മദ്യപാനം എന്ന വിപത്ത്
അബൂഹുറൈറ(റ)വില്‍ നിന്ന് നിവേദനം. റസൂല്‍(സ) പറഞ്ഞു: ''ഒരു വ്യഭിചാരിയും അവന്‍ വിശ്വാസിയായിരിക്കെ വ്യഭിചരിക്കില്ല. ഒരു മോഷ്ടാവ് അവന്‍ വിശ്വാസിയായിരിക്കെ മോഷ്ടിക്കുകയുമില്ല. ഒരു മദ്യപാനിയും അവന്‍ വിശ്വാസിയായിരിക്കെ മദ്യപിക്കുകയില്ല.'' (ബുഖാരി, മുസ്‌ലിം)
ധാര്‍മ്മികമായി ഇന്നിന്റെ സമൂഹം കാതങ്ങളോളം വ്യതിചലിച്ചു കഴിഞ്ഞിരിക്കുന്നു. എവിടെ നോക്കിയാലും കുത്തഴിഞ്ഞ അധാര്‍മ്മികതയുടെ രാജവാഴ്ചയാണ് കണ്ടു കൊണ്ടിരിക്കുന്നത്. ഇന്നിന്റെ കര്‍മ്മഭടന്‍മാരും നാളെയുടെ നായകന്‍മാരുമായിരിക്കേണ്ട യുവസമൂഹമാണ് ഈ ധര്‍മ്മച്യൂതിക്ക് ഏറ്റവും കൂടുതല്‍ ഇരയായിരിക്കുന്നതെന്ന വസ്തുത ഭീതിജനകമാണ്. തെരുവുകള്‍ തോറും ദുഷ്ട യൗവ്വനത്തിന്റെ പേക്കൂത്തുകള്‍ ഇന്ന് സ്ഥിരം കാഴ്ചയാണെങ്കില്‍ ദിനേനെ പ്രതദ്വാരാ സാംസ്‌കാരിക ലോകം വായിച്ചറിയുന്നതും കുറ്റകൃത്യങ്ങള്‍ മാത്രം ശീലിച്ച ഒരു യുവതലമുറയെക്കുറിച്ചാണ്. ഒന്നുകൂടി ആഴത്തില്‍ ചിന്തിക്കുമ്പോള്‍ അവിടെ മുസ്‌ലിം സമൂഹത്തെ നടുക്കുകയും നാണിപ്പിക്കുകയും ചെയ്യുന്ന ഒരു യാഥാര്‍ത്ഥ്യം കൂടിയുണ്ടെന്ന് ഗ്രഹിക്കാന്‍ സാധിക്കുന്നു. അതായത്, മുസ്‌ലിം യുവതലമുറയാണ് ഇത്തരം അരാജകത്വങ്ങള്‍ക്ക് പിറകില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നതത്രെ. തെരുവുകള്‍ തോറും ഉയര്‍ന്നു വരുന്ന വേശ്യാലയങ്ങളും മദ്യഷാപ്പുകളുമാണ് യുവതയെ ഇന്ന് മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്നത്. ഇവയുണ്ടാക്കിത്തീര്‍ക്കുന്ന ധൂര്‍ത്തും ധനദുര്‍വിനിയോഗവും ദാരിദ്ര്യത്തിന് വഴിമരുന്നിടുമ്പോള്‍ അധ്വാന തല്‍പരനല്ലാത്ത വിനോദ പ്രിയരായ ചെറുപ്പക്കാര്‍ അന്യന്റെ വീട് കൊള്ളയടിക്കാനും അപരന്റെ സ്വത്ത് അപഹരിക്കാനും മുതിരുന്നു. അതുവഴി ശുദ്ധഗതിക്കാരനായ ഒരു യുവാവില്‍ നിന്നൊരു കുറ്റവാളി ജന്‍മമെടുക്കുകയാണ്.
ചുരുക്കത്തില്‍, ഇവിടുത്തെ പ്രധാന വില്ലന്‍ മദ്യമെന്ന ദുര്‍മേദസ്സ് തന്നെയാണ്. ലഹരിയുടെ മോഹപ്രപഞ്ചത്തില്‍ വിഹരിക്കുമ്പോള്‍ ചുറ്റുപാടുകളെക്കുറിച്ച് ഒരു ബോധവുമില്ലാത്ത അവസ്ഥയിലെത്തുന്ന മനുഷ്യന്‍ വിവേകം നഷ്ടപ്പെട്ട് മൃഗത്തെപ്പോലെ പെരുമാറുമ്പോള്‍ അവനില്‍നിന്നും തെറ്റുകള്‍ നിര്‍ബാധം പ്രവഹിക്കുന്നു. പ്രവാചകന്‍ അരുളിയത് എത്രമാത്രം വാസ്തവമാണെന്ന് നാം വിലയിരുത്തേണ്ടിയിരിക്കുന്നു. ''നിങ്ങള്‍ മദ്യം വര്‍ജിക്കുക. നിശ്ചയം അത് സര്‍വ തിന്‍മകളുടെയും താക്കോലാണ്.'' എന്ന വചനത്തിലൂടെ പ്രകടമാകുന്നത് മദ്യം ഒരു സര്‍വ വിനാശകാരിയായ പദാര്‍ത്ഥമാണെന്ന വസ്തുതയാണ്. അത് കുടിക്കുന്നവന് ഒരിക്കലും ഒരു വിശ്വാസിയായിരിക്കെ അത് ചെയ്യാന്‍ സാധ്യമല്ലെന്ന് റസൂല്‍ മുന്നറിയിപ്പ് നല്‍കുമ്പോള്‍, ലഹരി മുസ്‌ലിമിന്റെ വിശ്വാസത്തെത്തന്നെ സാരമായി ബാധിക്കുന്നുവെന്ന് വെളിച്ചത്ത് വരുന്നു.
കാമ്പസുകളിലെ 'അടിച്ചുപൊളി' ജീവിതത്തിന് കൊഴുപ്പേകാന്‍ പാന്‍മസാലകള്‍ ചവച്ചു തുടങ്ങി പിന്നീട് ഹാന്‍സും ഹുട്കയുമെല്ലാം രുചിച്ചറിഞ്ഞ് വിദേശ മദ്യത്തിലേക്കും ചാരായത്തിലേക്കും നീളുന്ന ആനന്ദ ലഹരി മനുഷ്യനെ കൊണ്ടെത്തിക്കുന്നത് സമ്പൂര്‍ണ പരാജയത്തിലേക്കാണ്. ഈ സത്യം സമൂഹം അറിഞ്ഞിട്ടും മുഖവിലക്കെടുക്കാതെ പോകുന്നതാണ് ഖേദകരം. തന്നെ ആശ്രയിച്ചു കഴിയുന്ന ഒരു കുടുംബത്തെ മുഴുവന്‍ വഴിയാധാരമാക്കി, പണി ചെയ്തു കിട്ടുന്ന കാശ് മുഴുവന്‍ കുടിച്ച് തീര്‍ത്ത് പാതിരാക്ക് മേലാകെ അഴുക്ക് പുരണ്ട് നാറുന്ന ഒരു പേക്കോലമായി വീടു പൂകുന്ന നാശത്തിന്റെ സന്തതികള്‍ ഒരു കുടുംബത്തെ മുഴുവന്‍ കണ്ണീര്‍കയത്തിലേക്ക് വലിച്ചിഴക്കുകയാണ് ചെയ്യുന്നത്.
അറേബ്യന്‍ ജനതയെ ഗ്രസിച്ചിരുന്ന ലഹരി ഉപയോഗത്തെ ഘട്ടം ഘട്ടമായി നീക്കം ചെയ്ത ഇസ്‌ലാമിന്റെ ദിവ്യ ഗ്രന്ഥം ഖുര്‍ആന്‍ പലയിടങ്ങളിലായി ലഹരി പദാര്‍ത്ഥങ്ങളും മദ്യവും നിഷിദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യപാനവും മറ്റ് അനാചാരങ്ങളുമെല്ലാം പിശാചിന്റെ നീചമായ പ്രവര്‍ത്തനങ്ങളാണെന്നും പിശാച് ജനങ്ങള്‍ക്കിടയില്‍ വൈരവും വിദ്വേഷവും പരത്താന്‍ ശ്രമിക്കുകയാണെന്നും സത്യ വിശ്വാസിയെ താക്കീത് ചെയ്യുന്നുണ്ട് വിശുദ്ധ ഖുര്‍ആന്‍. ''മദ്യത്തെയും അത് പാനം ചെയ്യുന്നവനെയും കുടിപ്പിക്കുന്നവനെയും വാങ്ങുന്നവനെയും വില്‍ക്കുന്നവനെയും മദ്യം വാറ്റുന്നവനെയും ചുമക്കുന്നവനെയുമെല്ലാം അല്ലാഹു ശപിച്ചിട്ടുണ്ടെന്ന് സമൂഹത്തെ തെര്യപ്പെടുത്തുന്ന പ്രവാചകന്‍ തന്നെ ഒരിക്കല്‍ പറയുകയുണ്ടായി: ''ആരെങ്കിലും മദ്യപിച്ചാല്‍ അവന്റെയുള്ളില്‍നിന്നും വിശ്വാസത്തിന്റെ പ്രകാശം പുറത്തു പോയിരിക്കുന്നു.''
ചുരുക്കത്തില്‍, സര്‍വ്വ ദോഷങ്ങളുടെയും മാതൃത്വം പേറുന്നതാണ് പ്രവാചകന്‍ വിശേഷിപ്പിച്ച മദ്യം. മനുഷ്യ മനസ്സിനെ മരവിപ്പിക്കുന്ന ലഹരി പദാര്‍ത്ഥങ്ങള്‍ മനുഷ്യനെ ഇഞ്ചിഞ്ചായി നശിപ്പിക്കുന്ന മാരക വിഷങ്ങളാണ് . മദ്യക്കോപ്പകളിലും പാന്‍പാക്കുകളിലും ഒളിഞ്ഞിരുന്ന് മനുഷ്യനെ ക്രൂരമായി അക്രമിക്കുന്ന പിശാചിനെ നാം കരുതിയിരിക്കുക. നമ്മുടെ വ്യക്തിത്വത്തെയും ആത്മാവിനെയും കൈവിട്ടുപോകാതെ നാം കാത്തു സൂക്ഷിക്കുക.
 സുന്നിഅഫ്കാര്‍ വാരിക, 2005, മെയ്: 11, സുന്നിമഹല്‍, മലപ്പുറം)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter