കാലത്തിനൊത്ത് ഉയരുന്നുണ്ടോ നമ്മുടെ മദ്‌റസ വിദ്യാഭ്യാസം?

മദ്‌റസാ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്ക ഘടനയിലും വിനിമയ രീതിയിലും മൗലികമായ മാറ്റങ്ങളും പരിഷ്‌ക്കാരങ്ങളും വ്യാപകമായിട്ടില്ലെങ്കിലും അങ്ങിങ്ങായി സംഭവിക്കുന്നുണ്ട് എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം ആശാവഹമായൊരു കാര്യമാണ്. ശാസ്ത്രീയമായും വ്യവസ്ഥാപിതമായും മദ്‌റസാ വിദ്യാഭ്യാസം ഒരുവിധം തൃപ്തികരമായി നടക്കുന്നതും കേരളത്തിലാണ് എന്നതുകൊണ്ട് നമ്മുടെ ചര്‍ച്ച കേരളീയ പശ്ചാത്തലത്തെ മുന്‍നിര്‍ത്തിയാവുന്നത് കൂടുതല്‍ പ്രസക്തമാവും. ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തോളം തന്നെ പഴക്കം കേരളത്തിലെ മത വിദ്യാഭ്യാസത്തിനുണ്ട്. സംസ്ഥാനത്തെത്തിയ മതപ്രബോധകരുടെ സന്ദേശപ്രചരണത്തില്‍ ആകൃഷ്ടരായി ഇസ്‌ലാമിലേക്കു കടന്നുവന്ന ഇതര ജാതിമതസ്ഥര്‍ക്ക് മതപഠന സൗകര്യമൊരുക്കേണ്ടത് കാലഘട്ടത്തിന്റെ വലിയൊരാവശ്യമായിരുന്നു. പ്രസ്തുത ആവശ്യം രണ്ടു സാധ്യതകളിലേക്കു കൂടി വാതില്‍ തുറന്നിടുകയും ചെയ്തു. മറ്റുള്ളവരെ മതം പഠിപ്പിക്കുന്നതിനു കഴിവുള്ള അധ്യാപകരെ കണ്ടെത്തുക, മതപരമായ ആരാധനകള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും നേതൃത്വം നല്കാന്‍ പ്രാപ്തരായ പണ്ഡിതന്മാരെ വാര്‍ത്തെടുക്കുക എന്നിവയായിരുന്നു ആ രണ്ടു സാധ്യതകള്‍. അങ്ങനെയാണിവിടെ അതാതു കാലത്തിനിണങ്ങിയ മതപാഠശാലകള്‍ ഉയര്‍ന്നുവന്നത്. പില്‍ക്കാലത്തവ ഓത്തുപള്ളികളായും പിന്നീട് ദര്‍സുകളായും തുടര്‍ന്ന് മദ്‌റസകളായും വളര്‍ന്നു വികസിച്ചു.

പരിമിതികള്‍ ഏറെയുണ്ടായിരുന്നെങ്കിലും കുട്ടികളെ ഇസ്‌ലാമിക അടിസ്ഥാന വിശ്വാസങ്ങളിലും മൂല്യങ്ങളിലും ഉറപ്പിച്ചുനിര്‍ത്താനും ആരാധനാ- അനുഷ്ഠാന രീതികളെ സംബന്ധിച്ച ധാരണകളും ആശയങ്ങളും പകര്‍ന്നുകൊടുക്കാനും പഴയകാല മദ്‌റസാ വിദ്യാഭ്യാസത്തിന് സാധിച്ചിട്ടുണ്ട്. അക്കാലത്തെ മതവിദ്യാഭ്യാസ വിനിമയ ലക്ഷ്യങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ഏറെക്കുറെ പര്യാപ്തമായിരുന്നു ഇപ്പറഞ്ഞ പഠന- ബോധന പ്രക്രിയ എന്നതും ശ്രദ്ധേയമാണ്. കാലവും സമൂഹവും ആവശ്യങ്ങളും സാഹചര്യങ്ങളും വികസിച്ചതോടെ മദ്‌റസാ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലും വിനിമയ സ്വഭാവത്തിലും മാറ്റങ്ങള്‍ സംഭവിച്ചു. മുസ്‌ലിം സമൂഹത്തില്‍ സംഘടനകളുടെ പിറവിയും പ്രവര്‍ത്തനങ്ങളും മദ്‌റസാ വിദ്യാഭ്യാസത്തിന്റെ ശാക്തീകരണത്തിന്റെയും ശാസ്ത്രീയമായ വിനിമയ നിര്‍വഹണത്തിന്റെയും രാസത്വരകമായി മാറി എന്നതും വലിയൊരു വസ്തുതയാണ്. സംഘടനകള്‍ മദ്‌റസാ വിദ്യാഭ്യാസത്തിനും സവിശേഷമായ തനതു പാഠ്യപദ്ധതി സമിതികള്‍ രൂപപ്പെടുത്താനും അവക്കു കീഴില്‍ പാഠപുസ്തകങ്ങള്‍ വികസിപ്പിക്കാനുമാരംഭിച്ചു. അധ്യാപക നിയമനം, അധ്യാപകര്‍ക്കുള്ള പരിശീലനം, പ്രവര്‍ത്തന കലണ്ടര്‍, മദ്‌റസാ ഡയറി, ടൈംടേബിള്‍ സിസ്റ്റം, പരീക്ഷകള്‍, അവധിക്കാലം എന്നിങ്ങനെ സ്‌കൂള്‍ വിദ്യാഭ്യാസം പോലെ തന്നെ ഒരു സമാന്തരധാരയായി കേരളത്തില്‍ മദ്‌റസാ വിദ്യാഭ്യാസവും ഇന്ന് സജീവമാണ്. മദ്‌റസാ വിദ്യാഭ്യാസ പ്രക്രിയയുടെ ഘടനയിലും സ്വഭാവത്തിലും വന്നുകൊണ്ടിരിക്കുന്ന കാലികവും ആരോഗ്യകരവുമായ വികാസ വ്യതിയാനങ്ങളും കാണാതിരുന്നുകൂടാ. ആഗോളവത്കരണത്തിന്റെ അപ്രതിഹതമായ പ്രവാഹം മുസ്‌ലിം പൊതുബോധത്തെ എത്രത്തോളം സ്വാധീനിച്ചു എന്നറിയാന്‍ കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസ കാര്യത്തില്‍ അവര്‍ പുലര്‍ത്താന്‍ ആരംഭിച്ച അതീവ ജാഗ്രതയുടെയും അമിത താല്പര്യത്തിന്റെയും ആഴമന്വേഷിച്ചാല്‍ മാത്രം മതി. വീട്ടില്‍ നിന്നും മുപ്പത് കിലോമീറ്റര്‍ അകലെയുള്ളതും അന്തര്‍ദേശീയ നിലവാരമുണ്ട് എന്നു പ്രചരിപ്പിക്കപ്പെടുന്നതുമായ സ്‌കൂളില്‍ പോയി പഠിക്കുന്ന ഒന്നാംക്ലാസുകാര്‍ ഈ ലേഖകന്റെ നാട്ടിലുണ്ട്. ഓരോ പ്രവൃത്തി ദിവസവും അറുപത് കിലോമീറ്റര്‍ ദൂരമാണ് ആ അഞ്ചു വയസുകാര്‍ യാത്ര ചെയ്യേണ്ടി വരുന്നത് എന്നോര്‍ക്കണം. ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണേണ്ടതില്ല. പല രക്ഷിതാക്കള്‍ക്കും സ്വന്തം കുട്ടികളുടെ മദ്‌റസാ വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയാത്ത വിധം സങ്കീര്‍ണമായിത്തീര്‍ന്നിട്ടുണ്ട് ഇന്നത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ രീതിയും ഭാവവും. 

മതവിദ്യാഭ്യാസത്തിന്റെ വഴിയില്‍ ഉയര്‍ന്നുവന്ന പ്രതിസന്ധികള്‍ മറികടക്കാന്‍ ഇസ്‌ലാമിക സമൂഹം കണ്ടെത്തിയ പ്രതിവിധികളായിരുന്നു ഒഴുവുദിന മദ്‌റസകള്‍, അവധിക്കാല മദ്‌റസകള്‍, തപാല്‍ മദ്‌റസകള്‍, ഓണ്‍ലൈന്‍ മദ്‌റസകള്‍, വീടുകള്‍ കേന്ദ്രീകരിച്ചുള്ള ട്യൂഷനുകള്‍ എന്നീ സംവിധാനങ്ങള്‍. സ്‌കൂള്‍ പാഠ്യപദ്ധതിയെയും മദ്‌റസാ പാഠ്യപദ്ധതിയെയും സംയോജിപ്പിച്ച് വിദ്യാലയങ്ങള്‍ നടത്തുന്ന മാനേജ്‌മെന്റുകള്‍ കേരളത്തിലുണ്ട്. 

പുരോഗമന പ്രസ്ഥാനങ്ങള്‍ വനിതാ അധ്യാപകരെ പ്രയോജനപ്പെടുത്തി നടത്തുന്ന മദ്‌റസകള്‍  പെണ്‍കുട്ടികളെ മതവിദ്യാഭ്യാസത്തിലേക്കാകര്‍ഷിക്കാനും രക്ഷിതാക്കളില്‍ താല്പര്യമുണര്‍ത്താനും ഒട്ടേറെ സഹായകമായിട്ടുണ്ട്. കാലോചിതമായി സംഭവിച്ച മദ്‌റസാ വിദ്യാഭ്യാസ പരിഷ്‌ക്കരണ ശ്രമങ്ങള്‍ ഇസ്‌ലാമിന്റെ ഭിന്നങ്ങളായ വൈജ്ഞാനിക മേഖലകളുമായും വിഷയ ശാഖകളുമായും പുതുതലമുറയെ ബന്ധിപ്പിക്കാന്‍ അവസരമൊരുക്കി എന്നത് പ്രസ്താവ്യമായൊരു അക്കാദമിക നേട്ടമാണ്. ഖുര്‍ആന്‍, ഹദീസ്, കര്‍മശാസ്ത്രം, വിശ്വാസസംഹിത, ഇസ്‌ലാമിക ചരിത്രം, സ്വഭാവമര്യാദകള്‍, അറബി ഭാഷ തുടങ്ങിയ വ്യത്യസ്ത വിഷയങ്ങള്‍ പഠിക്കാന്‍ മദ്‌റസകളില്‍ ഇന്നും സൗകര്യങ്ങളുമുണ്ട്. സെക്കന്ററി മദ്‌റസാ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന ഒരു വിദ്യാര്‍ഥിക്ക് ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും അറബിഭാഷാ വിനിമയത്തിലും ശ്രദ്ധേയമായ ശേഷീ വികാസം കൈവരിക്കാനാവും എന്നതിന് അനുഭവ സാക്ഷ്യങ്ങളുണ്ട്. 

 

വര്‍ത്തമാനകാല മദ്‌റസാ വിദ്യാഭ്യാസ നവീകരണത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ രണ്ടു പ്രധാന മേഖലകളില്‍ ശ്രദ്ധയൂന്നേണ്ടതുണ്ടെന്ന് ഈ ലേഖകന് തോന്നാറുണ്ട്. ഒന്ന് പാഠ്യപദ്ധതിയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട മേഖലയാണ്. ഇസ്‌ലാമിക ദര്‍ശനത്തിന്റെ അടിസ്ഥാന തത്വങ്ങളും ആശയങ്ങളും കാലികമായി അവതരിപ്പിക്കപ്പെടുകയും നിത്യജീവിതത്തിലെയും സാമൂഹിക ജീവിതത്തിലെയും പ്രശ്‌നങ്ങളോട് സംവദിക്കാനും അവ പ്രായോഗികമായി പരിഹരിക്കാനും പ്രാപ്തിയുള്ള ഒരു പ്രത്യയശാസ്ത്രമായി ഇസ്‌ലാം പ്രതിനിധീകരിക്കപ്പെടുകയും ചെയ്യുന്നിടത്തേക്ക് മദ്‌റസാ വിദ്യാഭ്യാസത്തിന്റെ പാഠ്യപദ്ധതി ഉള്ളടക്കം വികസിക്കേണ്ടതുണ്ട്. പണ്ടത്തേതില്‍ നിന്നും നമ്മുടെ കുട്ടികളുടെ അനുഭവ ലോകവും അറിവിന്റെ പരിസരവും ഒരുപാടു മുന്നോട്ടു പോയിട്ടുണ്ട് എന്നതാണ് അതിനുള്ള മുഖ്യ കാരണം. ചുറ്റുവട്ടത്തും ആഗോള തലത്തിലും അരങ്ങേറുന്ന സംഭവവികാസങ്ങളെ മാധ്യമങ്ങള്‍ വഴിക്കോ സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെയോ ഏതെങ്കിലും തരത്തില്‍ വിശകലനം ചെയ്യുന്നവരാണ് നമ്മുടെ കുട്ടികള്‍. വര്‍ഗീയ സംഘര്‍ഷങ്ങള്‍, വംശഹത്യകള്‍, യുദ്ധങ്ങള്‍, ഭീകരാക്രമണങ്ങള്‍, സാമ്രാജ്യത്വ അധിനിവേശങ്ങള്‍, ഇസ്‌ലാമോഫോബിയ തുടങ്ങി ലോകത്ത് പലയിടങ്ങളിലായി നടക്കുന്ന അഭിശപ്തമായ മനുഷ്യവിരുദ്ധ പാതകങ്ങള്‍ നിഷേധാത്കമക ചിന്ത, അപര്‍കഷതാബോധം, ആത്മനിന്ദ, സ്വത്വപ്രതിസന്ധി എന്നിവയിലേക്കും പുതിയ തലമുറയെ അവരറിയാതെ തന്നെ വഴിതിരിച്ചു വിടുന്നുണ്ട്. ‘അബോധപരമായ ഒരു തരം മസ്തിഷ്‌ക പ്രക്ഷാളനം’ (ചീിരീിരെശീൗ െശിറീരൃേശിമശേീി) എന്ന് മനശ്ശാസ്ത്ര ഭാഷയില്‍ ഈ വ്യതിയാനത്തെ നമുക്കു വിശേഷിപ്പിക്കാം. കുട്ടികളുടെ സ്വഭാവ രൂപീകരണത്തെയും മനോഭാവ പാകപ്പെടലിനെയും ഈ വ്യതിയാനം നല്ലൊരളവില്‍ അട്ടിമറിക്കുകയും ഗുരുതരമായ അനന്തരാഘാതങ്ങള്‍ ഭാവിയില്‍ സൃഷ്ടിക്കുകയും ചെയ്യും എന്നതാണ് പേടിപ്പെടുത്തുന്ന മറ്റൊരു സത്യം. ഈയൊരു വെല്ലുവിളിയെക്കൂടി ആധുനിക മതവിദ്യാഭ്യാസം ഗൗരവമായി അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു. വര്‍ത്തമാനകാല ജീവിത പരിസരത്തെയും യാഥാര്‍ഥ്യങ്ങളെയും ഇസ്‌ലാമിന്റെ സൈദ്ധാന്തിക അടിത്തറകളില്‍ നിന്നുകൊണ്ട് നോക്കിക്കാണാനും പ്രായോഗിക കര്‍മ മാതൃകകളനുഷ്ഠിച്ചുകൊണ്ട് അവയോട് സംവദിക്കാനും പുതിയ തലമുറയെ സജ്ജമാക്കാന്‍ സഹായിക്കുന്ന ഉള്ളടക്ക ഗാംഭീര്യം മദ്‌റസാ പാഠ്യപദ്ധതിയില്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇസ്‌ലാമിക രാജ്യത്തോ ഇസ്‌ലാമിക സാമൂഹിക ഘടനക്കകത്തോ അല്ല നമ്മുടെ കുട്ടികള്‍ ജീവിക്കുന്നത്. ഇന്ത്യയെന്ന ബഹുസ്വര രാജ്യമാണ് അവരുടെ ഭൂമിക. മഹാഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ക്കും സഹോദര ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ക്കും സിക്കുകാര്‍ക്കുമൊക്കെയിടയില്‍ വിശ്വാസ വൈരുധ്യങ്ങളുടെയും ആചാര വൈവിധ്യങ്ങളുടെയും അനുഷ്ഠാന വൈജാത്യങ്ങളുടെയും നടുവിലാണ് അവര്‍ കഴിഞ്ഞുവരുന്നത്. ഒരു ബഹുസ്വരസമൂഹത്തില്‍ ഇസ്‌ലാമിനെ പ്രതിനിധീകരിച്ചു എങ്ങനെയാണ് ജീവിക്കേണ്ടത്? അവരോടെങ്ങനെയാണ് അനുവര്‍ത്തിക്കേണ്ടത്? അവരോടൊപ്പം സഹവസിച്ചും സഹവര്‍ത്തിച്ചുംകൊണ്ട് സ്വന്തം മതകീയ അസ്തിത്വവും വ്യക്തിത്വവും എങ്ങനെയാണ് കാത്തുസൂക്ഷിക്കേണ്ടത്? എന്നതിനെ സംബന്ധിച്ച് മുസ്‌ലിം സമുദായത്തിലെ മുതിര്‍ന്നവര്‍ക്കുപോലും വേണ്ടത്ര പിടിപാടില്ലാത്തതിന്റെ അനര്‍ഥങ്ങള്‍ ദിനേനയെന്നോണം നാം കണ്ടുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ പിന്നെ കുട്ടികളുടെ അവസ്ഥ എന്താവുമെന്നോര്‍ക്കണം. മദ്‌റസയിലേക്ക് പോകുംവഴി കയ്യിലിരുന്ന ‘മുസ്ഹഫ്’ കൗതുകത്താല്‍ തൊടാന്‍ ശ്രമിച്ച ഹിന്ദുവായ അയല്‍വാസിക്കുട്ടിയോട് ‘ഛെ, ശുദ്ധിയില്ലാത്തവര്‍ ഇത് തൊടരുത്’ എന്നുപറഞ്ഞ് അകന്നുമാറിയ മുസ്‌ലിം കുട്ടിയെ അടുത്ത കാലത്ത് ഒരു പൊതുസദസ്സില്‍ ഒരു കവി പരസ്യമായി അനുസ്മരിക്കുകയുണ്ടായി. 

‘അശുദ്ധ’നാക്കപ്പെട്ടത് കവിയുടെ സ്വന്തം കുട്ടിയായിരുന്നു എന്നതാണ് തമാശ. അപ്രതീക്ഷിതമായി അങ്ങനെ അശുദ്ധരാക്കപ്പെടുന്ന ഇതര സമുദായങ്ങളിലെ സഹോദരങ്ങള്‍ ‘മദ്‌റസകള്‍ തീവ്രവാദകേന്ദ്രങ്ങള്‍’ എന്നു കേള്‍ക്കേണ്ടിവരുമ്പോള്‍ ഇത്തിരിയെങ്കിലും സംശയിച്ചുപോയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇസ്‌ലാമിനെ വിചാരപരമായി കാണുകയും പിന്തുടരുകയും ചെയ്യുന്ന ഒരു തലമുറ മദ്‌റസാ ക്ലാസ് മുറിയില്‍ നിന്നും രൂപപ്പെടേണ്ടതുണ്ട്. അതിന് സഹായിക്കുന്ന സമഗ്രവും ശാസ്ത്രീയവുമായൊരു ‘പാഠ്യപദ്ധതി’യാണ് വികസിച്ചുവരേണ്ടത്. പരമാവധി വിദ്യാര്‍ഥി കേന്ദ്രിതവും അനുഭാവാധിഷ്ഠിതവുമായിരിക്കണം ആ പാഠ്യപദ്ധതി. പഠിതാക്കളുടെ പ്രായവും കഴിവും അഭിരുചിയും പരിഗണിച്ചുകൊണ്ട് ക്രമപ്രവൃദ്ധമായി വികസിച്ചുവരുമ്പോഴേ ഏതൊരു പാഠ്യപദ്ധതിയും ചടുലതയും വഴക്കമുള്ളതുമാവൂ. സാമ്പ്രദായിക രീതിശാസ്ത്രത്തിലുള്ള അറിവുകളുടെ അരോചകമായ വിന്യാസമായി പാഠപുസ്തകങ്ങളുടെ ഉള്ളടക്കം മാറാനിടവരരുത്. പുതിയ ചിന്തയിലേക്കും അന്വേഷണത്തിലേക്കും കുട്ടികളെ ആനയിക്കുക വഴി സ്വന്തം മതദര്‍ശനം അനുഭൂതിയും ആഹ്ലാദവും ആനന്ദവുമായി കൂട്ടികള്‍ക്ക് തോന്നണം. മനശ്ശാസ്ത്ര വിദഗ്ധരും സാമൂഹികചിന്തകരും അക്കാദമിക്കുകളും ബോധനശാസ്ത്രനിപുണരും ഇസ്‌ലാമിക പണ്ഡിതന്മാരുമെല്ലാമുള്‍ക്കൊള്ളുന്ന ഒരു സര്‍ഗാത്മക സംഘമായിരിക്കണം മദ്‌റസാ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും യഥാര്‍ഥത്തില്‍ രൂപപ്പെടുത്തേണ്ടത്. ഉള്ളടക്കപരമായ പ്രതിസന്ധിപോലെ ഗൗരവമര്‍ഹിക്കുന്നതാണ് ഇന്ന് മദ്‌റസാ ക്ലാസ്മുറികളില്‍ പിന്തുടര്‍ന്നുവരുന്ന സ്റ്റീരിയോടൈപ്പ് പഠന-ബോധന രീതിശാസ്ത്രങ്ങള്‍.സ്‌കൂളുകളില്‍ഡിജിറ്റല്‍ ക്ലാസുമുറികളിലിരുന്ന് സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പഠനം നടത്തുന്ന അതേ വിദ്യാര്‍ഥികള്‍ മദ്‌റസാ ക്ലാസ്മുറികളിലേക്കുവരുമ്പോള്‍ ആ പഴയ അധ്യാപകകേന്ദ്രിത-പാഠപുസ്തക ബന്ധിത പഠനം നടത്താന്‍ നിര്‍ബന്ധിതരാകുന്നു. ഉയര്‍ന്ന പ്രഫഷണല്‍ അധ്യാപന ബിരുദമുള്ളവരാണ് സ്‌കൂളുകളില്‍ പഠിപ്പിക്കുന്നതെങ്കില്‍ അധ്യാപനത്തിന്റെ പ്രഫണലിസം വശമില്ലാത്തവരാണ് മദ്‌റസയിലെ ‘മുഅല്ലിമുകള്‍’ ഭൂരിഭാഗവും. പാഠപുസ്തകങ്ങളോടൊപ്പം അധ്യാപകസഹായികളും നിരന്തരമായ പരിശീലന പരിപാടികളും സ്‌കൂള്‍ അധ്യാപകരെ കൂടുതല്‍ ശാക്തീകരിക്കുമ്പോള്‍ മദ്‌റസാ അധ്യാപകര്‍ക്ക് സമാനമായ സാമഗ്രികളോ സംവിധാനങ്ങളോ ഇല്ലാത്തതും പ്രശ്‌നമാണ്. മേല്‍ത്തട്ടില്‍ നിന്നുള്ള പരിശോധനയും തല്‍സ്ഥല പിന്തുണയും സ്‌കൂള്‍ അധ്യാപകര്‍ക്ക് ലഭ്യമാണെങ്കില്‍ മദ്‌റസാധ്യാപകരെ സംബന്ധിച്ചിടത്തോളം അതെല്ലാം സങ്കല്പങ്ങള്‍ക്കപ്പുറത്താണ്. 

പഠനം സ്‌കൂളിലായാലും മദ്‌റസയിലായാലും അതൊരു ചിന്തനപ്രക്രിയയാണ് എന്നും ആദ്യമേ നാം തിരിച്ചറിയണം. അറിവുകളുടെ നിര്‍മാണത്തിലേക്കും അനുഭവങ്ങളുടെ ആര്‍ജനത്തിലേക്കുമാണ് പഠനം പഠിതാവിനെ പ്രചോദിപ്പിക്കുന്നത്. മതിയായ ഭൗതിക സൗകര്യങ്ങളും സുഖകരമായ പഠനാന്തരീക്ഷവും ആസ്വാദ്യകരമായ പഠനസാമഗ്രികളും ഒത്തുവരുമ്പോഴാണ് പഠനപ്രക്രിയ ചടുലവും സജീവവും അര്‍ഥപൂര്‍ണവുമാകുന്നത്. മദ്‌റസകള്‍ ഈ വിതാനത്തിലേക്കുയരുമ്പോഴാകും ഇസ്‌ലാമിന്റെ അജയ്യമായ സൈദ്ധാന്തിക അടിത്തറയില്‍ പഠിതാക്കളുടെ മൂല്യവത്കരണം യാഥാര്‍ഥ്യമാവുക. മത വിദ്യാഭ്യാസരംഗം വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ക്കും പരിഷ്‌കാരങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്നു എന്ന് സംശയലേശമന്യെ നമുക്ക് വിളിച്ചുപറയാം. കൂട്ടത്തില്‍ ഒരുകാര്യം കൂടി സംശയിക്കാതെ നമുക്ക് പറയാന്‍ സാധിക്കണം. കാലമുയര്‍ത്തുന്ന വെല്ലുവിളികള്‍ വെച്ചുനോക്കുമ്പോള്‍ നമ്മുടെ മദ്‌റസാ വിദ്യാഭ്യാസമേഖല ഇപ്പോഴും വളരെ പിന്നിലാണ്. 

ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്‌

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter