കോവിഡ് 19 സംബന്ധിച്ച് ഏഷ്യാനെറ്റിൽ കവർ സ്‌റ്റോറി അവതാരക സിന്ധു സൂര്യ കുമാറിൻ്റെ വാദമുഖങ്ങൾക്ക് ഒരു തിരുത്ത്.
കോവിഡിൻ്റെ പശ്ചാത്തലത്തിൽ മക്ക മുതൽ നമ്മുടെ നാട്ടിലെ വിവിധ മതസമുദായങ്ങളുടെ ആരാധനാ കേന്ദ്രങ്ങളിൽ വരെ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്ന സാഹചര്യത്തിൽ മതത്തിൻ്റെ പ്രസക്തി നഷ്ടപ്പെട്ടു എന്ന് വരുത്തി തീർക്കാനാണ് കവർ സ്റ്റോറിയിൽ അവതാരക ശ്രമിച്ചിട്ടുള്ളത്.
അതിന് അവർ നിരത്തിയ വാദങ്ങളും അതിൻ്റെ യാഥാർത്ഥ്യങ്ങളുമാണ് താഴെ നൽകുന്നത്. എല്ലാ മതങ്ങളെയും കാടടക്കിയാണ് വിമർശിച്ചിട്ടുള്ളത്.അതിൽ ഇസ് ലാമിന് പറയാനുള്ളതാണ് ചൂണ്ടിക്കാണിക്കുന്നത്. മറ്റുള്ളത് അതത് മത വിഭാഗക്കാർ പറയട്ടെ.
❓തുടക്കം ഇങ്ങനെയാണ്.
"ഹജ്ജ് കർമ്മങ്ങൾ തൽക്കാലത്തേക്ക് നിർത്തിവെക്കാൻ സൗദിഅറേബ്യ തീരുമാനിച്ചിരിക്കുന്നു.ഉംറക്കായ് തത്കാലം ആരും ചെല്ലേണ്ടതില്ല..."
✅ ഹജജ് കർമ്മങ്ങൾ നിർത്തിവെക്കാൻ തീരുമാനിച്ചിട്ടില്ല. കാരണം അത് തുടങ്ങിയിട്ടില്ല. ഹജജ് കർമ്മങ്ങൾ ഹജജ് മാസത്തിലാണുള്ളത്. അതിന് ഇനിയും നാല് മാസമുണ്ട്. ഉംറക്ക് നിയന്ത്രണമുണ്ടെന്നത് ശരിയാണ്.
❓ "...എല്ലാ മതാചാരങ്ങളും നിർത്തിവെക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുകയാണ് മനുഷ്യൻ.എന്നു വെച്ചാൽ കോവിഡ് എന്ന മഹാമാരി പകരുന്നുവെന്ന് കണ്ടപ്പോൾ സ്വന്തം ജീവിതത്തിൻ്റെ സുരക്ഷക്കായി എല്ലാ മതാചാരങ്ങളും വേണ്ടെന്നു വെക്കാനും നിയന്ത്രിക്കാനും മനുഷ്യർക്ക് കഴിഞ്ഞു എന്നർത്ഥം..."
✅ ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ആചാരാനുഷ്ഠാനങ്ങളിൽ വരുത്തിയ ക്രമീകരണം സ്വന്തം തീരുമാനമല്ല. ഇസ്ലാമിക പ്രമാണങ്ങളുടെ പിൻബലത്തോടെ സ്വീകരിച്ച മുൻകരുതലുകളാണ്. ഇതൊന്നും പുതുതായി ഇസ്ലാമിക പണ്ഡിതരോ സാധാരണക്കാരോ സ്വയം എടുക്കുന്ന തീരുമാനമല്ല. അതിന് ഇസ്ലാം അനുവദിക്കുന്നുമില്ല. ഇസ്ലാം ദൈവികമായതിനാൽ ഏത് കാലഘട്ടത്തിലും മനുഷ്യൻ നേരിടുന്ന സാഹചര്യത്തെ അഭിമുഖീകരിക്കാൻ പ്രാപ്തമായ അടിസ്ഥാന നിയമങ്ങൾ അതിൻ്റെ പ്രമാണങ്ങളിലുണ്ട്.
ഇസ്ലാം എന്നാൽ അല്ലാഹുവിൻ്റെ നിർദേശങ്ങൾക്ക് കീഴൊതുങ്ങലാണ്. ആരാധനകളിൽ ഇളവ് നൽകിയിട്ടുള്ളതും, സാഹചര്യങ്ങൾ ഒത്തു വരാതിരുന്നാൽ അവ നിർവ്വഹിക്കേണ്ടതില്ലെന്ന് പഠിപ്പിച്ചിട്ടുള്ളതും അതേ അല്ലാഹുതന്നെയാണ്.
ഇസ്ലാമിക നിയമങ്ങൾ ഏതു സാഹചര്യത്തിലും പ്രായോഗികമാണ്.
ഉദാഹരണമായി നമസ്കാരത്തിൻ്റെ കാര്യം തന്നെ എടുക്കാം. നമസ്കാരത്തിനു മുമ്പ് വെള്ളം ഉപയോഗിച്ച് അംഗശുദ്ധി വരുത്തൽ നിർബന്ധമാണ്. എന്നാൽ വെള്ളം കിട്ടാതെ വന്നാൽ തയമം (കൈ നിലത്തടിച്ച് കൈ പടവും മുഖവും തടവുക) ചെയ്താൽ മതിയാവും.
ഒരു ദിവസം അഞ്ച് നേരം നിർബന്ധമായും നമസ്കരിക്കണം. എന്നാൽ യാത്രക്കാരനാണെങ്കിൽ ഒരു സമയത്തേക്ക് രണ്ട് നേരത്തുള്ള നമസ്കാരങ്ങൾ ചേർത്ത് നമസ്കരിക്കാം. നാല് റക്അത്ത് ഉള്ളത് രണ്ടായി ചുരുക്കുകയും ചെയ്യാം. ആരോഗ്യമുള്ളവർ നിന്ന് നമസ്കരിക്കണമെന്നാണ് നിയമം.എന്നാൽ നിൽക്കാൻ സാധിക്കാത്തവർക്ക് ഇരുന്നും, അതിനും കഴിയാത്തവർക്ക് കിടന്നും, നമസ്കരിക്കാം. ബോധം മാത്രമേയുള്ളൂവെങ്കിൽ മനസ്സിൽ വിചാരിച്ചാലും മതിയാവും.
റമദാൻ മാസങ്ങളിലാണ് നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നത്. അസുഖം കാരണം അതിന് സാധിക്കാതെ വന്നാൽ മറ്റു മാസങ്ങളിൽ നോറ്റ് വീട്ടിയാൽ മതി. അങ്ങനെ ഓരോ ആരാധനകങ്ങളിലും ഇളവുകൾ നൽകിയ പ്രയോഗിക മതമാണ് ഇസ്‌ലാം. ഈ ഇളവുകൾ സ്വീകരിച്ചതിൻ്റെ പേരിൽ മതം പൂർണമായി പിൻപറ്റാത്തവനായി ആരെയും മുദ്ര കുത്തുകയില്ലന്ന് മാത്രല്ല; ഇളവുകൾക്ക് അർഹതപ്പെട്ടവർ അത് സ്വീകരിക്കലാണ് ഉത്തമം.
ഇത് പോലെ പകർച്ചവ്യാധി ഏതെങ്കിലും പ്രദേശത്തുണ്ടായാൽ ആ പ്രദേശത്തു നിന്ന് ആരും പുറത്ത് പോകരുതെന്നും, അങ്ങോട്ട് മറ്റാരും പ്രവേശിക്കരുതെന്നും നബി സ്ര) യുടെ കൽപനയാണ്. അതിൻ്റെ അടിസ്ഥാനത്തിലാണ് യാത്രകളിലും മറ്റും എല്ലാം ക്രമീകരണങ്ങൾ കൊണ്ടുവരുന്നത്. പരിശുദ്ധ മക്ക വിവിധ രാജ്യങ്ങളിൽ നിന്ന് ലക്ഷങ്ങൾ ഒരുമിച്ച് ചേരുന്ന ഇടമാണ്. അവിടെ നിയന്ത്രമുണ്ടായില്ലെങ്കിൽ എന്തായിരിക്കും അവസ്ഥ?! മക്കയിൽ ഇതുപോലുള്ള നിയന്ത്രണങ്ങൾ ആദ്യമല്ല. മുൻ കാലങ്ങളിലും ഉണ്ടായിട്ടുണ്ട്.
ശക്തമായ മഴ പെയ്താൽ പുറത്തിറങ്ങാൻ പ്രയാസമുണ്ടായാൽ വീടുകളിൽ വെച്ച് നമസ്കരിക്കാൻ അനുവാദമുണ്ട്. പള്ളികളിലും ആളുകൾ കൂടുന്ന ചടങ്ങുകളിലും പകർച്ചവ്യാധി പോലെയുള്ള പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ എങ്ങനെ നിയന്ത്രക്കപ്പെടണമെന്ന കൃത്യമായ മാർഗദർശനങ്ങൾ കൂടി ഉൾകൊള്ളുന്നതാണ് ഇസ്ലാം.ആരാധനകൾ അനുഷ്ഠിക്കണമെന്ന് കൽപ്പിച്ച പ്രവാചകൻ്റെ നാവിലൂടെ തന്നെയാണ് ഇളവുകളും അറിയിച്ചത്.
അത് അതിൻറെ ന്യൂനതയല്ല. പ്രായോഗികതയുടെ ഉത്തമമായ ഉദാഹരണമാണ്.
❓ "....ഈ മതാചാരങ്ങളൊക്കെ നീട്ടുകയും കുറുക്കുകയും വേണ്ടെന്നു വെക്കുകയും ഒക്കെ ചെയ്തപ്പോൾ ഇവിടെ എന്തെങ്കിലും സംഭവിച്ചോ..? ഒരു ചുക്കും സംഭവിച്ചില്ല. ഒരു ചുക്കും സംഭവിച്ചില്ല എന്ന് മാത്രമല്ല മനുഷ്യരുടെ ജീവിതത്തിൻ്റെ സുരക്ഷയ്ക്ക് അതെല്ലാം സഹായകരവുമായി.അപ്പോൾ ആചാരം എന്നുവെച്ചാൽ ഇത്രയൊക്കെ ഉള്ളൂ..."
✅ നീട്ടുകയും കുറുക്കുകയും ചെയ്യുകയല്ല ഉണ്ടായിട്ടുള്ളത്. മതം അനുവദിച്ച ഇളവുകൾ സ്വീകരിക്കുകയാണ് ചെയ്തത്.
ഇതുകൊണ്ട് എന്തെങ്കിലും സംഭവിച്ചോ എന്നതാണ് അടുത്ത ചോദ്യം. ഈ ചോദ്യം വലിയൊരു തെറ്റിദ്ധാരണയിൽ നിന്നുള്ളതാണ്. മതത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ചെയ്യുന്നത് ഇവിടെ എന്തെങ്കിലും സംഭവിക്കാനൊ സംഭവിക്കാതിരിക്കാനൊ അല്ല. മറിച്ച് സ്രഷ്ടാവിന് സൃഷ്ടി അർപ്പിക്കുന്ന പ്രണാമമാണ് ആരാധനകൾ. സ്രഷ്ടാവ് നമുക്ക് നൽകിയ അനുഗ്രഹങ്ങൾക്കുള്ള നന്ദിയാണത്. അത് മനുഷ്യൻ ചെയ്താലും ഇല്ലെങ്കിലും ദൈവത്തിന് ഒന്നും സംഭവിക്കാനില്ല.
ഈ ലോകം പരീക്ഷണമാണ്. നമുക്ക് ലഭിച്ച അനുഗ്രഹങ്ങളായ കാഴ്ചയും കേൾവിയും ഹൃദയവും ഉപയോഗിച്ച് ഈ പ്രപഞ്ചത്തിൻ്റെ അത്ഭുതങ്ങൾ അറിയുകയും അതുവഴി അതിൻ്റെ പിന്നിലുള്ള സ്രഷ്ടാവിനെ മനസ്സിലാക്കുകയും അംഗീകരിക്കുകയും അവനെ മാത്രം ആരാധിക്കുകയും
ചെയ്യലാണ് സൃഷ്ടിയുടെ ധർമ്മം. ഈ ധർമ്മം ആരെല്ലാം നിർവഹിക്കുന്നു എന്നതാണ് സൃഷ്ടികൾക്കുള്ള പരീക്ഷണം. സ്രഷ്ടാവിനെ മനുഷ്യർ വിസ്മരിക്കുമ്പോൾ പ്രകൃതിദുരന്തങ്ങളും പകർച്ചവ്യാധികളും പട്ടിണിയും ഭയവും എല്ലാം കൊണ്ട് പരീക്ഷിക്കപ്പെടുമെന്നും ഖുർആനിൻ്റെ അധ്യാപനമാണ്. പരീക്ഷണം വരുമ്പോൾ സത്യനിഷേധികൾക്ക് മാത്രമല്ല; സത്യവിശ്വാസികൾക്കും ബാധിക്കും. ഇക്കാര്യങ്ങളെല്ലാം മതം പഠിപ്പിച്ചിട്ടുണ്ട്.
നന്മ ചെയ്യുന്നവർ എന്തുകൊണ്ടാണ് രോഗത്തിന് അടിമയാകുന്നത്? മരണപ്പെടുന്നത്?എന്നാണ് ചോദ്യമെങ്കിൽ അതിനും മറുപടിയുണ്ട്. ഈ ലോകം യഥാർത്ഥ ജീവിതമല്ല. ഇവിടെ എത്ര വലിയ സുഖസൗകര്യങ്ങൾ ഉണ്ടായാലും ഏതു സമയത്തും മരണപ്പെടാം. ശാസ്ത്രം എത്ര പുരോഗമിച്ചിട്ടും മരണത്തെ പിടിച്ചു വെക്കാനോ മനുഷ്യൻ്റെ ആയുസ്സിനെ തടഞ്ഞു വെക്കാനോ സാധിച്ചിട്ടില്ല. അപ്പോൾ മരണത്തോടെ എല്ലാം അവസാനിക്കുകയാണെങ്കിൽ ഈ ലോകത്തിന് എന്ത് പ്രസക്തിയാണുള്ളത്? എവിടെയാണ് നീതിയുള്ളത്? ഇവിടെ രോഗം ബാധിച്ച് മരണപ്പെട്ട ഒരു സത്യവിശ്വാസിക്ക് പരലോകത്ത് അതിൻ്റെ പേരിൽ അവൻ്റെ പാപങ്ങൾ പൊറുത്ത് നൽകി മരണമില്ലാത്ത സ്വർഗ്ഗം നൽകുമെന്നാണ് ഇസ്ലാമിക വിശ്വാസം.
വിശ്വാസിയുടെ കാര്യം അത്ഭുതകരമാണ്. അവന് നന്മ ഉണ്ടായാൽ അഹങ്കരിക്കുകയില്ല. സ്രഷ്ടാവിന് കൂടുതൽ
നന്ദി ചെയ്യും. ദുരിതം ബാധിച്ചാൽ അക്ഷമനോ ദൈവനിഷേധിയോ ആവില്ല. ക്ഷമിക്കും. അപ്പോൾ അതും അവന് നന്മയായി ഭവിക്കും. അതുകൊണ്ട് ഇവിടെ യാതൊരു പ്രകൃതിദുരന്തങ്ങളും പകർച്ചവ്യാധികളും സംഭവിക്കാതിരിക്കാനല്ല വിശ്വാസികൾ ആചാരങ്ങൾ നിർവഹിക്കുന്നത്.സ്രഷ്ടാവിനോടുള്ള ബാധ്യതാ നിർവഹണത്തിൻ്റെ ഭാഗമാണ്.
❓ "...ആചാരം എന്നുവെച്ചാൽ ഇത്രയൊക്കെ ഉള്ളൂ. മനുഷ്യർ ഉണ്ടാക്കിയതാണ് അത്. മനുഷ്യൻ്റെ സൗകര്യത്തിനും സുരക്ഷയ്ക്കും യുക്തിക്കും എല്ലാം വേണ്ടി വളക്കുകയോ ഒടിക്കുകയോ എല്ലാം ചെയ്യാവുന്നതാണ് എന്ന് ഈ മഹാമാരി മനുഷ്യരാശിയെ പഠിപ്പിക്കുകയാണ്..."
✅ ഇസ്ലാമിലെ ആചാരങ്ങൾ ഒന്നും മനുഷ്യർ ഉണ്ടാക്കിയതല്ല.സ്രഷ്ടാവ് പ്രവാചകന് നൽകിയിട്ടുള്ള വഹ് യ് (ദിവ്യവെളിപാട് ) മുഖേന പഠിപ്പിച്ചിട്ടുള്ളതാണ്. അത് മനുഷ്യൻ്റെ യുക്തിക്കോ സുരക്ഷക്കോ വേണ്ടി വളച്ച് ഒടിക്കാനാവില്ല. ഓരോ സന്ദർഭത്തിലും മതം അനുവദിച്ച ഇളവുകൾ സ്വീകരിക്കുക മാത്രമാണ് ചെയ്യുന്നത്. ഇത്തരം ഘട്ടത്തിൽ ആ ഇളവുകൾ സ്വീകരിക്കലാണ് മതം. ഈ മഹാമാരി മനുഷ്യനെ പഠിപ്പിക്കേണ്ടത് ദൈവത്തെ അറിയാനാണ്.നിഷേധിക്കാനല്ല.
❓ഒരു ക്രിസ്ത്യൻ പാതിരി കൊറോണക്ക് പ്രതിരോധമായി ചില വൈകാരിക പ്രകടനങ്ങൾ നടത്തുന്ന വീഡിയോ ക്ലിപ്പ് കാണിച്ചു കൊണ്ട് അവതാരിക ഇപ്രകാരം ചോദിക്കുന്നുണ്ട്.
" ...ഈ മാതിരി കച്ചവടക്കാരെ തിരിച്ചറിയാൻ ഈ കൊറോണ കാലത്തെങ്കിലും പറ്റിയില്ലെങ്കിൽ നമ്മൾ ഒരിക്കലും രക്ഷപ്പെടാൻ പോകുന്നില്ല..."
✅ ക്രിസ്തുമതത്തിലെ കാര്യം അവർ വിശദീകരിക്കട്ടെ. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം രോഗത്തിന് ചികിത്സിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യണമെന്നാണ് കൽപ്പന. എല്ലാ രോഗത്തിനും മരുന്നുണ്ട് എന്നാണ് ഇസ്ലാമിക പാഠം. മരുന്ന് കണ്ടെത്താൻ സാധിക്കാതെ പോകുന്നത് മനുഷ്യൻ്റെയും ശാസ്ത്രത്തിൻ്റെയും പരിമിതിയാണ്.
പ്രാർഥനക്ക് ഉത്തരം ലഭിക്കുന്നത് മൂന്ന് വിധത്തിലാണ്. ചോദിച്ചത് ഉടനെ ലഭിക്കുക എന്നതാണ് ഒന്നാമത്തേത്. അല്ലെങ്കിൽ ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നത്തെക്കാൾ വലിയൊരു വിപത്തിൽ നിന്ന് ഈ പ്രാർത്ഥന മൂലം രക്ഷപ്പെടുത്തും. അല്ലെങ്കിൽ പരലോകത്ത് ഈ പ്രാർത്ഥനയുടെ ഫലമായി നന്മകൾ ലഭിക്കും. ഈ കാഴ്ചപ്പാടിലാണ് മുസ്ലീങ്ങൾ പ്രാർത്ഥിക്കുന്നത്.
അവതാരിക ചൂണ്ടിക്കാണിച്ച ഒരു കാര്യം അംഗീകരിക്കുന്നു. ഏതു മതത്തെയും കച്ചവടവൽക്കരിക്കുന്ന ആത്മീയ തട്ടിപ്പുകാരും ഉണ്ടെന്നത് ഒരു വസ്തുതയാണ്. അവർ ഇത്തരം ഘട്ടത്തിൽ ഇറങ്ങിവരും. അവരെ സമൂഹം ഒന്നിച്ച് എതിർത്തു തോൽപ്പിക്കേണ്ടതുണ്ട്. ഇസ്ലാമിൽ പൗരോഹിത്യമില്ല. ആരാധനക്ക് പണവും ഇടയാളനും ആവശ്യമില്ല. ചൂഷണത്തിൻ്റെ എല്ലാ വേരും കൊത്തിയറുത്ത മതമാണ് ഇസ്ലാം. ഒരു ആശയത്തെ ദുരുപയോഗം ചെയ്യുന്നുവെന്നതിനാൽ അതിൻ്റെ യഥാർഥ രൂപത്തെ തള്ളുന്നത് ന്യായമാണോ?
❓"....ദൈവ വിശ്വാസികളായ മനുഷ്യരുടെ വിശ്വാസം ചൂഷണം ചെയ്യുന്ന ഇത്തരം സംഘങ്ങളെല്ലാം കോവിഡ് ഭീതിയിൽ നിശബ്ദരായി ഇരിക്കുന്നു.ദൈവത്തിൻ്റെ പ്രതിപുരുഷൻമാരും അവതാരങ്ങളും മധ്യവർത്തി കളും ഒക്കെയായി സ്വയം പ്രഖ്യാപിത സാമ്രാജ്യം ഉണ്ടാക്കിയവരെല്ലാം എന്തിനാണ് കോവിഡെന്ന വെറുമൊരു മഹാമാരിയെ പേടിക്കുന്നത്? സാമാന്യബുദ്ധിയുള്ള വിശ്വാസികളെല്ലാം ആലോചിക്കേണ്ട വിഷയമാണിത്. ആലോചിക്കാൻ പറ്റിയ സമയവും ഇത് തന്നെയാണ്...."
✅ ആത്മീയത കച്ചവടമാക്കിയവർ ഈ സന്ദർഭത്തിൽ നിശ്ശബ്ദരാകുമെന്നത് ഒരു യാഥാർത്ഥ്യമാണ്. ദൈവത്തിന് പ്രതിപുരുഷൻമാരും അവതാരങ്ങളും മധ്യവർത്തികളുമില്ലയെന്നതാണ് ഇസ്‌ലാമിക വിശ്വാസം. സ്രഷ്ടാവും സൃഷ്ടിയും രണ്ടാണ്. സ്രഷ്ടാവ് ഏകനാണ്. അവനിലേക്ക് യാതൊരു മധ്യവർത്തിയും ആവശ്യമില്ല. ഏകദൈവാരാധനയാണ് ഇസ്ലാമിൻ്റെ അടിസ്ഥാനം. മുസ്ലീങ്ങളുടെ ദൈവത്തെ ആരാധിക്കണമെന്നല്ല ഇസ്ലാം പഠിപ്പിക്കുന്നത്. നിങ്ങളെയും നിങ്ങൾക്ക് മുമ്പുള്ളവരെയും സൃഷ്ടിച്ച സ്രഷ്ടാവിനെയാണ് മനുഷ്യർ ആരാധിക്കേണ്ടത് എന്നാണ് ഇസ്ലാമിൻ്റെ അധ്യാപനം. ക്രൈസ്തവർ യേശു എന്ന് വിളിക്കുന്ന ഈസാ നബി(അ)യും അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ) യും ജനിക്കുന്നതിനു മുൻപും ലോകമുണ്ട്. മനുഷ്യരുണ്ട്. അതുകൊണ്ട് അവരൊന്നും സ്രഷ്ടാക്കളല്ല. സൃഷ്ടികളാണ്.
ഇപ്പോൾ ലോകത്ത് ആൾദൈവങ്ങളായി പ്രത്യക്ഷപ്പെടുന്നവരെല്ലാം ജനിച്ചവരാണ്. അവർക്ക് മുമ്പും ലോകം ഉണ്ട്. അതുകൊണ്ട് അവരെയെല്ലാം സൃഷ്ടിച്ച ഏകനായ ദൈവത്തെയാണ് മനുഷ്യർ ആരാധിക്കേണ്ടത്.
❓"...ശാസ്ത്രമാണ്
ശരിയെന്ന് എല്ലാ ആത്മീയ നേതാക്കളും കാണിച്ചു തന്നിരിക്കുന്നു. ശാസ്ത്രത്തിനും യുക്തിക്കും മുന്നിൽ ആചാരമൊന്നും തടസ്സമാവില്ല. എന്നിതാ തെളിഞ്ഞിരിക്കുന്നു..."
✅ മതം ശാസ്ത്രത്തിന് എതിരാണെന്നാണ് ഈ വരികൾ കേട്ടാൽ തോന്നുക. ഇസ്ലാം ഒരുകാലത്തും വസ്തുനിഷ്ഠമായ ശാസ്ത്ര കണ്ടുപിടുത്തങ്ങൾക്ക് എതിര് നിന്നിട്ടില്ല. കാരണം പ്രപഞ്ച സ്രഷ്ടാവിൻ്റെ ഗ്രന്ഥമാണ് ഖുർആൻ. പ്രകൃതിയുടെ സൂക്ഷ്മവും സ്ഥൂലവുമായ എല്ലാ കാര്യത്തെക്കുറിച്ചും ഖുർആനിൻ്റെ പരാമർശങ്ങൾ വസ്തുനിഷ്ഠമാണ്. അതെല്ലാം സൃഷ്ടിച്ചവൻ്റെ വാക്കുകളാണ് ഖുർആൻ എന്നതുകൊണ്ട് ഒരിക്കലും വൈരുദ്ധ്യം ഉണ്ടാവുകയില്ല. വൈരുദ്ധ്യമുണ്ടെന്ന അഭിപ്രായം തോന്നലുകൾ മാത്രമാണ്. മനുഷ്യൻ്റെ അറിവിൻ്റെ പരിമിതിയാണ്. ശാസ്ത്രം തന്നെ നിഗമനങ്ങളാണല്ലോ. ഇന്നത്തെ കണ്ടെത്തൽ നാളത്തെ വിഡ്ഢിത്തമായിരിക്കാം. അങ്ങനെ അനവധി ഘട്ടങ്ങൾ തരണം ചെയ്താണ് യാഥാർത്ഥ്യത്തിൽ എത്തുന്നത്. യഥാർത്ഥ കണ്ടെത്തലിൽ എത്തുന്നതുവരെയുള്ള നിലപാടുകൾ സ്വാഭാവികമായും തെറ്റായിരിക്കും. അത് ഖുർആനുമായി യോജിച്ചു വന്നില്ല എന്നത് ഖുർആനിൻ്റെ ദൈവീകതയുടെ മറ്റൊരു തെളിവാണ്.
രോഗം പരത്തുന്ന സൂക്ഷ്മ ജീവികളെക്കുറിച്ച് ശാസ്ത്രീയമായി ഒരറിവും ഇല്ലാത്ത കാലത്ത്, 1400 വർഷങ്ങൾക്ക് മുമ്പാണ് ഈ മുൻ കരുതലുകളെല്ലാം അനുവർത്തിക്കാൻ പ്രവാചകൻ കൽപിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇത് മതത്തിൻ്റെ ദൈവികതക്കുള്ള തെളിവായിക്കൊണ്ടാണ് വിശ്വാസികൾ മനസിലാക്കുന്നതും.
കൊറോണയെ തടയാൻ മതങ്ങൾക്ക് സാധിച്ചില്ലയെന്നതാണ് വിമർശനത്തിൻ്റെ കാതലെങ്കിൽ, കൊറോണക്ക് ഇപ്പോഴും മരുന്നു കണ്ടെത്താൻ സാധിക്കാത്ത ശാസ്ത്രവും പരാജയം തന്നെയല്ലേ? ചികിത്സിച്ച ഡോക്ടറും നഴ്സുമാരുമെല്ലാം രോഗത്തിന് കീഴടങ്ങി കൊണ്ടിരിക്കുന്നു. അവരെ ശാസ്ത്രത്തിന് രക്ഷിക്കാനാവുന്നില്ല. ലോകം ഇത്രയധികം വികസിച്ചിട്ടും ഇതുപോലെയുള്ള പകർച്ചവ്യാധികളെ പിടിച്ചുകെട്ടാൻ ശാസ്ത്രത്തിന് സാധിച്ചോ?
എന്നാൽ ഇസ്ലാമിൻറെ കാഴ്ചപ്പാടിൽ ഇതും ശാസ്ത്രത്തിൻ്റെ പരാജയമായി കാണുന്നില്ല. മനുഷ്യൻ്റെ പരിമിതിയാണ് ഇതിലൂടെ പുറത്തുവരുന്നത്. മനുഷ്യൻ്റെ നിസ്സഹായതയാണ് തെളിയിക്കപ്പെടുന്നത്.
ഇത്തരം ഘട്ടങ്ങളിൽ നിരാശപ്പെടാനല്ല; അന്വേഷണങ്ങളും ഗവേഷണങ്ങളും നടത്തി പ്രതിവിധി കണ്ടെത്താനാണ് മതം ആവശ്യപ്പെടുന്നത്.കാരണം ഏതൊരു രോഗത്തിനുള്ള ഔഷധവുംഈ പ്രകൃതിയിലുണ്ട്.
ഇനിയെങ്കിലും ഇത്തരം ഘട്ടത്തിൽ ദൈവത്തെ തള്ളിപ്പറയാതെ കൂടുതൽ ദൈവത്തിലേക്ക് അടുക്കാനും ജീവിതലക്ഷ്യം തിരിച്ചറിയാനുമാണ് മനുഷ്യർ മുന്നോട്ട് വരേണ്ടത്. ഇല്ലെങ്കിൽ ഇതിലും വലിയ പരീക്ഷണങ്ങൾ നമ്മെ കാത്തിരിക്കുന്നുണ്ട്.
✍അവസാനമായി കവർ സ്റ്റോറിയുടെ അവതാരികയോടൊരു വാക്ക്.
✅ നിങ്ങളുടെ വർഗീയതക്കെതിരെയുള്ളതും മതനിരപേക്ഷത ഊട്ടിയുറപ്പിക്കുന്നതുമായ കവർ സ്റ്റോറികൾ അഭിനന്ദനാർഹമാണ്. എന്നാൽ നിങ്ങളെപ്പോലുള്ളവർ മതപരമായ കാര്യങ്ങൾ വിശകലനം ചെയ്യുമ്പോൾ അതിൻ്റെ അടിസ്ഥാന കാഴ്ചപ്പാടുകൾ മനസ്സിലാക്കിയശേഷമായിരിക്കണം അത് നിർവഹിക്കേണ്ടത്.ഇപ്പോൾ മുസ്ലിം ലോകം സ്വീകരിച്ചിരിക്കുന്ന മുൻ കരുതലുകൾ
മതത്തിൽ നിന്ന് പുറത്ത് പോയിക്കൊണ്ടല്ല; മതത്തിനുള്ളിലേക്ക് കൂടുതൽ പ്രവേശിച്ചുകൊണ്ടാണ് ഇപ്പോഴുള്ള ജാഗ്രതയെന്ന് മനസിലാക്കണം.
(സാധിക്കുന്നവർ ഈ കുറിപ്പ് സിന്ധു സൂര്യകുമാറിന് എത്തിച്ചാൽ നന്നായിരുന്നു.)
_________
ടി.കെ അശ്റഫ്
Leave A Comment