നന്മയുടെ റാണി (ഭാഗം പത്ത്)
നീതീബോധം പറയുന്നത്..
നീതിമാനായ ഭരണാധികാരിയായിരുന്നു ഹാറൂന്‍ റഷീദ്. നന്‍മയുടെ വികാരങ്ങളാണ് അദ്ദേഹത്തെ നയിക്കുന്നത്. അബ്ബാസികളുടെ കൂട്ടത്തില്‍ മതബോധത്തിന്റെ കാര്യത്തില്‍ എപ്പോഴും ഉയര്‍ന്നുകേള്‍ക്കുന്ന നാമാമണ് ഹാറൂന്‍ റഷീദിന്‍േറത്. ഒരു വര്‍ഷം ഹജ്ജിനും തൊട്ടടുത്ത വര്‍ഷം ജിഹാദിനും പുറപ്പെടുക അദ്ദേഹത്തിന്റെ പതിവായിരുന്നു. ഹജ്ജിന് പലപ്പോഴും നടന്നുകൊണ്ട് പോലും പോകുമായിരുന്നു അദ്ദേഹം. ഹിജ്‌റ 179ല്‍ അദ്ദേഹം പുറപ്പെട്ടത് റമളാനിലായിരുന്നു. റമളാനില്‍ ഉംറ ചെയ്യുന്നത് ഹജ്ജിനു തുല്യമാണ് എന്ന് സ്വഹീഹായ ഹദീസിലുണ്ട്. ആ യാത്ര ആ വര്‍ഷത്തെ ഹജ്ജു കൂടി കഴിഞ്ഞായിരുന്നു മടങ്ങിയത്. ദിനവും നൂറു റക്അത്ത് സുന്നത്തു നിസ്‌കരിക്കുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. ഓരോ ദിനവും വലിയ തുക ദാനം ചെയ്യുന്നതും അദ്ദേഹം മുടക്കുമായിരുന്നില്ല. വലിയ വലിയ പണ്‍ഡിതന്‍മാരുമായും സ്വാലിഹീങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ ഏററവും സമീപസ്ഥര്‍. പണ്‍ഡിതന്‍മാരോട് അദ്ദേഹം ഹൃദയപരമായ അടുപ്പം പുലര്‍ത്തി. ഒപ്പമിരുത്തി അവരെ ഭക്ഷിപ്പിക്കുമ്പോള്‍ അവര്‍ക്ക് കൈകഴുകുവാന്‍ വെള്ളം ഒഴിച്ചുകൊടുക്കുക പോലും ചെയ്യുമായിരുന്നു അദ്ദേഹം. വിനയം, ബഹുമാനം തുടങ്ങിയ ഉന്നത ഗുണങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ എപ്പോഴും പ്രകടമായിരുന്നു.
നബി(സ)യുടെ മേലില്‍ എപ്പോഴും സ്വലാത്തു ചൊല്ലുന്ന സ്വഭാവക്കാരനായിരുന്നു അദ്ദേഹം. ഇബ്‌നുസ്സമാക്കിനെ പോലെയുള്ള അക്കാലത്തെ വലിയ പണ്‍ഡിത പ്രഭാഷകരെ വിളിച്ചുവരുത്തുകയും അവരുടെ പ്രഭാഷണങ്ങള്‍ കേട്ടിരിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ ഒരു പതിവായിരുന്നു. ഓരോ പ്രഭാഷണങ്ങളും കഴിയുമ്പോള്‍ ഒരു കൊച്ചുകുട്ടിയെ പോലെ അദ്ദേഹം ഏങ്ങലടിക്കും. അവരുടെ പ്രഭാഷണങ്ങള്‍ അദ്ദേഹത്തെ വല്ലാതെ സ്വാധീനിച്ചു. ഒരിക്കല്‍ ഇബ്‌നുസ്സമ്മാക് ഖലീഫയോടു ചോദിച്ചു: 'ഖലീഫാ, കുടിക്കുവാന്‍ വെള്ളം കിട്ടാതെ വന്നാല്‍ അതു നേടുവാന്‍ താങ്കള്‍ എത്ര പണം ചെലവഴിക്കും?'. ഖലീഫ പറഞ്ഞു: 'എന്റെ രാജ്യത്തിന്റെ പകുതി'. ഇബ്‌നുസ്സമ്മാക് ചോദിച്ചു: 'കുടിച്ചവെള്ളം പുറത്തുപോരാതെ വന്നാല്‍ അതിനെ പുറത്തെടുക്കുവാന്‍ അങ്ങ് എത്ര ചെലവഴിക്കും? ഖലീഫ പറഞ്ഞു: 'രാജ്യം മുഴുവന്‍'. ആ ചോദ്യോത്തരം അദ്ദേഹത്തെ വല്ലാതെ ഇരുത്തിച്ചിന്തിപ്പിച്ചു. ഇത്തരം ഉപദേശങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ സദാ പ്രകമ്പനം കൊണ്ടിരുന്നതു കൊണ്ടാണ് വലിയ അധികാരത്തിന്റെ നിറവിലും അദ്ദേഹം ഒരു അഹങ്കാരിയാവാതിരുന്നത്.
പണ്‍ഡിതരുമായി കൂടിയാലോചിച്ചു മാത്രമായിരുന്നു അദ്ദേഹം തീരുമാനങ്ങളില്‍ എത്തിച്ചേര്‍ന്നിരുന്നത്. തന്റെ വൈയക്തിക കാര്യങ്ങളില്‍ പോലും അങ്ങനെയായിരുന്നു. ഒരിക്കല്‍ ഒരു സുന്ദരിയായ അടിമസ്ത്രീ അദ്ദേഹത്തിന്റെ കയ്യില്‍വന്നു. ഇസ്‌ലാമിക നിയമമനുസരിച്ച് ഈ അടിമസ്ത്രീയെ ലൈംഗികമായി ഉപയോഗിക്കുവാന്‍ ഒരു നിശ്ചിത കാലം അവളുടെ ഗര്‍ഭപാത്രത്തിന്റെ അവസ്ഥയറിയുവാന്‍ കാത്തുനില്‍ക്കേണ്ടതുണ്ട്. ഇസ്തിബ്‌റാഅ് എന്നാണ് ഇതു സാങ്കേതികമായി അറിയപ്പെടുന്നത്. അതിനു കാത്തുനില്‍ക്കുവാന്‍ മാത്രം ക്ഷമ അദ്ദേഹത്തിനുണ്ടായിരുന്നില്ല. പക്ഷെ, അപ്പോഴും അദ്ദേഹം മതനിയമങ്ങള്‍ തന്റെ അധികാരത്തിന്റെ ശക്തികൊണ്ട് മറച്ചുവെക്കുവാന്‍ ശ്രമിച്ചില്ല. അദ്ദേഹം തന്റെ ഖാളിയെ വിളിച്ചുവരുത്തി പരിഹാരമാന്‍ഗം ചോദിച്ചു. ഖാളി ഒരു സൂത്രം പറഞ്ഞുകൊടുക്കുകയും ചെയ്തു. മക്കളിലൊരള്‍ക്ക് അവളെ ദാനം ചെയ്യുക, എന്നിട്ടവളെ വിവാഹം ചെയ്യുക എന്നതായിരുന്നു ആ സൂത്രം.
പണ്‍ഡിതരില്‍ അദ്ദേഹം അര്‍പ്പിച്ച വിശ്വാസം ശക്തമായിരുന്നു. ഒരിക്കല്‍ ഒരാളെ പിടികൂടി തന്റെ മുമ്പില്‍ ഹാജരാക്കപ്പെട്ടു. നബി(സ)യുടെ മേല്‍ കള്ള ഹദീസുണ്ടാക്കി എന്നതായിരുന്നു അദ്ദേഹത്തിന്റെ കുററം. മതത്തിന്റെ അടിത്തറ തകര്‍ക്കുന്ന ആ കുററം ചെയ്തതിന്റെ പേരില്‍ അയാളെ കൊന്നുകളയുവാന്‍ ഖലീഫ ഉത്തരവിട്ടു. സമര്‍ഥനായ പ്രതി ഖലീഫയോട് പറഞ്ഞു: 'ഖലീഫാ, താങ്കള്‍ എന്നെ കൊല്ലുകയാണ് എങ്കില്‍ അതു വലിയ ബുദ്ധിമോശമായിത്തീരും. കാരണം ഞാന്‍ താങ്കള്‍ കണ്ടുപിടിച്ചിട്ടില്ലാത്ത നൂറു കണക്കിന് ഹദീസുകള്‍ കയററിക്കൂട്ടിയിട്ടുണ്ട്. അവ എനിക്കല്ലാതെ മറെറാരാള്‍ക്കും അറിയില്ല. അതിനാല്‍ എന്നെ കൊന്നാല്‍ അതു വലിയ അബദ്ധമായിപ്പോകും'. അതുകേട്ട ഹാറുര്‍ റഷീദ് പറഞ്ഞു: 'അബൂ ഇസ്ഹാഖുല്‍ ഫസാരിയും അബ്ദുല്ലാഹി ബിന്‍ മുബാറക്കും ജീവിച്ചിരിക്കുന്ന കാലത്ത് അങ്ങനെ ഒരു ഭയമേ എനിക്കില്ല'. ഖലീഫ അയാളുടെ തല വെട്ടുവാന്‍ ഉത്തരവിട്ടു.
പണ്‍ഡിതന്‍മാരുടെ ഉപദേശങ്ങളില്‍ തുറന്നടിച്ച നിരൂപണങ്ങളെ പോലും നല്ല മനസ്സോടെ സ്വീകരിക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്‍േറത്. അക്കാലഘട്ടത്തിലെ ഏററവും ശ്രദ്ധേയനായ കവിയും തത്വചിന്തകനുമായിന്നു അബുല്‍ അതാഹിയ്യ. നിമിഷങ്ങള്‍ക്കകം ചിന്തോദ്ദ്വീപകമായ പ്രതികരണങ്ങള്‍ നടത്തുന്നതില്‍ മിടുമിടുക്കനായിരുന്നു അദ്ദേഹം. ഒരിക്കല്‍ അദ്ദേഹം ഖലീഫയുടെ സദസ്സില്‍ വന്നു. അദ്ദേഹത്തോട് തന്നെ ഗുണദോഷിക്കുവാന്‍ ഖലീഫ ആവശ്യപ്പെട്ടു. ഞൊടിയിടയില്‍ അദ്ദേഹം ആലപിക്കുവാന്‍ തുടങ്ങി. 'സുരക്ഷിതനായി, ഔന്നത്യത്തിന്റെ കോട്ടകളില്‍ വാഴ്ത്തി അതുകേട്ട് ഇമ്പം കയറിയ ഹാറൂന്‍ റഷീദ് വീണ്ടും തുടരുവാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം വീണ്ടും തുടര്‍ന്നു. പക്ഷെ, തുടര്‍ന്നുള്ള വരികള്‍ കടുത്ത നിരൂപണമായിരുന്നു. അദ്ദേഹം പാടി: 'കടുത്ത ഭീതിയില്‍ ഹൃദയങ്ങള്‍ വിറക്കുന്ന ദിവസം, താന്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു എന്നു താങ്കള്‍ തിരിച്ചറിയുക തന്നെ ചെയ്യും'. ഖലീഫയുടെ മുഖത്തുനോക്കി അങ്ങിനെ പാടിയപ്പോള്‍ സദസ്സിലുണ്ടായിരുന്ന ഉന്നതര്‍ ചാടിയെഴുനേററു. 'ഖലീഫ ഒരു മാനസിക ഉല്ലാസത്തിനും സന്തോഷത്തിനും വേണ്ടിയാണ് താങ്കളോട് ആലപിക്കുവാന്‍ പറഞ്ഞത്, താങ്കള്‍ ഖലീഫയെ മുഷിപ്പിക്കുകയാണല്ലോ ചെയ്തത്'; അവരെല്ലാം കുററപ്പെടുത്തി.
അതുകേട്ട ഖലീഫാ ഹാറൂന്‍ റഷീദ് ഒരു പരിഭവവുമില്ലാതെ പറഞ്ഞു: അദ്ദേഹത്തെ വിടുക, അദ്ദേഹം നമ്മില്‍ ചില അന്ധതകള്‍ കണ്ടു. അതു വര്‍ദ്ധിക്കുകയോ വലുതാവുകയോ ചെയ്യരുത് എന്ന ആത്മാര്‍ഥമായ ആഗ്രഹം കൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്’.
നന്‍മയും നീതിയും ഹാറൂന്‍ റഷീദിനെ വലയം ചെയ്തിരുന്നതുകൊണ്ടായിരുന്നു ഈ വ്യക്തിത്വം അദ്ദേഹത്തില്‍ രൂപപ്പെട്ടത്. നേരത്തെ പറഞ്ഞതുപോലെ പ്രൗഢയായ മാതാവ് ഖൈസുറാന്‍ ബീവിയുടെയും ജ്ഞാനവതിയായ ഭാര്യ സുബൈദാ റാണിയുടേയും സാമീപ്യം അവയില്‍ എടുത്തുപറയേണ്ടതാണ്. സമര്‍ഥരും രാജ്യതന്ത്രജ്ഞരുമായിരുന്ന ബര്‍മക്കുകള്‍ ആളായിരുന്നു തന്റെ മന്ത്രിമാര്‍. ആ കാലം കണ്ട ഏററവും വലിയ പണ്‍ഡിതനും ഇമാം അബൂ ഹനീഫ(റ)യുടെ വലം കയ്യുമായിരുന്ന അബൂ യൂസുഫ്(റ) ആയിരുന്നു അദ്ദേഹത്തിന്റെ ആസ്ഥാന ഖാളി. നല്ലവനായ അബ്ബാസ് ബിന്‍ മുഹമ്മദായിരുന്നു അദ്ദേഹത്തിന്റെ സഹചാരി. അംഗരക്ഷകനാവട്ടെ ഫള്ല്‍ ബിന്‍ റബീഉം.മര്‍വ്വാനു ബിന്‍ അബീ ഹഫ്‌സ്വായിരുന്നു അദ്ദേഹത്തിന്റെ ആസ്ഥാന കവി.സാഹിത്യ രചനകളെ നന്‍മയില്‍ ഒതുക്കിനിറുത്തുന്ന കവിയായിരുന്നു അദ്ദേഹം. അദ്ദേഹം രചിക്കുന്ന കവിതകളെ ഖലീഫക്ക് ശ്രവണസുന്ദരമായി ചിട്ടപ്പെടുത്തിയിരുന്ന ആസ്ഥാന കവി ഇബ്‌റാഹീമുല്‍ മൗസ്വിലി ആയിരുന്നു. ഈ വട്ടത്തിന്റെ ഉള്ളിലായിരുന്നു ഹാറൂന്‍ റഷീദിന്റെ ജീവിതവും ജീവിതവ്യാപാരങ്ങളും. പിന്നെ അദ്ദേഹം ഇങ്ങനെയൊക്കെയല്ലാതെയാവില്ല എന്നതു തീര്‍ച്ചയാണ്. സാഹചര്യങ്ങളാണല്ലോ ഒരാളെ ശരിയിലേക്കും തെററിലേക്കും തിരിച്ചുവിടുന്നത്.
ഈ സാഹചര്യങ്ങള്‍ പകരുന്ന നീതീബോധം ഹാറൂന്‍ റഷീദിനോട് പറയുന്നത് തന്റെ മൂത്ത മകന്‍ മഅ്മൂനിനെ പിന്‍ഗാമിയും കിരീടാവകാശിയുമാക്കണമെന്നാണ്. അതിന് ന്യായങ്ങളുമുണ്ടായിരുന്നു. ഒന്നാമതായി ആറു മാസത്തിനു മൂത്തത് മഅ്മൂനാണ്.പിന്നെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും രാഷ്ട്രതന്ത്രങ്ങളുടെ കാര്യത്തിലും മുമ്പില്‍ മഅ്മൂനാണ്. അമീനാവട്ടെ, കളിയോടും വിനോദത്തോടുമെല്ലാമാണ് താല്‍പര്യം. അതുണ്ടാക്കുന്ന ഒരു ബുദ്ധിക്കുറവും കാര്യപ്രാപ്തിക്കുറവുമെല്ലാം അമീനിനുണ്ട്. അത് അദ്ദേഹം ആദ്യം തുറന്നു പറഞ്ഞത് പത്‌നിയോടു തന്നെയായിരുന്നു. സുബൈദാ റാണിക്ക് പക്ഷെ, അത് മനസ്സാ സ്വീകാര്യമായിരുന്നില്ല. തന്റെ സ്വന്തം മകനാണ് കിരീടാവകാശിയാവേണ്ടത് എന്നായിരുന്നു അവരുടെ പക്ഷം. തന്റെ മകനും മോശമല്ല എന്നവരുടെ ഉള്ളം പറഞ്ഞു. മാത്രമല്ല ഖുറൈശികളായ മാതാപിതാക്കളുടെ മകന്‍ എന്ന പ്രത്യേകതയും അമീനിനാണ് അനുകൂലം. അത്തരം ഒരു ഭരണാധികാരി തങ്ങളുടെ കുലത്തിലുണ്ടായിട്ടില്ല. അതിനാല്‍ അവര്‍ ഭര്‍ത്താവിനോട് സമ്മതം മൂളിയില്ല.
Also Read:നന്മയുടെ റാണി (ഭാഗം ഒമ്പത്)
മാത്രമല്ല സുബൈദാ റാണി തന്റെ ആങ്ങളമാരുടെയും അമ്മാവന്‍മാരുടെയും സഹായം തേടി. അവര്‍ വഴിയും പല സമ്മര്‍ദ്ദങ്ങളും നടത്തി.
സ്‌നേഹവല്‍സലനായിരുന്ന ഹാറൂന്‍ റഷീദ് വിഷമവൃത്തത്തിലായി. അദ്ദേഹം സുബൈദയോടു പറഞ്ഞു: 'സുബൈദാ, അമീന്‍ നമ്മുടെ മകനാണ്. അവനെ കിരീടാവകാശിയാക്കണം എന്ന നിന്റെ ആഗ്രഹം തികച്ചും സ്വാഭാവികമാണ്. ഒരു മാതാവിനുണ്ടാകുന്ന വികാരവും താല്‍പര്യവുമാണത്. അതു നല്ലതു തന്നെ.എനിക്കും അവനോട് ഇഷ്ടമാണ്.പക്ഷെ, ഇതു ഭരണാധികാരത്തിന്റെ കാര്യമാണ്. അത് അതിനു പററിയവരെ മാത്രമേ ഏല്‍പ്പിക്കാവൂ. ഇത് അല്ലാഹു നമ്മെ ഏല്‍പ്പിച്ചിരിക്കുന്ന അമാനത്താണ്. അതു സൂക്ഷ്മതയും ജാഗ്രതയുമില്ലാതെ കൈകാര്യം ചെയ്യുന്നത് കുററകരമാണ്. അതിനാല്‍ നമുക്ക് മഅ്മൂനിനെ കിരീടാവകാശിയാക്കാം'.പക്ഷെ, ആ അനുനയങ്ങള്‍ക്കൊന്നും സുബൈദാ റാണിയുടെ മനസ്സുമാററുവാന്‍ കഴിഞ്ഞില്ല. അവര്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നു.
പിന്നെ ഖലീഫ മക്കളെ വിളിച്ചുവരുത്തി. അവരുമായും ചര്‍ച്ചകള്‍ ചെയ്തു. അത് വിജയിച്ചില്ല എന്നു മാത്രമല്ല, വിഷയം അവരുടെ മനസ്സുകളിലും ഒരു പകയായി മാറി. എല്ലാ ശ്രമങ്ങളും പാഴായതോടെ ഹറൂന്‍ റഷീദ് സുബൈദയുടെ താല്‍പര്യത്തിനു വഴങ്ങുവാന്‍ നിര്‍ബന്ധിതനായി. മന്ത്രിമാരും പൗരപ്രമുഖരും എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചുവെങ്കിലും ഹാറൂന്‍ റഷീദ് മകന്‍ അമീനെ കിരീടാവകാശിയായി പ്രഖ്യാപിച്ചു. അത് രാജ്യത്ത് ഒരു വലിയ ആഭ്യന്തര പ്രശ്‌നത്തിനു വഴിവെച്ചു. അബ്ബാസികളുടെ അധികാരത്തെ നിലനിറുത്തിയിരുന്നവരും ഭരണത്തിന്റെ ചക്രങ്ങള്‍ തിരിച്ചിരുന്നവരുമായ ബറാമികകളുടെ ഭാഗത്തു നിന്നായിരുന്നു പ്രശ്‌നം. മഅ്മൂനിനെ കിരീടാവകാശിയായി പ്രഖ്യാപിക്കണമെന്നായിരുന്നു അവരുടെ പക്ഷം. ഭരണകാര്യങ്ങളില്‍ തീരെ മിടുക്കില്ലാത്ത അമീനിന് ഇത്രയും വലിയ ഒരു രാജ്യത്തെ മുന്നോട്ടുകൊണ്ടൂപോകുവാന്‍ കഴിയില്ല എന്ന് അവര്‍ പറഞ്ഞു. അത് ഹാറൂന്‍ റഷീദിന്റെ രാജ്യത്തിന്റെ ഉറക്കം കെടുത്തി.
Leave A Comment