ജമാഅത്തെ ഇസ്‌ലാമി

ഇഖ്‌വാനിസത്തിന്റെ ഇന്ത്യന്‍ പതിപ്പ് എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രസ്ഥാനമാണ് ജമാഅത്തെഇസ്‌ലാമി. രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന മതസംഘടനയെന്നോ മതാധിഷ്ഠിത രാഷ്ട്രീയ പ്രസ്ഥാനമെന്നോ അതിനെ വിശേഷിപ്പിക്കാം. അബുല്‍ അഅ്‌ലാ മൗദൂദി (1903-1979)യാണ് സ്ഥാപകന്‍.

1903 സപ്തംബര്‍ 25നു ഹൈദരാബാദ് നൈസാമിന്റെ കീഴിലുണ്ടായിരുന്ന മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് മൗദൂദി ജനിച്ചത്. മൗദൂദി എന്നത് കുടുംബ പേരാണ്. ചെറുപ്പം മുതലേ പത്രപ്രവര്‍ത്തനത്തിലും സാഹിത്യ രചനകളിലും വലിയ താല്‍പര്യമുള്ളയാളായിരുന്നു അബുല്‍ അഅ്‌ലാ. പ്രമുഖ ഉറുദു സാഹിത്യകാരനായ നിയാസ് ഫത്ഹ്പൂരിയുമായി പഠന കാലത്തു തന്നെ ബന്ധം സ്ഥാപിച്ചിരുന്നു. അത് സാഹിത്യ പ്രവര്‍ത്തനത്തിനും തൂലിക ഉപജീവന മാര്‍ഗമായി സ്വീകരിക്കുന്നതിനും കൂടുതല്‍ പ്രചോദനമേകി. ഇസ്‌ലാമിക വിരുദ്ധ ചിന്തകള്‍ പ്രചരിപ്പിച്ചിരുന്ന നിയാസ് ഫത്ഹ്പൂരിയുമായുള്ള പ്രസ്തുത സമ്പര്‍ക്കം, പില്‍ക്കാലത്ത് മൗദൂദിയന്‍ ചിന്തകളെ സ്വാധീനിച്ചതായി വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

ചെറുപ്പത്തിലേ കുടുംബ ഭാരം മുഴുവന്‍ ഏറ്റെടുക്കേണ്ടിവന്ന മൗദൂദിക്ക് ഉന്നത മതപഠനത്തിനു അവസരം ലഭിച്ചില്ല. 1914-ല്‍ മെട്രിക് പരീക്ഷ പാസായ അദ്ദേഹം ഉപരിപഠനാര്‍ത്ഥം ഹൈദരാബാദ് ദാറുല്‍ ഉലൂമില്‍ ചേര്‍ന്നെങ്കിലും പിതാവിന്റെ രോഗ ശുശ്രൂഷയുമായി ബന്ധപ്പെട്ട് ആറു മാസത്തിനു ശേഷം അതുപേക്ഷിക്കേണ്ടിവന്നു. നാലു വര്‍ഷത്തോളം രോഗശയ്യയില്‍ കിടന്ന ശേഷം പിതാവ് 1920-ല്‍ മരണപ്പെട്ടു. 1918-ല്‍ സഹോദരന്‍ അബുല്‍ ഖൈര്‍ മൗദൂദിയോടൊപ്പം ബിജ്‌നൂരിലെ ‘മദീനാ’ പത്രത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടാരംഭിച്ച മൗദൂദിയുടെ പത്രപ്രവര്‍ത്തനം, 1920-ല്‍ ജബല്‍പൂരിലെ ‘താജ്’ വാരികയിലേക്കും 1921-ല്‍ ഡല്‍ഹിയിലെ ‘മുസ്‌ലിം’ പത്രത്തിലേക്കും 1925-ല്‍ അല്‍ ജംഇയ്യത്ത് പത്രത്തിലേക്കും വ്യാപിച്ചു. മൗലവി അബൂമുഹമ്മദ് മുസ്‌ലിഹ് നടത്തിയിരുന്ന ‘തര്‍ജുമാനുല്‍ ഖുര്‍ആന്‍’ പത്രം 1932-ല്‍ വിലക്കു വാങ്ങിയ മൗദൂദി തന്റെ ചിന്തകളെല്ലാം അതിലൂടെയാണ് മരണം വരെ പ്രകാശിപ്പിച്ചിരുന്നത്. 1920-നു ശേഷം ഇസ്‌ലാമിനെ കണക്കിനു പരിഹസിക്കുകയും യൂറോപ്യരെ പിന്തുടരാന്‍ മുസ്‌ലിംകളെ ഉപദേശിക്കുകയും ചെയ്ത ഇനായത്തുല്ലാ മശ്‌രിഖിയുടെ ‘ഖാക്‌സാര്‍’ എന്ന തീവ്രവാദി സംഘടനയില്‍ മൗദൂദി അംഗമായിരുന്നത്രെ. നിയാസ് ഫത്ഹ് പൂരിയുമായുള്ള ബന്ധം പോലെ തന്നെ ഇതും പില്‍ക്കാലത്ത് നിരവധി വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചിട്ടുണ്ട്.

1928-ല്‍ ഹൈദരാബാദിലേക്കു പോയ മൗദൂദി പത്തു വര്‍ഷത്തിനു ശേഷം വടക്കന്‍ പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയിലെ ജമാല്‍ പൂരില്‍ വന്നു താമസിച്ചു. ചൗധരി നിയാസ് അലി ഖാന്‍ വഖ്ഫ് ചെയ്ത ‘ദാറുല്‍ ഇസ്‌ലാം’ ആയിരുന്നു അവിടെ അദ്ദേഹത്തിന്റെ കേന്ദ്രം. 1938-ല്‍ ഒക്‌ടോബര്‍ 10-ന് അവിടെ വെച്ച് ഇസ്‌ലാമിക നവോത്ഥാനത്തിനെന്ന പേരില്‍ ‘ഇദാറായെ ദാറുല്‍ ഇസ്‌ലാം’ രൂപീകരിച്ചെങ്കിലും അതു പിരിച്ചുവിടുകയും ലാഹോറിലേക്കു യാത്രതിരിക്കുകയും ചെയ്തു. 1941 ആഗസ്റ്റ് 26-ന് ലാഹോറിലെ ‘തര്‍ജുമാനുല്‍ ഖുര്‍ആന്‍’ ഓഫീസില്‍ വെച്ചാണ് ജമാഅത്തെ ഇസ്‌ലാമി രൂപീകരിക്കുന്നത്. പാരമ്പര്യ മതത്തിനു വിരുദ്ധമായി പുതിയ ഒരു ഇസ്‌ലാം കെട്ടിപ്പടുക്കുകയാണ് പ്രസ്ഥാനത്തിന്റെ ലക്ഷ്യമെന്നാണ് രൂപീകരണ കണ്‍വെന്‍ഷനില്‍ വിശദീകരിച്ചത്. 75 പേര്‍ പ്രസ്തുത യോഗത്തില്‍ പങ്കെടുത്തിരുന്നു. മൗദൂദി തന്നെയായിരുന്നു പ്രഥമ അമീര്‍. മൗലാനാ മന്‍സൂര്‍ നുഅ്മാനി നാഇബെ അമീറും. താമസിയാതെ സംഘടനയുടെ ആസ്ഥാനം 1942 ജൂണ്‍ 15ന് പഴയ ‘ദാറുല്‍ ഇസ്‌ലാ’മിലേക്കു മാറ്റി. പഞ്ചാബിലെ പത്താന്‍ കോട്ടിനടുത്തുള്ള ഈ കേന്ദ്രമായിരുന്നു വിഭജനാനന്തരം മൗദൂദി പാകിസ്ഥാനിലേക്ക് പലായനം ചെയ്യുന്നതുവരെ ജമാഅത്ത് ആസ്ഥാനം.
മൗദൂദിയന്‍ ചിന്തകള്‍
ജമാഅത്തെ ഇസ്‌ലാമിക്ക് ആശയാടിത്തറയും സൈദ്ധാന്തിക മേല്‍ക്കൂരയുമൊരുക്കിയത് അബുല്‍ അഅ്‌ലാ മൗദൂദിയുടെ ചിന്തകളാണ്. അദ്ദേഹത്തിന്റെ മൂര്‍ച്ചയേറിയ തൂലിക അതിനു കൂടുതല്‍ ചന്തവും ചാരുതയും നല്‍കി. പക്ഷേ, ഇസ്‌ലാമിക പ്രമാണങ്ങളെ ആഴത്തില്‍ പഠിക്കാന്‍ സാധിക്കാത്തതുകൊണ്ട് തന്നെ പലപ്പോഴും അദ്ദേഹം അബദ്ധങ്ങള്‍ക്കു മേല്‍ അടയിരിക്കുകയായിരുന്നു. ഒരു പത്രപ്രവര്‍ത്തകന്റെ ലാഘവത്തോടെയാണ് അദ്ദേഹം മതവിഷയങ്ങള്‍ കൈകാര്യം ചെയ്തത്.

മതരാഷ്ട്ര വാദമാണ് മൗദൂദി ചിന്തയുടെ കാതല്‍. ഇന്ത്യയെ ഒരു ഇസ്‌ലാമിക് സ്റ്റോറ്റാക്കി മാറ്റുകയാണ് ജമാഅത്തെ ഇസ്‌ലാമിയിലൂടെ അദ്ദേഹം ലക്ഷ്യമിട്ടത്. ഇസ്‌ലാമിനെ ഒരു രാഷ്ട്രീയ ചിന്താധാരയായിട്ടാണ് മൗദൂദി അവതരിപ്പിച്ചത്. അക്കാലത്ത് ലോകമാകെ ജ്വലിച്ചുനിന്ന കമ്യൂണിസം, ഫാഷിസം, നാസിസം തുടങ്ങിയ രാഷ്ട്രീയ ചിന്താധാരകളോട് ഇസ്‌ലാമിനെ തുലനം ചെയ്യുകയും അതിനനുസരിച്ച് വ്യാഖ്യാനിക്കുകയും ചെയ്യുകയായിരുന്നു അദ്ദേഹം. ക്രിസ്ത്യാനികളും ഹിന്ദുക്കളും ഒരു രാഷ്ട്രീയ ചിന്താധാര എന്ന നിലയില്‍ കമ്യൂണിസത്തെയും ഫാഷിസത്തെയുമൊക്കെ സ്വീകരിച്ചതുപോലെ ഇസ്‌ലാമിനെയും സ്വീകരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. മുസ്‌ലിംകള്‍ മുപ്പത് ശതമാനം മാത്രവും ബാക്കി മുഴുവന്‍ ഇതര മതസമൂഹങ്ങളും വസിക്കുന്ന ഇന്ത്യയില്‍ എങ്ങനെ ഒരു ഇസ്‌ലാമിക രാഷ്ട്രം കെട്ടിപ്പടുക്കും എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി കണ്ടെത്തിയതും ഇങ്ങനെയായിരുന്നു. തന്റെ ഈ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പലരും ഇന്ത്യാ-പാക് വിഭജനത്തെ അംഗീകരിച്ചപ്പോഴും അദ്ദേഹം ശക്തമായി അതിനെതിരെ രംഗത്തു വന്നത്. അദ്ദേഹം എഴുതി:
”യഥാര്‍ത്ഥത്തില്‍ ഇസ്‌ലാം ഏതെങ്കിലും മതത്തിന്റെയോ മുസല്‍മാന്‍ ഏതെങ്കിലും ജനതയുടെയോ പേരല്ല. ലോകത്തൊട്ടാകെയുള്ള സാമൂഹ്യ വ്യവസ്ഥിതി മാറ്റി സ്വന്തം സിദ്ധാന്തത്തിനും ആദര്‍ശത്തിനും അനുസരിച്ച് പുനര്‍ നിര്‍മാണം നടത്തുന്ന ഒരു വിപ്ലവ സിദ്ധാന്തവും ആദര്‍ശവുമാണ് ഇസ്‌ലാം.” (തഫ്ഹീമാത്ത്: 62)

ഇസ്‌ലാമിനെ ഒരു മതമെന്നതിലുപരി ഭരണ സംസ്ഥാപനം ലക്ഷ്യം വെച്ചു പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ ചിന്താധാരയായിട്ടാണ് മൗദൂദി ഇവിടെ അവതരിപ്പിക്കുന്നത്. ഇതേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുകയും ജനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കുകയും ചെയ്തിരുന്ന കാപിറ്റലിസം, കമ്യൂണിസം, ഫാഷിസം തുടങ്ങിയ രാഷ്ട്രീയ ചിന്താധാരകള്‍ മൗദൂദിയെ നന്നായി സ്വാധീനിച്ചിരുന്നു എന്നത് ഇവിടെ വ്യക്തമാണ്. തന്റെ പുതിയ സിദ്ധാന്തത്തിനനുസരിച്ച് ഇസ്‌ലാമിലെ സാങ്കേതിക സംജ്ഞകളെ വ്യാഖ്യാനിക്കാനും വളച്ചൊടിക്കാനും അദ്ദേഹം ധൈര്യം കാണിച്ചു.
”ദീന്‍ എന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്റ്റേറ്റാണെന്നും ശരീഅത്ത് എന്നത് ആ സ്റ്റേറ്റിന്റെ നിയമ വ്യവസ്ഥയാണെന്നും ആ നിയമ പദ്ധതി അനുസരിച്ച് ജീവിതം നയിക്കുന്നതിനാണ് ഇബാദത്ത് എന്ന് പറയുന്നതെന്നുമുള്ള വസ്തുത വ്യക്തമായി തീരുന്നതാണ്.” (ഖുതുബാത്ത്: 378)
വിശ്വാസം, ആരാധന, വിധി, സദാചാരം, സ്വകാര്യ-സാമൂഹ്യ-ദേശീയ ഇടപാടുകള്‍ തുടങ്ങിയവയെല്ലാം ഉള്‍കൊള്ളുന്ന ‘ദീനി’ന്റെ വിശാലാര്‍ത്ഥത്തെ ഭരണകൂടം, സ്റ്റേറ്റ് എന്നിവയില്‍ ചുരുട്ടിക്കെട്ടുകയാണിവിടെ മൗദൂദി. ഇസ്‌ലാമിന്റെ അടിസ്ഥാന ലക്ഷ്യം ഹുകൂമത്തെ ഇലാഹീ (ദൈവരാജ്യം)യാണെന്നു വാദിച്ച അദ്ദേഹം നിസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ്, ജിഹാദ് തുടങ്ങിയവയെല്ലാം അതിനുള്ള മാധ്യമങ്ങളാണെന്നാണു വിശദീകരിച്ചത്.

”മനുഷ്യാധിപത്യത്തില്‍ നിന്നു രക്ഷപ്പെട്ട് അല്ലാഹുവിന്റെ ആധിപത്യത്തില്‍ പ്രവേശിക്കലാണ് പ്രധാന ലക്ഷ്യം. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കുവാന്‍ വേണ്ടി ശരീരം അര്‍പ്പിക്കലും അധ്വാനിക്കലുമാണ് ജിഹാദ്. നിസ്‌കാരവും നോമ്പും ഹജ്ജും സകാത്തും ഈ ലക്ഷ്യത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പാണ്.” (ഖുതുബാത്ത്: 227)
”ഈ നിസ്‌കാരവും നോമ്പും സകാത്തും ഹജ്ജും യഥാര്‍ത്ഥത്തില്‍ ഇതേ തയ്യാറെടുപ്പിനും പരിശീലനത്തിനും വേണ്ടിയാണ്. പട്ടാളം, പോലീസ്, സിവില്‍ സര്‍വീസ് മുതലായവക്കു വേണ്ടി ലോകത്തൊട്ടാകെയുള്ള ഭരണകൂടങ്ങള്‍ ജനങ്ങളെ തെരഞ്ഞെടുത്തു പ്രത്യേക പരിശീലനം നല്‍കി സ്ഥിരം ജോലിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതുപോലെ അല്ലാഹുവിന്റെ ദീന്‍ ഇസ്‌ലാമും അവനു സേവനം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആദ്യം പ്രത്യേക ട്രൈനിംഗ് നല്‍കുന്നു. പിന്നീട് ജിഹാദിനും ഹുകൂമത്തെ ഇലാഹിക്കും വേണ്ടി അവന്റെ സേവനം ഉപയോഗപ്പെടുത്തുന്നു.” (ഖുതുബാത്ത്: 215)

ഇലാഹ്, റബ്ബ്, ഇബാദത്ത്, ദീന്‍ എന്നീ ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍ക്ക് സ്വന്തവും സ്വതന്ത്രവുമായ നിര്‍വചനം നല്‍കിയ മൗദൂദി തന്റെ മതരാഷ്ട്രവാദത്തിനനുസരിച്ച് അവയെ വ്യാഖ്യാനിക്കുകയായിരുന്നു. രാഷ്ട്രീയാധികാരം ലക്ഷ്യം വെച്ചുകൊണ്ട് മൗദൂദി നടത്തിയ ഇത്തരം സൈദ്ധാന്തിക കസര്‍ത്തുകള്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഇസ്‌ലാമിനെ കുറിച്ച് തെറ്റായ ധാരണകള്‍ സൃഷ്ടിക്കാനിടവരുത്തി. മുസ്‌ലിംകള്‍ രാജ്യത്തെ ഇസ്‌ലാമികവല്‍കരിച്ചു ഭരണം സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്, വിഘടിത രാഷ്ട്രത്തിനു വേണ്ടിയുള്ള ശ്രമങ്ങളും ഉപജാപങ്ങളുമാണ് ഇസ്‌ലാമിലെ ആരാധന, ആ ആരാധന നിര്‍വഹിക്കാനുള്ള മസ്ജിദുകളും മറ്റും പട്ടാള ക്യാമ്പ് പോലെ പരിശീലനത്തിനുള്ളതാണ്, അതുകൊണ്ട് തന്നെ പട്ടാള ക്യാമ്പിലേതു പോലെ ആയുധങ്ങളും തോക്കുകളും അവിടെയുമുണ്ടാകും, ആകയാല്‍ അവ പൊളിച്ചു മാറ്റേണ്ടതാണ്. എന്നിങ്ങനെ ആരോപണങ്ങളുമായി രംഗത്തുവന്ന ഹിന്ദുത്വ വാദികള്‍ അതിനു തെളിവുദ്ധരിച്ചത് മൗദൂദിയന്‍ സാഹിത്യങ്ങളില്‍ നിന്നായിരുന്നു. മൗദൂദിയുടെ അപക്വവും സ്വപ്ന സമാനവുമായ നിലപാടുകളില്‍ നിന്നു നിര്‍ഗളിച്ച സാഹിത്യങ്ങളാണ് ഇസ്‌ലാം ഭീകരമാണെന്നു സ്ഥാപിക്കാന്‍ ഇന്നും ഇന്ത്യയില്‍ ഹിന്ദുത്വവാദികള്‍ ഉയര്‍ത്തിക്കാണിച്ചുകൊണ്ടിരിക്കുന്നത്.

പണ്ട് ഖവാരിജുകള്‍ ഉയര്‍ത്തിയ ‘ഇനില്‍ ഹുകൂമു ഇല്ലാ ലില്ലാഹ്’ വാദത്തിന്റെ പകര്‍പ്പാണ് മൗദൂദിയുടെ ‘ഹുകൂമത്തെ ഇലാഹി’യെന്ന് കണ്ടെത്താനാകും. ദുരുദ്ദേശ്യത്തോടെയുള്ള സദ്‌വചനം എന്നാണല്ലോ അന്ന് അലി(റ) അതിനെ വിശേഷിപ്പിച്ചത്. പ്രവാചക കാലഘട്ടം മുതല്‍ അനന്തിരമായി ലഭിച്ച ഇസ്‌ലാം മതമെന്ന പൂമാല സ്വന്തം കഴുത്തില്‍ നിന്നുപൊട്ടിച്ചെറിഞ്ഞ മൗദൂദി (കടപ്പാട്: സിയാസ് കശ്മശ്: 5)യുടെ വികല വാദങ്ങള്‍ വെറുമൊരു ഹുകൂമത്തെ ഇലാഹിയില്‍ അവസാനിക്കുന്നതായിരുന്നില്ല. ഇലാഹ്, റബ്ബ്, ഇബാദത്ത്, ദീന്‍ എന്നിങ്ങനെയുള്ള സാങ്കേതിക സംജ്ഞകളെ അട്ടിമറിച്ചതുപോലെ പല വിശ്വാസാനുഷ്ഠാന കാര്യങ്ങളും പൊളിച്ചെഴുതാന്‍ ശ്രമിച്ചിട്ടുണ്ട്. അവയില്‍ ചിലതിതാ:
1. പാപസുരക്ഷിതത്വം പ്രവാചകന്മാരിലുണ്ടാകേണ്ട അനിവാര്യ ഘടകമല്ലെന്നും അവര്‍ ദൈവങ്ങളാണെന്നു ജനം തെറ്റിദ്ധരിക്കാതിരിക്കാന്‍ അല്ലാഹു അവരെ കൊണ്ട് ഒന്നോ രണ്ടോ തെറ്റുകള്‍ ചെയ്യിക്കുമെന്നും വാദിച്ചു. ”അല്ലാഹു മുഴുവന്‍ പ്രവാചകന്മാരില്‍ നിന്നും ഉദ്ദേശ്യപൂര്‍വ്വം സ്വന്തം സംരക്ഷണം ഉയര്‍ത്തിയിട്ട് ഒന്നോ രണ്ടോ പാകപ്പിഴ ചെയ്യിക്കുന്നു. ജനം പ്രവാചകന്മാരെ ദൈവമെന്ന് ധരിക്കാതിരിക്കാനും വെറും മനുഷ്യനാണെന്നു മനസ്സിലാക്കാനുമാണിത്.” (തഫ്ഹീമാത്ത്: 2/57)
2. ശിഈ ആരോപണങ്ങളെ പിന്തുടര്‍ന്നുകൊണ്ട് സ്വഹാബികള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളെയ്തുവിട്ടു. അലി ശരീഅത്തിയും മറ്റു ശിഈ നേതാക്കളും സ്വഹാബികള്‍ക്കെതിരെ നടത്തിയ ദൂരാരോപണങ്ങള്‍ മൗദൂദി സാഹിത്യങ്ങളും ആവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഖിലാഫത്ത് വ മുലൂക്കിയ്യത്ത് (ഖിലാഫത്തും രാജവാഴ്ചയും) അതിന്റെ ഒന്നാന്തരം ഉദാഹരണമാണ്. ”തുടര്‍ന്ന് അധികാരമേറ്റ ഉസ്മാന്‍ ഈ (ഉമറിന്റെ) നയങ്ങളില്‍ നിന്നു ക്രമേണ വ്യതിചലിച്ചു. തുടരെ തുടരെ സ്വന്തം ബന്ധുക്കളെ രാജ്യത്തിന്റെ ഉന്നത പദവിയില്‍ നിയമിച്ചു. അതോടൊപ്പം പൊതുജനങ്ങളുടെ ആക്ഷേപത്തിനിടയാക്കുന്ന പക്ഷപാതപരമായ മറ്റു ചില നടപടികളും അദ്ദേഹത്തില്‍ നിന്നുണ്ടായി.” (ഖിലാഫത്തും രാജവാഴ്ചയും:76)

3. മദ്ഹബുകളെയും അവയെ തഖ്‌ലീദ് ചെയ്യുന്നവരെയും കടന്നാക്രമിച്ച മൗദൂദി സ്വന്തമായൊരു ‘മദ്ഹബ്’ രൂപീകരിച്ചു. A. ”എന്റെയടുക്കല്‍ ഒരു പണ്ഡിതനെ സംബന്ധിച്ചിടത്തോളം തഖ്‌ലീദ് അനനുവദനീയവും കുറ്റകരവുമാണ്. മാത്രമല്ല പാപത്തെക്കാള്‍ വലിയ എന്തോ ഒരു വസ്തുവാണ് തഖ്‌ലീദ്. (റസാഇല്‍: 1/244). B. ”ഇന്ന് ഇസ്‌ലാമെന്നു മനസ്സിലാക്കപ്പെടുന്ന ചേതനയറ്റ മദ്ഹബിസമാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വഴിയിലെ രണ്ടാമത്തെ തടസ്സം.” (തര്‍ജുമാനുല്‍ ഖുര്‍ആന്‍: 17, ലക്കം: 4) C. ”ഫിഖ്ഹിലും ഇല്‍മുല്‍ കലാമിലും എനിക്ക് സ്വന്തമായൊരു സരണിയുണ്ട്. സ്വന്തം പഠന ഗവേഷണങ്ങളുടെ ഫലമായി ഞാന്‍ സ്വീകരിച്ചതാണത്.” (ജമാഅത്തെ ഇസ്‌ലാമി ലഘു പരിചയം: 45, ശൈഖ് മുഹമ്മദ് കാരക്കുന്ന്).
4. തഫ്‌സീറുകളുടെ സഹായമില്ലാതെ തന്നെ എല്ലാവര്‍ക്കും സ്വതന്ത്രമായി ഖുര്‍ആന്‍ വ്യാഖ്യാനിക്കാനുള്ള അവസരം തുറന്നിട്ടു. ”ഖുര്‍ആനിന് ഏതെങ്കിലും തഫ്‌സീറിന്റെ ആവശ്യമില്ല. ഉന്നത ബിരുദമുള്ള ഒരു പ്രൊഫസര്‍ മതി. ഖുര്‍ആന്‍ ആഴത്തില്‍ പഠിച്ച, പുതിയ രീതിയില്‍ ഖുര്‍ആന്‍ പഠിപ്പിക്കാനും മനസ്സിലാക്കിക്കൊടുക്കാനും യോഗ്യതയുള്ള ഒരു വ്യക്തിക്ക് പ്രഭാഷണങ്ങളിലൂടെ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥികളില്‍ ഖുര്‍ആന്‍ മനസ്സിലാക്കാനുള്ള സജ്ജീകരണങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.” (തന്‍ഖീഹാത്ത്: 212)
ഇതിനു പുറമെ ദജ്ജാല്‍ കെട്ടുകഥയാണ് (തര്‍ജുമാന്‍ 1364 ശവ്വാല്‍), നബിതിരുമേനിപോലും ദജ്ജാലിന്റെ വിഷയത്തില്‍ സംശയാലുവായിരുന്നു. (റസാഇല്‍: 55) മഹ്ദി മിഥ്യയാണ് എന്നിങ്ങനെ പ്രമാണിക വിരുദ്ധമായ നിരവധി വാദങ്ങള്‍ മൗദൂദി എഴുന്നള്ളിച്ചു. ആദ്യകാലങ്ങളില്‍ മൗദൂദിയന്‍ ചിന്തകളില്‍ ആകര്‍ഷിക്കപ്പെട്ടു ജമാഅത്തില്‍ അംഗമായിരുന്ന പല പണ്ഡിതന്മാരും പിന്നീട് അദ്ദേഹത്തിന്റെ ഇത്തരം വാദങ്ങളുടെ അപകടാവസ്ഥ തിരിച്ചറിഞ്ഞപ്പോള്‍ രാജിവെച്ചു പുറത്തു പോവുകയാണുണ്ടായത്. പ്രഥമ നാഇബെ അമീര്‍ മന്‍സൂര്‍ നുഅ്മാനി, സയ്യിദ് അബൂഹസന്‍ അലി നദ്‌വി തുടങ്ങിയവര്‍ അവരില്‍ പ്രമുഖരാണ്. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, ദയൂബന്ദ് ദാറുല്‍ ഉലൂം ഫത്‌വ കമ്മിറ്റി, നദ്‌വത്തുല്‍ ഉലമാ ലക്‌നോ, മസാഹിറുല്‍ ഉലൂം സഹാറന്‍പൂര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയ പണ്ഡിത വേദികള്‍ മൗദൂദി ചിന്തയുടെ അപകടങ്ങളെക്കുറിച്ചും അനിസ്‌ലാമിക ബാന്ധവത്തെക്കുറിച്ചും വളരെ നേരത്തെതന്നെ സമൂഹത്തെ ഉണര്‍ത്തിയിട്ടുണ്ട്.

പാക് ജമാഅത്ത്
ഇന്ത്യാ-പാക് വിഭജനത്തെ ശക്തമായി എതിര്‍ത്തിരുന്നെങ്കിലും 1947-ലെ വിഭജനാനന്തരം മൗദൂദി പാകിസ്ഥാനിലേക്ക് താമസം മാറ്റി. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, ജമാഅത്തെ ഇസ്‌ലാമി പാകിസ്ഥാന്‍ എന്നിങ്ങനെ സംഘടനയും വിഭജിക്കപ്പെട്ടു. പാക് ജമാഅത്തിന്റെ അമീര്‍ മൗദൂദി തന്നെയായിരുന്നു. ലാഹോറിലെ സൈല്‍ദാര്‍ പാര്‍ക്കിലെ ഇച്ഛാറയായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ കേന്ദ്രം.
പാക് ഭരണകൂടത്തെ ഇസ്‌ലാമീകരിക്കാന്‍ ഇറങ്ങിത്തിരിച്ച മൗദൂദിക്ക് അധികാരത്തിനു വേണ്ടിയുള്ള ഓരോ ചുവടുകളിലും തന്റെ ആദര്‍ശം മാറ്റി പറയേണ്ടി വരികയോ ബലികഴിക്കേണ്ടി വരികയോ ചെയ്യേണ്ടിവന്നു. ജനാധിപത്യത്തെയും ഗവണ്‍മെന്റുകളെയും കോടതികളെയും താഗൂത്ത് (ചെകുത്താന്‍) എന്നു വിശേഷിപ്പിച്ചിരുന്ന മൗദൂദി അവസാനം അവയോടെല്ലാം രാജിയായി. 1951 മാര്‍ച്ചില്‍ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ തെരഞ്ഞെടുപ്പു നടന്നപ്പോള്‍ ജമാഅത്ത് അതില്‍ പങ്കെടുത്തു. മുമ്പ് ശിര്‍ക്കിന്റെ വക്താക്കളെന്നും നിരീശ്വരവാദികളെന്നും മൗദൂദി തന്നെ വിശേഷിപ്പിച്ച മുഴുവനാളുകളുടെയും സഹായമഭ്യര്‍ത്ഥിച്ചെങ്കിലും കനത്ത പരാജയമായിരുന്നു ഫലം.

അടുത്ത തെരഞ്ഞെടുപ്പില്‍ ജമാഅത്ത് നയങ്ങളില്‍ ഒന്നുകൂടി മാറ്റം വരുത്തി മറ്റു പാര്‍ട്ടികളോട് സഖ്യമാകാം എന്നു തീരുമാനിച്ചു. അതുവരെയുള്ള മൗദൂദിയുടെ വീക്ഷണ പ്രകാരം മറ്റു പാര്‍ട്ടികളെല്ലാം ഇസ്‌ലാമിക വിരുദ്ധമായിരുന്നു. 1964-ല്‍ പാക് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് വന്നപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ചേര്‍ന്നു ഫാത്തിമ ജിന്നയെ യഅ്ഖൂബ് ഖാന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചു. 1964 ഒക്‌ടോബര്‍ 12-നു മൗദൂദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മജ്‌ലിസ് ശൂറയില്‍ ഫാത്തിമ ജിന്നയെ പിന്തുണക്കാന്‍ തീരുമാനിച്ചു. അന്നോളം ജമാഅത്ത് വെച്ചു പുലര്‍ത്തിയിരുന്ന നയനിലപാടുകള്‍ക്കു ഘടകവിരുദ്ധമായിരുന്നു പ്രസ്തുത തീരുമാനം. സ്ത്രീകള്‍ രാഷ്ട്രീയ-ഭരണ രംഗത്തേക്കു കടന്നുവരുന്നതിനെതിരെ ശക്തമായി തൂലിക ചലിപ്പിച്ച മൗദൂദി തന്നെ ഫാത്തിമാ ജിന്നക്കുവേണ്ടി വാദിച്ചപ്പോള്‍ അതു ചോദ്യം ചെയ്യപ്പെട്ടു.

ഈ പ്രതിസന്ധി വേളയില്‍ ‘ഹിക്മത്തെ അമലി’ അദ്ദേഹത്തിന്റെ സഹായത്തിനെത്തി. ഹറാം രണ്ടു വിധമുണ്ട്. ഒന്ന്. അനശ്വര ഹറാമും മറ്റൊന്നു അടിയന്തര ഘട്ടങ്ങളില്‍ അനുവദിക്കപ്പെടുന്ന ഹറാമുമാണ്. സ്ത്രീയെ ഭരണാധികാരിയാക്കല്‍ അനശ്വര ഹറാമില്‍ പെട്ടതല്ല…. മൗദൂദി ന്യായീകരിച്ചു. ഫാത്തിമാ ജിന്നക്കു വേണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങാന്‍ അനുയായികളോട് അഭ്യര്‍ത്ഥിച്ചു. അതിനു വേണ്ടി അദ്ദേഹം രംഗത്തിറങ്ങി. യഅ്ഖൂബ് ഖാനെതിരെ സംഘടിച്ച ഐക്യമുന്നണിയില്‍ ചേര്‍ന്നു. പക്ഷേ, തെരഞ്ഞെടുപ്പില്‍ ഫാത്തിമ ജിന്ന പരാജയപ്പെട്ടു. അതോടെ പാക് ജമാഅത്തില്‍ ഒരു പൊട്ടിത്തെറിക്ക് വഴിയൊരുങ്ങി. ആവശ്യാനുസരണം ഹലാലിനെ ഹറാമാക്കുകയും ഹറാമിനെ ഹലാലാക്കുകയും ചെയ്യുന്ന ‘ഹിക്മത്തെ അമലി’ ചോദ്യം ചെയ്യപ്പെട്ടു. അവസാനം കേന്ദ്ര ശൂറാ അംഗങ്ങളും സമുന്നത നേതാക്കളുമായിരുന്ന ഗാസി അബ്ദുല്‍ ജബ്ബാര്‍, മൗലാനാ ഹകീം അബ്ദുറഹീം അശ്‌റഫ്, ഡോ. അശ്‌റാര്‍ അഹ്മദ് തുടങ്ങിയവര്‍ ജമാഅത്തില്‍ നിന്നു രാജിവെച്ചു പുറത്തുപോയി.

1972-വരെ അമീറായിരുന്ന മൗദൂദി പിന്നീട് അനാരോഗ്യം കാരണം സ്ഥാനമൊഴിഞ്ഞപ്പോള്‍ മിയാന്‍ ത്വുഫൈല്‍ മുഹമ്മദായിരുന്നു പാക് ജമാഅത്തിന്റെ അമീര്‍. 1987 വരെ അദ്ദേഹം ആ സ്ഥാനത്തു തുടര്‍ന്നു. പാക് രാഷ്ട്രീയത്തിലിറങ്ങിയ മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയുംഭരണകൂടത്തിനു പലപ്പോഴും തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ജനകീയ പ്രക്ഷോഭം ഇളക്കിവിടാന്‍ ശ്രമിച്ചതിന്റെ പേരില്‍ മൗദൂദിയെ പലവട്ടം ജയിലിലടക്കുകയും ശിക്ഷിക്കുകയും വധശിക്ഷക്കു വിധിക്കുക വരെ ചെയ്തിട്ടുണ്ട്. ജീവന്‍ അപകടപ്പെടുമെന്നു ആശങ്കപ്പെട്ട ആ സന്ദര്‍ഭങ്ങളില്‍ രക്ഷക്കെത്തിയത് പലപ്പോഴും ‘താഗൂത്ത്’ എന്ന് അദ്ദേഹം വിമര്‍ശിച്ച കോടതികളായിരുന്നത്രെ!
1979 സെപ്തംബര്‍ 22ന് ഹൃദ്‌രോഗം മൂലം അമേരിക്കയിലെ ഒരു ആശുപത്രിയില്‍ വെച്ചാണ് മൗദൂദി മരണപ്പെട്ടത്. പില്‍ക്കാലത്ത് പൂര്‍ണാര്‍ത്ഥത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി മാറിയ പാക് ജമാഅത്തെ ഇസ്‌ലാമി ഇപ്പോഴും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളോടൊപ്പമെത്തിയിട്ടില്ല. ഏതൊരു ‘ഹുകൂമത്തെ ഇലാഹി’ക്കു വേണ്ടിയാണ് മൗദൂദി, ജമാഅത്തുമായി ഇറങ്ങി പുറപ്പെട്ടതെങ്കില്‍ പാകിസ്ഥാന്റെ മണ്ണില്‍ പോലും അതിപ്പോഴും ഒരു സ്വപ്നമായി തന്നെ അവശേഷിക്കുന്നു.

ഇന്ത്യന്‍ ജമാഅത്ത്
ഇന്ത്യാ-പാക് വിഭജനത്തോടെ പുനഃസംഘടിപ്പിക്കപ്പെട്ട ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഥമ അമീര്‍ അബുല്ലൈസ് നദ്‌വിയായിരുന്നു. മൗദൂദി രാജ്യം വിട്ടെങ്കിലും അദ്ദേഹത്തിന്റെ നയനിലപാടുകള്‍ തന്നെയായിരുന്നു ഇന്ത്യന്‍ ജമാഅത്ത് പിന്തുടര്‍ന്നിരുന്നത്. അതിന്റെ അടിസ്ഥാന ലക്ഷ്യമായ ഹുകൂമത്തെ ഇലാഹി 1956 വരെ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടനയിലുണ്ടായിരുന്നു. പിന്നീട് ഇന്ത്യന്‍ ഭരണകൂടത്തെ ഭയന്നു ഹുകൂമത്തെ ഇലാഹി (ദൈവിക ഭരണം) ഭേദഗതി ചെയ്തു ഇഖാമത്തെദീന്‍ (മതത്തിന്റെ സംസ്ഥാപനം) എന്നാക്കി. പ്രത്യക്ഷത്തില്‍ നയം മാറ്റിയെന്ന് തോന്നുമെങ്കിലും തത്വത്തില്‍ ഇവ രണ്ടും ഒന്നുതന്നെയാണെന്ന് വിശകലന വിധേയമാക്കുമ്പോള്‍ മനസ്സിലാക്കാനാകും.

ഇന്ത്യന്‍ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വളരെ അപകടകരമായ പല നിലപാടുകളും ജമാഅത്ത് സ്വീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം, സര്‍ക്കാര്‍ പാഠശാലകളില്‍ മുസ്‌ലിം വിദ്യാര്‍ത്ഥികളെ പറഞ്ഞയക്കുന്നതും സര്‍ക്കാര്‍ ജോലി സ്വീകരിക്കുന്നതും മഹാപാപമാണെന്ന നിലപാട്, ഇന്ത്യന്‍ ഭരണഘടനയുടെ ആണിക്കല്ലായ മതേതരത്വവും ജനാധിപത്യവും അനിസ്‌ലാമികമാണെന്ന പ്രചരണം, കോടതികളും ഭരണ സ്ഥാപനങ്ങളും താഗൂത്തിന്റെ കേന്ദ്രങ്ങളാണെന്ന പ്രഖ്യാപനം… ഇങ്ങനെ അപക്വവും വിവേകശൂന്യവുമായ വഴി തിരഞ്ഞെടുത്ത ജമാഅത്തുകാര്‍ അവരെ മാത്രമല്ല, മുസ്‌ലിം സമുദായത്തെ മൊത്തത്തില്‍ ഇന്ത്യയില്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടവരുത്തി എന്നത് ഒരു നഗ്ന യാഥാര്‍ത്ഥ്യമാണ്. ജമാഅത്ത് സ്വീകരിച്ച ചില നിലപാടുകള്‍ കാണുക:
”ജമാഅത്ത് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ലെന്നു മാത്രമല്ല, ഇതര മുസ്‌ലിം സഹോദരങ്ങളും അതില്‍ നിന്ന് വിട്ടുനിന്ന് സത്യപ്രബോധനമാകുന്ന തങ്ങളുടെ കര്‍ത്തവ്യ നിര്‍വഹണത്തില്‍ നിരതരാവണമെന്ന് അതാഗ്രഹിക്കുന്നു. ഈ നാട്ടിലെ ഭരണകൂടം ഇസ്‌ലാമികമായിരിക്കുമെന്ന് പ്രഖ്യാപിക്കുകയോ അഥവാ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ഇസ്‌ലാമികമാക്കാന്‍ തോന്നുകയോ ചെയ്യാത്ത കാലത്തോളം ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ല.” (പ്രബോധനം പുസ്തകം 4, ലക്കം 8, 1952)

”ജമാഅത്തെ ഇസ്‌ലാമി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും മുസ്‌ലിംകള്‍ മുഴുവന്‍ അത് ബഹിഷ്‌കരിക്കണമെന്ന് ആശ പ്രകടിപ്പിക്കുകയും ചെയ്തത്, പ്രപഞ്ച കര്‍ത്താവായ അല്ലാഹുവിനെയും അവന്റെ നിര്‍ദ്ദേശങ്ങളെയും തിരസ്‌കരിച്ചുകൊണ്ടുള്ള ഈ രാഷ്ട്രത്തോട് സ്വയം സഹകരിക്കുക എന്നത്, ഞങ്ങള്‍ പ്രതിനിധീകരിക്കുന്ന ഇസ്‌ലാമിന് തികച്ചും വിരുദ്ധമാണെന്ന് ജമാഅത്ത് വിശ്വസിക്കുന്നതുകൊണ്ട് മാത്രമാണ്.” (പ്രബാധനം 1952, പുസ്തകം 4, ലക്കം 9)

ഇങ്ങനെ ഇന്ത്യ ഇസ്‌ലാമിക വിരുദ്ധമാണെന്നും ഇവിടുത്തെ സര്‍ക്കാറിനോട് സഹകരിക്കുന്നതും വോട്ട് ചെയ്യുന്നതും മഹാപാപമാണെന്നും ഫത്‌വ ഇറക്കിയ ജമാഅത്ത് 1952-ല്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഇന്ത്യന്‍ മുസ്‌ലിംകളോട് ആഹ്വാനം ചെയ്യുകയും 1977 വരെ അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. 1953 ഡിസംബര്‍ 15-ലെ ‘പ്രബോധന’ത്തിലൂടെ ഇന്ത്യന്‍ മതേതരത്വത്തെ നിശിതമായി വിമര്‍ശിച്ച ജമാഅത്ത്, സര്‍ക്കാര്‍ പാഠശാലകളില്‍ മുസ്‌ലിം വിദ്യാര്‍ത്ഥികളെ പറഞ്ഞയക്കുന്നതും സര്‍ക്കാര്‍ ജോലി സ്വീകരിക്കുന്നതും ശിര്‍ക്കാണെന്നു ഫത്‌വ ഇറക്കി. വിദ്യാഭ്യാസ മേഖലയിലും സര്‍ക്കാര്‍ സര്‍വ്വീസിലും ഇന്ത്യന്‍ മുസ്‌ലിംകള്‍ പുറകേട്ടു പോകാന്‍ ഈ നിലപാടും ഒരു കാരണമായി. വളരെ പിന്നാക്കം നിന്നിരുന്ന മുസ്‌ലിംകളെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ സംവരണവും സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റും ആവശ്യപ്പെട്ട് പലരും ശബ്ദിച്ചപ്പോള്‍ ‘ഹുകൂമത്തെ ഇലാഹി’ക്കാര്‍ അവിടെയും തടസ്സം നിന്നു. പ്രബോധനം എഴുതി:
”ഇസ്‌ലാമിക വിരുദ്ധമായ ഒരു ഭരണ വ്യവസ്ഥക്കു കീഴില്‍ ഉദ്യോഗ സ്ഥാപനങ്ങള്‍ക്കും സീറ്റുകള്‍ക്കും മുറവിളി കൂട്ടുക എന്നതാകട്ടെ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ചിന്തിക്കാന്‍ പോലും കഴിയാത്തത്രമാത്രം നീചമായ ഒരവസ്ഥയാണ്.” (പ്രബോധനം: 15-12-1953).

”അനിസ്‌ലാമിക വ്യവസ്ഥിതിയുടെ നടത്തിപ്പില്‍ ഭാഗഭാക്കാവുന്നത് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം നിഷിദ്ധമാണെന്ന് ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നു.”(പ്രബോധനം:1970 ജൂലായ്)
പലവട്ടം ഭേദഗതി വരുത്തിയ ജമാഅത്ത് ഭരണഘടന ഇപ്പോഴും അംഗങ്ങളോട് കല്‍പിക്കുന്നത്. ”ദൈവികമല്ലാത്ത ഏതെങ്കിലും ഭരണ വ്യവസ്ഥയില്‍ താന്‍ വല്ല കുഞ്ചിക സ്ഥാനവും വഹിക്കുന്നവനോ, അതിന്റെ നിയമ നിര്‍മാണ സഭയിലെ അംഗമോ അതിന്റെ കോടതി വ്യവസ്ഥയിന്‍കീഴില്‍ ന്യായാധിപ സ്ഥാനത്ത് നിയമിക്കപ്പെട്ടവനോ ആണെങ്കില്‍ ആ സ്ഥാനം കൈയൊഴിയുക.” (ഭരണഘടന ഖണ്ഡിക: 8-6)
ഇങ്ങനെ മുസ്‌ലിംകളുടെ മുന്നേറ്റത്തിന്റെ സൂചികയെ എതിര്‍ദിശയിലേക്കു തിരിച്ചുവെക്കുകയായിരുന്നു ജമാഅത്ത്. ഇന്ന് അതെല്ലാം വിസ്മരിച്ച്, മുസ്‌ലിം പിന്നാക്കാവസ്ഥയുടെ മുഴുവന്‍ ഉത്തവാദിത്തവും പാരമ്പര്യ മുസ്‌ലിംകളുടെ പിരടിയില്‍ കെട്ടിവെച്ച് നവോത്ഥാനത്തിന്റെ ചെണ്ടകൊട്ടുകയാണവര്‍.

1975-ലെ അടിയന്തിരാവസ്ഥയെ തുടര്‍ന്ന് സംഘടന നിരോധിക്കപ്പെട്ടതിനു ശേഷമാണ് ജമാഅത്തു നേതൃത്വം തങ്ങള്‍ പിന്തുടര്‍ന്നു വന്ന നിലപാടുകളുടെ അപ്രായോഗികതയെ കുറിച്ചും അപക്വതയെക്കുറിച്ചും പുനര്‍വിചിന്തനം നടത്തുന്നത്. അതോടെ അവര്‍ പൊതുധാരയിലേക്കു കടന്നുവരാന്‍ തുടങ്ങുകയും പഴയ നിലപാടുകളെല്ലാം ഓരോന്നായി പൊളിച്ചെഴുതുകയും മാറ്റിപ്പറയുകയും ചെയ്തു. ഇപ്പോഴവര്‍ ഇഖ്‌വാനിസത്തിന്റെയും പാക് ജമാഅത്തിന്റെയും വഴിയെ രാഷ്ട്രീയത്തിന്റെ കുപ്പായമെടുത്തിട്ട് ഒരു പാര്‍ട്ടിയായി പൊതു തെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാനുള്ള ഒരുക്കത്തിലും തയ്യാറെടുപ്പിലുമാണ്. അതിന്റെ പ്രായോഗിക വിജയത്തെ കുറിച്ച് നാളെയുടെ ചരിത്രം എന്തു രേഖപ്പെടുത്തുമെന്നു കാത്തിരുന്നു കാണാം.

1975-ലും 1992-ലും നിരോധിക്കപ്പെട്ട സംഘടന ഇന്ത്യയിലെ മുസ്‌ലിം യുവാക്കള്‍ക്കിടയില്‍ തീവ്രവാദ ചിന്ത വളര്‍ത്തുന്നതില്‍ ശക്തമായ പങ്കു വഹിച്ചിട്ടുണ്ടെന്ന് ആരോപണമുണ്ട്. ഇയ്യിടെ നിരോധിക്കപ്പെട്ട ‘സിമി’ക്ക് സൈദ്ധാന്തിക അടിത്തറ പാകിയത് മൗദൂദി സാഹിത്യങ്ങളും ജമാഅത്ത് നേതൃത്വവുമാണെന്നത് ഇതിനു കൂടുതല്‍ ശക്തി പകരുന്നു.

കേരളത്തില്‍
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഏറ്റവും ശക്തമായ ഹല്‍ഖയാണ് കേരളത്തിലേത്. 1944-ല്‍ പത്താന്‍കോട്ടിലെ ദാറുല്‍ ഇസ്‌ലാമില്‍ നിന്നു മൗദൂദിയുടെ ശിഷ്യത്വം സ്വീകരിച്ച വി.പി. മുഹമ്മദലി ഹാജിയാണ് ഇവിടുത്തെ പ്രഥമ പ്രബോധകനും അമീറും. ഹാജി സാഹിബ് വളാഞ്ചേരിക്കടുത്ത എടയൂര്‍ സ്വദേശിയായിരുന്നു. 1948-ല്‍ വളാഞ്ചേരിയില്‍ തന്നെയാണ് പ്രഥമ ശാഖ നിലവില്‍ വന്നത്.

മുമ്പ് വഹാബീ ചിന്തകളില്‍ ആകൃഷ്ടരായവരായിരുന്നു പിന്നീട് ജമാഅത്തിലേക്കു ചേക്കേറിയ മിക്കയാളുകളും. 1935 മുതല്‍ കേരളത്തിലെ വഹാബി മുഖപത്രമായിരുന്ന ‘അല്‍ മുര്‍ശിദ്’ മാസികയില്‍ മൗദൂദിയുടെ ലേഖനങ്ങള്‍ കെ.എം. മൗലവി വിവര്‍ത്തനം ചെയ്തിരുന്നു. അതില്‍ ആകൃഷ്ടരായവരാണ് പിന്നീട് വഹാബിസത്തില്‍ നിന്നു മാറി മൗദൂദിസത്തിലേക്കു വന്നത്. അതുകൊണ്ട് തന്നെ ഹാക്കിമിയ്യത്തുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നത ഒഴിച്ചു നിര്‍ത്തിയാല്‍ വഹാബിസത്തിന്റെ മറ്റു നിലപാടുകളോട് കാര്യമായ വിയോജിപ്പ് പ്രകടിപ്പിക്കാത്തവരായിരുന്നു ജമാഅത്തുകാര്‍ (ഹാകിമിയ്യത്തുമായി ബന്ധപ്പെട്ടു ഇരു വിഭാഗവും പണ്ടു മുതല്‍ തന്നെ ശിര്‍ക്കും കുഫ്‌റും ആരോപിച്ചുവരുന്നു). പൊതു സമൂഹം ഈ രണ്ടു വിഭാഗങ്ങളെയും ഒന്നായിട്ടാണ് കണ്ടുവരുന്നതും.

മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ കേഡര്‍ സ്വഭാവം വെച്ചു പുലര്‍ത്തുന്ന ജമാഅത്തെ ഇസ്‌ലാമിക്ക് ഇപ്പോഴും ഒരു ബഹുജന പ്രസ്ഥാനമായി ഉയര്‍ന്നു വരാനായിട്ടില്ല. പ്രസിദ്ധീകരണ രംഗത്ത് നേരത്തെ കാലെടുത്ത് വെച്ച ജമാഅത്തിന് തങ്ങളുടെ സാഹിത്യങ്ങളെല്ലാം ഒരു കുടക്കീഴില്‍ ഒരുമിച്ചു കൂട്ടാനായിട്ടുണ്ട്. 1945-ല്‍ സ്ഥാപിതമായ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് (ഐ.പി.എച്ച്) കേരളത്തിലെ ഏറ്റവും വലിയ പ്രസാധനാലയമാണ്. വിഷ്യല്‍ മീഡിയാ രംഗത്ത് ഇപ്പോള്‍ ധര്‍മ്മധാരയുമുണ്ട്. പ്രബോധനം വാരിക, ബോധനം ദൈ്വമാസിക, ആരാമം വനിതാ മാസിക എന്നിവ ആനുകാലികങ്ങളാണ്. ജമാഅത്തിനു കീഴിലുള്ള ഐഡിയല്‍ ട്രസ്റ്റ് ‘മാധ്യമം’ പത്രവും നടത്തുന്നു.

”ജമാഅത്തിന്റെ ധനാഗമന മാര്‍ഗങ്ങള്‍ മൂന്നു നിലക്കാണ്. ഒന്ന് പുസ്തക വില്‍പ്പന, രണ്ട് സകാത്ത്, മൂന്ന് സംഭാവന.” (പ്രബോധനം 50-ാം വാര്‍ഷിക പതിപ്പ്).

ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ്യ, ഇസ്‌ലാഹിയ്യ ചേന്ദമംഗല്ലൂര്‍, ഇലാഹിയ്യ തിരൂര്‍ക്കാട്, ഇസ്‌ലാമിയ്യ വാടാനപള്ളി എന്നിവയാണ് പ്രധാന സ്ഥാപനങ്ങള്‍. സ്റ്റുഡന്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്.ഐ.ഒ.) 2003-ല്‍ രൂപീകൃതമായ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് എന്നിവ ജമാഅത്തിന്റെ കീഴ്ഘടകങ്ങളാണ്. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് വനിതാ വിഭാഗവും പ്രവര്‍ത്തിക്കുന്നു. സയ്യിദ് ജലാലുദ്ദീന്‍ ഉമരിയാണ് അഖിലേന്ത്യാ അമീര്‍. കേരളാ അമീര്‍ ടി. ആരിഫലിയും.

(മുഖ്യധാരയും വിഘടിത ചേരികളും: സ്വാദിഖ് ഫൈസി താനൂര്)

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter