വായിക്കുക, നിന്നെ സൃഷ്ടിച്ച നാഥന്റെ നാമത്തില്‍....

വാനലോകത്ത് നിന്ന് ഭൂമിയിലേക്ക് അവതീര്‍ണ്ണമായ അവസാന ഗ്രന്ഥത്തിന്റെ ആദ്യവരികള്‍.. നിരക്ഷരനായ പ്രവാചകന്റെ തിരുനാവിലൂടെ, എഴുത്തും വായനയുമറിയാത്ത ഒരു സമൂഹത്തിനോട് ആദ്യമായി പറയാന്‍ കല്‍പിക്കപ്പെട്ട വചനങ്ങള്‍... സഹസ്രാബ്ദങ്ങള്‍ പിന്നിടുമ്പോഴും, ആ കല്‍പന നിത്യപ്രസക്തവും നിത്യഹരിതവുമായി ഇന്നും തുടരുന്നു.
വായന.. അതാണ് മനുഷ്യപുരോഗതിയുടെ അടിസ്ഥാന ഘടകം. അത് നന്മയുടെ മാര്‍ഗ്ഗത്തിലും തന്നെ സൃഷ്ടിച്ച തമ്പുരാന്റെ നാമത്തിലുമാണെങ്കില്‍ നന്മയേ വിതക്കൂ. ഓരോ മനുഷ്യനും ജീവിതത്തിലൂടെ നേടിയെടുക്കുന്നത് വ്യത്യസ്താനുഭവങ്ങളും ഗ്രഹിച്ചെടുക്കുന്നത് വിവിധ പാഠങ്ങളുമാണ്. പണ്ഡിതനും പാമരനും സാമാന്യബുദ്ധിയുള്ള സാധാരണക്കാരനും ബുദ്ധി രാക്ഷസനായ ശാസ്ത്രജ്ഞനുമൊക്കെ അങ്ങനെത്തന്നെ. അവരില്‍ ചിലരെങ്കിലും നേടിയെടുത്തത് വരും തലമുറക്കായി ബാക്കിവെക്കുന്നു, പ്രധാനമായും എഴുത്തിലൂടെ. 
വായന... പിന്നീട് വരുന്നവര്‍ പൂര്‍വ്വീകര്‍ ബാക്കിവെച്ചത് ആര്‍ജ്ജിച്ചെടുക്കുന്നത് വായനയിലൂടെയാണ്. ശേഷം അവിടന്നങ്ങോട്ടുള്ള പ്രയാണമാണ് അവര്‍ തുടരുന്നത്. അങ്ങനെയാണ് മനുഷ്യജീവിതം ദൈനംദിനം വളര്‍ന്നുകൊണ്ടേയിരിക്കുന്നത്. മരത്തടികളുപയോഗിച്ച് ഭാരങ്ങള്‍ നീക്കിയത് മുതല്‍ അന്താരാഷ്ട്രബഹിരാകാശനിലയത്തിലെത്തിയത് വരെ ആ നിലക്കാത്ത വായനയിലൂടെയായിരുന്നു. മനുഷ്യരല്ലാത്ത ജീവികള്‍ ഇന്നും തുടങ്ങിയേടത്ത് തന്നെ നില്‍ക്കുന്നതും അതില്ലാത്തത് കൊണ്ട് തന്നെ.
വായന... അത് തമ്പുരാന്റെ നാമത്തിലല്ലെങ്കിലോ, മനുഷ്യരാശിയെത്തന്നെ നശിപ്പിക്കുന്നതിലേക്ക് വരെ അത് എത്തിപ്പെട്ടേക്കാം. ലോക മഹായുദ്ധങ്ങളും  ആണവദുരന്തങ്ങളുമൊക്കെ ഗതി തെറ്റിയ വായനയുടെ ഫലമായിരുന്നല്ലോ. 
വായന.. നന്മയിലൂന്നിയ ആ മഹായജ്ഞം നമുക്ക് വീണ്ടും തുടരാം.. ഖുര്‍ആന്‍ കല്‍പിച്ച പോലെ, ഒട്ടിപ്പിടിക്കുന്ന അതിനിസ്സാരമായ ബീജത്തില്‍ നിന്ന് ജനിച്ചവനാണെന്ന വിനയാന്വിത മനസ്സോടെ.. തന്നെ സൃഷ്ടിച്ച നാഥന്‍ തന്നെയാണ് ഏറ്റവും അത്യുദാരനെന്ന ഉത്തമ ബോധത്തോടെ... 
നമുക്ക് വായിക്കാം.. സൃഷ്ടിച്ച നാഥന്‍റെ നാമത്തില്‍...

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter