റമളാൻ ഡ്രൈവ് (ഭാഗം28) നവൈതു
ഒരു യുദ്ധം കഴിഞ്ഞ് തിരിച്ചു വരുന്ന വഴിയില്‍ നല്‍കപ്പെട്ട ഒരു ഉപദേശം ഇങ്ങനെ വായിക്കാം, നാം ചെറിയ ജിഹാദ് കഴിഞ്ഞ് വലിയ ജിഹാദിലേക്ക് നീങ്ങുകയാണ്.
ജിഹാദ് എന്നത്, ഇന്ന് ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ്. ഇതര മതസ്ഥരെയെല്ലാം കൊന്നൊടുക്കാനുള്ള പ്രേരകാവാക്യമായാണ് പലപ്പോഴും അത് വായിക്കപ്പെടാറുള്ളത്. എന്നാല്‍, ധര്‍മ്മ സമരം എന്ന് അര്‍ത്ഥം വരുന്ന ആ പദം ഏറ്റവും അധികം പ്രയോഗിക്കപ്പെട്ടിരിക്കുന്നത് സ്വശരീരത്തോടുള്ള പോരാട്ടത്തെ സൂചിപ്പിക്കാനാണ് എന്നതാണ് സത്യം.
അരുതാത്തതിനോടുള്ള വിയോജിപ്പാണ് യഥാര്‍ത്ഥത്തില്‍ ജിഹാദ്. സത്യമതത്തിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ നടത്തേണ്ടിവരുന്ന ധര്‍മ്മസമരവും ഇതേ ഗണത്തില്‍ തന്നെയാണ് വരുക.
സ്രഷ്ടാവിന്റെ കല്പനകള്‍ക്കെതിരെ നില കൊള്ളാനാണ് മനുഷ്യശരീരം പലപ്പോഴും പ്രവണത കാണിക്കുന്നത്. അത് കൊണ്ട് തന്നെ, ഒരു വിശ്വാസി ഒന്നാമതായി സമരം ചെയ്യേണ്ടത് സ്വന്തം ശരീരത്തോടും അതിന്റെ ഇച്ഛകളോടുമാണ്. അകത്തെ ശത്രുവാണ് ദേഹേഛകളെന്നാണ് പണ്ഡിതര്‍ പരിചയപ്പെടുത്തുന്നത് തന്നെ. അത് കൊണ്ട് തന്നെ ഏറ്റവും അപകടകാരിയും അത് തന്നെയാണ്. ഈ പോരാട്ടത്തെ ഏറ്റവും വലിയ ജിഹാദ് ആയി പരിചയപ്പെടുത്തുന്നതും.
വൃദ്ധരായ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരിക്കെ, ധര്‍മ്മ സമരത്തിന് അനുവാദ ചോദിച്ചു വന്ന അനുയായിയോട്, പ്രവാചകര്‍ പറയുന്നത്, നിന്റെ സമരം അവര്‍ക്ക് വേണ്ട ശുശ്രൂഷകള്‍ ചെയ്ത് കൊടുക്കലാണ് എന്നാണ്. അഥവാ, അയാളുടെ ജിഹാദ് അതാണ് എന്നര്‍ത്ഥം.
വിശുദ്ധ മാസം വിശ്വാസിയെ പ്രധാനമായും പാകപ്പെടുത്തുന്നത് ഈ ജിഹാദ് നടത്താനാണ്. കഴിക്കാനുള്ലതെല്ലാം മുന്നിലുണ്ടായിട്ടും നല്ല വിശപ്പുണ്ടായിട്ടും, നിശ്ചിത സമയമാവുന്നത് വരെ കാത്തിരിക്കുന്നതിലൂടെ, ഇങ്ങോട്ട് ശണ്ഠ കൂടാന്‍ വരുന്നവനോട് പോലും അങ്ങോട്ട് മറുത്തൊന്നും പറയാതെ, ഞാന്‍ നോമ്പുകാരനാണെന്ന സ്വബോധം പുതുക്കുന്നതിലൂടെ, ശീലിപ്പിക്കുന്നത് ഈ നിയന്ത്രണമാണ്.
അഥവാ, ശരീരേഛകളോടും അരുതാത്ത വികാരതൃഷ്ണകളോടെല്ലാമുള്ള ജിഹാദ് ആണ് റമദാനിലൂടെ നാം ശീലിച്ചെടുത്തത്. ഇത് ശിഷ്ട ജീവിതത്തില്‍ കൂടി പകര്‍ത്താന്‍ നമുക്ക് സാധിക്കണം. എങ്കില്‍ മാത്രമാണ് ഒരു മാസത്തെ വ്രതം സാര്‍ത്ഥകമാവുന്നത്. വിശുദ്ധ മാസത്തിന്റെ ഈ അവസാന രാത്രികളില്‍ നമ്മുടെ നവൈതു അതായിരിക്കട്ടെ, ആത്മ നിയന്ത്രണം ഇനി മുതലുള്ള എന്റെ ജീവിതത്തിന്റെ ഭാഗമാവുമെന്ന ഉറച്ച ഒരു കരുത്ത്.. നാഥന്‍ തുണക്കട്ടെ.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment