ഇബ്റാഹീമീകുടുംബത്തിലേക്ക് തിരിഞ്ഞുനടക്കുക
ചരിത്രത്തിലെ തുല്യതയില്ലാത്ത ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്മരണകള്‍ പുതുക്കി മുസ്‍ലിംലോകം ഒരു ബലിപെരുന്നാള്‍ കൂടി ആഘോഷിക്കുകയാണ്. സഹസ്രാബ്ദങ്ങള്‍ക്കപ്പുറം, ഇബ്റാഹീം(അ)ഉം പത്നി ഹാജറ(റ)യും പുത്രന്‍ ഇസ്മാഈല്‍(അ)ഉം കാഴ്ച വെച്ച ത്യാഗത്തിന്റെ വീരഗാഥകളാണ് ഓരോ ബലിപെരുന്നാളിലും അയവിറക്കപ്പെടുന്നത്. ഇസ്‍ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ മഹത്തായ ഹജ്ജ് കര്‍മ്മം മുഴുക്കെയും നിറഞ്ഞ്നില്‍ക്കുന്നതും ആ ചരിതങ്ങള്‍ തന്നെ. പ്രമാണങ്ങളിലൂടെ ഇബ്റാഹീം (അ)നെ വായിക്കുമ്പോള്‍, പ്രധാനമായും മൂന്ന് ഗുണങ്ങളാണ് അദ്ദേഹത്തില്‍ ദൃശ്യമാവുന്നത്. അര്‍പ്പണബോധവും കളങ്കമറ്റ ഹൃദയവും എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്ന ചാഞ്ചല്യമില്ലാത്ത വിശ്വാസവുമാണ് അദ്ദേഹത്തെയും കുടുംബത്തെയും വേറിട്ടുനിര്‍ത്തുന്നത്. ഇബ്റാഹീം (അ)മിനെ നാം ഈ ലോകത്ത് മികവുറ്റവനായി തെരഞ്ഞെടുത്തിരിക്കുന്നു, പരലോകത്തും അദ്ദേഹം സച്ചരിതരില്‍ പെട്ടവന്‍ തന്നെയാണ്. അദ്ദേഹത്തോട് തന്റെ നാഥന്‍ നീ കീഴ്പ്പെടുക എന്ന് പറഞ്ഞ രംഗം, അദ്ദേഹം പറഞ്ഞു, ഞാന്‍ ലോകരക്ഷിതാവിന്ന് കീഴ്പ്പെട്ടിരിക്കുന്നു. (സൂറതുല്‍ ബഖറ-132). നാഥന്ന് മുന്നില്‍ എന്തും സമര്‍പ്പിക്കാന്‍ സദാസന്നദ്ധനായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ സായംസന്ധ്യയില്‍ പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ ലഭ്യമായ ഏകപുത്രനെ പോലും നാഥന്റെ കല്‍പ്പനക്കനുസൃതമായി ബലി കഴിക്കാന്‍ അദ്ദേഹത്തിന് സങ്കോചമുണ്ടായില്ല. കളങ്കമറ്റ ഹൃദയമാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ ഗുണം. ഉറപ്പായും അദ്ദേഹത്തിന്റെ (നൂഹ്-അ) കക്ഷിയില്‍ പെട്ടവന്‍ തന്നെയാണ് ഇബ്റാഹീം (അ). ശുദ്ധഹൃദയനായി അദ്ദേഹം തന്റെ നാഥന്‍റെ സന്നിധിയില്‍ ചെന്ന സന്ദര്‍ഭം (സൂറതുസ്സ്വാഫ്ഫാത്) നാഥന്‍റെ സമീപത്തേക്ക് എത്താന്‍ സഹായകമാകുന്നതും അത്യാവശ്യമായതുമായ ഘടകമാണ് ശുദ്ധഹൃദയം. ബഹുദൈവവിശ്വാസത്തില്‍നിന്നും ഇതരസംശയങ്ങളില്‍നിന്നുമെല്ലാം മുക്തമായ, ഇതരരോട് വിദ്വേഷമോ പകയോ ഇല്ലാത്ത, അസൂയ, അഹങ്കാരം, ഉള്‍നാട്യം തുടങ്ങിയ മാനസികരോഗങ്ങളുടെ ലാഞ്ചനയൊന്നുമേല്‍ക്കാത്തതാണ് ശുദ്ധമായ ഹൃദയം എന്ന് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ഖല്‍ബുന്‍സലീം. ഇത്തരം ഹൃദയവുമായി നാഥനെ സമീപിക്കുന്നവര്‍ക്ക് മാത്രമേ നാളെ പരലോകത്ത് രക്ഷയുള്ളൂ എന്ന് മറ്റൊരു സൂക്തത്തിലും പടച്ച തമ്പുരാന്‍ പറഞ്ഞുവെക്കുന്നുണ്ട്. കാര്യങ്ങളെല്ലാം അല്ലാഹുവില്‍ മാത്രം ഭരമേല്‍പ്പിക്കുന്നതാണ് ഇബ്റാഹീം കുടുംബത്തിന്റെ മൂന്നാമത്തെ ഗുണം. ആരോരുമില്ലാത്ത മക്കാമരുഭൂമിയില്‍ തന്നെയും പിഞ്ചുകുഞ്ഞിനെയും തനിച്ചാക്കി തിരിഞ്ഞ് നടക്കുന്ന ഇബ്റാഹീം (അ)നോട് പത്നി ഹാജറ ചോദിക്കുന്നു, ഞങ്ങളെ ഇവിടെ വിട്ടേച്ചുപോകാന്‍ നിങ്ങളോട് കല്‍പിച്ചത് അല്ലാഹുവാണോ. അതെ എന്ന മറുപടി കേള്‍ക്കേണ്ട താമസം, എങ്കില്‍ അവന്‍ ഞങ്ങളെ വഴിയാധാരമാക്കുകയില്ലെന്ന് മറുപടി പറയുമ്പോള്‍ ആ സ്ത്രീശബ്ദത്തില്‍ അല്‍പം പോലും പതര്‍ച്ചയില്ലായിരുന്നു. നിന്നെ അറുക്കണമെന്ന് അല്ലാഹുവിന്റെ കല്‍പ്പനയുണ്ടെന്ന് കൌമാരത്തിലേക്ക് പ്രവേശിക്കുന്ന ഇസ്മാഈലിനോട് പറയുമ്പോള്‍, എന്റെ പിതാവേ, നിങ്ങളോട് കല്‍പിക്കപ്പെട്ടത് നിങ്ങള്‍ ചെയ്യുക, അല്ലാഹു ഉദ്ദേശിച്ചാല്‍, ക്ഷമിക്കുന്നവരില്‍ പെട്ടവനായി നിങ്ങള്‍ക്കെന്നെ കാണാവുന്നതാണ് എന്നായിരുന്നു ആ പുത്രന്റെ മറുപടി. അത് പറയുമ്പോള്‍ ആ കണ്ഠനാദത്തില്‍ അല്‍പംപോലും ഗദ്ഗമില്ലായിരുന്നു. അസത്യത്തിന്റെ ഉപാസകരായ നാട്ടുകാര്‍ തന്റെ കഥ കഴിക്കാനായി അതിഭീകരമായ തീകുണ്ഠാരമൊരുക്കി അതിലേക്ക് വലിച്ചെറിഞ്ഞപ്പോഴും ഇബ്റാഹീമിന്റെ പാദം പതറുകയോ ചിത്തം ചിതറുകയോ ചെയ്തില്ല. തീയ്യിലേക്ക് വീഴുന്ന സമയത്ത് ജിബ്‍രീല്‍(അ) പ്രത്യക്ഷപ്പെട്ടുകൊണ്ട് ചോദിച്ചുവത്രെ, ഞാന്‍ സഹായിക്കട്ടെ. ആ പ്രവാചകവര്യന്‍റെ മറുപടി ഇങ്ങനെയായിരുന്നു, നിന്റെ സഹായം എനിക്ക് വേണ്ട. എന്റെ അവസ്ഥ ഏറ്റവും നന്നായി അറിയുന്നവനാണ് എന്റെ രക്ഷിതാവ്. ആ മനോദാര്‍ഢ്യത്തിന് മുന്നില്‍ പ്രകൃതിയുടെ പ്രകൃതനിയമം പോലും പിന്തിരിഞ്ഞുനിന്നത് അപ്പോഴായിരുന്നു. തീ കരിക്കുമെന്ന സാമാന്യനിയമത്തിന് വിരുദ്ധമായി, ഏറ്റവും സുഖകരമായ ശയ്യ ഒരുക്കപ്പെടുന്നതാണ് പിന്നെ നാം കാണുന്നത്. തീയ്യില്‍ കിടന്ന ആ ദിവസത്തേക്കാള്‍ സുഖകരമായ മറ്റൊരു ദിവസം എന്റെ ജീവിതത്തിലുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറയുമ്പോള്‍, നമ്മുടെ ആശ്ചര്യം ശതഗുണീഭവിക്കുകയാണ്. സഹസ്രാബ്ദങ്ങള്‍ക്കപ്പുറം നടന്ന ചരിത്രത്തിലെ ചാരുതയാര്‍ന്ന ദൃശ്യങ്ങളാണ് ഇവിടെ അനുസ്മരിക്കപ്പെടുന്നത്. ഇന്നും മുസ്‍ലിം ലോകം ആ ദീപ്തസ്മരണകളെ നിര്‍ന്നിമേഷരായി നോക്കിനില്‍ക്കുകയും സാകൂതം കേട്ടിരിക്കുകയും ചെയ്യുന്നു. അന്ന് ഉരുവിട്ട അതേ വാചകങ്ങള്‍പോലും ഇന്നും തക്ബീര്‍ധ്വനികളായി മുസ്‍ലിം ലോകം ഒന്നടങ്കം ഉരുവിട്ടുകൊണ്ടേയിരിക്കുന്നു. ഇബ്റാഹീം കുടുംബത്തിന്റെ ജീവിതവും ചരിതവും തങ്ങളുടെ ജീവിതത്തിലേക്ക് ആവാഹിക്കാനുള്ള ശ്രമങ്ങളാവണം ഓരോ ബലിപെരുന്നാളും നമുക്ക് നല്‍കുന്ന സന്ദേശം. ഇബ്റാഹീമികുടുംബം ഓരോ മുസ്‍ലിം കുടുംബത്തിലേക്കും പറിച്ചുനടേണ്ടിയിരിക്കുന്നു, സമൂഹത്തിലെ ഓരോ പിതാവും ഇബ്റാഹീമും ഓരോ പുത്രനും ഇസ്മാഈലും ഓരോ മാതാവും ഹാജറയും ആയി മാറുമ്പോഴേ അത് മുസ്‍ലിം സമൂഹമാകുന്നുള്ളൂ. അതിനായിരിക്കട്ടെ ഈ ബലിപെരുന്നാള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter