സൗമ്യത കാണിക്കല്‍
സൗമ്യത കാണിക്കല്‍


അബൂഹുറൈറ(റ) പറയുന്നു: ''ഒരു അഅ്‌റാബി പള്ളിയില്‍ മൂത്രമൊഴിച്ചു. ആളുകള്‍ അദ്ദേഹത്തെ കൈകാര്യം ചെയ്യാന്‍ എഴുന്നേറ്റു ചെന്നു. അപ്പോള്‍ നബി(സ) പറഞ്ഞു: ''അവനെ വിട്ടേക്കുക. ആ മൂത്രമായ സ്ഥലത്ത് ഒരു ബക്കറ്റ് വെള്ളം ഒഴിക്കുക. നിങ്ങള്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് (കാര്യങ്ങള്‍) എളുപ്പമാക്കുന്നവരായിക്കൊണ്ടാണ്. കഠിനത കൂട്ടുന്നവരായിക്കൊണ്ടല്ല.'' (ബുഖാരി)
മദീനയിലെ മസ്ജിദുന്നബവിയില്‍ നടന്നതാണ് ഉദ്ധൃത സംഭവം. ജനങ്ങള്‍ക്കിടയില്‍ ഇടപഴകിക്കൊണ്ടോ ഇസ്‌ലാമിക നിയമം പൂര്‍ണമായി പഠിച്ചറിഞ്ഞുകൊണ്ടോ വിവരമേതുമില്ലാത്ത അപരിഷ്‌കൃതനായ ഒരു അഅ്‌റാബിയാണ് കഥാപാത്രം. പള്ളിയിലും ജനങ്ങള്‍ പെരുമാറുന്ന സ്ഥലങ്ങളിലും മലമൂത്രവിസര്‍ജനം പാടിെല്ലന്ന് ആ മനുഷ്യന് അറിയില്ല. മൂത്രിക്കണമെന്ന് തോന്നി. മൂത്രിച്ചു. അത്ര തന്നെ.
Also read: https://islamonweb.net/ml/02-June-2017-159
സ്വഹാബികള്‍ അദ്ദേഹത്തിനു നേരെ ചാടിവീണ് ഒച്ചവെച്ചു. കര്‍ശനമായി തടയാനും ചിലര്‍ കൈകാര്യം ചെയ്യാന്‍ തന്നെയും ഒരുമ്പെട്ടു. അത് കണ്ട നബി(സ) അവരെ തടഞ്ഞു. അഅ്‌റാബിയെ യാതൊരു ഉപദ്രവവും ചെയ്യരുതെന്ന് വിലക്കി. മൂത്രം ആയ സ്ഥലത്ത് ഒരു ബക്കറ്റ് വെള്ളം ഒഴിക്കാന്‍ കല്‍പ്പിച്ചു. പള്ളിയുടെ അകം മണലായിരുന്നതിനാല്‍ മൂത്രം ഉടനെ താഴ്ന്നുപോകുമല്ലോ. അത് ശുദ്ധി വരുത്താന്‍ അത്രയും സ്ഥലത്ത് വെള്ളമൊഴിച്ചാല്‍ മതി. ഈ നിയമവും നബി തിരുമേനി(സ) പഠിപ്പിച്ചു. തുടര്‍ന്നു നബി(സ) പരിശുദ്ധ ഇസ്‌ലാമിന്റെ അടിസ്ഥാനപരമായ ഒരു തത്വമാണ് സ്വഹാബികള്‍ക്ക് അധ്യാപനം ചെയ്തത്.
കുറ്റകരമായ ഒരു കാര്യമാണെങ്കില്‍ പോലും അത് കൈകാര്യം ചെയ്യുന്നത് പ്രയാസം സൃഷ്ടിക്കുന്ന മാര്‍ഗത്തിലൂടെയല്ല. മറിച്ച്, പ്രയാസരഹിതമായ വഴിയിലൂടെയാകണം. പ്രസ്തുത മാര്‍ഗം അവലംബിക്കുന്നവരാകണം നിങ്ങള്‍ എന്നാണ് തന്റെ അനുചരന്മാരെ നബി(സ) പഠിപ്പിക്കുന്നത്.

അഹിതമായ കാര്യം ദൃഷ്ടിയില്‍ പെട്ടപ്പോള്‍ സ്വഹാബികള്‍ നടത്തിയ ഗൗരവതരമായ ഇടപെടല്‍ നബിതിരുമേനി തടഞ്ഞില്ലായിരുന്നുവെങ്കില്‍ പുതുവിശ്വാസിയായ അഅ്‌റാബിയില്‍ ഇസ്‌ലാമിനെ കുറിച്ച് വികലമായ ധാരണ ഉണ്ടായിത്തീരുമായിരുന്നു. പ്രവാചകരുടെ ഇടപെടല്‍ സത്യദീനിനെ കുറിച്ചും തിരുമേനിയെ സംബന്ധിച്ചും സംതൃപ്തിയും പ്രതീക്ഷയും ശതഗുണീഭവിപ്പിക്കാന്‍ നിമിത്തമാവുകയുണ്ടായി.
Also read: https://islamonweb.net/ml/02-June-2017-155
ആളുകള്‍ക്ക് പ്രയാസം, വെറുപ്പ് എന്നിവ ഉണ്ടാക്കുന്ന ഇടപെടല്‍ അരുത് എന്നാണ് പ്രവാചകാധ്യാപനം. അനസ്(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസ് കാണുക:
നബി(സ) പറഞ്ഞു: ''നിങ്ങള്‍ (കാര്യങ്ങള്‍) എളുപ്പമാക്കുക. പ്രയാസപ്പെടുത്തരുത്. (ആളുകളെ) സന്തോഷപ്പെടുത്തുക, വെറുപ്പിക്കരുത്.''(ബുഖാരി മുസ്‌ലിം)
മതകാര്യങ്ങളില്‍ ഏതെങ്കിലും രണ്ട് വഴികളിലൊന്ന് തെരഞ്ഞെടുക്കാന്‍ അല്ലാഹു നബിതിരുമേനി(സ)ക്ക് സ്വാതന്ത്ര്യം നല്‍കിയാല്‍ പ്രായോഗികതലത്തില്‍ ഏറ്റവും പ്രയാസം കുറഞ്ഞതിനെയായിരുന്നു നബി(സ) തെരഞ്ഞെടുത്തിരുന്നത്. ആയിശ(റ) പറഞ്ഞത് ശ്രദ്ധിക്കുക:
''രണ്ട് കാര്യങ്ങള്‍ക്കിടയില്‍ നബി(സ)ക്ക് ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കപ്പെട്ടാല്‍ കുറ്റകരമായ കാര്യമല്ലെങ്കില്‍ അവയില്‍ ഏറ്റവും സൗകര്യപ്രദമായതാണ് നബി(സ) എടുത്തിരുന്നത്. അതില്‍ കുറ്റകരമായത് വല്ലതുമുണ്ടെങ്കില്‍ അതില്‍നിന്ന് ഏറ്റവും അകന്ന് നില്‍ക്കുന്ന വ്യക്തി പ്രവാചകതിരുമേനി(സ)യായിരുന്നു.'' (ബുഖാരി മുസ്‌ലിം)
എല്ലാ കാര്യങ്ങളിലും സൗമ്യത കാണിക്കുന്നതാണ് പ്രശ്‌നസമീപനത്തിന്റെ ശരിയായ മാര്‍ഗമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അല്ലാഹു ഇഷ്ടപ്പെടുന്നതും അതു തന്നെ.
''തീര്‍ച്ചയായും അല്ലാഹു സൗമ്യനാണ്. എല്ലാ കാര്യങ്ങളിലും അല്ലാഹു സൗമ്യത ഇഷ്ടപ്പെടുന്നു.'' (ബുഖാരി മുസ്‌ലിം)

''ഒരാള്‍ക്ക് സൗമ്യത നല്‍കപ്പെട്ടുവെങ്കില്‍ നന്മയില്‍ നിന്നുള്ള ഓഹരി അവന് നല്‍കപ്പെട്ടു. സൗമ്യതയുടെ വിഹിതം തടയപ്പെട്ട വ്യക്തിക്ക് നന്മയുടെ വിഹിതവും നിഷേധിക്കപ്പെട്ടിരിക്കുന്നു.'' (തുര്‍മുദി)
പള്ളിയില്‍ മൂത്രമൊഴിച്ച അഅ്‌റാബിയോട് നബി(സ) സൗമ്യത കാണിച്ചു. അറിയാതെ ചെയ്തതാകാമെന്ന് വെച്ച് വിട്ടുവീഴ്ച ചെയ്തു. തിന്മയെ തടയുന്നത് നന്മയുടെ മാര്‍ഗത്തിലാവണമെന്ന അല്ലാഹുവിന്റെ നിര്‍ദേശമാണ് പ്രവാചകപ്രഭു പ്രാവര്‍ത്തികമാക്കിയത്.
അഅ്‌റാബികള്‍ അപരിഷ്‌കൃതരാണ്. പരുഷ സ്വഭാവവും സംസ്‌കാരമില്ലായ്മയും അവരുടെ പ്രകൃതിയാണ്. പ്രവാചകരോട് അവരില്‍ ചിലരുടെ സമീപനം അതിരുവിടാറുണ്ട്. മനുഷ്യ പ്രകൃതിയെ നന്നായറിയുന്ന നബി(സ) അത്തരക്കാരെ തന്റെ അനുപമമായ സ്വഭാവവൈശിഷ്ട്യം കൊണ്ട് മെരുക്കിയെടുക്കുകയാണ് ചെയ്തിരുന്നത്. കടുത്ത നടപടികള്‍കൊണ്ട് നേരിട്ടിരുന്നില്ല.

മറ്റൊരു സംഭവം നോക്കുക: അനസ്(റ) പറയുന്നു: ''ഞാനൊരിക്കല്‍ നബി(സ)യുടെ കൂടെ നടന്നുപോവുകയാണ്. കട്ടിയുള്ള കരയോട് കൂടിയ ഒരു പുതപ്പ് നബി(സ)യുടെ കഴുത്തില്‍ ചുറ്റിയിരിക്കുന്നു. മാര്‍ഗമധ്യെ ഒരു അഅ്‌റാബി നബി(സ) യെ കണ്ടുമുട്ടി.  അഅ് റാബി നബി(സ)യുടെ തട്ടം ശക്തിയായി പിടിച്ചു വലിച്ചു. ഞാന്‍ നബിയുടെ കഴുത്തിലേക്ക് നോക്കുമ്പോള്‍ വലിയുടെ കാഠിന്യത്താല്‍ തട്ടത്തിന്റെ കട്ടിയുള്ള കര കഴുത്തില്‍ പാടുകള്‍ സൃഷ്ടിച്ചിരിക്കുന്നു. ശേഷം അഅ്‌റാബി നബി(സ)യോടു പറഞ്ഞു: ''മുഹമ്മദേ! നിന്റെ പക്കലുള്ള അല്ലാഹുവിന്റെ ധനത്തില്‍ നിന്ന് എനിക്ക് നല്‍കാന്‍ പറയുക.''
നബി(സ) പുഞ്ചിരിതൂകി അഅ്‌റാബിയെ ഒന്നു നോക്കി. ശേഷം അയാള്‍ക്ക് കുറച്ച് ധനം നല്‍കാന്‍ നബി(സ) കല്‍പന നല്‍കി. (ബുഖാരി മുസ്‌ലിം)

തനിക്ക് വേദനപോലും ഏല്‍പ്പിച്ച അഅ്‌റാബിയുടെ മര്യാദയില്ലാത്ത സമീപനം നബി(സ)യെ തീരെ പ്രകോപിതനാക്കിയില്ല. അത്രമേല്‍ സ്വഭാവമഹിമയുടെ ആള്‍രൂപമായിരുന്നു പ്രവാചക തിരുമേനി(സ). താന്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെ അനുയായികള്‍ നിസ്തുലായ ആ മാതൃക പിന്‍പറ്റണമെന്ന അധ്യാപനം ഇതില്‍ അടങ്ങിയിരിക്കുന്നു.
''അല്ലാഹുവിന്റെ ദൂതരില്‍ നിങ്ങള്‍ക്ക് ഭംഗിയായ മാതൃകയുണ്ട്.'' (വിശുദ്ധ ഖുര്‍ആന്‍)
''താങ്കള്‍ മഹത്തായ സ്വഭാവത്തില്‍ തന്നെയാകുന്നു.'' (വിശുദ്ധ ഖുര്‍ആന്‍)
വിവരമില്ലാത്തവരില്‍ നിന്ന് അഹിതമായ കാര്യങ്ങള്‍ സംഭവിച്ചാല്‍ സൗമ്യതയുടെയും അവധാനതയുടെയും മാര്‍ഗത്തില്‍ നടപടി സ്വീകരിക്കണമെന്ന് ഉപരിസൂചിതാനുഭവങ്ങള്‍ ഗുണപാഠം നല്‍കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter