അധ്യായം 3. സൂറ ആലു ഇംറാന്‍ (Ayath 174-180) പിശുക്കരുത്

ഹംറാഉല്‍അസദ് സംഭവവും ചെറിയ ബദ്റെന്നറിയപ്പെടുന്ന സംഭവവുമാണല്ലോ കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞിരുന്നത്. ഉഹുദില്‍ വിജയഭേരി മുഴക്കി മടങ്ങാന്‍ തുടങ്ങിയ ശത്രുസൈന്യം വീണ്ടും മദീനയെ അക്രമിക്കാനും ബാക്കിയുള്ളവരെക്കൂടി വധിക്കാനും ഒരുങ്ങുന്നുണ്ടെന്ന് തിരുനബി  صلى الله عليه وسلمക്ക് വിവരം കിട്ടി.

 

ഈ വിവരമറിഞ്ഞ തിരുനബി  صلى الله عليه وسلمയും സ്വഹാബത്തും  തീരെ ഭയപ്പെടാതെ എല്ലാം അല്ലാഹുവില്‍ ഭരമേല്പിച്ച്, ഉഹുദിന്‍റെ പിറ്റേന്നുതന്നെ പരിക്കുകളെല്ലാം അവഗണിച്ച് ഹംറാഉല്‍ അസദിലേക്ക് പുറപ്പെട്ടു. ഈ വിവരം അറിഞ്ഞതോടെ ശത്രുക്കള്‍ പേടിച്ച് മക്കയിലേക്ക് മടങ്ങി. തിരുനബിصلى الله عليه وسلم ഹംറാഉല്‍അസദില്‍ എത്തിയപ്പോള്‍ ശത്രുക്കള്‍ രക്ഷപ്പെട്ട വിവരമാണ് അറിയുന്നത്. ഏതായാലും അവിടെ മൂന്ന് ദിവസം താമസിച്ച് സന്തോഷത്തോടുകൂടി മടങ്ങി. ഈ സംഭവത്തെ സംബന്ധിച്ചാണ് 173-175 വാക്യങ്ങള്‍ അവതരിച്ചതെന്നാണ് ഒരു പക്ഷം.

 

മറ്റു ചിലരുടെ അഭിപ്രായം: ഉഹുദ് കഴിഞ്ഞുപോകുമ്പോള്‍ 'അടുത്ത കൊല്ലം ബദ്‌റില്‍ കാണാം' എന്ന് അബൂസുഫ്‌യാന്‍ ഭീഷണി മുഴക്കിയിരുന്നുവത്രേ. തിരുനബി (صلى الله عليه وسلم) അത് സമ്മതിക്കുകയും ചെയ്തു. അതനുസരിച്ച് തിരുനബി (صلى الله عليه وسلم) അടുത്ത കൊല്ലം ബദ്‌റില്‍ ചെന്നെങ്കിലും ശത്രുക്കള്‍ വന്നില്ല. തിരുനബി (صلى الله عليه وسلم) തിരിച്ചുപോന്നു. ബദ്റില്‍ കച്ചവട സമയമായതുകൊണ്ട്, മക്കക്കാരില്ലാത്തതു കാരണം നല്ല ലാഭം നേടാനും മുസ്‍ലിംകള്‍ക്ക് സാധിച്ചു. ചെറിയ ബദ്ര്‍ എന്നറിയപ്പെടുന്ന ഈ സംഭവം സംബന്ധിച്ചാണ് ഈ വാക്യങ്ങള്‍ അവതരിച്ചതെന്നാണ് വേറയൊരു പക്ഷം. ഈ 2 അഭിപ്രായങ്ങളും കഴിഞ്ഞ പേജില്‍ നമ്മള്‍ പറഞ്ഞിരുന്നു.

 

ഏത് അഭിപ്രായപ്രകമാരമാണെങ്കിലും, മുസ്‍ലിം സൈന്യത്തെ ഭീതിപ്പെടുത്താനും വീര്യം കെടുത്താനും ശത്രുക്കളും കൂട്ടരും പരമാവധി ശ്രമം നടത്തിയിരുന്നു.

 

വലിയൊരു സൈന്യം അക്രമിക്കാന്‍ ഒരുങ്ങുന്നുണ്ടെന്നറിഞ്ഞപ്പോഴും മുസ്‍ലിംകള്‍ ഒട്ടും പേടിച്ചില്ലെന്നു മാത്രമല്ല, അതവരുടെ ഈമാന്‍ വര്‍ധിപ്പിക്കുക കൂടിയാണ് ചെയ്തത്. അവര്‍ حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ എന്ന് പറയുകയും ചെയ്തു.

 

അങ്ങനെ പറഞ്ഞപ്പോള്‍ എന്താണുണ്ടായതെന്നാണ് ഇനി 174 ല്‍ പറയുന്നത്. അല്ലാഹു അവര്‍ക്ക് വലിയ അനുഗ്രഹം ചെയ്തുകൊടുത്തു. ഒരു പോറലുമേല്‍ക്കാതെ റാഹത്തായി മദീനയിലേക്ക് തിരിച്ചുപോരാനുള്ള അവസരവുമുണ്ടായി.

 

فَانْقَلَبُوا بِنِعْمَةٍ مِنَ اللَّهِ وَفَضْلٍ لَمْ يَمْسَسْهُمْ سُوءٌ وَاتَّبَعُوا رِضْوَانَ اللَّهِ ۗ وَاللَّهُ ذُو فَضْلٍ عَظِيمٍ (174)

അങ്ങനെ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും ഔദാര്യവുമായി, യാതൊരു ദൂഷ്യവും സ്പര്‍ശിക്കാതെ അവര്‍ തിരിച്ചെത്തുകയും അവന്‍റെ സംതൃപ്തി അവരനുധാവനം ചെയ്യുകയുമുണ്ടായി. അല്ലാഹു ഏറെ ഔദാര്യനത്രേ. 

 

അടുത്ത ആയത്ത് 175

 

നേരത്തെ പറഞ്ഞ ഭീഷണികളും കള്ള പ്രചാരണങ്ങളുമൊക്കെ പിശാചിന്‍റെ വകയാണ്. അവനും അവന്‍റെ അനുയായികളുമാണതിന്‍റെ വക്താക്കള്‍.

 

അവന്‍റെ മിത്രങ്ങളായ അവിശ്വാസികളെക്കുറിച്ച്, നിങ്ങളുടെ മനസ്സുകളില്‍ ഭയം ജനിപ്പിച്ച്, നിങ്ങളെ നിര്‍വീര്യരാക്കി മുതലെടുക്കുകയാണവന്‍റെ ലക്ഷ്യം. തന്‍റെ ടീം ജയിക്കണമെന്നാണവന്‍റെ താല്പര്യം. അത്തരം ഭീഷണികള്‍ക്കൊന്നും സത്യവിശ്വാസികളായ നിങ്ങള്‍ വഴങ്ങരുത്. നിങ്ങള്‍ അല്ലാഹുവിനെ മാത്രം പേടിച്ചാല്‍ മതി.

 

إِنَّمَا ذَٰلِكُمُ الشَّيْطَانُ يُخَوِّفُ أَوْلِيَاءَهُ فَلَا تَخَافُوهُمْ وَخَافُونِ إِنْ كُنْتُمْ مُؤْمِنِينَ(175)

 

നിശ്ചയം ആ സൂത്രധാരകന്‍ പിശാചാകുന്നു; തന്‍റെ മിത്രങ്ങളെപ്പറ്റി നിങ്ങളെയവന്‍ ഭീഷണിപ്പെടുത്തുകയാണ്; അതിനാല്‍ അവരെ പേടിക്കരുത്; എന്നെ ഭയപ്പെടുക-നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍.

 

പിശാചിന്‍റെ കൂട്ടുകാരനാണല്ലോ സത്യനിഷേധികള്‍. അതുകൊണ്ടാണ് ‘ഔലിയാഅ്’ എന്ന് പറഞ്ഞത്.

 

അടുത്ത ആയത്ത്  176, 177, 178

 

ഇനിയുള്ള 3 വാക്യങ്ങളില്‍, തിരുനബി صلى الله عليه وسلم യെ അല്ലാഹു സമാധാനിപ്പിക്കുകയാണ്. ചെറിയൊരു പ്രശ്നം വന്നപ്പോഴേക്ക്, ഉഹുദില്‍ പരാജയം സംഭവിച്ചപ്പോഴേക്ക് പലരുടെ ഭാഗത്തുനിന്നും പലതരം സംസാരങ്ങളും സമീപനങ്ങളുമൊക്കെ കേട്ട് വിഷമാവസ്ഥയിലായിരുന്നു തിരുനബി صلى الله عليه وسلم.

 

യുദ്ധങ്ങളിലുണ്ടാകുന്ന ജയ-പരാജയങ്ങളെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും അതുസംബന്ധമായ അല്ലാഹുവിന്‍റെ നിയമങ്ങളെക്കുറിച്ചും ചിന്തിക്കാതെയാണവര്‍ പലതും പറയുന്നത്. കഴിഞ്ഞ പേജുകളില്‍ ചിലതെല്ലാം നാം പറഞ്ഞിരുന്നല്ലോ.

 

അതുപോലെത്തന്നെ, വ്യക്തമായ തെളിവുകള്‍ വേണ്ടത്ര നല്‍കിയിട്ടുംആളുകള്‍ അവിശ്വാസത്തില്‍തന്നെ തുടരുന്നതും അവിടത്തേക്ക് വലിയ മനഃപ്രയാസമുണ്ടാക്കിയിരുന്നു. (വിശുദ്ധ ഖുര്‍ആന്‍ 18:6; 26:3 മുതലായവ നോക്കുക.)

 

അങ്ങനെ വ്യസനിക്കേണ്ടതില്ല; അത്തരക്കാരുടെ വാദങ്ങളോ കുപ്രചരണങ്ങളോ അല്ലാഹുവിനോ വിശുദ്ധ ദീനിനോ ഒരു ദോഷവും വരുത്തിവെക്കില്ല; ആവുന്നതൊക്കെ ചെയ്യട്ടെ എന്നുവെച്ച് അവരെ അയച്ചുവിട്ടിരിക്കുകയാണ് അല്ലാഹു: ദോഷഫലം അവര്‍ തന്നെ അനുഭവിക്കേണ്ടി വരും.

 

 وَلَا يَحْزُنْكَ الَّذِينَ يُسَارِعُونَ فِي الْكُفْرِ ۚ إِنَّهُمْ لَنْ يَضُرُّوا اللَّهَ شَيْئًا ۗ يُرِيدُ اللَّهُ أَلَّا يَجْعَلَ لَهُمْ حَظًّا فِي الْآخِرَةِ ۖ وَلَهُمْ عَذَابٌ عَظِيمٌ (176)

സത്യനിഷേധത്തിലേക്ക് കൂപ്പുകുത്തുന്നവര്‍ താങ്കളെ വ്യാകുലപ്പെടുത്തിക്കളയരുത്; അല്ലാഹുവിന്ന് ഒരു ദ്രോഹവുമേല്‍പിക്കാന്‍ അവര്‍ക്കാവില്ല തന്നെ. പരലോകത്ത് അവര്‍ക്കൊരു വിഹിതവും നല്‍കരുതെന്നാണ് അവന്‍റെയുദ്ദേശ്യം. കഠിന ശിക്ഷയാണവര്‍ക്കുണ്ടാവുക.

 

സത്യവിശ്വാസം സ്വീകരിക്കാന്‍ കഴിയുന്ന, അതിന് പ്രേരിപ്പിക്കുന്ന ധാരാളം തെളിവുകളും ദൃഷ്ടാന്തങ്ങളും മുമ്പിലുണ്ടായിട്ടും അതൊന്നും വിലവെക്കാതെ, ധിക്കാരം കാണിച്ച് സത്യനിഷേധത്തിന്‍റെ മാര്‍ഗത്തില്‍ തന്നെ ചെന്നുചാടാന്‍ തിരക്കുകൂട്ടുന്ന എല്ലാവര്‍ക്കും ബാധകമാണീ താക്കീത്.

 

സത്യനിഷേധികള്‍ അല്ലാഹുവിനെ ധിക്കരിക്കുന്നവരാണല്ലോ. പക്ഷേ, അവര്‍ എത്ര രൂക്ഷമായി സത്യനിഷേധം പ്രകടിപ്പിച്ചാലും ധിക്കാരം തുടര്‍ന്നാലും  അല്ലാഹുവിനൊരു ദോഷവും വരുത്താന്‍ കഴിയില്ല. ഈ വിഷയം ഒന്നുകൂടി ഊന്നിപ്പറയുകയാണ് അടുത്ത ആയത്ത്.

 

അടുത്ത ആയത്ത് 177

 

 إِنَّ الَّذِينَ اشْتَرَوُا الْكُفْرَ بِالْإِيمَانِ لَنْ يَضُرُّوا اللَّهَ شَيْئًا وَلَهُمْ عَذَابٌ أَلِيمٌ (177)

വിശ്വാസം വിറ്റ് നിഷേധം കൊണ്ടവര്‍ക്ക് അല്ലാഹുവിനെ ഒട്ടുമേ ദ്രോഹിക്കാനാകില്ല. വേദനാജനകമായ ശിക്ഷയാണവര്‍ക്കുണ്ടാവുക.

 

ഖുദ്‌സിയ്യായൊരു ഹദീസില്‍ ഇങ്ങനെയുണ്ട്: എന്‍റെ അടിമകളേ, നിങ്ങളില്‍ ഒന്നാമത്തെ മനുഷ്യനും അവസാനത്തെ മനുഷ്യനും (അവര്‍ക്കിടയിലുള്ള മുഴുവന്‍ മനുഷ്യരും) ജിന്നുകളും മനുഷ്യരുമെല്ലാംകൂടി ഭക്തനായ ഒരൊറ്റ മനുഷ്യന്‍റെ ഹൃദയം പോലെ ആയാല്‍ (എല്ലാവരും മുത്തഖികളായാല്‍) എന്‍റെ രാജാധികാരത്തിന് അത് അല്‍പവും വര്‍ധനവ് വരുത്തുന്നതല്ല. എന്‍റെ അടിമകളേ, നിങ്ങളില്‍ ഒന്നാമത്തെ മനുഷ്യനും അവസാനത്തെ മനുഷ്യനും ജിന്നുകളും മനുഷ്യരും എല്ലാംകൂടി തെമ്മാടിയായ ഒരൊറ്റ മനുഷ്യന്‍റെ ഹൃദയം പോലെ ആയാല്‍ എന്‍റെ രാജാധികാരത്തിന് അത് അല്‍പവും കുറവ് വരുത്തുന്നുമതല്ല... (മുസ്‌ലിം, തുര്‍മുദി).

 

അടുത്ത ആയത്ത് 178

 

അല്ലാഹുവിനെ ധിക്കരിച്ചും നിഷേധിച്ചും വെല്ലുവിളിച്ചുമൊക്കെ ജീവിക്കുന്ന സത്യനിഷേധികളെ അല്ലാഹു പെട്ടന്ന് ശക്ഷിച്ചെന്നുവരില്ല. അവധി നീട്ടിക്കൊടുക്കും. പരീക്ഷണാര്‍ത്ഥം അവന്‍ വീണ്ടും പിന്തുണച്ചു കൊണ്ടിരിക്കുകയും ചെയ്യും.

 

ഇങ്ങനെ സമയം നീട്ടിക്കൊടുക്കുന്നതുകണ്ട് അവര്‍ സന്തോഷിക്കേണ്ടതില്ല. എന്തു ചെയ്തിട്ടും ഇത്രയൊക്കെ ധിക്കരിച്ചിട്ടും തങ്ങളെയൊന്നും ചെയ്യുന്നില്ലല്ലോ എന്ന് കരുതുകയും വേണ്ട. സമയം നീട്ടിത്തരുന്നത് അവര്‍ക്കനുകൂലമോ ഗുണകരമോ ആവില്ല.  മറിച്ച്, ചിന്തിച്ച് മനസ്സിലാക്കി സത്യം സ്വീകരിക്കാന്‍ തയ്യാറാകാതെ നിഷേധവും താന്തോന്നിത്തരവും തുടരുകയാണ് ചെയ്യുന്നതെങ്കില്‍, അതുവഴി അവരുടെ തെറ്റുകള്‍ കുന്നുകൂടുകയും കൂടുതല്‍ ഹീനമായ ശിക്ഷകള്‍ക്ക് വിധേയരാവുകയുമാണ് ചെയ്യുക.

 

وَلَا يَحْسَبَنَّ الَّذِينَ كَفَرُوا أَنَّمَا نُمْلِي لَهُمْ خَيْرٌ لِأَنْفُسِهِمْ ۚ إِنَّمَا نُمْلِي لَهُمْ لِيَزْدَادُوا إِثْمًا ۚ وَلَهُمْ عَذَابٌ مُهِينٌ (178)

നാം അവധി നീട്ടിക്കൊടുക്കുന്നു എന്നത് തങ്ങളുടെ നന്മക്കാണെന്നു സത്യനിഷേധികള്‍ ധരിക്കാതിരിക്കട്ടെ. ദോഷങ്ങള്‍ വര്‍ധിപ്പിക്കാനായി മാത്രമാണ് നാമവര്‍ക്ക് സമയം ദീര്‍ഘിപ്പിച്ചു നല്‍കുന്നത്. അവര്‍ക്ക് അപമാനകരമായ ശിക്ഷയുണ്ട്.

 

അടുത്ത ആയത്ത് 179

 

സത്യവിശ്വാസികളും കപടവിശ്വാസികളും പ്രത്യക്ഷത്തില്‍ ഒരു പോലെയാണ്. എല്ലാവരും ഇസ്‌ലാമിന്‍റെ പേരില്‍ സംസാരിക്കുന്നു, നമസ്‌കാരം തുടങ്ങിയ ആരാധനകളില്‍ പങ്കാളികളാകുന്നു.

 

ഇങ്ങനെ തിരിച്ചറിയാനാകാത്ത ഒരവസ്ഥ അല്ലാഹു ഉദ്ദേശിക്കുന്നില്ല; മറിച്ച് രണ്ട് കൂട്ടരെയും വേര്‍തിരിച്ച് കാണിക്കണം. അതിനുവേണ്ടി യുദ്ധം പോലെയുള്ള ചില പ്രയാസമേറിയ കല്‍പനകള്‍ അല്ലാഹു നല്‍കും. അന്നേരം നല്ലവരും അല്ലാത്തവരും വേര്‍തിരിയും. അതാണ് ഉഹുദില്‍ സംഭവിച്ചത്.

 

ഇത്തരം പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും. ഓരോരുത്തരുടെയും രഹസ്യപരസ്യങ്ങളെല്ലാം അല്ലാഹുവിന് നന്നായറിയാം. അത് അദൃശ്യകാര്യങ്ങളില്‍ പെട്ടതാണ്.

 

ഇത്തരം പരീക്ഷണങ്ങളിലൂടെ നല്ലതും ചീത്തയും വേര്‍തിരിക്കുകയല്ലാതെ, ഓരോരുത്തര്‍ക്കും അദൃശ്യകാര്യം അറിയിച്ചുതരിക എന്നത് ഉണ്ടാകില്ല. അത് അറിയിച്ചുകൊടുക്കാന്‍ ഇഷ്ടദാസരായ ദൂതന്മാരെ അല്ലാഹു തെരഞ്ഞെടുത്തിരിക്കും. അവര്‍ക്ക് അത് അറിയിച്ചുകൊടുക്കുകയും അവര്‍ ആവശ്യമായ വിവരങ്ങള്‍ നിങ്ങളെ അറിയിക്കുകയും ചെയ്യും.

 

നിങ്ങള്‍ ചെയ്യേണ്ടത് അല്ലാഹുവിലും ദൂതന്മാരിലും വിശ്വസിക്കുകയാണ്. അങ്ങനെ ചെയ്യുന്നവര്‍ യഥാര്‍ഥ സത്യവിശ്വാസികളും വിജയികളുമായിരിക്കും. മഹത്തായ പ്രതിഫലം അവര്‍ക്ക് ലഭിക്കുകയും ചെയ്യും.

 

مَا كَانَ اللَّهُ لِيَذَرَ الْمُؤْمِنِينَ عَلَىٰ مَا أَنْتُمْ عَلَيْهِ حَتَّىٰ يَمِيزَ الْخَبِيثَ مِنَ الطَّيِّبِ ۗ وَمَا كَانَ اللَّهُ لِيُطْلِعَكُمْ عَلَى الْغَيْبِ وَلَٰكِنَّ اللَّهَ يَجْتَبِي مِنْ رُسُلِهِ مَنْ يَشَاءُ ۖ فَآمِنُوا بِاللَّهِ وَرُسُلِهِ ۚ وَإِنْ تُؤْمِنُوا وَتَتَّقُوا فَلَكُمْ أَجْرٌ عَظِيمٌ (179)

 

നല്ലതില്‍ നിന്ന് ദുഷിച്ചതിനെ വേര്‍തിരിക്കാതെ ഇപ്പോഴുള്ള സ്ഥിതിയില്‍ സത്യവിശ്വാസികളെ അല്ലാഹു വിടുകയില്ല. അദൃശ്യങ്ങള്‍ നിങ്ങള്‍ക്കവന്‍ വെളിപ്പെടുത്തുക എന്നതും സംഭവിക്കില്ല. എങ്കിലും തന്‍റെ ദൂതരില്‍ നിന്നു ഉദ്ദേശിക്കുന്നവരെ അവന്‍ പ്രത്യേകം തെരഞ്ഞെടുക്കുന്നു. അതിനാല്‍ അവനിലും ദൂതന്മാരിലും വിശ്വാസമര്‍പ്പിക്കുക. നിങ്ങള്‍ സത്യവിശ്വാസികളാവുകയും സൂക്ഷ്മതപാലിക്കുകയും ചെയ്യുന്നുവെങ്കില്‍ മഹത്തായ പ്രതിഫലമുണ്ടായിരിക്കും.

അടുത്ത ആയത്ത് 180

 

അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ശരീരം കൊണ്ട് ചെയ്യുന്ന ത്യാഗത്തെക്കുറിച്ച് ഇതുവരെ പല കാര്യങ്ങളും പറഞ്ഞു- യുദ്ധമുഖത്ത് ഉറച്ചുനില്‍ക്കുക, ക്ഷമ കൈക്കൊള്ളുക, ധൈര്യസമേതം പോരാടുക, രക്തസാക്ഷിത്വം വരിക്കുക.... അങ്ങനെ പലതും.

 

ഇനി പറയുന്നത്, സമ്പത്ത് കൊണ്ടുള്ള ത്യാഗത്തെക്കുറിച്ചാണ്. നിങ്ങള്‍ പിശുക്കരുത്. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചെലവഴിക്കണം. പിശുക്കിനെക്കുറിച്ച് താക്കീതും നല്‍കുന്നുണ്ട്.

 

പിശുക്ക് വെറും സമ്പത്തുമായി മാത്രം ബന്ധപ്പെട്ടതല്ല, അല്ലാഹു നല്‍കിയ അറിവ്, ആരോഗ്യം പോലെയുള്ള അനുഗ്രഹങ്ങളും ആവശ്യം വരുമ്പോള്‍ ഉപയോഗപ്പെടുത്താതിരിക്കുന്നതും പിശുക്കുതന്നെ. ഇബ്‌നുകസീറും (رحمه الله) മറ്റും സൂചിപ്പിച്ചതുപോലെ ഈ പിശുക്കായിരിക്കും ചിലപ്പോള്‍ ധനസംബന്ധമായ പിശുക്കിനെക്കാള്‍ ഗൗരവതരമായിത്തീരുക.

സക്കാത്തും അല്ലാത്തതുമായ ധനപരമായ കടമകള്‍ നിര്‍വ്വഹിക്കുമ്പോഴും, ദാനധര്‍മങ്ങള്‍ ചെയ്യുമ്പോഴും പിശുക്കരുത്. നിര്‍ബന്ധകാര്യങ്ങളിലുള്ള പിശുക്ക് കുറ്റകരമാണ്, ശിക്ഷാര്‍ഹവുമാണ്.

പ്രത്യേകിച്ച് സകാത്ത്. നമ്മളെല്ലാവരും വളരെ ശ്രദ്ധിക്കേണ്ട കാര്യം. കൃത്യമായി കണക്കുവെച്ച് കൊടുത്തുതീര്‍ത്തുപോരേണ്ടതാണത്. അന്യന്‍റെ അവകാശമാണത്; നമ്മുടെ ഔദാര്യമല്ല. ഈ ബോധ്യം ശരിക്കുമുണ്ടാകണം. ഇന്നിപ്പോള്‍, മുതലാളിമാര്‍ മാത്രമല്ല, ഒരുവിധം ആളുകളൊക്കെ സകാത്ത് കൊടുക്കാന്‍ ബാധ്യസ്ഥരാണെന്ന് ശരിക്ക് ചിന്തിച്ചാല്‍ മനസ്സിലാകും.  

നല്ല മാര്‍ഗങ്ങളില്‍ ചെലവഴിക്കാതെ, കടമകള്‍ കൊടുത്തുതീര്‍ക്കാതെ കെട്ടിപ്പൂട്ടിവെക്കുന്ന സമ്പത്ത്, ഖിയാമത്തുനാളില്‍ ഉടമകളായ പിശുക്കന്‍മാര്‍ക്ക് കഴുത്താഭരണമായി അണിയിക്കപ്പെടുമെന്നാണ് അല്ലാഹു താക്കീത് ചെയ്യന്നത്. ഇത് സ്വര്‍ണമാലയല്ല, സര്‍പ്പമാലയായിരിക്കുമെന്ന് തിരുനബി صلى الله عليه وسلم വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.

 

عَنْ أَبِي هُرَيْرَةَ رضى الله عنه، قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم: ‏”‏ مَنْ آتَاهُ اللَّهُ مَالاً، فَلَمْ يُؤَدِّ زَكَاتَهُ مُثِّلَ لَهُ يَوْمَ الْقِيَامَةِ شُجَاعًا أَقْرَعَ، لَهُ زَبِيبَتَانِ، يُطَوَّقُهُ يَوْمَ الْقِيَامَةِ، ثُمَّ يَأْخُذُ بِلِهْزِمَتَيْهِ ـ يَعْنِي شِدْقَيْهِ ـ ثُمَّ يَقُولُ أَنَا مَالُكَ، أَنَا كَنْزُكَ ‏”‏ ثُمَّ تَلاَ ‏{‏لاَ يَحْسِبَنَّ الَّذِينَ يَبْخَلُونَ‏}‏ ‏‏ الآيَةَ‏.‏

(തിരുനബി ﷺ പറഞ്ഞു: അല്ലാഹു നല്‍കിയ സമ്പത്തിന്‍റെ സകാത്ത് കൊടുത്തുവീട്ടിയില്ലെങ്കില്‍, അന്ത്യദിനം ആ സമ്പത്ത്, രണ്ടു കറുത്ത പുള്ളികളുള്ള മൂര്‍ഖന്‍ പാമ്പിന്‍റെ രൂപത്തില്‍ തല പൊക്കി നില്‍ക്കും. ആഭരണം പോലെയത് കഴുത്തില്‍ ചുറ്റും. ചുണ്ടുകളില്‍ കടിച്ച് ആ സര്‍പ്പം പറയും: 'ഞാന്‍ നിന്‍റെ ധനമാണ്, നിന്‍റെ നിധിനിക്ഷേപമാണ്.’ ശേഷം തിരുനബി ﷺ നമ്മളിനി പഠിക്കുന്ന ആയത്ത് പാരായണം ചെയ്തു. وَلَا يَحْسَبَنَّ الَّذِينَ يَبْخَلُونَ....... (ബുഖാരി)

അന്യന്‍റെ ഭൂമി കയ്യേറിയവന്, ആ ഭൂമി ഖിയാമത്തുനാളില്‍ മാലയായി അണിയിക്കപ്പെടുമെന്നാണ് മറ്റൊരു ഹദീസ് (ബുഖാരി, മുസ്‍ലിം).

ഇതൊന്നും കേവലം ആലങ്കാരികപ്രയോഗങ്ങളല്ല. ഓരോ കുറ്റത്തിനും പരലോകത്ത് ലഭിക്കുന്ന ശിക്ഷ, അതിനോട് അനുയോജ്യമായ രൂപത്തിലായിരിക്കും. ഇഹലോകത്ത് സങ്കല്‍പിക്കാന്‍പോലും സാധ്യമല്ലാത്ത പലതും നടക്കുന്ന സ്ഥലമാണല്ലോ പരലോകം.

وَلَا يَحْسَبَنَّ الَّذِينَ يَبْخَلُونَ بِمَا آتَاهُمُ اللَّهُ مِنْ فَضْلِهِ هُوَ خَيْرًا لَهُمْ ۖ بَلْ هُوَ شَرٌّ لَهُمْ ۖ سَيُطَوَّقُونَ مَا بَخِلُوا بِهِ يَوْمَ الْقِيَامَةِ ۗ وَلِلَّهِ مِيرَاثُ السَّمَاوَاتِ وَالْأَرْضِ ۗ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ (180)

തന്‍റെ ഔദാര്യത്തില്‍ നിന്ന് അല്ലാഹു നല്‍കിയതില്‍ പിശുക്കു കാണിക്കുന്നവര്‍ അതു ഗുണകരമാണെന്നു ധരിച്ചു പോകാതിരിക്കട്ടെ; പ്രത്യുത വലിയ ദോഷമാണത്. ആ ലുബ്ധിച്ച വസ്തു അന്ത്യനാളിലവര്‍ക്ക് കണ്ഠാഭരണമായി അണിയിക്കപ്പെടും. ഭുവന-വാനങ്ങളുടെ അനന്തരാവകാശം അല്ലാഹുവിന്നു മാത്രമാണ്. നിങ്ങളുടെ ചെയ്തികള്‍ സൂക്ഷ്മമായറിയുന്നവനാണവന്‍.

 

സമ്പത്ത് കൈകാര്യം ചെയ്യാനുള്ള താല്‍ക്കാലിക അവകാശവും അവസരവും മനുഷ്യന് അല്ലാഹു നല്‍കി എന്നതു ശരിതന്നെ. പക്ഷേ, അതിന്‍റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ അല്ലാഹുവാണ്. وَلِلَّهِ مِيرَاثُ السَّمَاوَاتِ وَالْأَرْضِ. അതുകൊണ്ടുതന്നെ അത് കെട്ടിപ്പൂട്ടിവെക്കാനും ചെലവഴിക്കാതിരിക്കാനും മനുഷ്യന് അധികാരമില്ല.

 

അവന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കി ചെലവു ചെയ്യണം. കല്‍പിക്കപ്പെട്ട മാര്‍ഗങ്ങളില്‍ ചെലവഴിക്കാതെ, കെട്ടിപ്പൂട്ടിവെക്കുകയും പിശുക്കുകാട്ടുകയും ചെയ്യുന്നവര്‍ക്ക് ഗുരുതരമായ ശിക്ഷയാണ് പരലോകത്തുണ്ടാവുക.

 

സമ്പത്ത് മാത്രമല്ല, അല്ലാഹു നല്‍കിയ ഏത് അനുഗ്രഹവും അങ്ങനെത്തന്നെ. അതെല്ലാം മനുഷ്യന്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് അല്ലാഹു സസൂക്ഷ്മം അറിഞ്ഞും വീക്ഷിച്ചും കൊണ്ടിരിക്കുന്നുണ്ട്.

മനുഷ്യന്‍ സ്വതവേ പിശുക്കനാണ്. ഈ ലോകത്തുള്ള മുഴുവന്‍ സ്വത്തും കൈയിലുണ്ടെങ്കില്‍പോലും, തീര്‍ന്നുപോകുമെന്ന് പേടിച്ച് ചെലവഴിക്കാന്‍ മടി കാണിക്കുന്നവനാണവന്‍.

قُل لَّوْ أَنتُمْ تَمْلِكُونَ خَزَآئِنَ رَحْمَةِ رَبِّىٓ إِذًا لَّأَمْسَكْتُمْ خَشْيَةَ ٱلْإِنفَاقِ ۚ وَكَانَ ٱلْإِنسَٰنُ قَتُورًا

(നബിയേ صلى الله عليه وسلم) പറയുക: എന്‍റെ രക്ഷിതാവിന്‍റെ കാരുണ്യത്തിന്‍റെ ഖജനാവുകള്‍ നിങ്ങളുടെ ഉടമസ്ഥതയിലായിരുന്നെങ്കില്‍ ചെലവഴിച്ച് തീര്‍ന്നുപോകുമെന്ന് ഭയന്ന് നിങ്ങള്‍ പിശുക്കുകതന്നെ ചെയ്യുമായിരുന്നു. മനുഷ്യന്‍ കടുത്ത പിശുക്കന്‍ തന്നെ. (വിശുദ്ധ ഖു൪ആന്‍: 17/100)

 

പിശുക്ക് ഹൃദയ സംബന്ധമായൊരു രോഗമാണെന്ന് മനസ്സിലാക്കി വിട്ടുനില്‍ക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. പിശുക്കന്‍റെ ഹൃദയം എപ്പോഴും ഇടുങ്ങിയതായിരിക്കും. മറ്റുള്ളവരുടെ മുമ്പില്‍ നിന്ദ്യരും ഹീനരുമായിരിക്കുമവര്‍. അല്ലാഹുവിന്‍റെയും ജനങ്ങളുടെയും വെറുപ്പിന് പാത്രീഭൂതരാവുകയും ചെയ്യും.

 

സമ്പത്ത് ധൂര്‍ത്തടിക്കരുതെന്ന് പറഞ്ഞ വിശുദ്ധ ദീന്‍, അത് നല്ല വഴിയില്‍ ചെലവഴിക്കാതെ കെട്ടിപ്പൂട്ടിവെക്കുന്നതിനെക്കുറിച്ച് താക്കീത് ചെയ്യുകയും ചെയ്യുകയാണ്.

 

മറ്റുള്ളവരുടെ കാര്യത്തില്‍ മാത്രമല്ല, സ്വന്തം കാര്യത്തില്‍പോലും പിശുക്കുന്നവരുണ്ട്. അല്ലാഹു കനിഞ്ഞുനല്‍കിയ അനുഗ്രഹങ്ങള്‍ പൂഴ്ത്തിവെക്കുന്നവരാണവ൪. അല്ലാഹു സമ്പത്ത് നല്‍കിയ ഒരാള്‍, ഒന്നുമില്ലാത്തവനെപ്പോലെ ജീവിക്കുന്നത് ഉദാഹരണം. തന്‍റെയോ കുടുംബത്തിന്‍റെയോ ന്യായമായ ആവശ്യത്തിനുപോലും ഒന്നും ചെലവഴിക്കില്ല. ആളുകള്‍ കണ്ടാല്‍ ‘മഹാ ദരിദ്രന്‍’ എന്നേ തോന്നൂ. ഇത് അല്ലാഹുവിനോടുള്ള നന്ദികേടാണ്.

 

ഒരാളുടെ പെരുമാറ്റം, വസ്ത്രം, പാര്‍പ്പിടം എല്ലാംതന്നെ അല്ലാഹു നല്‍കിയ അനുഗ്രഹം പ്രകടിപ്പിക്കുന്ന തരത്തിലായിരിക്കണം, ലോകമാന്യം വരരുതെന്ന് മാത്രം.

 

പിശുക്ക് ഹൃദയസംബന്ധമായ രോഗമാണെന്നതിനുപുറമെ, വേറെയും ചില കാരണങ്ങളതിനുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഈമാനിന്‍റെ ദൌ൪ബല്യം. പൂര്‍ണമായ ഈമാനുള്ള വ്യക്തി പിശുക്കില്ല.

 

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ يَجْتَمِعُ شُحٌّ وَإِيمَانٌ فِي قَلْبِ رَجُلٍ مُسْلِمٍ

(തിരുനബി ﷺ പറയുന്നു: ഈമാനും പിശുക്കും ഒരു മുസ്‍ലിമിന്‍റെ ഹൃദയത്തിൽ ഒരിക്കലും ഒന്നിക്കില്ല (നസാഇ)

 

പിശാചാണ് പിശുക്കാന്‍ പ്രേരിപ്പിക്കുന്നത്. ദാരിദ്യം വന്നുപോകുമെന്ന് പേടിപ്പെടുത്തും. അവന് വഴങ്ങരുത്.

 

എങ്ങനെയാണ് പിശുക്കില്‍ നിന്ന് രക്ഷപ്പെടുക? ഈമാന്‍ സമ്പൂ൪ണ്ണമാക്കുക, അല്ലാഹുവിന്‍റെ പ്രതിഫലം കാംക്ഷിച്ച് ചെലവഴിക്കുക, ഇഹലോക ജീവിതത്തിന്‍റെ നശ്വരതയും പരലോക ജീവിതത്തിന്‍റെ അനശ്വരതയും ശരിക്ക് ഉള്‍ക്കൊള്ളുക.

 

പിശുക്ക് കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ലെന്ന് മാത്രമല്ല, നഷ്ടമേ ഉണ്ടാകൂ.

عَنْ أَسْمَاءَ ـ رضى الله عنها ـ قَالَتْ قَالَ لِي النَّبِيُّ صلى الله عليه وسلم لاَ تُوكِي فَيُوكَى عَلَيْكِ ‏‏. حَدَّثَنَا عُثْمَانُ بْنُ أَبِي شَيْبَةَ، عَنْ عَبْدَةَ، وَقَالَ، لاَ تُحْصِي فَيُحْصِيَ اللَّهُ عَلَيْكِ

(അസ്മാഅ് ബിൻതു അബൂബക്കർ(رضي الله عنها) പറയുന്നു: എന്നോട് തിരുനബി ﷺ പറഞ്ഞു: ധനം സൂക്ഷിച്ചുവെച്ച് പാത്രത്തിന്‍റെ വായ് മൂടിക്കെട്ടിവെക്കരുത്. അങ്ങനെ ചെയ്താല്‍, അല്ലാഹുവും നിനക്ക് ഒന്നും തരാതെ മൂടിക്കെട്ടിവെക്കും. മറ്റൊരു റിപ്പോർട്ടിൽ, നീ എണ്ണിത്തിട്ടപ്പെടുത്തിവെക്കരുത്. അപ്പോൾ അല്ലാഹുവും നിനക്ക് (കൂടുതല്‍ തരാതെ) എണ്ണിത്തിട്ടപ്പെടുത്തിവെക്കും. -ബുഖാരി)

 

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ: مَا مِنْ يَوْمٍ يُصْبِحُ الْعِبَادُ فِيهِ إِلاَّ مَلَكَانِ يَنْزِلاَنِ فَيَقُولُ أَحَدُهُمَا اللَّهُمَّ أَعْطِ مُنْفِقًا خَلَفًا، وَيَقُولُ الآخَرُ اللَّهُمَّ أَعْطِ مُمْسِكًا تَلَفًا

(തിരുനബി ﷺ പറഞ്ഞു: എല്ലാ ദിവസവും രാവിലെ രണ്ട് മലക്കുകൾ ഇറങ്ങിവരികയും, ഒരു മലക്ക്‌ അല്ലാഹുവേ, (സമ്പത്ത് നല്ലകാര്യത്തിന്) ചെലവവഴിക്കുന്നവ് നീ പകരം കൊടുക്കേണമേ എന്നും, മറ്റേ മലക്ക് അല്ലാഹുവേ, ചെലവഴിക്കാത്തവന് നാശം വരുത്തേണമേ എന്നും പ്രാർത്ഥിക്കുന്നതാണ് – ബുഖാരി, മുസ്‍ലിം)

 

പിശുക്ക് കാണിക്കുന്നവന്‍റെ സമ്പത്ത് വളരുകയില്ലെന്നാണിപ്പറഞ്ഞതിന്‍റെ അര്‍ത്ഥം. മാത്രമല്ല, ചിലപ്പോള്‍ പാപ്പരായെന്നുംവരും. എന്തായാലും നഷ്ടമേ അതുകൊണ്ടുണ്ടാകൂ.

 

പിശുക്കന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്ന് തിരുനബി ﷺ പറഞ്ഞിട്ടുണ്ട്.

عن أبي بكر الصديق رضي الله عنه قال: قال رسول الله صلى الله عليه وسلم: لا يدخل الجنة بخيل ولا خبٌّ ولا خائن

(തിരുനബി ﷺ പറഞ്ഞു: പിശുക്ക് കാണിക്കുന്നവനും ജനങ്ങള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കുന്നവനും ചീത്ത ഇടപാട് നടത്തുന്നവനും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല – അഹ്മദ്, തുര്‍മുദി).

 

സകാത്ത്, സ്വന്തത്തിന്‍റെയും കുടുംബത്തിന്‍റെയും ചെലവ്, ജനങ്ങളുടെ അവകാശങ്ങള്‍, ആവശ്യക്കാരനെ സഹായിക്കല്‍, അയല്‍വാസികളെ പരിഗണിക്കല്‍ - ഇതെല്ലാം മുസ്‌ലിമിന്‍റെ ബാധ്യതയാണ്. ഇതിലൊന്നും പിശുക്കരുത്.

 

ചിലര്‍ ചെലവാക്കുകയൊക്കെ ചെയ്യും; പക്ഷേ, മനസ്സില്ലാ മനസ്സോടെയോ വെറുപ്പോടെയോ ആയിരിക്കും. കപടവിശ്വാസിയുടെ ലക്ഷണമാണത്. കാശ് പോയിക്കിട്ടുമെന്നല്ലാതെ യാതൊരു പ്രതിഫലവും ലഭിക്കാത്ത നഷ്ടകച്ചവടമാണത്. അല്ലാഹു കാത്തുരക്ഷിക്കട്ടെ-ആമീന്‍.

-----------------

ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter