Thursday, 28 January 2021

അല്ലാഹുവേ, ഞങ്ങളുടെ സഹോദരന് നീ ശക്തി പകരേണമേ...

എം.എച്ച് പുതുപ്പറമ്പ്

09 January, 2021

+ -
image

ഇന്ന് ജനുവരി 9... ശനിയാഴ്ച.. പലരും ഈ ദിവസത്തിനായി അക്ഷമരായി കാത്തിരിക്കുകയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. 

ഇസ്‍ലാമിക വിശ്വാസത്തെ ജനമനസ്സുകളില്‍നിന്ന് കുടിയിറിക്കാന്‍ ഏറെ നാളായി സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും കഴിയുന്നതെല്ലാം ചെയ്തുകൊണ്ടിരിക്കുന്ന, നാസ്തികരുമായുള്ള സംവാദം നടക്കുന്ന ദിനമാണ് ഇന്ന് എന്നത് തന്നെ കാരണം. 

രാവിലെത്തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വായിക്കാനായത്, എം.എം. അക്ബര്‍ സാഹിബിന്റെ കുറിപ്പായിരുന്നു. ഒരുക്കങ്ങളെല്ലാം പരമാവധി ചെയ്തിട്ടുണ്ടെന്നും ഇനി അല്ലാഹുവിന്റെ സഹായത്തിനായി വാനലോകത്തേക്ക് കൈകളുയര്‍ത്തുകയാണ് എല്ലാവരും വേണ്ടതെന്നും പറഞ്ഞുകൊണ്ടുള്ള എഴുത്ത് ശരിക്കും കണ്ണ് നനയിച്ചു. ബദ്റിന്റെ തലേരാത്രിയില്‍ പുലരുവോളം പ്രാര്‍ത്ഥനാനിമഗ്നരായി കഴിച്ചുകൂട്ടിയ ഹബീബിന്റെ ചരിത്രചിത്രം അറിയാതെ മനസ്സിലേക്ക് കടന്നുവന്നു.

ഒരു പക്ഷെ, നാസ്തികവാദികളായ ഈ വിഭാഗം, ഈശ്വരവാദത്തിന്റെ ശക്തിയും ആവശ്യവും അല്പമെങ്കിലും കഴിഞ്ഞ ദിവസങ്ങളിലായി അനുഭവിച്ചിട്ടുണ്ടാവുമെന്നാണ് എന്റെ മനസ്സ് പറയുന്നത്. കാരണം, സംവാദമെന്നത് പങ്കെടുക്കുന്നവരെ സംബന്ധിച്ചിടത്തോളം മാനസിക സമ്മര്‍ദ്ദഹേതുകം തന്നെയാണ്. അത്തരം സാഹചര്യങ്ങളില്‍, ഒട്ടും പതറാതെ ഒരു വിശ്വാസിക്ക് പിടിച്ചുനില്‍ക്കാനാവുന്നത്, തന്നെ സഹായിക്കാന്‍ സ്നേഹനിധിയായ സര്‍വ്വശക്തനായ റബ്ബുണ്ടല്ലോ എന്ന ഉത്തമബോധ്യമാണ്. ആ നാഥനിലേക്ക് മനസ്സറിഞ്ഞ് കൈകളുയര്‍ത്തിയാല്‍ ഏത് പ്രയാസവും അലിഞ്ഞില്ലാതാവുന്നതാണ് വിശ്വാസിയുടെ പതിവ്. അതില്ലാത്തവരാണ് നാസ്തികവാദികള്‍. അവരെ സംബന്ധിച്ചിടത്തോളം ഏത് സമ്മര്‍ദ്ദവും സ്വയം സഹിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല. ഇത്തരം അവസരങ്ങളിലെങ്കിലും വിളിക്കാന്‍ ഒരു ദൈവമുണ്ടായിരുന്നെങ്കിലെന്ന് ഒരു പക്ഷേ, അവര്‍ കൊതിച്ചുപോയിട്ടുണ്ടായിരിക്കാം, നാഥന്‍ എല്ലാവര്‍ക്കും ഹിദായത് നല്കട്ടെ. 

സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന, വിശ്വാസത്തിനെതിരെയുള്ള ഇത്തരം ആക്രമണങ്ങള്‍ക്കെതിരെയുള്ള പോരാട്ടമെന്നത് ഇക്കാലത്ത് വളരെ പ്രധാനമാണ്. കേരളീയ പശ്ചാത്തലത്തില്‍ അത്തരം ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഒരു സംഘത്തിന്റെ വെല്ലുവിളിയാണ് എം.എം. അക്ബര്‍ സാഹിബ് സധീരം ഏറ്റെടുത്തിരിക്കുന്നത്. നാഥാ, അദ്ദേഹത്തിന് നീ ശക്തി പകരേണമേ...തെറ്റിദ്ധരിച്ചവര്‍ക്ക് നീ സന്മാര്‍ഗ്ഗം കാണിച്ചുകൊടുക്കേണമേ.. നിന്റെ കലിമതിനെ ഉന്നതമാക്കി നിര്‍ത്താനുള്ള ഈ ശ്രമത്തില്‍ താങ്ങും തണലുമായി നീ കൂടെയുണ്ടാവണേ...
  اللهم ايده ببرهانك يا الله... ربنا افرغ علينا صبرا وثبت اقدامنا وانصرنا على القوم الكافرين...