കുട്ടികളുടെ വിദ്യാഭ്യാസ ഭാവി: രക്ഷിതാക്കള്‍ ഉണരണം

രക്ഷിതാവിന്റെ കാഴ്ചപ്പാടുകള്‍ക്കും കുട്ടിയുടെ സര്‍ഗശേഷിക്കുമിടയിലുള്ള ഒരു പോരാട്ടരംഗം നമ്മുടെ വിദ്യാഭ്യാസമേഖലയിലാകെ വ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. അത് കുട്ടിയുടെ നേരെ ചൊവ്വെയുള്ള വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകതന്നെചെയ്യുന്ന രീതിയില്‍ വളര്‍ന്നു വരികയുമാണ്. രക്ഷിതാവും കുട്ടിയും അറിയാതെ തന്നെ മനഃശാസ്ത്രപരമായി കുത്തനെയുള്ള ഈ പോക്കു നിസ്സാര കാര്യമല്ല. മത്സരലോകത്ത് നമ്മുടെ വളരുന്ന തലമുറയ്ക്ക് മാനസികമായി പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ വരുന്നത് വലിയൊരു പ്രശ്‌നം തന്നെയായി വളരുകയാണ്.

രക്ഷിതാക്കളുടെ ഭയാശങ്കകള്‍ സ്വാഭ്വാവികം തന്നെയാണ്. അതിനൊരു കാരണം, വിദ്യാഭ്യാസം പഴയകാലത്തെ അപേക്ഷിച്ച് ജീവിതവുമായി വളരെയേറെ ബന്ധപ്പെട്ടുകിടക്കുന്നുവെന്നുള്ളതാണ്. എന്റെ കുട്ടി മറ്റുകുട്ടികളെപ്പോലെ വളര്‍ന്നില്ലെങ്കില്‍ അവന്റെ ജീവിതം അവതാളത്തിലായേക്കുമെന്ന ചിന്തയാണ് രക്ഷിതക്കളെ പിടികൂടിയിരിക്കുന്നത്. പരിഭ്രാന്തമായ ഈ മാനസികാവസ്ഥയില്‍ അയാള്‍ കുട്ടിയില്‍ തന്റെ സ്വകാര്യ അജണ്ട പ്രത്യക്ഷമായി അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഒട്ടും ആരോഗ്യകരമല്ലാത്ത ഈ ഇടപെടല്‍ കുട്ടിയുടെ വളര്‍ച്ച മുരടിക്കാന്‍ കാരണമാവുകയാണ്. രക്ഷിതാവിനും കുട്ടിക്കും നിരാശ മാത്രമാകും  ഇതിന്റെ ഫലം.
എന്താണ് വേണ്ടതെന്നു ചിന്തിക്കാം. കുട്ടിക്കു തന്നെക്കുറിച്ചുള്ള സുവ്യക്തമായ ഒരു മനോഭാവം രൂപപ്പെടുത്തിക്കൊടുക്കുകയായണ് പ്രധാനം. ജീവിതത്തിന്റെ പ്രതിസന്ധികളെ മധുരതരമായി സമീപിക്കാനും എളുപ്പം അതിജീവിക്കാനുള്ള ആത്മവിശ്വാസമാണ് ഈ മനോഭാവരൂപീകരണത്തിലൂടെ സാധ്യമാകുന്നത്. കുട്ടി  തന്റെ കഴിവുകളെ തിരിച്ചറിയുകയും അതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്ന അവസ്ഥ, നമ്മുടെ ഉപബോധ മനസ്സില്‍ കോറിയിടുന്ന ഒരു ചിത്രമാണത്. ഒരു കുട്ടിയുടെ സാമൂഹിക വളര്‍ച്ചയുടെ അടിത്തറയാണ് ഈ തെളിഞ്ഞ വിചാരം.
ക്രിയാത്മക മനോഭാവം വിദ്യാലയങ്ങളിലെ ദൈര്‍ഘ്യം കുറഞ്ഞ സമയത്ത് മാത്രം ഉണ്ടാക്കിയെടുക്കാവുന്നതല്ല. കുടുംബവും വിദ്യാലയവും ചുറ്റുപാടുമെല്ലാം   അതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നുണ്ട്. 3E എന്നതാണ് അതിന്റെ സുപ്രധാന ഫോര്‍മുലയായി ഉദ്ധരിക്കപ്പെടുന്നത്.  Education (വിദ്യാഭ്യാസം), Experience (അനുഭവം), Environment (സാഹചര്യം) എന്നിവയാണ് ഇതിന്റെ അടിസ്ഥാന ഘടകങ്ങള്‍.
ഇതില്‍ അനുഭവങ്ങളും സാഹചര്യങ്ങളും നല്ല കുടുംബസാഹചര്യങ്ങളുടെ സൃഷ്ടിയാണ്. ഒരു നല്ല മാതാവിന്റെ വാക്കും നോട്ടവും ചോദ്യവും ഉത്തരവുമെല്ലാം വളരുന്ന കൊച്ചു കുട്ടിയുടെ മനോഭാവത്തെ സ്വാധീനിക്കുന്നതു കാണാം. ഉദാഹരണത്തിന് ''എന്റെ മോന്-മോള്‍ക്ക് എന്താണു നിനക്കുപറ്റിയത്?''  എന്ന് ഒരുമ്മ കുട്ടിയോട് ചോദിക്കുന്നത് അതിരറ്റ സ്‌നേഹ വാത്സല്യങ്ങള്‍ കൊണ്ടാകാം. എന്നാല്‍ കുട്ടിയില്‍ അതുണ്ടാക്കിയ ചലനം നിസ്സാരമാകില്ല. താന്‍ ഏറ്റവും വിശ്വസിക്കുന്ന മാതാവ് എന്നില്‍ എന്തോ കാര്യമായ പിഴവുകാണുന്നുവെന്ന ചിന്ത ചെറിയകുട്ടിയുടെ ഉപബോധ മനസ്സില്‍ നല്ല മുറിവുകള്‍ വരുത്താം. മറ്റൊരു സന്ദേശം നല്‍കി അതിനെ തിരുത്താനുള്ള ശ്രമങ്ങള്‍ നടത്തിയില്ലെങ്കില്‍ കുട്ടിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവന്റെ ധൈര്യം ചോര്‍ത്തിക്കളയാന്‍ അതുകാരണമാകും.
''അതു നീ ചെയ്യേണ്ട'' എന്നു ഒരു പിതാവ് കുട്ടിയോടു പറയുന്നതു കുട്ടിയെ ബുദ്ധിമുട്ടിക്കേണ്ട എന്നുകരുതിയാവാം. എന്നാല്‍ കുട്ടി സഹിക്കുന്നത്  എന്നെ കൊള്ളില്ലെന്ന് എന്റെ പിതാവിന് നന്നായി അറിയാമെന്നായിരിക്കും. അവന്‍ അവനോടു തന്നെ ഈ രീതിയില്‍ നിരന്തരം സംസാരിക്കുകയും അപകര്‍ഷതാബോധത്തിന്റെ ആഴിയിലേക്കു അവനെ സ്വയം വലിച്ചിറക്കുകയും ചെയ്യുകായിരിക്കും ഫലം.
പ്രോത്സാഹനവും പ്രശംസയുമാണ് കുട്ടികള്‍ രക്ഷിതാവില്‍ നിന്ന് ആഗ്രഹിക്കുന്ന ഏറ്റവും മികച്ച സമ്മാനം. കുട്ടികളുടെ ഏറ്റവും നിസ്സാരമായ കഴിവുകള്‍ക്കുപോലും അംഗീകാരം നല്‍കാന്‍ മറക്കരുത്. ന്യൂനതകളെ വലുതാക്കിക്കാണിക്കുന്ന സ്വഭാവം സ്വന്തം മക്കളോടെങ്കിലും കാണിക്കാതിരിക്കണം.
വിദ്യാലയത്തില്‍ നിന്ന് പ്രോഗ്രസ് റിപ്പോര്‍ട്ടുമായി വീട്ടിലേക്കുവരുന്ന ഒരു കുട്ടിയുടെ മാനസീകാവസ്ഥ മനസ്സില്‍ കാണുക. തന്റെ ശ്രമങ്ങള്‍ക്കു ചെറിയ അംഗീകീരമെങ്കിലും ആ കുട്ടി പ്രതീക്ഷിക്കുന്നുണ്ട്. ഉമ്മയോ, അടുത്ത വീട്ടിലെ കുട്ടിക്കു കിട്ടിയ അതേ ഗ്രേഡ് തന്റെ കുട്ടിക്കു ലഭിക്കാത്തതിന്റെ അസ്വസ്ഥയിലുമാകാം. പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ മനമില്ലാമനസ്സോടെ ഒപ്പിട്ടുകൊടുക്കുകയും   നല്ല രണ്ടു ശകാരവാക്കുകള്‍ പറയുകയുമാണ് ഒരു സാധാരണ ഉമ്മാക്കു ചെയ്യാനാവുക. കുട്ടി എവിടെ നില്‍ക്കുന്നുവെന്നത് അവര്‍ക്ക്  ചിന്തിക്കാനാവില്ല.
മാര്‍ക്കോ ഗ്രേഡോ മാത്രമല്ല കുട്ടിയുടെ നിലവാരത്തെ നിശ്ചയിക്കുന്ന ഘടകമെന്ന ധാരണ ഉണ്ടായി വരേണ്ടതുണ്ട്. എന്തെങ്കിലും കഴിവ് തന്റെ കുട്ടിക്കുണ്ടാകുമെന്നും അതെന്താണെന്നു തിരിച്ചറിഞ്ഞു വളര്‍ത്തിയെടുക്കുകയുണാണ് തന്റെ ദൗത്യമെന്നും തിരിച്ചറിയാന്‍ രക്ഷിതാവ് വൈകിക്കൂടാ. അതു കണ്ടെത്താന്‍ വൈകുന്നതാണ് തന്റെ കുട്ടിയെപറ്റി തനിക്കു നല്ല അഭിപ്രായം ഉണ്ടാകാത്തതെന്ന ധാരണയിലേക്കു വളരുകയാണ് വേണ്ടത്.
നല്ല മനോഭാവം വളര്‍ത്തിയെടുക്കാന്‍ വീട്ടിനകത്തെ തുറന്ന ചര്‍ച്ചകള്‍ കാരണമാകും. കുട്ടിയോടു വിശേഷങ്ങള്‍ ചോദിക്കാനും തമാശകള്‍ പറയാനും സമയം കണ്ടെത്തുന്ന രക്ഷിതാവിന് കുട്ടിയുടെ ആത്മവിശ്വാസം ഉയര്‍ത്താന്‍ സാധിക്കും. തന്നെക്കുറിച്ച് ചെറുപ്പത്തില്‍ തന്നെ നല്ല മനോഭാവം വളര്‍ത്തിയെടുക്കാന്‍ ഇത്തരം ഇടപെടലുകള്‍കൊണ്ടാവും. ഇതാവട്ടെ നാം നിസ്സാരമായി തള്ളുന്ന കാര്യവുമാണെന്നത് മറന്നുകൂടാ.
ചെലവിടുന്ന പണമോ പഠിക്കുന്ന സ്ഥാപനമോ അല്ല അതിനേക്കാള്‍ പ്രധാനമാണ് കുട്ടിയുടെ മനെസ്സെന്നു വരുന്നു. അത് ഒരു ദിവസം കൊണ്ട് ഉണ്ടാക്കിയെടുക്കാവുന്നതല്ല; കുട്ടിക്കു ലഭിക്കുന്ന അനുഭവത്തില്‍ നിന്നും രൂപപ്പടുന്നതാണ്. എന്നെ ചിലതിനൊക്കെ കൊള്ളുമെന്ന ബോധം കുട്ടിയില്‍ ഉണ്ടാക്കിയെടുക്കുകയാണ് പ്രധാനം. അതിലൂടെ വളര്‍ത്തിക്കൊണ്ടുവരുന്ന ഏതു വിദ്യാഭ്യാസപ്രക്രിയയും അവനും സമൂഹത്തിനും ഗുണം ചെയ്യുന്നതായിരിക്കും.

എസ്.വി. മുഹമ്മദലി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter