ഡല്‍ഹി ഇടിച്ചുനിരത്തല്‍: മുസ്‌ലിംകളെ ലക്ഷ്യംവെച്ചുള്ള ഭരണനടപടികള്‍ ഇന്ത്യന്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നത്?
ഭാരതീയ ജനത പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ജഹാംഗീര്‍പുരിയില്‍ അനധികൃതമായി നിര്‍മ്മിച്ചവയാണെന്നവകാശപ്പെട്ട് സ്വത്തുക്കള്‍ പൊളിച്ച് തുടങ്ങിയത് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു. അവയില്‍ ഭൂരിഭാഗവും മുസ്‌ലിം ഉടമസ്ഥതയിലുള്ളവയായിരുന്നു. നഗരത്തിന്റെ വടക്കുകിഴക്കന്‍ ഭാഗമായ അയല്‍പ്രദേശങ്ങളില്‍ വര്‍ഗീയ അക്രമം നടന്ന് നാല് ദിവസത്തിന് ശേഷമാണ് ഈ നടപടിയുണ്ടാവുന്നത്. തോക്കുകളും വാളുകളുമായി ഹിന്ദുമതഘോഷയാത്ര ഒരു മുസ്‌ലിം പള്ളിയിലൂടെ കടന്നുപോയതാണ് സംഘര്‍ഷത്തിന് കാരണമായത്. 
ഈയടുത്ത ആഴ്ചകളില്‍ രാജ്യത്തിന്റെ മറ്റ്ഭാഗങ്ങളിലും സമാനമായ നീക്കങ്ങള്‍ കാണാനായി. മതപരമായ സംഘര്‍ഷങ്ങള്‍ക്ക് ശേഷം, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരെ കൂട്ടായ ശിക്ഷാമാര്‍ഗമെന്ന നിലയില്‍ കയ്യേറ്റങ്ങളെന്ന വ്യാജേന അവരുടെ വീടുകളിലേക്കും കടകളിലേക്കും ബുള്‍ഡോസറുമായി കടന്നുചെല്ലുന്നു.
ഈ സംഭവങ്ങളുടെ പരമ്പരയില്‍ തീര്‍ച്ചയായും അവിശ്വസനീയമായ ഒരു കാര്യമുണ്ട്. മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ള വിദ്വേഷം നിറഞ്ഞ മതപരമായ ഘോഷയാത്രകള്‍ മുതല്‍ തൊഴിലാളിവര്‍ഗ മുസ്‌ലിംകളെ കൂട്ടശിക്ഷക്ക് വിധേയരാക്കുന്ന ഭരണകൂടംവരെ അവിശ്വസനീയതിയില്‍ ഉള്‍പ്പെടുന്നു. ബുധനാഴ്ച, ഹിന്ദുത്വ അനുഭാവികളുടെയും, അതോടൊപ്പം മിക്ക മാധ്യമങ്ങളുടെയും ആഘോഷങ്ങളും മാനസികാവസ്ഥയുമാണ് അവിടെ വേറിട്ട് നിന്ന മറ്റൊരു കാര്യം. മുസ്‌ലിം സ്വത്തുക്കള്‍ അനിയന്ത്രിതമായി നശിപ്പിക്കുന്നത് സന്തോഷകരമായ ഒരു സംഭവമായാണ് അവര്‍ കണ്ടത്.
മുസ്‌ലിംകള്‍ക്കെതിരായ അക്രമം ആഘോഷിപ്പെടുന്നു
ഇത് കൃത്യമായ രൂപകല്‍പന പ്രകാരമായിരുന്നുവെന്ന് വേണം മനസ്സിലാക്കാന്‍. പൊളിക്കലുകള്‍ മുഴുവന്‍ നടത്തിയത് മാധ്യമങ്ങളുടെ സാനിധ്യത്തിലാണ്. അക്രമം വ്യക്തമായും ബി.ജെ.പിക്ക് രാഷ്ട്രീയ നേട്ടം കൈവരിക്കാനുള്ള ഒരു മാര്‍ഗമായി, അവരുടെ രാഷ്ട്രീയ അധികാരം ഉറപ്പിക്കുന്നതിനുള്ള മാര്‍ഗമായിരുന്നു. ഇരകളുടെ വീടുകളിലേക്ക് ബുള്‍ഡോസറുകള്‍ നീങ്ങുന്നതിന്റെ കണക്കുകള്‍ സഹിതം മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. അതിന്റെ മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്ന തൊഴിലാളികളുമായി വാര്‍ത്ത അവതാരകര്‍ അഭിമുഖം നടത്തി, ഒരു മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിന്റെ പരിവേഷം നല്‍കി, എന്താണ് തകര്‍ത്തെതെന്നും എങ്ങിനെയാണ് തകര്‍ത്തതെന്നും അവരോട് ബൈറ്റ് നടത്തി, ചില സന്ദര്‍ഭങ്ങളില്‍ പത്രപ്രവര്‍ത്തകര്‍തന്നെ ബുള്‍ഡോസറുകളില്‍ കയറിയിരിക്കുകയും ചെയ്തു.
പിന്നീട് ബി.ജെ.പി ഐ.ടി സെല്‍അക്കൗണ്ടുകള്‍ ട്വിറ്ററില്‍ കോര്‍ഡിനേറ്റ് ചെയ്ത് പൊളിച്ചുമാറ്റുന്നതില്‍ അമിത്ഷായുടെ വരെ പിന്തുണയുണ്ടെന്ന് പ്രകടിപ്പിക്കുന്നിടത്തേക്ക് വരെ കാര്യങ്ങളെത്തി.
നിരവധി മുസ്‌ലിം തൊഴിലാളികളുടെ ജീവിതം നശിപ്പിച്ചതിന്റെ പരസ്യമായ ആഘോഷവും ആഹ്ലാദവും ഉണ്ടായി, അതിലെ ഏറ്റവും മോശമാമെന്ന് തോന്നിയത്, അവതാരകനും മാധ്യമപ്രവര്‍ത്തകനുമായ നവീന്‍ കുമാര്‍ കുറിച്ചതാണ്: 'ഇന്ത്യ ഇത്രയധികം ഇടിച്ചുനിരത്തലുകള്‍ നടത്തുന്നു, അതിന് കൂടുതല്‍ ബുള്‍ഡോസറുകള്‍ ഇറക്കുമതി ചെയ്യേണ്ടതുണ്ട്.' എന്നാണ് പരിഹസിച്ചത്.
വിഭജനത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥാപിതമായ ആധുനിക ഇന്ത്യക്ക് വര്‍ഗീയതയുമായി ബന്ധപ്പെട്ട നീണ്ട ചരിത്രം തന്നെയുണ്ട്. എന്നിരുന്നാലും, ഈ നിമിഷത്തില്‍ പുതുമയുള്ളതെന്ന് പറയാന്‍, അതിന്റെ അപലപനീയമായ സ്വഭാവമാണ്. വിദ്വേഷം നിറഞ്ഞ ഘോഷയാത്രകള്‍, മുസ്‌ലിം വീടുകളെ ലക്ഷ്യമിട്ട് കൂട്ടമായി തകര്‍ക്കപ്പെടുന്നു. പൊതു മണ്ഡലത്തിന്റെ പ്രധാന ഭാഗങ്ങളില്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള അക്രമം സ്വാഗതം ചെയ്യപ്പെടുന്നു. ഫലത്തില്‍ ഹിന്ദു ദേശീയതയിപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പ്രധാന ധ്രുവമാണെന്ന് ചുരുക്കം.
ആശങ്കാജനകമാണ് കാര്യങ്ങള്‍
ദേശീയതയെ വംശീയതയിലേക്ക് ചുരുക്കുന്നത് പുതിയ കാര്യമല്ല. ഇന്ത്യയുടെ അയല്‍പക്കത്ത് അതിന്റെ ഏറ്റവും നല്ല ഉദാഹരണം ശ്രീലങ്കയാണ്. ബ്രിട്ടീഷുകാര്‍ ദ്വീപ് വിട്ടതിന് ശേഷം ബുദ്ധ-സിംഹള ദേശീയത 1950 കളില്‍ ആരംഭിക്കുകകയും ഹിന്ദു-തമിഴ് സംസാരിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് മേല്‍ തീവ്രമായ അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്തു. ഇതിന്റെ ഫലമായുണ്ടായ ആഭ്യന്തരയുദ്ധം ലോകത്തിലെ ഏറ്റവും രൂക്ഷമായ ആഭ്യന്തര സംഘട്ടനങ്ങളിലൊന്നായിരുന്നു. ഇന്ത്യയുടെ രണ്ട് ശതമാനത്തില്‍ താഴെ ജനസംഖ്യയുള്ള, താരതമ്യേന വികസിതവും ചെറിയതുമായ രാജ്യമാണ് ശ്രീലങ്ക, എന്നിട്ട് പോലും ഇതായിരുന്നു യാഥാര്‍ത്ഥ്യം.
ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഏതൊരു വംശീയതയും അതിനാല്‍ അത്യന്തം അപകടം ക്ഷണിച്ചുവരുത്തുന്നതാണ്. ഇപ്പോള്‍ സംഭവിക്കുന്നത് പോലെ മുസ്‌ലിംകളെ ഏകപക്ഷീയമായി ലക്ഷ്യമിടുന്നത് വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഇതില്‍ കലാപങ്ങള്‍, ആള്‍കൂട്ടകൊലപാതകങ്ങള്‍, ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള തരംതാഴ്ത്തലുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നുണ്ട്. പലകേസുകളിലും ജൂഡീഷ്യറിയും ഈ ലക്ഷ്യത്തില്‍ എക്‌സിക്യുട്ടീവിനൊപ്പം ചേര്‍ന്നുനില്‍ക്കുന്നു എന്നത് അതിലേറെ അപകടകരമാണ്.
ഭൂരിപക്ഷ അക്രമമുണ്ടായാല്‍ ഇന്ത്യന്‍ ഭരണകൂടം തങ്ങളെ സംരക്ഷിക്കില്ല എന്ന തിരിച്ചറിവ് പല മുസ്‌ലിംകള്‍ക്കും വര്‍ധിച്ചുവരികയാണ്. വാസ്തവത്തില്‍ അത് അക്രമണത്തെ പിന്തുണക്കാന്‍ അവസരമൊരുക്കുകയാണ്. ഡല്‍ഹിയില്‍ സംഭവിച്ചതുപോലെ സമൂഹത്തിലെ വലിയ വിഭാഗങ്ങള്‍ ഇത്തരം നാശങ്ങളില്‍ ആഹ്ലാദിച്ചേക്കാം.
ഭൂരിപക്ഷവാദത്തിലേക്കുള്ള ഈ ധ്രുതഗതിയിലുള്ള ഇറക്കം തടയാന്‍ ഒരു മുഖ്യധാര രാഷ്ട്രീയശക്തിയും ഇല്ല എന്നതാണ് ഇതിനെ കൂടുതല്‍ ആശങ്കാജനമാക്കുന്നത്. ഹിന്ദു ദേശീയതയുടെ പിടിമുറുക്കലും ഇന്ത്യന്‍ ദേശീയതയുമായുള്ള ലയനവും ഇപ്പോള്‍ വളരെ ശക്തമാണ്, ബി.ജെ.പിയെ നേര്‍ക്കുനേര്‍ നേരിടുന്നതില്‍ നിന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ പോലും പിന്മാറുകയാണ്.
ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നടക്കുമ്പോള്‍ കോണ്‍ഗ്രസ് ഗ്രൗണ്ടില്‍ തന്നെ ഇല്ലായിരുന്നതും ആംആദ്മി പാര്‍ട്ടി മുസ്‍ലിംകളെ ബംഗ്ലാദേശി എന്ന് പോലും വിശേഷിപ്പിച്ചതും ഇതിന് ഉദാഹരണമായി കാണാം.
അഥവാ, മുസ്‌ലിം വിരുദ്ധ അക്രമണങ്ങളില്‍ നിയമപരമോ രാഷ്ട്രീയപരമോ ആയ യാതൊരു ചോദ്യം ചെയ്യലും ഇല്ലാത്ത വിധം മുന്നേറുകയാണ്. ഫലത്തില്‍ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയില്‍ വേരൂന്നിയ വര്‍ഗീയ അരാജകത്വം സമീപഭാവിയില്‍ കൂടുതല്‍ വഷളാകാനേ ഇതെല്ലാം ഇടവരുത്തൂ.
വിവര്‍ത്തനം അബ്ദുല്‍ ഹഖ് മുളയങ്കാവ്
കടപ്പാട് സ്‌ക്രോള്‍.ഇന്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter