെ സംബന്ധിച്ചിടത്തോളം 2022ന്റെ തുടക്കം അത്ര നല്ലതല്ലെന്ന് പറയാം. പാചകവാതകത്തിന്റെ വില ക്രമാതീതമായി വര്‍ദ്ധിച്ചതാണ് പ്രശ്നങ്ങളുടെ ഏറ്റവും അവസാന കാരണം. അതേതുടര്‍ന്ന്, ജനുവരി 2ന് ഉടലെടുത്ത പ്രക്ഷോഭം, സാമ്പത്തിക തലസ്ഥാനമായ അല്‍മാതി അടക്കം വിവിധ പട്ടണങ്ങളിലേക്ക് വ്യാപിച്ച്, ഒട്ടേറെ പേരുടെ മരണത്തിന് വരെ കാരണമായിരിക്കുകയാണ്. പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ജനുവരി 5ന് സര്‍ക്കാര്‍ രാജി വെക്കുകയും അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.

പാചകവാതക വില വര്‍ദ്ധന എന്നത് അവസാനത്തെ കാരണം മാത്രമായിരുന്നു. മൂന്ന് പതിറ്റാണ്ടോളമായി, പ്രസിഡണ്ട് സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കുന്ന, നൂര്‍ സുല്‍ത്വാന്‍ നിസാര്‍ ബായീഫിനോടുള്ള അതൃപ്തിയാണ് യഥാര്‍ത്ഥ കാരണമെന്നാണ് മനസ്സിലാവുന്നത്. 
സോവിയറ്റ് റഷ്യയില്‍നിന്ന് അവസാനമായി വേര്‍പിരിഞ്ഞ രാഷ്ട്രമാണ് കസാഖിസ്താന്‍. 1991ലായിരുന്നു അത്. 1993 ഓടെ സ്വന്തമായ ഭരണഘടന നിലവില്‍ വരുകയും സ്വതന്ത്ര റിപബ്ലിക് രാഷ്ട്രമായി അംഗീകരിക്കപ്പെടുകയും ചെയ്തു. ജനസംഖ്യയിലെ 70 ശതമാനം മുസ്‍ലിംകളും 26 ശതമാനം ക്രിസ്ത്യാനികളുമാണെന്നാണ് ഔദ്യോഗിക കണക്ക്.

പ്രസിഡണ്ട്, പ്രധാനമന്ത്രി, മന്ത്രി സഭ എന്നിവ അടങ്ങുന്നതാണ് കസാഖിസ്താനിലെ ഭരണ സംവിധാനം. ഭരണഘടന ഭേദഗതി, മന്ത്രി സഭ പിരിച്ചുവിടല്‍ എന്നിവക്ക് പുറമെ, വിദേശ ബന്ധങ്ങള്‍, വിദേശ നിക്ഷേപകാര്യങ്ങള്‍ എന്നിവയും അടങ്ങുന്ന നിര്‍ണ്ണായക തീരുമാനങ്ങള്‍ പ്രസിഡണ്ടില്‍ നിക്ഷിപ്തമാണ്.
നിലവില്‍ പത്ത് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളാണ് രാജ്യത്തുള്ളത്. അവയിലെ പ്രധാന പാര്‍ട്ടിയായ നൂര്‍ ഉതാന്‍ (നൂറുല്‍വത്വന്‍) പാര്‍ട്ടിയുടെ അധ്യക്ഷന്‍ കൂടിയാണ് ബായീഫ്.

1991 ഡിസംബര്‍ 1ന് പ്രസിഡണ്ടായി സ്ഥാനമേറ്റ നൂര്‍ സുല്‍ത്വാന്‍ നിസാര്‍ ബായീഫ്, ഭരണഘടന തനിക്ക് അനുകൂലമായി മാറ്റം വരുത്തി, 5 തവണ തുടര്‍ച്ചയായി ഈ സ്ഥാനത്ത് തുടരുകയായിരുന്നു. പൊതുജനങ്ങളുടെ ശക്തമായ അതൃപ്തിയെ തുടര്‍ന്ന് 2019 മാര്‍ച്ച് 20ന് അദ്ദേഹം ആ സ്ഥാനത്ത് നിന്ന് മാറി നിന്നെങ്കിലും, രാഷ്ട്ര സുരക്ഷാ സമിതിയുടെയും ഭരണഘടനാസമിതിയുടെയും ചെയര്‍മാനായി താന്‍ തന്നെ തുടരുമെന്ന് പ്രഖ്യാപിച്ചു. അതോടെ, തുടര്‍ന്നും കാര്യങ്ങളെല്ലാം അദ്ദേഹത്തിന്റെ നിയന്ത്രണത്തില്‍തന്നെ തുടരുകയായിരുന്നു.

ബായീഫിന്റെ രാജിയെതുടര്‍ന്ന്, ഭരണഘടനാ പ്രകാരം, സെനറ്റ് പ്രസിഡണ്ട് ആയ ഖാസിം ജോമാര്‍ട് തൂകായീഫ് പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കുകയും പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. രാജ്യത്തെ ജനങ്ങളെല്ലാം വോട്ട് ചെയ്യുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍, 71ശതമാനം വോട്ടോടെ ഖാസിം തൂകായീഫ് വിജയിച്ചു.

പ്രകൃതിവാതകത്തിലും എണ്ണയിലും ഏറെ സമ്പന്നമായ കസാഖിസ്താന്‍ പ്രബലമായ സാമ്പത്തിക ശക്തി തന്നെയാണ്. ഇങ്ങനെയെല്ലാമായിരുന്നിട്ടും, ജീവിത ചെലവുകളും വിശിഷ്യാ ഗ്യാസ് നിരക്കും ക്രമാതീതമായി വര്‍ദ്ധിക്കുന്നത് ജനങ്ങളെ വല്ലാതെ ബാധിച്ചിരിക്കുന്നു. പ്രസിഡണ്ടിന്റെയും ഇതര ഉന്നതാധികാരികളുടെയും ആഢംബര ജീവിതവും സ്വാര്‍ത്ഥ മോഹങ്ങളും വ്യക്തമായ കാഴ്ചപ്പാടോടെ രാജ്യത്തെ നയിക്കാനുള്ള താല്‍പര്യമില്ലായ്മയുമെല്ലാമാണ് ജനങ്ങളെ, അവസാനം തെരുവിലിറക്കിയത്.
പ്രക്ഷോഭങ്ങള്‍ തുടങ്ങിയതോടെ, കസാഖ് ഭരണകൂടം റഷ്യയോട് സൈനിക സഹായം അഭ്യര്‍ത്ഥിക്കേണ്ട താമസം, റഷ്യ ഓടിയെത്തിയിരിക്കുകയാണ്. ഇതും അതിലേറെ സംശയങ്ങള്‍ക്ക് വഴിവെക്കുന്നു. റഷ്യ, ചൈന, മുസ്‍ലിം രാഷ്ട്രങ്ങള്‍ എന്നിവക്കിടയിലും വലിയൊരു പ്രദേശം എന്ന നിലയില്‍ കസാഖിസ്താന് ജിയോ-പൊളിറ്റിക്കല്‍ മേഖലയിലും പ്രാധാന്യം ഏറെയാണ്. റഷ്യയുടെ സത്വര നടപടിക്ക് ഒട്ടേറെ കാരണങ്ങള്‍ പറയാനുണ്ടെങ്കിലും, അമേരിക്കയുമായി രൂപപ്പെട്ടുവരുന്ന പുതിയ ശീത സമരത്തിന്റെ ഭാഗമായും അത് വായിക്കപ്പെടുന്നുണ്ട്. 

റഷ്യന്‍ സൈന്യത്തെ ഇതിനകം തന്നെ രാജ്യത്തിന്റെ പല ഭാഗത്തും വിന്യസിക്കപ്പെട്ട് കഴിഞ്ഞു. ഇതോടെ കാര്യങ്ങള്‍ ഏറെക്കുറെ ശാന്തമായെങ്കിലും, പലയിടത്തും സഞ്ചാര സ്വാതന്ത്ര്യവും സൈനികരുടെ ശക്തമായ നിരീക്ഷണവും ഉളളതായി പ്രദേശവാസികളുടെ പരാതികളും ഉയര്‍ന്നിട്ടുണ്ട്. 

കസാഖിസ്താനിലെ റഷ്യന്‍ ന്യൂനപക്ഷത്തിന് അനുകൂലമായ നടപടികള്‍ സ്വീകരിക്കാന്‍ റഷ്യ ഈ അവസരം മുതലെടുക്കുമോ എന്നും അതിലൂടെ കസാഖിസ്താനികളോടുള്ള ഒരു യുദ്ധമായി ഇത് മാറുമോ എന്ന് ആശങ്കപ്പെടുന്നവരും ഉണ്ട്. കസാഖിസ്താന്റെ ഭാവി എന്താകുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter