പള്ളികള്‍ തുറക്കും, തുറക്കില്ല... ഒരു ഏകശബ്ദത്തിനായി ഇനിയും നാമെത്ര കാത്തിരിക്കണം

നാസിഹ് അമീന്‍

10 June, 2020

+ -
image

കോവിഡുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഓരോന്നായി എടുത്ത് മാറ്റുന്നതിന്റെ ഭാഗമായാണ്, ആരാധനാലയങ്ങളുടെ നിയന്ത്രണങ്ങളിലും ഇളവ് വരുത്തിയത്. ജൂണ്‍ 8 ഓടെ മറ്റു പൊതുജന സംഗമസ്ഥലങ്ങളെപ്പോലെ, പള്ളികളും നിബന്ധനകള്‍ പാലിച്ച് തുറക്കാമെന്നതാണ് സര്‍ക്കാറിന്റെ തീരുമാനം. പള്ളികളും ആരാധനാലയങ്ങളും സമൂഹത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണെന്നത് തന്നെ കാരണം, ഏതായാലും കാര്യം നല്ലത് തന്നെ.

എന്നാല്‍, സര്‍ക്കാറിന്റെ ഈ നിലപാട് വന്നതോടെ, സമുദായത്തില്‍ ഇതിനോടുണ്ടായത് വ്യത്യസ്ത പ്രതികരണങ്ങളായിരുന്നു. വിവിധ രീതികളില്‍ ചിന്തിക്കുന്ന വ്യക്തികളുടെ പ്രതികരണങ്ങള്‍ വ്യത്യസ്തമാകുന്നതും സ്വാഭാവികം തന്നെ. എന്നാല്‍, സാധാരണക്കാര്‍ മുതല്‍ നേതൃപദവിയിലിരിക്കുന്നവര്‍ വരെ ഈ വിവിധ പ്രതികരണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലിട്ട്, വ്യക്തിസാന്നിധ്യവും സംഘടനാപോരിമയും കാണിക്കുന്നത് നല്ല ലക്ഷണമായി തോന്നുന്നില്ല. 

പള്ളികളും മതസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും അവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം തീരുമാനമെടുക്കാനുമായി പ്രത്യേക മന്ത്രാലയങ്ങളുള്ള ഇസ്‍ലാമിക നാടുകളെ പോലെയല്ല നമ്മുടെ നാട്. തുറക്കാമെന്ന് സര്‍ക്കാര്‍ അനുവാദം നല്‍കിയാല്‍, പിന്നെ, കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് നേതൃത്വമാണ്, അഥവാ, ഉലമാഉം ഉമറാഉം അടങ്ങുന്ന പരമോന്നത സമിതി. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് മാസപ്പിറിവിയുമായി ബന്ധപ്പെട്ട് ഇതേക്കാള്‍ വലിയ അരക്ഷിതാവസ്ഥയായിരുന്നു സമുദായത്തില്‍ നിലനിന്നിരുന്നത്. ഒരേ ദിവസം ഒരേ വീട്ടില്‍ പെരുന്നാളും നോമ്പും ഒരുമിച്ചെത്തിയ വിചിത്രവും അതിലേറെ ദയനീവുമായ സമുദായ ചിത്രം ഇന്നും പലരും മറന്നുകാണില്ല.  തന്റേടവും സമുദായ പ്രതിബദ്ധതയുമുള്ള ചില നേതാക്കളുടെ ഇടപെടലുകളിലൂടെ അത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കാന്‍ ശേഷം സമുദായത്തിന് സാധിച്ചു.

പൊതുജന ശ്രദ്ധ പതിയുന്ന ഇത്തരം മേഖലകളെ പലരും സാന്നിധ്യമറിയിക്കാനുള്ള അവസരമാക്കുന്നു എന്നത് അവരുടെ സങ്കുചിതത്വമായേ കാണാനാവൂ. പുതുതായി പിറവിയെടുക്കുന്ന ചില സംഘങ്ങള്‍ ഇതിനായി  മാസപ്പിറവിയെ ഉപയോഗപ്പെടുത്തുന്നത് ഇപ്പോഴും നാം കാണുന്നതാണ്. സമുദായത്തിന്റെ പൊതു താല്‍പര്യത്തേക്കാള്‍ വൈയക്തിക താല്‍പര്യങ്ങള്‍ക്കോ സംഘടനകള്‍ക്കോ മുന്‍തൂക്കം നല്‍കുമ്പോഴേ ഇങ്ങനെ ചെയ്യാനാവൂ. കാരണം, ഇത് സമുദായത്തിന് വരുത്തുന്ന ദുരന്തം വളരെ വലുതാണ്. ഏറ്റവും സുപ്രധാനമായ ആഘോഷാരാധനകളില്‍ പോലും ഏകസ്വരത്തിലെത്താനാവാത്ത വിധമുള്ള ഒരു സമുദായമാണെന്ന സന്ദേശമല്ലേ ഇത് നല്‍കുന്നത്. 

ഇത്തരം കാര്യങ്ങളെങ്കിലും നേതൃത്വം ഒന്നിച്ചിരുന്ന് സമുദായത്തിന് ഏകകണ്ഠമായ ഒരു നിര്‍ദ്ദേശം നല്‍കാന്‍ ഇനിയെങ്കിലും വേദി ഒരുങ്ങേണ്ടതുണ്ട്. അതിന് മുമ്പുണ്ടാവുന്ന എടുത്തുചാട്ടങ്ങളും ശേഷമുണ്ടാവുന്ന വിരുദ്ധ അഭിപ്രായ പ്രകടനങ്ങളും സമുദായം മുഖവിലക്കെടുക്കാത്ത വിധം കാര്യങ്ങള്‍ ഇനിയെങ്കിലും പുരോഗമിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം, ഈ സമുദായത്തിന്റെ ഗ്രാഫ് വീണ്ടും വീണ്ടും താഴോട്ട് പോയിക്കൊണ്ടിരിക്കുകയേ ഉള്ളൂ.