നാമല്ലെങ്കിൽ ഇനിയാര്? ഇന്നല്ലെങ്കിൽ ഇനിയെന്ന്?

ആദ്യം നമുക്ക് മാർട്ടിൻ നീമേലോറിന് നന്ദി പറയാം. ആദ്യം അവർ കമ്യൂണിസ്റ്റുകാരെ തേടി വന്നു. ഞാൻ മിണ്ടിയില്ല. കാരണം ഞാനൊരു കമ്മ്യൂണിസ്റ്റ് അല്ലായിരുന്നു എന്നുതുടങ്ങിയ അർത്ഥവത്തായ ഫാസിസ്റ്റ് വിരുദ്ധ കാവ്യത്തിന് ജന്മം നൽകിയത് അദ്ദേഹമാണ്. പിന്നീട് നമുക്ക് ഹിറ്ലറിനും മുസ്സോളിനിക്കും നന്ദി പറയാം. ഫാസിസ്റ്റ് ഭരണം എങ്ങനെ അടിവേരുറപ്പിക്കുന്നു എന്നതിന് ഉദാത്തമായ മാതൃകകൾ നൽകിയതിന്. പിന്നെ നന്ദി പറയേണ്ടത് ഇവയെല്ലാം അണുവിട തെറ്റാതെ കുറിച്ചുവെച്ച ചരിത്രകാരന്മാരോടാണ്. അതിനു ശേഷം അതു പഠിച്ചിറങ്ങിയ ഡിഗ്രിയും പിജിയും പി എച് ഡി യും ചെയ്യുന്ന യൂണിവേഴ്സിറ്റി വിദ്യാർത്ഥികളോടുമാണ്. CAB യെകുറിച്ചു വ്യാജ പ്രചാരണം നൽകി രാഷ്ട്രീയ പാർട്ടികൾ മുതലെടുപ്പ് നടത്തുകയാണ് എന്ന് ഭരണപക്ഷം പറഞ്ഞപ്പോൾ അതിനെതിരെ പ്രതികരിച്ചു ബോളിവുഡ് നടി പ്രിയങ്ക ചോപ്ര പറഞ്ഞിരുന്നു: യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് അതറിയാവുന്നത് കൊണ്ടാണ് അവർ തെരുവിലിറങ്ങിയത് എന്ന്. വിദ്യാഭ്യാസം ഒരു രാജ്യത്തിന്റെ കാവലാളായി മാറുന്നത് ഇവിടെയാണ്. ജാമിഅ, ജെ ൻ യൂ, ഡി യു, എ എം യു, ബി എച് യു, എച്ച് സി യു എന്നു തുടങ്ങിയ രാജ്യത്തെ പ്രധാന സർവകലാശാലകളിലെ പതിനായിരക്കണക്കിന് വിദ്യാർഥികൾക്കും CAB യുടെ അർത്ഥതലങ്ങൾ പിടിക്കിട്ടിയയിട്ടില്ലത്രേ. 

മുമ്പ് ഇന്ത്യയുടെ ഭാഗമായിരുന്ന പാകിസ്താനിലെയും അഫ്ഘാനിലെയും ബംഗ്ലാദേശിലെയും ഹിന്ദു, ക്രിസ്ത്യൻ, സിഖ്, പാഴ്സി, ജൈനൻ, ബുദ്ധിസ്റ്റ് മതവിഭാഗക്കാർ പ്രസ്തുത രാജ്യങ്ങളിൽ പീഡനമനുഭവിക്കുന്നുവെങ്കിൽ ഇന്ത്യയിലേക്ക് കുടിയേറിയാൽ ഇവിടെ പൗരത്വം നൽകാം എന്ന, ഭരണഘടനാ വിരുദ്ധമെങ്കിലും പ്രത്യക്ഷത്തിൽ പ്രസ്തുത രാജ്യങ്ങളിലെ പീഢിതർക്ക് ആശ്വാസമരുളുന്നതും ഇന്ത്യയിലെ നിലവിലെ മുസ്ലിംകൾക്ക് ഒരുവിധത്തിലുള്ള ബുദ്ധിമുട്ടും വരുത്തില്ലെന്നു ഭരണകൂടം ആണയിട്ടു പറയുന്നതുമായ നിയമത്തിന്റെ മുഖം മൂടിയൊന്ന് വലിച്ചു നോക്കിയാൽ NRC എന്ന ഭീകര സത്വം ഒളിച്ചിരിക്കുന്നത്‌ കാണാം. 
അയൽ രാജ്യങ്ങളിലെ മതകീയ പീഢിതർക്ക് അഭയമെന്ന മനുഷ്യത്വമാണ് ലക്ഷ്യമെങ്കിൽ മ്യാൻമറിലെ രോഹിൻഗ്യകളും ചൈനയിലെ ഉയഗുർ മുസ്ലിംകളും പാകിസ്താനിലും ബംഗ്ലാദേശിലും മുസ്ലിമായി പോലും പരിഗണിക്കപ്പെടാത്ത അഹ്മദിയ മുസ്ലിംകളും എന്തുകൊണ്ട് പട്ടികക്കു പുറത്തായി, അയൽ രാജ്യങ്ങളിൽ മതകീയ പീഡനങ്ങൾ നടക്കുന്നു എന്ന് അടിസ്ഥാനമില്ലാതെ പറയുന്നത് അവരുമായുള്ള ബന്ധങ്ങൾക്ക് വിഘ്നം വരുത്തലല്ലേ എന്നുള്ള സ്വാഭാവിക ചോദ്യങ്ങൾ അവിടെ നിൽക്കട്ടെ. 
ഇപ്പോൾ നമ്മൾ ചോദിക്കേണ്ടത് ഞങ്ങൾ ആരെയാണ് വിശ്വസിക്കേണ്ടത് എന്നാണ്. ഭരണഘടനാ വിരുദ്ധമെങ്കിലും പ്രഥമദൃഷ്ട്യാ ഇന്ത്യൻ മുസ്ലിമിന് നിരൂപദ്രവകാരിയെന്നു തോന്നിച്ചേക്കാവുന്ന ഈ നിയമത്തിന്റെ അപകടം പതിയിരിക്കുന്നതിന് ഇപ്പോൾ അസമിൽ നടന്നു കഴിഞ്ഞ, രാജ്യമൊട്ടാകെ നടപ്പിലാക്കുമെന്ന് 2019 പ്രകടനപത്രികയിലും രാഷ്ട്രപതിയുടെ ട്വീറ്റിലും ആഭ്യന്തര മന്ത്രിയുടെ അനേകം അഭിമുഖങ്ങളിലും പ്രഭാഷണങ്ങളിലും ബി ജെ പി അടിവരയിട്ടു പറഞ്ഞ NRC യുമായി കൂടിച്ചേരുമ്പോഴാണ്. ഈ ദേശീയ പൗരത്വ പട്ടികയ്ക്ക് നമുക്ക് മുമ്പിലുള്ള ഒരേയൊരു മാതൃക അസമിലെയാണ്. അവിടെ പൗരത്വം തെളിയിക്കാൻ ഹാജരാക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടത് 1971നു മുമ്പ് തങ്ങളോ തങ്ങളുടെ പ്രാപിതാക്കളോ ഇന്ത്യയിൽ ജീവിച്ചിരുന്നു എന്നതിനുള്ള രേഖകളാണ്. 
19 ലക്ഷം പേരാണ് അസമിൽ മാത്രം ഈ രേഖകൾ കാണിക്കാനില്ലാത്തതിനാൽ പൗരത്വ പട്ടികയ്ക്ക് പുറത്തായത്. ഇവരിൽ അപ്പനപ്പൂപ്പന്മാരുടെ കാലം തൊട്ടേ ഇന്ത്യയിൽ താമസിക്കുന്ന അനേകം പേരുണ്ട്. ഈ കണക്കെടുപ്പ് രാജ്യമൊട്ടാകെ നടത്തിയാൽ പുറത്താകുന്നവരുടെ എണ്ണം ഊഹിക്കാവുന്നതിലുമപ്പുറമായിരിക്കും. അവരെ വിദേശ പൗരന്മാരായി മുദ്രകുത്തും. അവിടെയാണ് പുതിയ പൗരത്വ ഭേദഗതി നിയമം വില്ലനാകുന്നത്. ഇപ്പോൾ അസമിലെ പുറത്തുപോയ 19 ലക്ഷം പേരിൽ 6 ലക്ഷം മുസ്ലിംകളൊഴികെയുള്ളവർക്ക് പുതിയ നിയമപ്രകാരം രാജ്യത്തെ പൗരത്വം നൽകപ്പെടും.  അയൽ രാജ്യങ്ങൾ സ്വീകരിക്കാൻ തയ്യാറാവില്ലെന്ന് ഉറപ്പുള്ളതിനാൽ മുസ്ലിംകളെ തടങ്കൽ പാളയങ്ങളിലേക്കു മാറ്റും. ഡിറ്റൻഷൻ സെന്ററുകളുടെ നിർമാണം പലയിടത്തും പൂർത്തിയായി കഴിഞ്ഞു. ഈ നിയമം രാജ്യമൊട്ടാകെ വരുമ്പോൾ മുസ്‌ലിം ജനതയിൽ വലിയൊരു വിഭാഗം സ്വന്തം മണ്ണിൽ കുടിയേറ്റക്കാരെന്നു മുദ്രകുത്തപ്പെട്ടു തടങ്കൽ പാളയങ്ങളിലേക്കുള്ള യാത്രയാരംഭിച്ചിട്ടുണ്ടാകും. 
ഇവയെല്ലാം സാധ്യതകളാണ്. നടക്കുമെന്ന് ഇന്ന് ഇന്ത്യയിലെ സാഹചര്യമെടുത്ത് പരിശോധിച്ചാൽ 100 ശതമാനവും നമുക്ക് ഉറപ്പിക്കാവുന്ന സാധ്യതകൾ.
ഇനി നമ്മൾ ഉയർത്തേണ്ടത് വിശ്വാസ്യതയെ കുറിച്ചുള്ള ചോദ്യങ്ങളാണ്. NRC + CAA = ഒരു സമുദായത്തിലെ വലിയൊരു വിഭാഗത്തെ വിഴുങ്ങുന്ന ഭീകര സത്വമാണ്. ഇതുവരെ പാർലമെന്റിൽ ഒരു ചർച്ച പോലും നടക്കാത്ത 6 വര്ഷമായി ഗവണ്മെന്റ് ചിന്തിക്കുകപോലും ചെയ്യാത്ത വിഷയത്തിൽ നിങ്ങളെന്തിന് സമരം ചെയ്യുന്നു? അതിന്റെ ചിലവുകളോർത്ത നിങ്ങളെന്തിന് ആകുലപ്പെടുന്നു?  എന്തിന് പതിനായിരങ്ങളെ വലിച്ചിഴച്ചു പോലീസിന്റെ തോക്കിന് മുന്നിലേക്കെറിഞ്ഞു കൊടുക്കുന്നു? ഒന്നര മണിക്കൂറിലെ ഗീർവാണത്തിൽ പ്രധാനമന്ത്രി ഇവയെല്ലാം ചോദിക്കുമ്പോൾ നാം തിരിച്ചു ചോദിക്കേണ്ടതുണ്ട്. ഞങ്ങൾ ആരെയാണ് വിശ്വസിക്കേണ്ടത്? CAB കഴിഞ്ഞാൽ NRC യെന്ന് പത്തോളം അഭിമുഖങ്ങളിലും പ്രഭാഷണങ്ങളിലും പറഞ്ഞിട്ടുള്ള ആഭ്യന്തര മന്ത്രി, 2019ലെ ബിജെപി പ്രകടന പത്രിക, എന്റെ ഗവണ്മെന്റ ഇന്ത്യ മൊത്തം NRC നടപ്പിലാക്കാൻ ബാധ്യസ്ഥമാണെന്നു ട്വീറ്റ് ചെയ്ത രാഷ്ട്രപതി, മുത്തലാഖിലും കശ്മീരിലും ആയോധ്യയിലും ഘർ വാപസിയിലും പശുകൊലപാതകങ്ങളിലും ആൾക്കൂട്ട അക്രമങ്ങളിലും ഒരു സമുദായത്തെ തിരഞ്ഞു പിടിച്ചു അടിച്ചമർത്തിയ ഭരണകൂടം. അതെ, നമ്മൾക്ക് വിശ്വാസ്യതയിലാണ് പ്രശ്നം. ഏതു കാലത്തും മുസ്ലിം വിരുദ്ധത മാത്രം കൈമുതലാക്കിയ ഈ ഗവണ്മെന്റിൽ ഈ രാജ്യത്തെ ജനത ഇനിയും കരുണ പ്രതീക്ഷിക്കണോ? സാമ്പത്തിക പ്രതിസന്ധിയിലും അഴിമതിയിലും EVM വിവാദങ്ങളിലും പെട്ടുഴലുമ്പോൾ ഹിന്ദു മുസ്ലിം പോരിന് മുറവിളി കൂട്ടുന്ന മണിക്കൂറുകൾ നീണ്ട വർഗീയ ഭാഷണങ്ങളിൽ നാം നമ്മെ മറക്കണോ?
ഈ സമരം വരാനിരിക്കുന്ന ഭാവിക്ക് വേണ്ടിയാണ്. അതുകൊണ്ടാണ് നടപ്പിലാക്കാൻ  ആലോചിച്ചിട്ടു പോലുമില്ലെന്ന് കേന്ദ്രം പറയുന്ന നിയമത്തിനെതിരെയും പൊതുജനം പ്രതികരിക്കുന്നത്. അവർക്ക് ഭവിഷ്യത്തുകൾ മുൻകൂട്ടി കാണാനാറിയാം. അതിനവർക്ക് നേതൃത്വം നൽകിയത് ഭരണഘടന പഠിച്ചും അതിൽ ഗവേഷണം നടത്തിയും കഴിവ് തെളിയിച്ച വിദ്യാർത്ഥി യുവത്വമാണ്. അവർ കൂലിക്ക് വന്ന് അർത്ഥശൂന്യ വാഗ്ധോരണികൾ കേട്ട് ആർത്തുവിളിക്കാൻ അന്ധ ഭക്തരെ പോലെ കഴുതകളല്ല. അവർ ജീവൻ പൊലിക്കുന്നത് ആകാരണമല്ല. ഇന്നീ പോരാട്ടം വിജയിച്ചില്ലെങ്കിൽ ഇനി ഒരു അംഗത്തിനുള്ള ബാല്യം കിട്ടിക്കൊള്ളണമെന്നില്ല. ഇന്ന് നാമിതിനിറങ്ങിയില്ലെങ്കിൽ ഇനിയിറങ്ങാൻ നമ്മളുണ്ടാവണമെന്നില്ല.

ജുനൈദ് ഹുദവി പെരിന്തൽമണ്ണ
(പി.ജി വിദ്യാർത്ഥി, ഡൽഹി യൂണിവേഴ്സിറ്റി)

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter