സ്വലാത്തും പ്രാര്‍ത്ഥനാഗീതവും

ശബാബ് പുസ്തകം 32, ലക്കം 44-ലെ മുസ്‌ലിമിന്റെ വിചിത്രമായ മറുപടി ശ്രദ്ധയില്‍ പെടുകയുണ്ടായി. മദ്‌റസകള്‍ വിടുമ്പോള്‍, മുജാഹിദ് മദ്‌റസകളില്‍ ഏതെങ്കിലും പ്രാര്‍ത്ഥനാഗീതങ്ങളും സുന്നി മദ്‌റസകളില്‍ സ്വലാത്തും ചൊല്ലുന്നു. ഇതില്‍ ഏതാണ് ഉത്തമം എന്നാണ് ചോദ്യകര്‍ത്താവിന് അറിയേണ്ടത്. അതിന് ശബാബിലെ മുഫ്തി കൊടുത്ത മറുപടി ഇങ്ങനെ:

‘നബി(സ)യുടെ കാലത്ത് ഇന്നത്തേതുപോലെയുള്ള മദ്‌റസകള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ മദ്‌റസയില്‍ ക്ലാസ് തുടങ്ങുമ്പോഴോ ക്ലാസ് അവസാനിക്കുമ്പോഴോ പ്രത്യേകമായി പദ്യമോ സ്വലാത്തോ ചൊല്ലുന്നതിന് ഖുര്‍ആനിലോ ഹദീസിലോ നിര്‍ദേശമില്ല. ഏത് നല്ലകാര്യവും അല്ലാഹുവിന്റെ നാമം ഉച്ചരിച്ചുകൊണ്ട് തുടങ്ങുന്നത് അനുഗൃഹീതമായ സമ്പ്രദായമാണ്. അതിനുപുറമെ ക്ലാസ് തുടങ്ങുമ്പോള്‍ പ്രയോജനകരമായ വിജ്ഞാനം വര്‍ധിപ്പിച്ചുതരാന്‍ വേണ്ടി പദ്യരൂപത്തിലോ ഗദ്യരൂപത്തിലോ അല്ലാഹുവോട് പ്രാര്‍ത്ഥിക്കുന്നതിന് പ്രസക്തിയുണ്ട്. ക്ലാസ് കഴിയുമ്പോള്‍ പഠിച്ചത് ജീവിതത്തിലാകെ പ്രാവര്‍ത്തികമാക്കുന്നതിന് അല്ലാഹുവിന്റെ അനുഗ്രഹം തേടുന്നതും പ്രസക്തമായ കാര്യമാണ്. സ്വലാത്ത് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ കല്‍പിച്ചിട്ടുള്ള പ്രാര്‍ത്ഥനയാണ്. നബി(സ)യുടെ മേല്‍ അനുഗ്രഹം ചൊരിയാന്‍ വേണ്ടി അല്ലാഹുവോടുള്ള പ്രാര്‍ത്ഥന. അത് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും എപ്പോള്‍ ചൊല്ലുന്നതിലും അപാകതയില്ല.” (ശബാബ്)

നബി(സ)യുടെ കാലത്ത് ഇന്നത്തേതുപോലെയുള്ള മദ്‌റസകള്‍ ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞതില്‍നിന്ന് മുജാഹിദ് ഭാഷ്യമനുസരിച്ച് മദ്‌റസകള്‍ ബിദ്അത്താണ്. അതുപോലെത്തന്നെ മദ്‌റസയില്‍ ക്ലാസ് തുടങ്ങുമ്പോഴോ ക്ലാസ് അവസാനിക്കുമ്പോഴോ പ്രത്യേകമായി പദ്യമോ സ്വലാത്തോ ചൊല്ലുന്നതിന് ഖുര്‍ആനിലോ ഹദീസിലോ നിര്‍ദ്ദേശമില്ല എന്ന് പറഞ്ഞതില്‍ നിന്ന് പ്രസ്തുത രണ്ട് കാര്യവും കടുത്ത ബിദ്അത്തിന്റെ പട്ടികയിലാണുള്‍പ്പെടുക! കാരണം, നല്ലതാണെന്ന് വിചാരിച്ചുകൊണ്ടാണല്ലോ മുജാഹിദ് മദ്‌റസകളില്‍ പ്രാര്‍ത്ഥനാഗീതം ചൊല്ലുന്നത്. മതത്തില്‍ ഒരു കാര്യം ഖുര്‍ആനിന്റെയും ഹദീസിന്റെയും പിന്‍ബലവും നിര്‍ദ്ദേശവുമില്ലാതെ നല്ലതാണെന്ന് പറഞ്ഞ് നിര്‍മ്മിക്കുന്നതും പ്രാവര്‍ത്തികമാക്കുന്നതും കടുത്ത ബിദ്ത്താണെന്നാണ് ഇക്കാലമത്രയും മുജാഹിദുകള്‍ പ്രചരിപ്പിച്ചുവരുന്നത്.

നല്ലതാണെന്ന് വിചാരിച്ച് സുന്നികള്‍ ചെയ്യുന്നതെല്ലാം ബിദ്അത്തും മുജാഹിദുകള്‍ അനുഷ്ഠിക്കുന്നതെല്ലാം സുന്നത്തുമാണോ? അങ്ങനെയെങ്കില്‍ എന്താണ് വിവേചനത്തിനുള്ള മാനദണ്ഡമെന്ന് വിവരിക്കേണ്ടത് ശബാബിന്റെ ബാധ്യതയാണ്. മദ്‌റസകള്‍ ദീനീകാര്യങ്ങള്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങളാണല്ലോ? സക്ഷാല്‍ ഖുര്‍ആനും സുന്നത്തും മാത്രം അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണെന്ന് അവകാശപ്പെടുന്നവരുടേതാകുമ്പോള്‍ പ്രത്യേകിച്ചു. ഒരു മുജാഹിദ് പണ്ഡിതന്‍ തന്നെ എഴുതുന്നത് കാണുക:
”അപ്പോള്‍ പ്രത്യേകമായി ദീന്‍ കാര്യമെന്ന നിലയില്‍ പരലോകത്ത് പ്രതിഫലം ആഗ്രഹിക്കുന്ന തരത്തില്‍ വല്ല അമലും -അത് ദിക്‌റോ സ്വലാത്തോ എന്തും ആവട്ടെ. – ആര് ചെയ്യുകയാെണങ്കിലും അതിന് അല്ലാഹുവിന്റെയും റസൂലിന്റെയും അനുവാദം ഉണ്ടായിരിക്കേണ്ടതാണ്. അത്തരം ഏത് കാര്യം ഒരു മുസ്‌ലിം അനുഷ്ഠിക്കുമ്പോഴും അത് ദീനില്‍ നിശ്ചയിച്ചുതരാന്‍ അവകാശപ്പെട്ടവര്‍ (അല്ലാഹുവും റസൂലും) നിശ്ചയിച്ചുതന്നതോ അതല്ല പുരോഹതിന്മാരുടെ നിര്‍മാണച്ചരക്കോ എന്ന് തിട്ടപ്പെടുത്തിയ ശേഷമേ അനുഷ്ഠിച്ചുകൂടൂ” (ബിദ്അത്ത് വ്യാപ്തിയും കെടുതിയും, പേജ് 14)

ഇവിടെ പ്രാര്‍ത്ഥനാഗീതത്തിന് ഖുര്‍ആനിലോ ഹദീസിലോ നിര്‍ദ്ദേശമില്ല എന്ന് ശബാബ് സമ്മതിച്ച സ്ഥിതിക്ക് ക്ലാസ് തുടങ്ങുമ്പോള്‍ പ്രയോജനകരമായ വിജ്ഞാനം വര്‍ധിപ്പിച്ചുതരാന്‍ വേണ്ടി പദ്യരൂപത്തിലോ ഗദ്യരൂപത്തിലോ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നതിന് പ്രസക്തിയുണ്ട് എന്ന് തീരുമാനിച്ചത്, വഹാബി പുരോഹിതന്മാരുടെ നിര്‍മാണച്ചരക്കാണെന്ന് ഇപ്പോള്‍ ബോധ്യമായി. അല്ലാഹുവിന്റെ ദീനില്‍ ഇല്ലാത്തത് കെട്ടിക്കൂട്ടി പറഞ്ഞുണ്ടാക്കിയാല്‍ ഉണ്ടായിത്തീരുന്ന വിനയാണിത്.

സദസ്സ് പിരിയുമ്പോള്‍ നബി(സ)യുടെ മേല്‍ സ്വലാത്ത് ചൊല്ലിയില്ലെങ്കില്‍ അത് ഒരു വലിയ ന്യൂനതയായിത്തീരുമെന്ന് സ്വഹീഹായ ഹദീസില്‍ തന്നെ വന്നിട്ടുണ്ട്. അബൂ ഉമാമ(റ)യില്‍ നിന്ന് രിവായത്ത്- നബി(സ) പറഞ്ഞു: ഒരുവിഭാഗം ആളുകള്‍ ഒരു സദസ്സില്‍ ഇരിക്കുകയും പിന്നീട് ആ സദസ്സില്‍ നിന്ന് അല്ലാഹുവിന് ദിക്ര്‍ ചൊല്ലാതെയും നബിയുടെ മേല്‍ സ്വലാത്ത് ചൊല്ലാതെയും അവര്‍ എഴുന്നേറ്റ്‌പോവുകയും ചെയ്താല്‍ ആ സദസ്സ് അവരുടെ മേല്‍ നഷ്ടത്തിലല്ലാതെ ആവുകയില്ല.’ -ത്വബ്‌റാനി, അല്‍ഖൗലുല്‍ ബദീഅ് – പേജ് 155. ഇതേ ആശയത്തിലുള്ള നിരവധി ഹദീസുകള്‍ വേറെയും കാണാവുന്നതാണ്. എന്നിരിക്കെ, മദ്‌റസ വിട്ട് പോകുമ്പോഴും ഗീതം ചൊല്ലുന്നതിലാണ് ശബാബിലെ മുഫ്തി പ്രസക്തി കാണുന്നത്. ‘ക്ലാസ് കഴിയുമ്പോള്‍ പഠിച്ചത് ജീവിതത്തിലാകെ പ്രാവര്‍ത്തികമാക്കുന്നതിന് അല്ലാഹുവിന്റെ അനുഗ്രഹം തേടുന്നതും പ്രസക്തമായ കാര്യമാണ്.’ (ശബാബ്)

നേരെ ചൊവ്വെ, മദ്‌റസ തുടങ്ങുമ്പോള്‍ ഒരു ഫാതിഹയും വിടുമ്പോള്‍ നബി(സ)യുടെ മേലില്‍ സ്വലാത്തും ചൊല്ലലാണ് നല്ലത് എന്ന് പറയാന്‍ മുജാഹിദുകള്‍ക്കും ശബാബിനും ആഗ്രഹമില്ലാത്തതുകൊണ്ടല്ല, മറിച്ച് അത് സമസ്തയുടെയും സുന്നി ആശയക്കാരായ മറ്റുള്ളവരുടെയും മദ്‌റസകളില്‍ നടന്നുവരുന്നുത് കൊണ്ടാണ്. നല്ലതിനോടും നല്ലവരടോമുള്ള വിരോധം നിലനില്‍ക്കുമ്പോഴേ വഹാബിസവും നിലനില്‍ക്കുകയുള്ളൂ.

”ഓ, മുഅ്മിനീങ്ങളെ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി നിലനില്‍ക്കുന്നവരും നീതി പുല്‍ത്തിക്കൊണ്ടുള്ള സാക്ഷികളുമാവുക. ഒരു ജനതയോടുള്ള വിരോധം, അവരോട് അനീതി പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാവരുത്. നിങ്ങള്‍ നീതി കാണിക്കുക. അതാണ് തഖ്‌വയിലേക്ക് ഏറ്റം അടുപ്പമുള്ളത്.” (വി.ഖു. 5:8)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter