എന്റെ പൊന്നു പെങ്ങളെ, രോഗം വരുമ്പോൾ മുൻ കരുതൽ എടുക്കുക, പ്രതിരോധ മരുന്ന് കണ്ട് പിടിക്കാൻ ശ്രമിക്കുക

എന്റെ പൊന്നു പെങ്ങളെ, രോഗം വരുമ്പോൾ മുൻ കരുതൽ എടുക്കുക, പ്രതിരോധ മരുന്ന് കണ്ട് പിടിക്കാൻ ശ്രമിക്കുക, രോഗം ബാധിച്ച മനുഷ്യരെ ശുശ്രൂഷിക്കാൻ സംവിധാനം ഒരുക്കുക എന്നിവയെല്ലാം മത വിശ്വാസത്തിന്റെ തന്നെ ഭാഗമാണ്. അവയെല്ലാം മനുഷ്യന്റെ ഭൗതികമായ ഉത്തരവാദിത്തം ആണ്. ഇസ്ലാമിൽ (ബാക്കിയുള്ളത് അതതു മതക്കാർ പറയട്ടെ) ഇൗ ഭൗതിക ഉത്തരവാദിത്തങ്ങൾ എല്ലാം തന്നെ മതാചാരത്തിന്റെ ഭാഗമാണ്. മാത്രമല്ല, മതനിയമം കൂടിയാണ്. ഇവിടെ ഒരു സർക്കാരും നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിലും എല്ലാ മുൻ കരുതലും എടുക്കാനും വിശ്വാസപരമായി തന്നെ ഒരു വിശ്വാസി ബാധ്യസ്ഥനാണ്. അതും മതാചാരമാണ്. മതകീയം, മതപരം എന്നൊക്കെ പറഞ്ഞാല് അതിൽ ഭൗതിക ലോകത്തെ മാനവികമായ എല്ലാ ഇടപാടുകളും പെടും. പ്രാർത്ഥിച്ച് കയ്യും കെട്ടി ഇരിക്കലല്ല മാനവികത. 

പിന്നെ, പ്രാർത്ഥന. അത് ഇതേ ഭൗതിക ലോകത്ത് ജീവിക്കുന്ന മനുഷ്യന്റെ ആത്മീയമായ അസ്തിത്വമാണ്. പ്രാർഥനയെ പ്രശ്നങ്ങളിൽ നിന്നും പുറത്ത് കടക്കാനുള്ള ഒറ്റമൂലിയായി ദൈവം പോലും നിർദ്ദേശിച്ചിട്ടില്ല. മറിച്ച് പ്രാർത്ഥനയുടെ മൂർത്ത ഭാവമായ പ്രവർത്തനം കൂടി മനുഷ്യന്റെ ഉത്തരവാദിത്തം ആണ്. പ്രാർത്ഥിച്ച് ജീവിക്കുന്നവരെ എല്ലാ സുഖവും അനുഭവിപ്പിക്കും എന്ന prosperity theology ദൈവം പോലും ഓഫർ ചെയ്യുന്നില്ല. മറിച്ച്,  മനുഷ്യന്റെ കർതൃത്വം, സ്വാതന്ത്ര്യം, ഇച്ഛാശക്തി എന്നിവ ഉപയോഗിച്ച് ഇൗ ലോകത്ത് മാനവികതക്ക് വേണ്ടി പ്രകൃതിക്ക് അനുകൂലമായി പണിയെടുക്കാൻ ആണ് ദൈവകൽപന. എന്നാല്, തന്റെ ഇച്ഛാശക്തി കൊണ്ട് മാത്രം ലോകത്തെ മാറ്റിയെടുക്കാം എന്ന് മനുഷ്യൻ ധിക്കരിക്കാനും പാടില്ല. കാരണം, മനുഷ്യന്റെ പരിമിതികൾ നിരവധിയാണ് എന്നത് തന്നെ. അല്ലെങ്കിൽ പിന്നെ എന്ത് കൊണ്ട് താൻ ആഗ്രഹിക്കുന്നത് പോലെ പ്രകൃതി മനുഷ്യനോട് പേരുമാറുന്നില്ല? എന്ത് കൊണ്ട് എല്ലാ ദുരന്തങ്ങളിൽ നിന്നും മനുഷ്യന് മുൻകൂട്ടി രക്ഷപ്പെടാൻ കഴിയുന്നില്ല? എന്ത് കൊണ്ട് അവന്റെ തൃഷ്ണകളും പ്രതീക്ഷകളും ഭൗതിക പ്രകൃതിക്ക് അപ്പുറത്തേക്ക് വളരുന്നു? 

കൊറോണ വന്നത് കാരണം  പ്രാർത്ഥിക്കുന്ന പൊതു ഇടങ്ങൾ മാത്രമേ തൽക്കാലം ഇല്ലാതായി ട്ടുള്ളൂ. വീടകങ്ങളിൽ വിശ്വാസി കൂടുതൽ കൂടുതൽ പ്രാർത്ഥനകളിൽ മുഴുകി ഇരിപ്പാണ്. പ്രത്യക്ഷത്തിൽ ദൈവത്തെ സ്മരിക്കുന്ന ഇടങ്ങൾക്ക്‌ മാത്രമേ നിയന്ത്രണം ഉള്ളൂ. സ്വകാര്യ ഇടങ്ങളിൽ ദൈവത്തിനു കൂടുതൽ ദൃശ്യത വന്നിരിക്കുകയാണ്. 

ഇസ്ലാമിൽ മനുഷ്യന്റെ അസ്തിത്വം രണ്ട് വശങ്ങൾ ചേർന്നതാണ്. ഒന്ന് ഭൗതികം, മറ്റേത് അതി ഭൗതികം. ഭൗതിക ലോകത്തെ ഉത്തരവാദിത്തത്തിൽ പെട്ടതാണ് ആളുകളെ സ്നേഹിക്കുക, സാമൂഹിക നീതി നടപ്പാക്കുക, പ്രാപഞ്ചിക പ്രതിഭാസങ്ങളെ പറ്റി പഠിക്കുക, ജനോപകാര പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നതൊക്കെ. അതി ഭൗതികം എന്ന ഒരു മണ്ഡലം ഇല്ലെങ്കിൽ പിന്നെ കൊറോണ വന്നത് #എന്ത്കൊണ്ട്, അത് ഇത് വരെ പരിഹരിക്കാൻ സാധിക്കാത്തത് #എന്ത്കൊണ്ട് എന്ന് യുക്തന്മാർ വിശദീകരിക്കണം. ഇനി പരിഹരിക്കാൻ കഴിയും, മുമ്പ് അനേകം പ്രശ്നങ്ങൾ പരിഹരിച്ചു എന്നതല്ല പ്രശ്നം. ഇത് വരെ നേരിട്ട പരിമിതിയെയും ഇനി നേരിടാൻ പോകുന്ന പരിമിതിയും  മനുഷ്യൻ എങ്ങനെ വിശദീകരിക്കും എന്നതാണ് പ്രശ്നം. 

 ലോകത്തെ മഹാമാരികൾ, ദുരന്തങ്ങൾ ഒക്കെ മനുഷ്യന്‌ പരിഹരിക്കാൻ കഴിയുന്നില്ല, ചിലത് മുൻ കൂട്ടി തടയാൻ പറ്റുന്നില്ല. ഇതിന് വിശ്വാസികൾക്ക് കൃത്യമായ വിശദീകരണം ഉണ്ട്. കൊറോണ വരുന്നത് #എങ്ങനെ, നിപ്പ വന്നത് #എങ്ങനെ ഭൂകമ്പം ഉണ്ടാവുന്നത് #എങ്ങനെ, മനുഷ്യൻ മരിക്കുന്നത് #എങ്ങനെ തുടങ്ങിയ "How" ചോദ്യങ്ങൾ മാത്രമേ ശാസ്ത്രം വിശദീകരിക്കുന്നു ള്ളൂ. എന്ത് കൊണ്ട് എന്ന "Why" ചോദ്യങ്ങൾ വിശദീകരിക്കുന്നില്ല. അവ തികച്ചും ദാർശനികമായ ചോദ്യങ്ങളാണ്. മനുഷ്യൻ ജനിച്ചത് എന്തിന്, മരിക്കുന്നത് എന്തിന്, ചിലർ ജീവിതം ആസ്വദിച്ചു തീരും മുമ്പേ മരിക്കുന്നത് എന്തിന്, ഇൗ ലോകത്ത് നീതി കിട്ടാത്തവർക്ക്‌ ഇനി എവിടെ നീതി കിട്ടും തുടങ്ങിയ ദാർശനികമായ അന്വേഷണങ്ങൾക്ക് ആരു മറുപടി പറയും? ആ പരിമിതിയുടെ ഉത്തരമാണ് പരലോകവും, ദൈവവും ഒക്കെ. അല്ലെങ്കിൽ എന്ത് കൊണ്ട് മനുഷ്യന് പരിമിതികൾ ഉണ്ടാവുന്നു? എന്ത് കൊണ്ട് ചിലർ സുഖിക്കുമ്പോൾ ചിലർ യാതനകളിലൂടെ പോകുന്നു?  ഇൗ ചോദ്യങ്ങൾക്ക് ഒക്കെ വിശ്വാസിക്ക് കൃത്യമായ വിശദീകരണം ഉണ്ട്. യുക്തി വാദികളുടെയും, ശാസ്ത്ര മാത്രവാദികളുടെയും വിശദീകരണം കേൾക്കാൻ കൗതുകം ഉണ്ട്. 

കൊറോണ ക്കാലത്ത് ദൈവ മെവിടെ എന്നാണ് പലരും ചോദിക്കുന്നത്. അതിനുള്ള മറുപടി വ്യക്തമാക്കി കഴിഞ്ഞു. ഇനി ചോദിക്കാനുള്ളത് ശാസ്ത്ര  മാത്രവാദികൾ എവിടെ എന്നാണ്. ഭൗതിക ലോകത്തെ മാത്രം അംഗീകരിക്കുന്ന വരും, മനുഷ്യന് സർവവും വരുതിയിൽ ആക്കാൻ കഴിയുമെന്നും, എല്ലാം പരിഹരിക്കുമെന്നും വിശ്വസിക്കുന്നത് അവർ മാത്രമാണല്ലോ. 

ഒന്ന് കൂടി പറയാം. ഭൗതിക ലോകത്തെ ശാസ്ത്രീയ ചിന്താ രീതി   മാനവികതയുടെ നില നിൽപ്പിന്ന് ഇസ്ലാം തന്നെ നിർദ്ദേശിച്ചത് ആണ്.  ശാസ്ത്ര മാത്രവാദം മാത്രമേ അത് നിരാകരിക്കുന്നുള്ളു. 

വിശ്വാസത്തെ പറ്റി ഉള്ളു പൊള്ളയായ, മൂഢമായ ചില  തീർപ്പുകൾക്ക്‌ ഇടമൊരുക്കിയ ഏഷ്യനെറ്റ്, പിന്നെ ഇൗ പെങ്ങളും തികഞ്ഞ പുച്ഛവും, അവഗണനയും മാത്രം അർഹിക്കുന്നു.

റഷീദ് ഏലംകുളം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter