നമ്മുടെ പെണ്‍കുട്ടികള്‍ എന്തുകൊണ്ട് ഒളിച്ചോടുന്നു?

പെണ്‍കുട്ടികളുടെ ഒളിച്ചോട്ടം ഒരു സാധാരണ സംഭവമായി മാറിയിട്ടുണ്ട് ഇന്ന്. പതിനെട്ടും ഇരുപതും വര്‍ഷം മാതാപിതാക്കളുടെ പരിഗണനയും സ്‌നേഹവും കിട്ടി ജീവിച്ചിട്ടും അവസാനം അവരെ തള്ളിപ്പറഞ്ഞ് കേവലം ഒന്നോ രണ്ടോ മാസം മാത്രം പരിചയമുള്ള കാമുകന്മാരോടൊപ്പം ഒളിച്ചോടിപ്പോകുന്നു. ഇവിടെ ആര്‍ക്കാണ് പിഴച്ചത്, മാതാപ്പിതാക്കള്‍ക്കോ, കുട്ടികള്‍ക്കോ? ഇത്തരം ഒളിച്ചോട്ടങ്ങള്‍ തടയാന്‍ എന്താണ് വഴി?

ഒളിച്ചോട്ടം തടയാന്‍ ചില മുന്‍കരുതലുകള്‍

മുമ്പു നടന്ന പല ഒളിച്ചോട്ടങ്ങളുടെയും പശ്ചാതലത്തില്‍നിന്നും വ്യക്തമായ ചില കാരണങ്ങളും അത് ഇല്ലായ്മ ചെയ്യാനുള്ള ചില മുന്‍കരുതലുകളുമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.

1. അത്യാവശ്യത്തിനല്ലാതെ മൊബൈല്‍ കൊടുക്കാതിരിക്കുക. മൊബൈല്‍ ഉപയോഗിക്കുകയാണെങ്കില്‍തന്നെ രക്ഷിതാക്കളുടെ അറിവിലും നിയന്ത്രണത്തിലുമാവുക. ആരെയാണ് വിളിച്ചതെന്നും ആര്‍ക്കാണ് സന്ദേശമയച്ചതെന്നും അറിയുക.

2. സുഹൃത്തുക്കള്‍ വിളിക്കുമ്പോള്‍ നമ്മുടെ സാനിധ്യത്തിലല്ലാതെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുക.

3. വീട്ടില്‍ ജോലിക്കുവരുന്നവരുണ്ടെങ്കില്‍ അവര്‍ക്കുവേണ്ട ഭക്ഷണവും മറ്റും നിങ്ങള്‍ തന്നെ എത്തിച്ചു കൊടുക്കുക. അവരുമായുള്ള കുട്ടിയുടെ പെരുമാറ്റം നിരീക്ഷിക്കുക.

4. പരിചിതരും അപരിചിതരുമായ പുരുഷന്‍മാരോട് സംസാരിക്കേണ്ടി വരുമ്പോള്‍ ഗൗരവത്തില്‍ തന്നെ സംസാരിക്കാന്‍ പഠിപ്പിക്കുക. ഇതിന് ഉമ്മയടക്കമുള്ള മറ്റ് മുതിര്‍ന്ന സ്ത്രീകള്‍ മാതൃകയായിരിക്കുക. നിങ്ങളുടെ മൃദുല ഭാഷ അന്യരുടെ മനസ്സില്‍ വേണ്ടാത്ത ചിന്ത മുളപ്പിക്കും എന്ന നബിവചനം ഓര്‍ക്കുക.

5.നിങ്ങളുടെ പെണ്മക്കളുടെ കൂട്ടുകാരികളോട്  കുട്ടിയുടെ ഉമ്മ  ചങ്ങാത്തം കൂടുക. ഇത് അവളുടെ സൗഹൃദ വലയം മനസ്സിലാക്കാന്‍ ഉപകരിക്കും.

6. മകള്‍ക്ക് മതപഠനം നിര്‍ബന്ധമാക്കുക. സ്വഹാബി വനിതകളുടെ ചരിത്രങ്ങള്‍ പറഞ്ഞു കൊടുക്കുകയോ കേള്‍പ്പിക്കുകയോ ബുക്ക്‌സ് വാങ്ങി കൊടുക്കുകയോ ചെയുക. സിനിമ, സീരിയല്‍ തുടങ്ങിയവ നിത്യമായി കാണുന്നതിന് നിയന്ത്രണം വെക്കുക.

7. സ്‌കൂളില്‍ നിന്നോ കോളേജില്‍ നിന്നോ ടൂര്‍ പോകുവാന്‍ സമ്മദിക്കരുത് പകരം നിങ്ങള്‍ ഫാമിലിയായി ടൂര്‍ പോവുക. ടൂര്‍ എന്നത് ഒരു ആഭാസം നിറഞ്ഞ ഒന്നാണ് ഇന്ന്. 

8. മകളെ വീട്ടില്‍ തനിച്ചാക്കാതിരിക്കുകയും കഴിയുന്നതും അവരെ തനിച്ച് കിടത്താതിരിക്കുക യും ചെയ്യുക. (ഇവിടെയാണ് വീട്ടിലെ ഉമ്മാമമാരുടെ പ്രസക്തി).

9. മകള്‍ പഠിക്കുന്ന സ്ഥാപനങ്ങളും പോകുന്ന വഴികളും അവരറിഞ്ഞും അറിയാതെയും സന്ദര്‍ശിക്കുക.

10. ഇത്തരം സ്ഥാപനങ്ങളിലെ സമയ ക്രമം അറിഞ്ഞിരിക്കുക. (സ്‌പെഷ്യല്‍ ക്ലാസുള്ള ദിവസങ്ങള്‍ സ്ഥാപനങ്ങളില്‍ വിളിച്ച് ഉറപ്പുവരുത്തുക).

11. മകളോട് സുഹൃത്തിനോടെന്ന പോലെ പെരുമാറുക. എന്തും തുറന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം നിര്‍മ്മിച്ചെടുക്കുക. അവളുടെ ഉള്ള് മനസ്സിലാക്കുക.

12. സ്‌നേഹവും കരുതലും 'പ്രകടിപ്പിക്കുക'. നിങ്ങളില്‍ നിന്ന് അത് ലഭിക്കാതെ വരുമ്പോഴാണ് മറ്റ് ചതിക്കുഴികളിലേക്ക് അവര്‍ ആകര്‍ഷിക്കപ്പെടുന്നത്.

13. തെറ്റുകളോട് മാന്യമായി പ്രതികരിക്കുക. തെറ്റുകള്‍ മനുഷ്യസഹജമാണെന്നും ഇനി ആവര്‍ത്തിക്കപ്പെടാതെ ശ്രദ്ധിക്കണമെന്നതും വാല്‍സല്യത്തോടെ ഉപദേശിക്കുക.

14.ചെറിയ കാര്യങ്ങളില്‍ പോലും അഭിനന്ദിക്കാനും പ്രശംസിക്കാനും മടി കാണിക്കരുത്. ('മൊഞ്ചത്തിയായിട്ടുണ്ടല്ലോ....' തുടങ്ങിയ വാക്കുകള്‍ പറയാന്‍ മടിക്കേണ്ട.) നിങ്ങളത് ചെയ്യുന്നില്ലെങ്കില്‍ വഴിയരികിലെ കഴുകന്‍മാരുടെ പ്രശംസയ്ക്ക് അവള്‍ പ്രാധാന്യം നല്‍കും.

15. വീടുകള്‍ക്കുള്ളില്‍ ഇസ്ലാമിക അന്തരീക്ഷം സൃഷ്ടിച്ചെടുക്കുക. സിനിമ, സീരിയല്‍, റിയാലിറ്റി ഷോകള്‍ തെറ്റിലേക്കുള്ള ചവിട്ടുപടികളാണ്.

16. ഉപദേശിച്ചു നേരെയാക്കുന്നതിന് പകരം പ്രവര്‍ത്തിച്ചു കാണിച്ച് കൊടുക്കുക. അമിതമായ ഉപദേശം വിപരീത ഫലം ചെയ്യും.

17. പഠന സാമഗ്രികളും, ബാഗുകളും മറ്റും അവരറിഞ്ഞും അറിയാതെയും പരിശോധിക്കുക. നിങ്ങള്‍ മൊബൈല്‍ നല്‍കിയില്ലെങ്കിലും അവളുടെ കയ്യില്‍ സുഹൃത്തുകള്‍ മുഖേന അത് എത്തിച്ചേരാം.

18. ഇസ്ലാമിക വസ്ത്രധാരണരീതി പിന്തുടരുക. ലെഗ്ഗിന്‍സ് പോലെയുള്ള ഇറുകിയ വസ്ത്രങ്ങള്‍ ഒരു കാരണവശാലും മക്കള്‍ക്ക് വാങ്ങിക്കൊടുക്കാതിരിക്കുക. കഴുകക്കണ്ണുകളില്‍ നിന്ന് ഒരു പരിധി വരെ സംരക്ഷണം ലഭിക്കും.

19. വിവാഹജീവിതത്തോടുള്ള ആഗ്രഹം അവരില്‍ നിന്ന് നേരിട്ടോ സുഹൃത്തുകള്‍ മുഖേനയോ ചോദിച്ചറിയുക. വിവാഹത്തിനോട് താല്‍പര്യം തോന്നിത്തുടങ്ങിയെങ്കില്‍ എത്രയും പെട്ടെന്ന് കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുക. (പഠനം വിവാഹശേഷവും മുഴുമിപ്പിക്കാം.)

20. കൗമാരക്കാരിയായ മകള്‍ നിറങ്ങളുടെ ലോകത്താണ്. ചിരിച്ചും കളിച്ചും നിങ്ങളും ആ ലോകത്തിലുണ്ടന്ന തോന്നല്‍ അവരിലുണ്ടാക്കുക

മഹല്ലുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം

കെ.പി.എ ഗനിയ്യ് ഫൈസി, അയ്യായ
(മുദരിബ്, സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍)

സമുദായത്തിലെ പെണ്‍കുട്ടികളുടെ ഒളിച്ചോട്ടം പത്രമാധ്യമങ്ങള്‍ക്ക് പോലും വാര്‍ത്തയാവാത്ത വിധം സമുദായത്തില്‍ വര്‍ധിച്ച് വരുമ്പോള്‍ ഇനിയും കണ്ടില്ലെന്ന് നടിക്കാന്‍ നമുക്ക് സാധിക്കുമോ?

'നിശ്ചയം അല്ലാഹു വിന്റെ അടിമകളില്‍ നിന്ന് അവനെ ഭയപ്പെടുന്നവര്‍ ദീനിനെ പഠിച്ചവരാണെന്ന' ഖുര്‍ആനിന്റെ മുന്നറിപ്പ് എത്ര സത്യമാണ്. അല്ലാഹുവിനെ ഭയപ്പെടുന്ന പെണ്‍കുട്ടിക്ക് ഇസ്ലാമിനെ വലിച്ചെറിയാന്‍ സാധി ക്കുമോ? സമുധായത്തിലെ 75% രക്ഷിതാക്കളും തങ്ങളുടെ പെണ്‍കുട്ടികളുടെ മതപഠനം ഭൗതിക വിദ്യാഭ്യാസത്തിന്റെ പേരില്‍ ഏഴാം ക്ലാസ്സോടെ അവസാനിപ്പിക്കുകയാണ്. പ്രായപൂര്‍ത്തിയായതിന്ന് ശേഷം നമ്മുടെ പെണ്‍കുട്ടികള്‍ക്ക് ദീനിനെ അറിയാന്‍ അവസരമില്ലെന്നത് യാഥാര്‍ത്ഥ്യമല്ലേ? ലഭിച്ച മത വിജ്ഞാനമാവട്ടെ വിചാര, വികാരങ്ങളെ പ്രചോദിപ്പിക്കുന്ന ഹോര്‍മോണുക ശരീരത്തില്‍  ഉല്‍പാദിപ്പിക്കപ്പെടുന്ന പ്രായത്തിന് മുമ്പും. ഇനി ചിന്തിക്കൂ...ഒരു പെണ്‍കുട്ടി ഒളിച്ചോടിയാല്‍ ആരെയാണ് നാം കുറ്റപ്പെടുത്തേണ്ടത്.

മദ്‌റസാദ്ധ്യാപക ശാക്തീകരണ പദ്ദതിയായ  'തദ് രീബി'
ന്റെഭാഗമായി ഇത്തരം പ്രണയത്തില്‍ പെട്ട പെണ്‍കുട്ടികള്‍ക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം നടന്ന 'കെമിസ്ട്രി ഓഫ് ലൗ' എന്ന പഠന ക്ലാസിന് രക്ഷിതാക്കളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. ഈ ക്ലാസ് നടന്നിട്ടില്ലാത്ത അനവധി മദ്‌റസകള്‍ ഇനിയുമുണ്ടെന്നറിയുക. 

തദ് രീബിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഫുള്‍ ടൈം സേവകരായി പ്രത്യേകം പരിശീലനം നല്‍കപ്പെട്ട 'മുദരിബു'മാര്‍ ഈവര്‍ഷം മുതല്‍ പ്രവര്‍ത്തന ഗോദയിലിറങ്ങുകയാണ്. പ്രണയക്കുടുക്കില്‍ പെട്ട നമ്മുടെ പെണ്‍കുട്ടികളെ നേര്‍വഴിക്ക് നയിക്കാന്‍ 'കെമിസ്ട്രി ഓഫ് ലൗ' എന്ന വിഷയത്തില്‍ ഓരോ മദ്‌റസാ പരിതിയിലും ക്ലാസ് നടന്നിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. ഇതിന്നായ് മുദരിബു മാരുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

ഇത് ഒളവോളം ഇത്തരം ഒളിച്ചോട്ടങ്ങള്‍ തടയാന്‍ സഹായിച്ചേക്കും. മഹല്ലുകളും മദ്‌റസ കമ്മിറ്റികളും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണ് ഇതിനു വേണ്ടത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter