അന്ത്യനാളില്‍ വിശ്വാസിക്ക് പ്രകാശം പരത്തുന്ന ചില കര്‍മങ്ങള്‍
അന്ത്യനാളില്‍ എല്ലാ പ്രതീക്ഷകളും അടയുമ്പോള്‍ വിശ്വാസിക്ക് പ്രകാശം പരത്തുന്ന ചില പ്രവര്‍ത്തനങ്ങളുണ്ട്. പുണ്യനബി പല ഹദീസുകളിലായി അത്തരം സല്‍കര്‍മങ്ങളെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. അവയില്‍ ചിലതിനെ കുറിച്ചാണ് ഈ കുറിപ്പ്. ഒന്ന്.രാത്രിയിരുട്ടിലെ പള്ളിയിലേക്കുള്ള നടത്തം. സുബ്ഹിക്കും ഇശാഇനും വിശ്വാസി പള്ളിയിലേക്ക് പോകുന്ന വിശ്വാസിക്ക് അത് പ്രകാശം പരത്തുമെന്നാണ് പുണ്യനബി സൂചിപ്പിക്കുന്നത്. അബൂദാവൂദില്‍ കാണുന്ന ഹദീസിന്‍റെ അറബി മൂലമാണ് താഴെ. بشر المشائين في الظلم إلى المساجد بالنور التام يوم القيامة (ഇരുട്ടില്‍ മസ്ജിദിലേക്ക് നടക്കുന്നവര്‍ക്ക് അന്ത്യനാളില്‍ പരിപൂര്‍ണ വെളിച്ചം കൊണ്ട് സന്തോഷ വാര്‍ത്തയുണ്ടെന്ന് സാരം) രണ്ട്. വുദൂ ചെയ്യുന്ന സമയത്ത് അവയവങ്ങള്‍ നിര്‍ബന്ധമായതിനേക്കാളും കയറ്റി കഴുകല്‍. ഇങ്ങനെ ചെയ്യല്‍ പ്രത്യേകം സുന്നതാണെന്ന് കര്‍മശാസ്ത്ര ഗ്രന്ഥങ്ങളും വിശദീകരിക്കുന്നുണ്ട്. അബൂ ഹുറൈറ തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഹദീസ് മുസ്നദില് കാണാം. إن أمتي يأتون يوم القيامة غرا محجلين من أثر الوضوء . فمن استطاع أن يطيل غرته فليفعل (വുദൂ ചെയ്തത് കാരണം എന്‍റെ ഉമ്മത്ത് ഖിയാമത്ത് നാളില്‍ മുഖവും കൈകാലുകളും തിളങ്ങുന്നവരായിട്ടായിരിക്കും മഹ്ശറയില് വരിക) മൂന്ന്. വെള്ളിയാഴ്ച സൂറത്തുല്‍ കഹ്ഫ് ഓതുക. അബൂ മൂസല് ‍അശ്അരി റിപ്പോര്‍ട്ട് ചെയ്ത ഈ ഹദീസ് തദ്കിറയില്‍ കാണാം. من قرأ سورة الكهف كانت له نورا إلى يوم القيامة ، من مقامه إلى مكة ، ومن قرأ عشر آيات من آخرها ثم خرج الدجال لم يضره (സൂറതുല് ‍കഹ്ഫ് അത് ഓതിയവന് അന്ത്യാനാള് വരെ വെളിച്ചമായി കൂടെ കാണും. കഹ്ഫിലെ അവസാനത്തെ പത്ത് ആയത്തുകള്‍ ഓതിയ ഒരുത്തനെ അതിന് ശേഷം ദജ്ജാല്‍ ശല്യം ചെയ്യുകയില്ല.) നാല്.< ഇസ്‌ലാമികമായ കാര്യങ്ങള്‍ക്ക് വേണ്ടി നടന്ന് ശരീരത്തില്‍ ബാധിച്ച നര. ഇസ്‌ലാമിന്‍റെ നിലനില്‍പിനായി അധ്വാനിക്കുക വഴി നര ബാധിച്ചവന് പ്രത്യേക വെളിച്ചം ലഭിക്കുമെന്ന് സ്വഹീഹുല് ‍ജാമിഇലെ  ഹദീസ് സൂചിപ്പിക്കുന്നു. തലയിലെയും താടിയിലെയും ഓരോ നരയും അവന് അന്ന് ഓരോ പ്രകാശ സ്രോതസ്സുകളായി തീരുമെന്ന് പണ്ഡിതര്‍ വിശദീകരിക്കുന്നു. من شاب شيبة في الإسلام كانت له نورا يوم القيامة ഇസ്‌ലാമിന് വേണ്ടി ഓരാളില്‍ വന്ന നരയുടെ പാടുകള്‍ അന്ത്യനാളില്‍ അവന് വെളിച്ചമായി മാറും) മറ്റൊരു ഹദീസില് ‍ഇങ്ങനെയും കാണാം: لشيب نور فى وجه المسلم ، فمن شاء فلينتف نوره (മുസ്‌ലിമിന്‍റെ മുഖത്തെ ഓരോ നരയും അവന് പ്രകാശമാണ്. വെളിച്ചം വേണ്ട എന്നുള്ളവര് ‍അത് പിഴുതു കളയട്ടെ) അഞ്ച്.യുദ്ധക്കളത്തില് ‍അല്ലാഹുവിന്‍റെ മാര്‍ഗത്തിലായി അമ്പെയ്യല്‍. അത് അന്ത്യനാളില്‍ പ്രത്യേക വെളിച്ചത്തിന് കാരണമാകുമെന്ന് അബൂ ഹുറൈറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹദീസ് തര്‍ഗീബില്‍ കാണാം. من رمى بسهم في سبيل الله ؛ كان له نورا يوم القيامة (അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നടത്തുന്ന അമ്പൈയ്ത്ത്, അന്ത്യനാളില്‍ പ്രകാശത്തിന് കാരണമാകും) ആറ്. വെള്ളിയാഴ്ച ദിവസത്തിന്‍റെ മഹാത്മ്യം പ്രത്യേകം പരിഗണിക്കുന്നവര്‍ക്ക്. വെള്ളിയാഴ്ചകളെ വെറും ദിവസമെന്നതിലുപരി പ്രത്യേകമായി പരിഗണിച്ച് അന്ന് കൂടുതല്‍ ഇബാദത്തുകളുമായി കൂടുന്നവര്‍ക്കാണ് പ്രത്യേക വെളിച്ചം ലഭിക്കുമെന്ന് പറയുന്നത്. ഇതു സംബന്ധമായി ഒരു ദീര്‍ഘഹദീസ് അബൂമുസല് ‍അശ്അരി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തര്‍ഗീബിലെ പ്രസ്തുത ഹദീസിന്‍റെ ഏകദേശ സാരം താഴെ കാണും പ്രകാരമാണ്: (അന്ത്യനാളില് ‍ഓരോ ദിനങ്ങളെയും അവയുടെ രൂപത്തില് ‍ഹാജറാക്കപ്പെടും. വെള്ളിയാഴ്ച വെട്ടിത്തിളങ്ങുന്ന ഒരു പൂവിന്‍റെ രൂപത്തിലായിരിക്കും. അത് അതിന്‍റെ ആളുകള്‍ക്ക് വഴി പ്രകാശിപ്പിക്കും. അതിന്‍റെ വെളിച്ചത്തില്‍ ഹിമകണങ്ങളെ പോലെ വെളുത്ത അവര് നടക്കും. അവരില്‍ നിന്ന് നല്ല സുഗന്ധം അടിച്ചുവീശും. അവരുടെ കടന്നുവരവില്‍ മനുഷ്യരും ജിന്നുകളും അത്ഭുതപ്പെട്ട് നോക്കും)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter