സമസ്തയും സ്ത്രീരംഗപ്രവേശത്തോടുള്ള നിലപാടും

1995 ൽ മുസ്ലിം ലീഗ് വനിതാ വിംഗ് രൂപീകരിച്ച സമയം. കോഴിക്കോട്ടങ്ങാടിയിൽ വനിതാ ലീഗിന്റെ നേതൃത്വത്തിൽ ഒരു മാർച്ചും ധർണയും നടക്കുന്ന വാർത്ത മാധ്യമങ്ങളിൽ വന്നു. സമസ്ത മുശാവറ പരസ്യമായി തന്നെ അതിനെതിരെ രംഗത്തു വന്നു. അവസാനം ശിഹാബ് തങ്ങൾ ഇടപെട്ടു വനിതാ ലീഗിനു പെരുമാറ്റ ചട്ടം കൊണ്ടുവന്നു. ഇതാണ് സമസ്ത. മതവിധി പറയുമ്പോൾ ആരുടെയും മുഖം നോക്കാറില്ല.

സ്ത്രീകളുടെ അരങ്ങേറ്റത്തോടും തെരുവു വാഴ്ചയോടും പൊതുവിൽ വിയോജിപ്പുള്ള പ്രസ്ഥാനമാണ് സമസ്ത എന്ന് എല്ലാവർക്കുമറിയാം. നിർബന്ധിതവും അനിവാര്യവുമായ ഘട്ടങ്ങളിലൊഴികെ സ്ത്രീ പൊതു രംഗ പ്രവേശം വേണ്ടെന്ന നിലപാടിലാണ് സംഘടന. അക്കാര്യം ഇടക്കിടെ ആവർത്തിക്കാറുമുണ്ട്. ഇയ്യിടെ നടന്ന യൂത്ത് ലീഗ് യാത്രയിലെ പെൺ പ്രകടനത്തിനെതിരെ നാസർ ഫൈസി കൂടാത്തായി ഉൾപ്പെടെയുള്ളവർ പരസ്യ വിമർശം നടത്തിയതാണ്. ഫൈസിയുടെ FB വാളിൽ അതുമായി ബന്ധപ്പെട്ട കുറിപ്പും രാഷ്ട്രീയക്കാരുടെ പൊങ്കാലകളും ഇപ്പോഴും കാണാം.

വനിത മതിലിനെ കുറിച്ച് മീഡിയകൾ ചോദിച്ചപ്പോൾ, സ്ത്രീകളെ പൊതുരംഗത്തിറക്കുന്ന പ്രവണതയോട് യോജിക്കാനാവില്ലെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി തങ്ങൾ പറഞ്ഞത് വലിയ വാർത്തയായി. അതിന്റെ ആവർത്തനമാണ് Sys നേതാവ് അബ്ദു സമദ് പൂക്കോട്ടൂർ ഇന്നു നടത്തിയത്. വനിതാ മതിലിനോടുള്ള വിയോജിപ്പ് മീഡിയകളുടെ ചോദ്യത്തിനുത്തരമായി അദ്ദേഹവും പറഞ്ഞു. അതിനെതിരെയാണ് മന്ത്രി ജലീൽ ഇന്ന് വൈകുന്നേരം കയറു പൊട്ടിച്ചിരിക്കുന്നത്. ലീഗിന്റെ വനിതാ അഴിഞ്ഞാട്ടത്തിനു സമസ്ത കുടപിടിക്കുകയും, ഇ.കെ സുന്നികൾ ഇരട്ടത്താപ്പ് സ്വീകരിക്കുകയും ചെയ്യുന്നു എന്ന് ആരോപിക്കുകയാണ് മന്ത്രി. ലീഗിന്റെ സ്റ്റേജിൽ കയറി അവരുടെ പരിപാടിയിൽ വെച്ച്, വനിതാ ലീഗിന്റെ അനാവശ്യ ഇടപെടലുകളെ പരസ്യമായി വിമർശിക്കുകയും (യൂടൂബിൽ ആ രംഗം ഇപ്പോഴും ഉണ്ട്) അക്കാരണത്താൽ വിവാദത്തിൽ പെടുകയും ചെയ്ത വ്യക്തിയാണ് സമദ് സാഹിബ്. അതൊന്നും മന്ത്രി ജലീലിനു വിഷയമല്ല. മന്ത്രിയുടെ, രിദ്ദത്ത് വരെ സംഭവിക്കുന്ന 'സർവമത സ്വർഗ പ്രവേശ' വാദത്തിനെതിരെ കഴിഞ്ഞ ദിവസം സംഘടന നടത്തിയ പ്രസ്താവനയോട് കലിപ്പ് തീർക്കുകയാണദ്ദേഹം.

പ്രിയ ജലീൽ, ഇതൊക്കെ സമൂഹം തിരിച്ചറിയുന്നുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ തവനൂരിൽ താങ്കളുടെ എതിരാളി ഇഫ്തിഖാറുദ്ദീൻ ദയനീയമായി പരാജയപ്പെടാനുണ്ടായ മുഖ്യ കാരണം, മുമ്പ് അദ്ദേഹം നടത്തിയ ഒരു പ്രസംഗമായിരുന്നെന്ന് താങ്കൾക്കുമറിയാമല്ലോ. സമസ്തയുടെ സ്ഥാപക നേതാവ് മൗലാന പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർക്കെതിരെയുള്ള ഒരു മുൻ പ്രസംഗം തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ വേട്ടയാടിട്ടുണ്ടെങ്കിൽ, ഇന്ന് താങ്കൾ നടത്തിയ പ്രസംഗവും സംഘടനയുടെ ഫയലിലും സോഷ്യൽ മീഡിയകളിലുമൊക്കെ ഉണ്ടാവും. അന്ന് പള്ളികൾ കയറിയിറങ്ങുമ്പോൾ ഈ 'നവോഥാന പ്രസംഗം' മറക്കരുതേ..... എന്ന് അപേക്ഷിക്കുന്നു.

സ്വാദിഖ് ഫൈസി താനൂര്‌

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter