പരീക്ഷണങ്ങളെ നേരിടേണ്ടവിധം
സുഹൈബ് ബ്‌നു സിനാന്‍(റ)വില്‍ നിന്നു നിവേദനം: റസൂല്‍(സ) പറഞ്ഞു: ''വിശ്വാസിയുടെ കാര്യം അത്ഭുതകരംതന്നെ. തന്റെ കാര്യങ്ങള്‍ മുഴുക്കെയും അവന് ശുഭകരങ്ങളാണ്. വിശ്വാസിയല്ലാത്ത മറ്റൊരുത്തനും അതുണ്ടാകുന്നില്ല. ഒരു സന്തോഷഘട്ടം അവന് സംജാതമായാല്‍ അവന്‍ സ്രഷ്ടാവിന് നന്ദി പ്രകടിപ്പിക്കുന്നു. അപ്പോഴവനത് മംഗളമാകുന്നു. ഒരു വിഷമഘട്ടം വന്നുഭവിക്കുമ്പോള്‍ അവന്‍ ക്ഷമിക്കുന്നു അങ്ങനെ അതുമവന് ശുഭകരമാകുന്നു.'' (തുര്‍മുദി)
ദുഃഖവും സന്തോഷവും മനുഷ്യജീവിതത്തിന്റെ രണ്ടു ഘടകങ്ങളാണ്. പല സന്ദര്‍ഭങ്ങളില്‍ പല നിലക്കും അവ മനുഷ്യനെ ബാധിച്ചുകൊണ്ടിരിക്കും. വികാരങ്ങളുടെ വിഹാരകേന്ദ്രമായ മനുഷ്യന് ഈ രണ്ടു വികാരങ്ങളാണ് ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവരുന്നതും. എന്നാല്‍ ഇവിടെ ചിന്തനീയമായ കാര്യം ഒരു സത്യവിശ്വാസിക്ക് ഈ പരസ്പര വിരുദ്ധങ്ങളായ വികാരങ്ങള്‍ ഉണ്ടാകുന്ന അവസരങ്ങളില്‍ അവനെങ്ങനെ അവ പ്രകടിപ്പിക്കണമെന്നതാണ്. ഇഹലോകം സത്യവിശ്വാസിയുടെ തടവറയും സത്യനിഷേധിയുടെ സ്വര്‍ഗവുമാണെന്ന തിരുവചനം ഒരു വിശ്വാസിയുടെ ജീവിതമെങ്ങനെയായിരിക്കണമെന്ന വസ്തുതയിലേക്കുള്ള വ്യക്തമായ ചൂണ്ടുപലകയാണ്.
ജീവിതത്തില്‍ ഋതുഭേദങ്ങള്‍പോലെയാണ് വികാരങ്ങളുടെ വേഷപ്പകര്‍ച്ചകള്‍ സംഭവിക്കുന്നത്. എന്നാല്‍ ഒരു സത്യവിശ്വാസി പരിപൂര്‍ണനിയന്ത്രണത്തോടെയായിരിക്കണം തന്റെ ജീവിതത്തിലെ ഓരോ സന്ദര്‍ഭങ്ങളെയും കണ്ടുമുട്ടേണ്ടത്. സന്തോഷിക്കേണ്ട സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ അമിതമായ ആഘോഷപ്രകടനങ്ങള്‍ക്ക് അവന്‍ കച്ച മുറുക്കരുത്. കോപം വരുമ്പോള്‍ ഒരിക്കലും അവന് തന്റെ ശരീരത്തെ കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ കെട്ടഴിച്ചുവിടരുത്. ദുഃഖകരമായ അവസരങ്ങളില്‍ ഒരിക്കലുമവന്‍ തന്റെ ശരീരത്തെ നാശത്തിലേക്ക് തള്ളിവിട്ടുകൂടാ. പ്രത്യുത, ഏതു സന്ദര്‍ഭങ്ങളിലും ഒരാത്മ സംയമനമുണ്ടാകുക എന്നത് വിശ്വാസിയിലുണ്ടായിരിക്കേണ്ട അതിപ്രധാന ഗുണമാണ്.
ഉപര്യുക്തവചനത്തിലൂടെ പ്രവാചകന്‍ ഒരു സത്യവിശ്വാസിയെ പഠിപ്പിക്കുന്നത് ജീവിതം എങ്ങനെ സ്രഷ്ടാവിന്റ പൊരുത്തത്തിലും അതുവഴി ആത്മസംതൃപ്തി കൈവരുന്നവിധത്തിലും ആക്കിമാറ്റാമെന്ന മഹത്തായ പാഠമാണ്. ഒരുവിശ്വാസിക്കു മാത്രമവകാശപ്പെടാനുള്ള കഴിവെന്നാണ് ഇതിനെ പ്രവാചകര്‍ വിശേഷിപ്പിച്ചത്. ഏതൊരു ഘട്ടത്തിലും സ്രഷ്ടാവിനെക്കുറിച്ചുള്ള ചിന്ത മനസ്സിലുണ്ടെങ്കില്‍ ഒരാള്‍ക്ക് കനല്‍ക്കട്ടയെ തന്നെയും തണുത്തുറഞ്ഞ മഞ്ഞ് കഷ്ണമാക്കാന്‍ സാധിക്കും. ഒരു ആനന്ദമുഹൂര്‍ത്തം ആഗതമാകുമ്പോള്‍ ആദ്യം വിശ്വാസി ചെയ്യുക, അവസരം തനിക്കു പ്രദാനം ചെയ്ത സ്രഷ്ടാവിന് സ്തുതി കീര്‍ത്തനങ്ങളര്‍പ്പിക്കുകയായിരിക്കും. ഇനി അവന് നേരിടേണ്ടിവരുന്നത് ദുര്‍ഘടമായ ഒരു വിഷമസന്ധിയാണെങ്കില്‍ എല്ലാം അല്ലാഹുവിന്റെ അലംഘനീയമായ വിധിയാണെന്ന് കരുതി ക്ഷമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവന്‍ സന്നദ്ധനായിരിക്കും. ഈ മഹത്തരമായ സ്വഭാവ വിശേഷം സൂചിപ്പിക്കുന്നത് ഐഹിക ജീവിത വ്യവഹാരങ്ങളുടെ നൈമിഷികതയെയും പാരത്രിക ലോകത്തിന്റെ ശാശ്വത നിലനില്‍പ്പിനെയുമാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ദുനിയാവ് കാര്യമാക്കാതെ പരലോകചിന്തയുമായി കഴിയുന്ന ഒരാളില്‍ നിന്നേ ഇത്തരം സ്വഭാവം പ്രകടമാവുകയുള്ളൂ. അവന്‍ തന്നെയാണ് യഥാര്‍ത്ഥ വിശ്വാസിയും.
അടിമകളില്‍ അത്യുത്തമരായിരുന്നിട്ടുകൂടി കാലില്‍ നീര്‍ വന്നു വീര്‍ക്കുവോളം നിസ്‌കരിക്കുവാന്‍ അല്ലാഹുവിന്റെ തിരുദൂതര്‍ തയ്യാറായത്, തനിക്ക് സ്രഷ്ടാവ് ചെയ്തുതന്ന അനുഗ്രഹങ്ങള്‍ക്ക് താന്‍ കൃതജ്ഞതയുള്ളവനായിരിക്കണമെന്ന ഉത്തമബോധമുള്ളതു മൂലമായിരുന്നെങ്കില്‍, ഉമ്മു സുലൈം(റ)ക്കും ഭര്‍ത്താവ് അബൂഥല്‍ഹ(റ)വിനും തങ്ങളുടെ അരുമ സന്തതി മരണത്തിനു കീഴടങ്ങിയ അവസരത്തില്‍ പോലും ക്ഷമയും സഹനവും കൈകൊള്ളാന്‍ സാധിച്ചത് അല്ലാഹു ഉദ്ദേശിച്ച രീതിയില്‍ മാത്രമേ കാര്യങ്ങള്‍ സംഭവിക്കൂ എന്ന ഉത്തമ വിശ്വാസം മൂലമായിരുന്നു. മാതൃകാപുരുഷന്മാരായ സഹാബി വര്യന്മാരെ സര്‍വായുധവിഭൂഷിതരായ ശത്രുസൈന്യത്തോട് ഏറ്റുമുട്ടി രക്തസാക്ഷ്യം വരിക്കാന്‍ പ്രേരിപ്പിച്ചതും ഐഹിക ജീവിതം ഒരു ജീവിതമേ അല്ലെന്ന അവരുടെ നിലപാടുകളായിരുന്നു.
അവാര്‍ഡ് നഷ്ടപ്പെടുമ്പോള്‍ മനോനില തെറ്റി അസ്ത്രപ്രജ്ഞരായി വീഴുന്ന അഭിനവ സാംസ്‌കാരിക നായകരും, ദുഃഖഭാരം താങ്ങാനാവാതെ ആത്മഹത്യചെയ്യുന്ന ദുര്‍ബല ചിത്തരും എല്ലാം കണ്ടു പഠിക്കേണ്ടത് മുന്‍പറഞ്ഞ മാതൃകാരത്‌നങ്ങളുടെ ജീവിതമാണ്. തനിക്കുണ്ടായിരുന്ന സമ്പത്ത് നേര്‍മാര്‍ഗത്തില്‍ നിര്‍ലോഭം ചെലവഴിച്ച ഉസ്മാന്‍(റ)വും അബൂബക്കര്‍ സിദ്ദീഖ്(റ)വും മറ്റും അഭിനവ മുതലാളിത്തമ്പുരാക്കളുടെ കണ്ണുതുറപ്പിക്കേണ്ടവരാണ്.
വിശുദ്ധഖുര്‍ആനില്‍ അല്ലാഹു പറഞ്ഞു: ''അല്‍പമൊരു ഭയവും വിശപ്പും മൂലവും സ്വത്തുക്കളിലും ആളുകളിലും ഫലങ്ങളിലുമുള്ള കുറവുമൂലവും നിങ്ങളെ നാം പരീക്ഷിക്കുകതന്നെചെയ്യും. വല്ല വിപത്തും തങ്ങള്‍ക്കുനേരിടുമ്പോള്‍, നിശ്ചയമായും ഞങ്ങള്‍ അല്ലാഹുവിനുള്ളവരും അവങ്കലേക്ക് മടങ്ങുന്നവരുമാണ് എന്ന് പറയുന്ന ക്ഷമാശീലന്മാര്‍ക്ക് താങ്കള്‍ സന്തോഷവാര്‍ത്ത അറിയിക്കുക'' (ബഖറ 155, 156) സങ്കീര്‍ണഘട്ടങ്ങളില്‍ സംയമനം പാലിച്ച് ക്ഷമ കൈക്കൊള്ളാന്‍ ആജ്ഞാപിക്കുന്ന ഖുര്‍ആന്‍ തന്നെ മനുഷ്യനെ ദുരഭിമാനത്തില്‍നിന്നും അമിതാഹ്ലാദത്തില്‍നിന്നും വിലക്കുകയും ചെയ്തിട്ടുണ്ട്. ''നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേര്‍ക്ക് നിന്റെ കവിള്‍ തിരിച്ചുകളയരുത്. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി) നടക്കുകയുമരുത്. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ ഏതൊരുത്തനെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല. (ലുഖ്മാന്‍: 19) എന്ന വചനത്തിലൂടെ അല്ലാഹു സൃഷ്ടികളെ ധനത്തിന്റെയും തറവാടിത്തത്തിന്റെയും മഹിമ പറഞ്ഞ് ആഹ്ലാദിക്കുന്നതില്‍നിന്നും വിലക്കുകയാണ് ചെയ്യുന്നത്. മനുഷ്യന്‍ അനന്തമായ തന്റെ പ്രയാണത്തിനിടയില്‍ വിശ്രമാര്‍ത്ഥം കയറിപ്പറ്റുന്ന സത്രമാണ് ഇഹലോകം. ഇവിടെ എല്ലാം നശ്വരമാണ്. ഇവിടത്തെ ആനന്ദങ്ങളും ആഹ്ലാദങ്ങളും നൈമിഷികം മാത്രം. ദുഃഖങ്ങളും വിഷമങ്ങളും കേവലം പോക്കുവെയിലുകളും. പിന്നെന്തിന് മതിമറന്ന് ആനന്ദിക്കാന്‍ നാം മുന്നോട്ടുവരണം? എന്തിന് ദുര്‍വിധിയോര്‍ത്ത് വ്യാകുലപ്പെടണം? എല്ലാം സ്രഷ്ടാവിന്റെ ഉദ്ദേശ്യാനുസൃതം സംഭവിക്കുന്നു. നാം സമചിത്തരായിരിക്കുക.
Leave A Comment