ഖിസ്സത്തുൽ ഈമാൻ : തത്വചിന്തയിലൂടെ സ്രഷ്ടാവിലേക്ക്

ശൈഖ് നദീം അൽജിസ്റിന്റെ വിഖ്യാതമായ ഖിസ്സത്തുൽ ഈമാൻ ബൈനൽ ഫൽസഫതി വൽ ഇൽമി വൽ ഖുർആൻ എന്ന ഗ്രന്ഥമായിരുന്നു കുറച്ച് ദിവസം കൂട്ടിന്. വായിച്ചു തീർന്നപ്പോൾ (കുറച്ചു ഭാഗങ്ങൾ ഓടിച്ചു വിട്ടിട്ടുണ്ട് ) ചില കാര്യങ്ങൾ പങ്കുവെക്കണമെന്ന് തോന്നി.

അടിസ്ഥാനപരമായി രണ്ടു പേർക്കിടയിലെ സംഭാഷണമാണ് പുസ്തകത്തിന്റെ ഇതിവൃത്തം. പെഷവാറിലെ സർവകലാശാല വിദ്യാർഥിയായ ഹൈറാൻ ബിൻ അള്അഫും സമർഖന്ദ് സ്വദേശിയും ആദ്ധ്യാത്മിക ജ്ഞാനിയുമായ ശൈഖ് അബുന്നൂർ മൗസൂനും.

സർവകലാശാലയിലെ പഠനകാലത്ത് വിശ്വാസ ശാസ്ത്രവും തത്വചിന്തയും പരസ്പര വിരുദ്ധമാണെന്ന ബോധ്യത്തിൽ നിന്ന് ഹൈറാനിൽ പല സംശയങ്ങളും രൂപപ്പെടുന്നുണ്ട്. സംശയങ്ങൾ അധികരിച്ചതോടെ സർവകലാശാലയിൽ നിന്ന് പുറത്താക്കപ്പെട്ടു. സന്ദേഹിയായി അലഞ്ഞ ഹൈറാന് ശൈഖ് മൗ സൂൻ എന്ന ആത്മജ്ഞാനിയെ പരിചയപ്പെടുത്തുന്നത് സ്വന്തം പിതാവാണ്. സമർഖന്ദിലെ ഹർതങ്ക് പ്രവിശ്യയിൽ ഏകാന്തനായി കഴിയുന്ന ശൈഖിന്റെ സന്നിധാനത്തിലേക്ക് അവസാനം അദ്ദഹം ചെന്നെത്തുന്നു.

ശൈഖുമായുള്ള ഈ സമാഗമം ഹൈറാന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. തത്വചിന്തയുടെ സമുദ്രത്തിലേക്കുള്ള ഒരു ഊളിയിടൽ. "തത്വചിന്ത ഒരു സമുദ്രമാണ്. അതിന്റെ തീരങ്ങളിൽ അപകടവും മാർഗഭ്രംശവും പതിയിരിക്കുന്നു. ആഴങ്ങളിലാണ് വിശ്വാസവും നിർഭയത്വവും നിലകൊള്ളുന്നത്" ശൈഖ് മൗസൂൻ സംസാരമാരംഭിച്ചത് ഈ വചനങ്ങൾ കൊണ്ടായിരുന്നു.

(إن الفلسفة بحر، على خلاف البحور، يجد راكبه الخطر و الزيغ

فى سواحله و شطاَنه، و الأمان و الإيمان فى لُججه وأعماقه)

പിന്നീട് ചോദ്യങ്ങളും ഉത്തരങ്ങളുമായി സംഭാഷണം നീണ്ടു പോകുന്നു. അതിനിടയിൽ Anaximenes, Anaximander, Pythagoras, Parmenides, Democrats, Anaxagoras, Socrates, Plato, Aristotle, etc... തുടങ്ങിയ പൗരാണിക യവന തത്വചിന്തകരുടെ കാഴ്ച്ചപ്പാടുകളെ ഇഴകീറി പരിശോധിക്കുന്നു.

ശേഷം മുസ്ലിം തത്വചിന്തകരുടെ വിശേഷങ്ങളിലേക്ക് പ്രവേശിക്കുന്നു. ഇബ്നു തുഫൈൽ, ഇബ്നു മിസ്കവൈഹി, ഇമാം ഗസ്സാലി, ഇബ്നു റുശ്ദ്, ഇബ്നു ഖൽദൂൻ (റ) എന്നിവരിലൂടെ കടന്നുപോകുന്നു. ഹയ്യ് ബിൻ യഖ്ളാനും തഹാഫുതും സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കപ്പെടുന്നു. ദൈവത്തിന്റെ ഉൺമയെ സ്ഥിരപ്പെടുത്തുന്ന Cosmological Argument, Ontological Argument, Argument from Dezain, Teleological Argument എന്നിവ സുഗ്രാഹ്യമായ ഭാഷയിൽ ശൈഖ് വിവരിച്ചു കൊടുക്കുന്നു. കൃത്യമായ ചോദ്യങ്ങൾ ചിരിയും ചിന്തയും സമം ചേർത്ത മറുപടികൾ .... സംഭാഷണം അങ്ങനെ നീണ്ടു പോകുന്നു.

പിന്നീട് ആധുനിക ചിന്തകരിലൂടെയുള്ള സഞ്ചാരമാണ്. Francis bacon, Rene Descartes, Immanuel Kant, Spinoza, Pascal, Malebranches, John Locke, Leibuiz, Devid huem, Bergoson, etc.. എന്നിവരിലൂടെ കടന്ന്പോകുന്നു. ഡാർവിൻ സിദ്ധാന്തവും അതിനോട് മുസ്ലിം സമൂഹം കാണിച്ച സമീപനവും ചർച്ച ചെയ്യുന്നു. ഡാർവിൻ ചിന്താ ധാര മുസ്ലിം വിശ്വാസ സംഹിതയോട് എതിരിടുന്നുണ്ടെന്ന പ്രചാരണം ശക്തമായ കാലത്ത് ശൈഖ് ഹുസൈൻ ജിസ്റ് എന്ന മുസ്ലിം ചിന്തകൻ തന്റെ 'രിസാലത്തുൽ ഹമീദിയ്യ' യിലൂടെ നടത്തിയ 'ഡാർവനിസം മതത്തോടെ തിരാകുന്നില്ല 'എന്ന പ്രഖ്യാപനവും ശൈഖ് ഹൈറാനുമായി പങ്കു വെക്കുന്നു.

ഫിലോസഫിയും ഈമാനും ഇരു ദ്രുവങ്ങളിലാന്നെന്ന് മനസ്സിലാക്കിയിരുന്ന ഹൈറാൻ ഫിലോസഫിയുടെ ആഴങ്ങളിൽ കൂടിയിരിക്കുന്ന വിശ്വാസത്തിന്റെ മാധുര്യം രുചിച്ചറിയുന്നതോടെയാണ് അഭിമുഖം അവസാനിക്കുന്നത്. ശാസ്ത്രവും തത്വചിന്തയും വിശുദ്ധ ഖുർആനും പരസ്പര വിരുദ്ധമല്ലെന്നും മറിച്ച് സ്രഷ്ടാവിലേക്കുള്ള വഴിയടയാളങ്ങളാണെന്നും അദ്ദേഹത്തിന് ബോധ്യപ്പെടുന്നു.

ഫിലോസഫിയുടെ ആഴപ്പരപ്പിലേക്ക് മിഴി തുറക്കാൻ ഈ ഗ്രന്ഥം സഹായിക്കുമെന്ന് നിസ്സംശയം പറയാം. അതോടൊപ്പം തലതിരിഞ്ഞ ചില 'ഫിലോസഫിക്കൽ ബോംബിങ്ങി'നു പകരം സ്രഷ്ടാവിലേക്ക് ചേർക്കുന്ന ഫിലോസഫി റീഡിംങ്ങ് എങ്ങനെ സാധ്യമാക്കാം എന്നും ഈ ഗ്രന്ഥം പറഞ്ഞു തരും. മാത്രമല്ല, എഴുത്തിലും ഭാഷണത്തിലും ഒരു ഫിലോസഫറെങ്കിലും ഉണ്ടായാലേ പുരോഗമനവാദിയാകൂ എന്ന് ധരിച്ച് സ്ഥാനം നോക്കാതെ ഫിലോസഫേഴ്സിനെ ഉപയോഗിക്കുന്നവർക്ക് അവരുടെ കാഴ്ച്ചപ്പാടുകളെ കൃത്യമായി മനസ്സിലാക്കാനും ഇതു സഹായിക്കും, തീർച്ച.

തയ്യാറാക്കിയത്:ശുഐബ് ഹുദവി പുത്തൂർ

 

 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter