ബീഫിന്റെ പേരിലുള്ള മുസ്‌ലിം കൊലകള്‍ അവസാനിപ്പിക്കുക
#stop lynching the Muslims#
മനസ്സാക്ഷിയുള്ള ആരെയും കണ്ണീരിലാഴ്ത്തുന്നതായിരുന്നു കഴിഞ്ഞ 23 ാം തിയ്യതി ഹരിയാനയില്‍നിന്നും പുറത്തുവന്ന വാര്‍ത്തകള്‍. ജുനൈദ് എന്ന പതിനാറുകാരനായ മത വിദ്യാര്‍ത്ഥിയെ ഡല്‍ഹിയില്‍നിന്നും വീട്ടിലേക്കുള്ള യാത്രാമധ്യേ ട്രയിനില്‍വെച്ച് ഒരു കൂട്ടം കാപാലികര്‍ നിഷ്‌കരുണം വധിച്ചതുമായി ബന്ധപ്പെട്ടതായിരുന്ന ആ വാര്‍ത്തകള്‍. ജനം നോക്കിനില്‍ക്കുകയെന്നല്ലാതെ ആരും അതിനെ പ്രതിരോധിക്കാന്‍പോലും മുന്നോട്ടു വന്നില്ല. എന്നുമാത്രമല്ല, ഇന്ത്യയില്‍ ദൈനംദിനം വര്‍ദ്ധിച്ചുവരുന്ന കൊലകളുടെ നിരയിലേക്ക് എല്ലാവരും അതിനെ വളരെ ലാഘവത്തോടെ ചേര്‍ത്തുവെക്കുകയും ചെയ്തു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേന്ദ്ര ഗവണ്‍മെന്റോ സംസ്ഥാന ഗവണ്‍മെന്റോ ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരക്ഷരം പോലും ഉരിയാടിയിട്ടുമില്ല. ആ കുടുംബത്തിന് സാന്ത്വനം പകരാന്‍ ഒരു ഉത്തരവാദപ്പെട്ട ജന പ്രതിനിധിയും അങ്ങോട്ട് കടന്നുവന്നിട്ടുമില്ല. തങ്ങളുടെ കുടുംബത്തിന്റെ പ്രതീക്ഷയും വെളിച്ചവുമായി വളര്‍ന്നുവരുന്ന ഒരംഗത്തെ നഷ്ടപ്പെട്ട വേദനയില്‍ കണ്ണീര്‍ പൊഴിച്ചിരിക്കുകയാണ് ആ കുടുംബം. രാജ്യത്ത് പട്ടാപകല്‍ ജനങ്ങളുടെ മുമ്പില്‍വെച്ച് നടന്ന ഈ കൊടുംക്രൂരതയെക്കുറിച്ച് ആരോട് പറയണമെന്നോ ആരോട് പറഞ്ഞാലാണ് നീതി ലഭിക്കുകയെന്നോ പോലും നിശ്ചയമില്ലാത്ത അവസ്ഥ. രാജ്യത്ത് പൗരന്മാര്‍ക്ക് വിശിഷ്യാ, ന്യൂനപക്ഷത്തില്‍ പെട്ടവര്‍ക്ക് നീതി നിഷേധിക്കപ്പെടുന്ന ഈ സമയത്ത് കേന്ദ്രം ഇതിന് മറുപടി പറഞ്ഞേപറ്റൂ; എന്തിനാണ് ഹാഫിള് ജുനൈദ് വധിക്കപ്പെട്ടത്? അവന്റെ രക്തത്തിന് ഈ മണ്ണില്‍ യാതൊരു വിലയുമില്ലേ?
എല്ലാ അര്‍ത്ഥത്തിലും വര്‍ഗീയ വിദ്വേഷം നിഴലിച്ചുനില്‍ക്കുന്നതായിരുന്നു ഈ കൊല. യാതൊരു കാരണവും കൂടാതെ ട്രയിനില്‍ യാത്ര ചെയ്യുന്ന തൊപ്പിയും താടിയുമുള്ള ചെറുപ്പക്കാരെ അങ്ങോട്ട് ചെന്ന് പ്രശ്‌നത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നു സംഘം. പശുമാംസം ഭക്ഷിക്കുന്നവര്‍, രാജ്യദ്രോഹികള്‍ പോലെയുള്ള വിളികള്‍ കൊലയാളികള്‍ ആരാണെന്നും അവരുടെ ആവശ്യം എന്തായിരുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്. നിരപരാധികളെ ജനമധ്യത്തിലിട്ട് അടിച്ചും തൊഴിച്ചും കൊല ചെയ്യാന്‍ അവരെ പ്രേരിപ്പിച്ച ഘടകവും അവര്‍ക്ക് ആത്മബലം നല്‍കിയ വസ്തുവും എന്താണെന്നാണ് ഇവിടെ അന്വേഷിക്കപ്പെടേണ്ടത്. രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയും അതാണ്. പരസ്പരം മതസ്പര്‍ദ്ധ വളര്‍ത്തി, ഒരുമിച്ചുനില്‍ക്കേണ്ടവരെ കൊന്നൊടുക്കാനാണ് ഇത്തരം ഘടകങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അത് മറ്റൊന്നുമല്ല. ഹിന്ദുത്വ ഫാസിസം കുത്തിവെക്കുന്ന മുസ്‌ലിംവിരുദ്ധത നിഴലിക്കുന്ന വര്‍ഗവെറി തന്നെയാണ് ഇതിനു പിന്നില്‍.
വളരെ നിസ്സാരമായി എഴുതിത്തള്ളേണ്ട ഒരു സംഗതിയല്ല ഇത്. രാജ്യത്ത് മോദി സര്‍ക്കാര്‍ ഭരണം ഏറ്റെടുത്തതുമുതല്‍ തുടങ്ങിയ മുസ്‌ലിംവെറുപ്പിന്റെ വിവിധ രൂപത്തിലുള്ള പ്രകടനങ്ങളില്‍ ഒന്നുതന്നെയാണ് ഇതും. പശുവും ദൈവവും ഇവിടെ ഒരു വിഷയമേ അല്ല. മുസ്‌ലിം വിരുദ്ധത എന്ന തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു ഓലപ്പാമ്പ് മാത്രമാണ് ഗോമാംസം. അതിന്റെ മറവില്‍ മുസ്‌ലിംകളെ കശാപ്പ് നടത്തുകയെന്നതാണ് അവര്‍ നാടുനീളെ നടത്തിക്കൊണ്ടിരിക്കുന്നത്. യു.പിയില്‍ അഖ്‌ലാഖ് വധിക്കപ്പെട്ടതിനു ശേഷം പശുവിന്റെ പേരില്‍ എന്ന വ്യേജേന രാാജ്യത്ത് നടന്ന മുസ്‌ലിംകൊലകള്‍ക്കും ന്യൂനപക്ഷ പീഡനങ്ങള്‍ക്കും കൈയും കണക്കുമില്ല. ലോകമറിഞ്ഞ്, ചര്‍ച്ച ചെയ്യപ്പെട്ട കൊലകള്‍ തന്നെ പത്തിലേറെ വരും. അതിലും എത്രയോ മുകളിലാണ് അറിയപ്പെടാത്ത സംഭവങ്ങള്‍. മുസ്‌ലിംകളെപ്പോലെത്തന്നെ പശുവിന്റെ പേരില്‍ ദലിതുകളും താഴ്ന്ന ജാതിക്കാരും അനുഭവിക്കുന്ന പീഡനങ്ങള്‍ വേറെയും.
കക്ഷി, ജാതി ഭേദമന്യേ രാജ്യം ഇതിനെതിരെ സംഘടിക്കാനും ഫാസിസ്റ്റ് ഭീകരതയെ ചെറുക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനും സമയം അതിക്രമിച്ചിരിക്കുന്നു. പുതുതായി രൂപപ്പെട്ടുവന്ന പശുഭീകരത (cow terrorism) ഒട്ടും മനുഷ്യപ്പറ്റില്ലാത്ത അതിഭീബത്സമായ നരനായാട്ടുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആരെയും എപ്പോഴും നിഷ്‌കരുണം വധിക്കാന്‍ ഗോ രക്ഷകര്‍ തയ്യാറാണ്. കഴിഞ്ഞ മാസങ്ങളില്‍ യു.പിയിലും മറ്റും അതാണ് സംഭവിച്ചത്.
മനുഷ്യരുടെ ജീവന്‍ രക്ഷിക്കുന്നതിനു പകരം പശുവിന് ആധാര്‍കാര്‍ഡും പോസ്പിറ്റലും പണിയുന്ന തിരക്കിലാണ് കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ അരാജകത്വത്തെ യുക്തമായ പ്രതിവിധികള്‍ വഴി ചെറുത്തുതോല്‍പിച്ചേ മതിയാവൂ. മതേതരത്വ രാജ്യമായ ഇന്ത്യയില്‍ ഭരണഘടന ഇതിനു വഴി പറയുന്നുണ്ട്. പശുഭീകരത അസ്തമിക്കുമ്പോഴേ ജുനൈദുമാര്‍ക്ക് രാജ്യത്ത് സുരക്ഷിതത്വത്തോടെ ജീവിക്കാന്‍ സാധിക്കുകയുള്ളൂ. ശക്തമായ പ്രതിപക്ഷവും മതേതര കക്ഷികളുടെ കൂട്ടായ്മയുമാണ് ഇതിന് ആവശ്യം. രാഷ്ട്രീയപാര്‍ട്ടികള്‍ വിഭാഗീയത മറന്ന് അത്തരം പ്ലാറ്റ്‌ഫോമിനെക്കുറിച്ച് ചിന്തിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. അല്ലാത്തപക്ഷം ഒറ്റയും തെറ്റയുമായി ന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്ത് ജീവിക്കുന്നതും യാത്ര ചെയ്യുന്നതും ദുസ്സഹമായി മാറും.
മത, ഭൗതിക മേഖലകളിലെ ഉപരിപഠനവുമായി ബന്ധപ്പെട്ടും വിവിധ ജോലികളുമായി ബന്ധപ്പെട്ടും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആളുകള്‍ യാത്ര ചെയ്യുന്ന കാലമാണിത്. ട്രൈനുകളും മറ്റു പൊതു ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സൗകര്യങ്ങളുമാണ് ഇതിനു പൊതുവെ ഉപയോഗിക്കുന്നത്. ഇതില്‍ ദലിത് വിഭാഗങ്ങളും മുസ്‌ലിംകളും ക്രൈസ്തവരും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളുമെല്ലാമുണ്ട്. താടി വെച്ചവരും തൊപ്പി ധരിച്ചവരും ജപമാല പിടിച്ചവരും എല്ലാമുണ്ടാകും. സമയമാകുമ്പോള്‍ ട്രൈനില്‍ വെച്ചുപോലും നിസ്‌കരിക്കുന്ന ആളുകളുണ്ട്. ഇന്ത്യയുടെ ബഹുസ്വരത മുന്നോട്ടുവെക്കുന്ന സ്‌നേഹ പശ്ചാത്തലത്തില്‍ ഇതൊന്നും ഒരു വിഷയമേ അല്ല. എല്ലാവരും എവിടെയും പരസ്പരം സഹകരിച്ച് പരസ്പരം സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാറാണ് പതിവ്. പക്ഷെ, സംഘ്പരിവാര്‍ തിളപ്പിച്ച് വിടുന്ന മത സ്പര്‍ദ്ധയും പരസ്പര വിദ്വേഷവും മുമ്പെങ്ങുവില്ലാത്ത വിധം ഇവിടെ വളര്‍ന്നുവരുമ്പോള്‍ ഇതിനെല്ലാം എതിരെ ഭീഷണി ഉയരുകയാണ്.
സ്വന്തമായി സുരക്ഷിത ബോധത്തോടെ യാത്ര ചെയ്യുന്നതുപോലും ന്യൂനപക്ഷങ്ങള്‍ക്ക് അസാധ്യമാകുന്നു. മനുഷ്യാവകാശങ്ങള്‍ക്കും പൗരജീവിതത്തിനും വില കല്‍പിക്കുന്ന ഒരു ഭരണഘടനയുള്ള രാജ്യത്ത് ഇതൊരിക്കലും അനുവദിക്കപ്പെട്ടുകൂടാ. രണ്ടും മൂന്നും ദിവസം വരേ നീണ്ടുനില്‍ക്കുന്ന ട്രൈന്‍ യാത്രകള്‍ ചെയ്യുന്ന പാവപ്പെട്ട യാത്രക്കാര്‍ക്കു നേരെപോലും വര്‍ഗീയതയുടെ കണ്ണുകളോടെ നോക്കുന്ന ഒരു സാഹചര്യം തന്നെ ഉണ്ടാകുന്നത് രാജ്യത്ത് ഭരണം ഏരെ അരാജകത്വത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്നുവെന്നതിനുള്ള തെളിവാണ്. ഇത് രാജ്യത്തിന്റെ ഭാവിക്ക് വലിയ അപകടം ചെയ്യും.
സംഘ്പരിവാര്‍ വര്‍ഗീയവാദികള്‍ തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കാന്‍ ഇത്തരം പൊതുവേദികള്‍ ഉപയോഗിക്കുന്നത് ഇതാദ്യമായല്ല. ഗോധ്രാ സംഭവവും അജ്മീര്‍ സ്‌ഫോഡനവും ഉള്‍പ്പടെ നിരപരാധികളെ ലക്ഷ്യംവെക്കുന്നതായിരുന്നു അവരുടെ എന്നത്തെയും കടന്നാക്രമണങ്ങള്‍. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്ത് രണ്ടു തവണ നിരോധനം നേരിടേണ്ടിവന്ന ആര്‍.എസ്.എസ് രാജ്യത്ത് ഭീതി പരത്തി ലാഭം കൊയ്യാന്‍ ശ്രമിക്കുകയാണ്. ഇതിനെതിരെ രാജ്യം ഉണരുകയും മതേതര പാര്‍ട്ടികള്‍ പ്രബുദ്ധതയോടെ ചേര്‍ന്നുപ്രവര്‍ത്തിക്കുകയും വേണം. അതാണ് ഹരിയാനയില്‍ നിഷ്‌കരുണം വധിക്കപ്പെട്ട ഹാഫിള് ജുനൈദിന്റെ ആത്മാവ് രാജ്യത്തിന്റെ മനസ്സാക്ഷിയോട് വിളിച്ചുപറയുന്നത്. ഇവിടെ ബീഫിന്റെ രാഷ്ട്രീയം അതിന്റെ ലഭ്യത തടയുക എന്നതായിരുന്നില്ല. മറിച്ച് മുസ്‌ലിം ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാന്‍ വഴിയൊരുക്കുക എന്നതു മാത്രമാണ്. ബീഫ് നിരോധനത്തിനു ശേഷം അതാണ് ഇന്ന് രാജ്യം കണ്ടുകൊണ്ടിരിക്കുന്നതും.
Leave A Comment