വീട്ടില്‍നിന്നും സ്‌നേഹവും പരിഗണനയും നല്‍കണം
റഹീല തസ്‌നീം
ഇന്ന് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒളിച്ചോട്ടങ്ങള്‍ ഓരോ രക്ഷിതാവിനെയും വേദനിപ്പിക്കുന്നതാണ്. ഇന്നല്ലെങ്കില്‍ നാളെ തങ്ങളുടെ മക്കളും ഇങ്ങനെ ചെയ്താലോ എന്നാണ് ഓരോ രക്ഷിതാവും ചിന്തിക്കുന്നത്. രാവിലെ പുസ്തകക്കെട്ടുകളുമായി ഇറങ്ങിത്തിരിക്കുന്ന പെണ്‍കുട്ടികള്‍ വൈകിട്ട് പരിക്കുകളൊന്നുമില്ലാതെ തിരിച്ചുവരുന്നതുവരെ തുറന്ന കണ്ണുകളുമായും നെഞ്ചില്‍ നെരിപ്പോടുമായും കാത്തിരിക്കുന്ന രക്ഷിതാക്കള്‍ ഇങ്ങനെ ചെയ്തില്ലെങ്കിലേ അല്‍ഭുതമുള്ളൂ.
എന്നാല്‍, പെണ്‍കുട്ടികളെ ഒളിച്ചോട്ടത്തിലേക്കെത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് രക്ഷിതാക്കള്‍ തന്നെയാണ് എന്നതാണ് വസ്തുത. അവരോട് സുഹൃത്തിനോടെന്നപോലെ പെരുമാറാനോ അവരുടെ മനസ്സ് തുറക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കാനോ രക്ഷിതാക്കള്‍ ശ്രമിക്കുന്നില്ല. വീട്ടില്‍നിന്നും സ്‌നേഹം കിട്ടാത്ത മക്കളാണ് വഴിതെറ്റുന്നതെന്ന പ0നം ചെറുതായി കാരണരുത്. അര്‍ഹിക്കുന്ന സ്‌നേഹം വീട്ടില്‍നിന്നും കിട്ടാതെ വരുമ്പോഴാണ് പെണ്‍കുട്ടികള്‍ സ്‌നേഹം നല്‍കുന്നവരിലേക്ക് ചായുന്നത്.
മക്കളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഇന്ന് രക്ഷിതാക്കള്‍ക്ക് സമയമില്ല. സീരിയലിനുമുമ്പില്‍ ഭജനമിരിക്കുന്ന ഉമ്മമാര്‍ക്ക് മക്കള്‍ എപ്പോഴാണ് വരുന്നതെന്നോ പോകുന്നതെന്നോ ശ്രദ്ധിക്കാനാകുന്നില്ല. രക്ഷിതാക്കള്‍ പ്രവാസ ജീവിതം നയിക്കുന്നവരാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. മാതാപിതാക്കള്‍ മക്കള്‍ക്കുമേല്‍ കാണിക്കുന്ന അശ്രദ്ധ അവരെ തങ്ങളെ ശ്രദ്ധിക്കുന്നവരിലേക്ക് അടുപ്പിക്കാന്‍ വഴിയൊരുക്കുന്നു.
ഒളിച്ചോട്ടം ഒരു കാലത്ത് കോളേജ് കുമാരിമാരില്‍ മാത്രം ഒതുങ്ങിയിരുന്നുവെങ്കില്‍ ഇന്ന് പ്ലസ് ടു കുട്ടികളിലും വീട്ടുമ്മമാരിലും വരെ വ്യാപകമായി കണ്ടുവരുന്നു. ഏറെ ഞെട്ടിപ്പിക്കുന്നതും ലജ്ജിപ്പിക്കുന്നതുമാണ് മാതാക്കള്‍പോലും കാമുകന്മാരോടൊപ്പം ഒളിച്ചോടുന്ന ദുരവസ്ഥ. മൊബൈല്‍ ഫോണുകളുടെ അതിരുവിട്ട ഉപയോഗമാണ് ഇതിന് കാരണം. എത്ര ലാഘവത്തോടെയാണ് യുവ തലമുറ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നത്. ഉപയോഗത്തിന്റെ ബാലപാ0ം പോലും അറിയാത്ത അവര്‍ അതിനെ ദുരുപയോഗം ചെയ്യുകയും അവിഹിത വഴികളില്‍ അതിനെ ഉപയോഗപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ആധുനിക കാലത്ത് സ്‌നേഹം പ്രകടിപ്പിക്കാനാണ് പലരും മൊബൈല്‍ ഫോണ്‍ നല്‍കുന്നതും ഇന്റര്‍നെറ്റ് സൗകര്യം ചെയ്തുകൊടുക്കുന്നതും. പക്ഷെ, നല്ലപോലെ ഉപയോഗപ്പെടുത്തിയിട്ടില്ലെങ്കില്‍ അത് ചെകുത്താന്റെ ഉപകരണമാണെന്നത് ഒരു രക്ഷിതാവും ചിന്തിക്കുന്നില്ല.
മക്കള്‍ക്കു സാരോപദേശ കഥകള്‍ പറഞ്ഞുകൊടുക്കാനും നേര്‍വഴി കാണിക്കാനും ശാസിക്കാനും പണ്ട് ഓരോ വീടുകളിലും വല്ല്യുമ്മമാരുണ്ടായിരുന്നു. കൂട്ടുകുടുംബത്തിന്റെ തകര്‍ച്ചയും അണുകുടുംബത്തിന്റെ വളര്‍ച്ചയും ഈയൊരു അവസ്ഥ ഇല്ലാതാക്കി. സാരോപദേശ കഥകള്‍ പറഞ്ഞുകൊടുക്കുന്നതു പോയിട്ട് സ്‌നേഹത്തോടെ ഒന്നു തലോടാന്‍ പോലും രക്ഷിതാക്കള്‍ക്ക് സമയമില്ല.
മകള്‍ വലുതായെന്നും അവള്‍ക്ക് സ്വാതന്ത്ര്യം കൊടുക്കണമെന്നും കരുതുന്ന രക്ഷിതാക്കള്‍ ഏറെയാണ്. അവര്‍ക്ക് അവളുടേതായ സ്വാതന്ത്ര്യം നല്‍കണം; അതൊരിക്കലും അനിയന്ത്രിതമാകരുത്. എല്ലാം സ്വന്തമായി ചെയ്യാനുള്ള അധികാരം അവള്‍ക്ക് നല്‍കരുത്. ചെയ്യാന്‍ പാടില്ലാത്തതാണെങ്കില്‍ അത് ചെയ്യരുത് എന്നു പറയാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം.
ഒരാളുടെ സ്വഭാവമറിയണമെങ്കില്‍ അയാളുടെ സൗഹൃദങ്ങള്‍ നിരീക്ഷിച്ചാല്‍ മതിയല്ലോ. ഒരാളെ നന്മയിലേക്കുയര്‍ത്താനും തിന്മയിലേക്ക് വീഴ്ത്താനും സുഹൃദ് വലയങ്ങള്‍ക്ക് നിഷ്പ്രയാസം കഴിയും. മകള്‍ തെരഞ്ഞെടുത്ത കൂട്ടുകാരി നല്ലവളാണെങ്കില്‍ മകള്‍ പ്രണയക്കുരുക്കില്‍ വീണുപോകുമ്പോള്‍ ഒരിക്കലും രക്ഷിതാവ് അറിയാതിരിക്കില്ല. ചീത്ത കുട്ടുകെട്ടാണെങ്കില്‍ വഴികേടുകളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുക. ഇന്ന് പല കാമ്പസുകളിലും പ്രണയത്തെയും ഒളിച്ചോട്ടത്തെയും പ്രേരിപ്പിക്കുന്നവരെയാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. ഇത് തീര്‍ച്ചയായും അപകടകരമായ ഒരു അവസ്ഥാവിശേഷമാണ്. ഇതിനെ കരുതിയിരിക്കേണ്ടതുണ്ട്.
കുട്ടികളുടെ ഇഷ്ടത്തിന് മാത്രം പ്രാധാന്യം നല്‍കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അവരെ വഴി തെറ്റിക്കുകയാണ് മാതാപിതാക്കള്‍ ചെയ്യുന്നത്. തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ വീട്ടുകാര്‍ക്കുമുമ്പില്‍ അംഗീകരിക്കപ്പെടുമെന്ന അവരുടെ തോന്നലുകളാണ് ഒളിച്ചോട്ടത്തിലും രജിസ്റ്റര്‍ വിവാഹത്തിലും കലാശിക്കുന്നത്.
ദീനീ ചിട്ടയില്‍ മക്കളെ വളര്‍ത്താത്തതും മദ്‌റസാ വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിച്ചതും ഭൗതിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിയതും രക്ഷിതാക്കള്‍ തന്നെയാണ്. അന്യ സ്ത്രീ-പുരുഷ സമാഗമം നിഷിദ്ധമാക്കുകവഴി പ്രണയം, ഒളിച്ചോട്ടം പോലെയുള്ള ദുരന്തങ്ങളിലേക്ക് എത്തിപ്പെടുന്നതില്‍നിന്നുതന്നെ പെണ്‍കുട്ടികളെ തടഞ്ഞുവെക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. വഴിവിട്ട സ്‌നേഹവും അന്യരുമൊത്ത് ശൃഗരിച്ചിരിക്കലും തെറ്റല്ലെന്ന സന്ദേശമാണ് സിനിമകളും സീരിയലുകളും ഉയര്‍ത്തിപ്പിടിക്കുന്ന പ്രമേയം. ആയതിനാല്‍, വലിയ ദുരന്തങ്ങളാണ് ഇവ രണ്ടും സമൂഹത്തില്‍ ഉണ്ടാക്കുന്നത്. ദുഷ് കാഴ്ചകളില്‍നിന്നും ദുഷ് ശ്രവണങ്ങളില്‍നിന്നും വിശ്വാസി മാറിനില്‍ക്കണമെന്നു ഇസ്‌ലാം പറയുന്നത് ഈ അപകടത്തില്‍നിന്നും രക്ഷപ്പെടാനാണ്.
വസ്ത്രധാരണക്കും ഒളിച്ചോട്ടത്തിലും പ്രണയക്കുരുക്കില്‍ അകപ്പെട്ടുപോകുന്നതിലും വലിയൊരു പങ്കുണ്ടെന്ന് പറയേണ്ടിയിരിക്കുന്നു. ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട 5 ഘട്ടങ്ങളെ മന:ശാസ്ത്രം അപഗ്രഥിക്കുന്നുണ്ട്. അതില്‍ ഒന്നാമത്തേത് പരസ്പരമുള്ള ആകര്‍ഷണമാണ്. സമകാലിക സ്ത്രീ സമൂഹത്തിന്റെ വസ്ത്ര ധാരണ ഏതൊരാളെയും ആകര്‍ഷിക്കാന്‍ പോന്നതാണ്. വിവിധ നിറങ്ങളില്‍, വ്യത്യസ്ത ഫാഷനുകളില്‍ ഇറങ്ങുന്ന വസ്ത്രങ്ങള്‍ അണിഞ്ഞ് തന്റെ മകള്‍ നടന്നുപോകുമ്പോള്‍ അഭിമാനിക്കുന്ന രക്ഷിതാക്കള്‍ക്ക് തെറ്റുപറ്റി.
ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട രണ്ടാമത്തെ ഘട്ടം പരസ്പരം പരിചയപ്പെടാനുള്ള സാഹചര്യങ്ങളാണ്. രാവിലെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയ മകള്‍ വൈകുന്നേരം വീട്ടില്‍ അണയുന്നതുവരേയുള്ള ഒരു കാര്യവും രക്ഷിതാക്കള്‍ അറിയുന്നില്ല. മകള്‍ സ്‌പെഷ്യല്‍ ക്ലാസിനെന്നു പറഞ്ഞ് ഇറങ്ങിപ്പോകുമ്പോള്‍ ഏതാണ് വിഷയമെന്നോ എപ്പോഴാണ് തിരിച്ചെത്തുകയെന്നോ ചോദിക്കാന്‍ രക്ഷിതാക്കള്‍ മുതിരുന്നില്ല. ഇതൊക്കെത്തന്നെയാണ് വലിയ അപജയങ്ങള്‍ക്ക് വഴിയൊരുക്കുന്നത്.
പെണ്‍കുട്ടികളുടെ ഭാഗത്തുനിന്നും നോക്കുമ്പോള്‍, തങ്ങളുടെ ഭാവിയെക്കുറിച്ച് തരിമ്പും ദീര്‍ഘവീക്ഷണമില്ലാത്തതാണ് അവരുടെ ഒളിച്ചോട്ടങ്ങള്‍ക്കു പിന്നില്‍. തന്റെ ജീവിതകാലം മുഴുവന്‍ കാമുകനോടൊപ്പം സുഖമായി ജീവിക്കാം എന്നാണ് ഓരോരുത്തരും കരുതുന്നത്. ഇതൊരിക്കലും നടക്കാന്‍പോകുന്നില്ലെന്ന കാര്യം അവരപ്പോള്‍ ചിന്തിക്കുന്നേയില്ല.
സാമാന്യം ബുദ്ധിയുണ്ടെങ്കില്‍ അവര്‍ ഇങ്ങിപ്പോകുമോ? പത്തു മാസം ഗര്‍ഭം ചുമന്ന്, നൊന്ത് പ്രസവിച്ച്, ഉറക്കമൊഴിച്ച് തന്നെ പരിപാലിച്ച ഉമ്മ, രാപ്പകല്‍ ഭേദമന്യേ ചോര നീരാക്കി തനിക്ക് വേണ്ടി കഷ്ടപ്പെട്ട ഉപ്പ, ഇവരെ ഇട്ടെറിഞ്ഞ് ഇന്നലെക്കണ്ട ഒരുവനൊപ്പം ഇറങ്ങിപ്പോകാന്‍ അവള്‍ക്കെങ്ങനെ മനസ്സു വരുന്നു?! പതിനെട്ടു വര്‍ഷം പൊന്നുപോലെ നോക്കിയ, കളങ്കമില്ലാത്ത സ്‌നേഹം പകര്‍ന്നുതന്ന മാതാപിതാക്കളെ അവഗണിച്ച് മറ്റൊരുവന്റെ കൂടെ ഇറങ്ങിപ്പോകാന്‍ അവള്‍ക്കാകുമെങ്കില്‍, ഇന്നലെകളില്‍ മാത്രം പരിചയപ്പെട്ടവന്‍ നിന്നെ ഉപേക്ഷിക്കില്ലെന്ന് എങ്ങനെ അവള്‍ക്ക് ഉറപ്പിച്ചു പറയാനാകും?
കളങ്കമില്ലാത്ത സ്‌നേഹം എന്നും രക്ഷിതാക്കളുടേതുതന്നെയാണ്. നാം ഈ ലോകത്തേക്കു ജനിച്ചുവീഴുംമുമ്പേ നമ്മേ സ്‌നേഹിച്ചുതുടങ്ങിയവരാണവര്‍. അത് തിരിച്ചറിയാന്‍ ഓരോ പെണ്‍കുട്ടിക്കും കഴിയണം. എങ്കില്‍ ഒരളവോളം ഇത്തരം ഒളിച്ചോട്ടങ്ങള്‍ സംഭവിക്കുന്നതല്ല.
നേരും നെറിയും എന്താണെന്നറിയാതെ സാങ്കേതിക വിദ്യയുടെ പിറകെ അജ്ഞരായി അലയുന്ന യുവത്വങ്ങളെ നേര്‍വഴിക്ക് നടത്താന്‍ രക്ഷിതാക്കളെപ്പോലെ മറ്റാര്‍ക്കും സാധിക്കണമെന്നില്ല. അറിവുള്ള മാതാപിതാക്കളാണ് പുതിയ സമൂഹനിര്‍മിതിയുടെ ചുക്കാന്‍ പിടിക്കേണ്ടത്. വഴിമാറിയൊഴുകുന്ന സ്‌നേഹത്തിനു തടയിടുകവഴി ഒളിച്ചോട്ടത്തെ ഇല്ലാതാക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കണം.
(താത്തൂര്‍ നിസ്‌വ വിമന്‍സ് കോളേജ് വിദ്യാര്‍ത്ഥിനിയാണ് ലേഖിക)
Leave A Comment