വിവാഹ ധൂര്‍ത്തിനെതിരെ ഒന്നിക്കുക
നിശ്ചയമായും ധൂര്‍ത്തന്മാര്‍ പിശാചിന്‍റെ സഹോദരന്മാരാകുന്നു. പിശാചോ, തന്റെ നാഥനോട് നന്ദി കെട്ടവനും (സൂറതുല്‍ഇസ്റാഅ്-27) ആവശ്യമായതിലേറെ ചെലവഴിക്കുന്നതാണ് ധൂര്‍ത്ത്. മനുഷ്യകുലത്തെ സ്നേഹിക്കുന്ന സകല മതങ്ങളും പ്രസ്ഥാനങ്ങളും ധൂര്‍ത്തിനെ എതിര്‍ക്കുന്നവരാണ്. ആവശ്യാനുസരണം ചെലവഴിക്കുക എന്നതാണ് പ്രകൃതിയോട് മനുഷ്യന് ചെയ്യാനാവുന്ന ആദ്യത്തെ നീതി. മിതമായി ചെലവഴിക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കുന്നിടത്തൊക്കെ, അമിതവ്യയത്തെ പാടേ നിരുല്‍സാഹപ്പെടുത്തുന്നതും കണിശമായി വിരോധിക്കുന്നതുമാണ് വിശുദ്ധ ഇസ്‍ലാമിന്‍റെ ശൈലി. ഇതരര്‍ക്ക് ഒന്നും നല്‍കാതെ കൈരണ്ടും പിരടിയിലേക്ക് കെട്ടിവെച്ച നിലയിലിരിക്കരുതെന്ന് പറഞ്ഞ ഉടനെത്തന്നെ വിശുദ്ധ ഖുര്‍ആന്‍, ഒന്നും ബാക്കിവെക്കാതെ എല്ലാം ചെലവഴിക്കരുതെന്നും ഉപദേശിക്കുന്നു. അറ്റമില്ലാതെ പാരാവാരമായി കിടക്കുന്ന സമുദ്രജലത്തില്‍നിന്ന് വുദൂ ചെയ്യുമ്പോള്‍ പോലും മൂന്നിലേറെ പ്രാവശ്യം അവയവങ്ങള്‍ കഴുകുന്നത് കറാഹതാണ് എന്ന് പഠിപ്പിക്കുന്ന ഇസ്‍ലാമിക കര്‍മ്മശാസ്ത്രം ആവശ്യത്തിലധികം ചെലവഴിക്കരുതെന്ന കണിശമായ നിര്‍ദ്ദേശമാണ് അതിലൂടെ മുന്നോട്ട് വെക്കുന്നത്. എന്നാല്‍, ഇന്ന് ഇതേ ആശയാദര്‍ശങ്ങളുടെ വക്താക്കളായ മുസ്‍ലിംകളാണ് ധൂര്‍ത്തും ആര്‍ഭാടവും കര്‍മ്മങ്ങളുടെ ഭാഗമാക്കി, സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നത് എന്നത് വിരോധാഭാസമായി തോന്നുന്നു. ഏറ്റവും ലളിതവും പരിശുദ്ധവുമായി നടക്കേണ്ട പാവനമായ വിവാഹവും അതോട് ബന്ധപ്പെട്ട കര്‍മ്മങ്ങളുമാണ് ഇന്ന് ഇത്തരം ധൂര്‍ത്തിന്റെ ഏറ്റവും വലിയ കേളീരംഗങ്ങളായിരിക്കുന്നത് എന്നതും ഏറെ ഖേദകരം തന്നെ. പെണ്ണിനെ കാണാന്‍ പോകുന്നത് മുതല്‍ തുടങ്ങുന്ന ഇത് വിവാഹശേഷമുള്ള അടുപ്പ് കാണലും തേട്ടവും അമ്മായുമ്മ സല്‍ക്കാരവുമൊക്കെയായി നീണ്ടുനീണ്ടുപോവുകയാണ്. ശേഷം ഗര്‍ഭധാരണത്തോടെ കൊണ്ടുപോക്കും പള്ളകാണലുമായി സുന്നതായ അഖീഖത് അറുക്കുന്നത് വരെ ഇന്ന് പൊങ്ങച്ചത്തിന്റെയും ആര്‍ഭാടത്തിന്റെയും മേഖലകളാണ്. ചുരുക്കത്തില്‍ ആര്‍ഭാടവും ധൂര്‍ത്തും ജീവിതത്തിലെ സാധാരണ ഘട്ടങ്ങളിലേക്ക് ചേര്‍ത്തുവെക്കപ്പെട്ടതോടെ, പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്കായി ചെലവ് കണ്ടെത്താന്‍ ഒരു പുരുഷായുസ്സ് തന്നെ തികയാതെ വരുന്നു. ഭാര്യയെയും മക്കളെയും വീട്ടില്‍ തനിച്ചാക്കി പതിറ്റാണ്ടുകള്‍ മരുഭൂമിയില്‍ ചെലവഴിച്ചിട്ടും ജീവിതത്തിലെ അവസാന അല്‍പദിനങ്ങളെങ്കിലും കുടുംബത്തോടൊപ്പം സ്വസ്ഥമായി ഒന്ന് ജീവിച്ചുകൊതിതീര്‍ക്കാന്‍ പോലും ഭൂരിഭാഗപേര്‍ക്കും ഭാഗ്യം ലഭിക്കാതെ പോകുന്നത് ഇത് കൊണ്ടാണ്. വട്ടിപ്പലിശയിലഭയം തേടി അവസാനം ജീവിതം ഒരു തുണ്ട് കയറില്‍ അവസാനിപ്പിക്കേണ്ടിവരുന്ന രംഗങ്ങളും ഒട്ടും കുറവല്ല. ഈ സാമൂഹിക-വൈയക്തിക വിപത്തിനെതിരെ ശബ്ദമുയര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മുസ്‍ലിം ലീഗും അതിന്റെ യുവ വിഭാഗമായ യൂത്ത് ലീഗും വിവാഹധൂര്‍ത്തിനെതിരെയുള്ള സന്ദേശവുമായി രംഗത്ത് വന്നത് എന്ത്കൊണ്ടും സ്തുത്യര്‍ഹമാണ്. ‘ഏറ്റവും അനുഗ്രഹീത വിവാഹം ഏറ്റവും ചെലവു കുറഞ്ഞ വിവാഹമാണെ’ന്ന പ്രവാചക തിരുവചനം (അഹ്മദ്, ഹാകിം, ബൈഹഖി) മുന്‍നിറുത്തി മഹത്തായ ഈ സംരംഭത്തിന്, മത-രാഷ്ട്രീയ സംഘടനാ-ഗ്രൂപ്പുകള്‍ക്കതീതമായി എല്ലാവര്‍ക്കും പിന്തുണ നല്‍കാനായാല്‍, തീര്‍ച്ചയായും അത് സാരമായ മാറ്റങ്ങള്‍ക്ക് വഴി തെളിച്ചേക്കാം. നാഥന്‍ തുണക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter