Friday, 23 October 2020

എല്ലാം അറബി പേരുകള്‍, ഇന്ത്യയിലല്ലേ നാം ജീവിക്കുന്നത്

നാസിഹ് അമീന്‍

29 September, 2020

+ -
image

അല്‍പം മുമ്പ് ബസ് യാത്ര ചെയ്യുന്നതിനിടെ, ചുമര്‍ പോസ്റ്ററുകളില്‍, ഗാനമേളയുടെ ഒരു നോട്ടീസ് ശ്രദ്ധയില്‍ പെട്ടു. സംഘാടകരുടെ പേര് ആണ് ഏറ്റവും ആകര്‍ഷിച്ചത്, നുസ്‍റതുല്‍ ഇസ്‍ലാം കളരി സംഘം. പോസ്റ്ററിന്റെ കെട്ടും മട്ടും കാര്യപരിപാടിയും കണ്ടാല്‍, ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാവും, സംഘടിപ്പിക്കുന്ന സംഘടനക്ക് പേരുമായുള്ള ബന്ധം. 

അതേസമയം, ഇത്തരം പേരുകള്‍ വരുത്തിയേക്കാവുന്ന പരിണിത ഫലങ്ങളെകുറിച്ചായിരുന്നു ശേഷ ചിന്തകള്‍. ഇതര മതസ്ഥരായ ആരെങ്കിലും ഈ പേരിന്റെ അര്‍ത്ഥം അന്വേഷിച്ച് പോയാല്‍, ഇസ്‍ലാമിനെ സഹായിക്കാനുള്ള കളരി സംഘമെന്ന് അര്‍ത്ഥം മനസ്സിലാക്കുമ്പോള്‍, അയാള്‍ക്കുണ്ടാവുന്ന ആശങ്കകള്‍ ആലോചിക്കാവുന്നതേയുള്ളൂ. അതേസമയം, സംഘത്തിന് പേരിന്റെ അര്‍ത്ഥവുമായി യാതൊരു ബന്ധവുമില്ലെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊടുക്കാന്‍ ആരുമുണ്ടാവില്ലെന്നിരിക്കെ, അദ്ദേഹത്തിന്റെ മനസ്സില്‍ ആ പേര് ഉടക്കി നില്‍ക്കാതിരിക്കില്ല. 

നാം ജീവിക്കുന്നത് ബഹുസ്വര ഇന്ത്യയിലാണ്. നമ്മുടെ എഴുത്തുകളും പറച്ചിലുകളും സ്ഥാപനങ്ങളുടെ പേരുകള്‍ പോലും, അവയെല്ലാം ശ്രദ്ധിക്കാനിടയുള്ള ഇതര മതസ്ഥരെ പോലും മുന്നില്‍ കണ്ട് വേണം തീരുമാനിക്കാന്‍. 

സ്ഥാപനങ്ങളുടെയും സംഘടനകളുടെയും കൂട്ടായ്മകളുടെയുമെല്ലാം പേരുകള്‍ അറബിയില്‍ തന്നെ ആവണമെന്ന് നിര്‍ബന്ധം പിടിക്കേണ്ട കാര്യമില്ല, അവയിലെല്ലാം ഇസ്‍ലാം ഉണ്ടാവണമെന്ന വാശിയും ഒഴിവാക്കാവുന്നതാണ്. ചുറ്റുപാടുമുള്ളവര്‍ക്ക് മനസ്സിലാവുന്ന വിധമായിരിക്കണം അവയെല്ലാം നാം നിര്‍ണ്ണയിക്കേണ്ടത്, അതോടൊപ്പം ബഹുസ്വരതക്കും സൌഹാര്‍ദ്ദപൂര്‍ണ്ണമായ കൂട്ടുജീവിതത്തിനും ഒട്ടും പോറലേല്‍പിക്കാതെയും. 

സാഹചര്യങ്ങളെ പരമാവധി ഉള്‍ക്കൊള്ളുകയും പരിസരനടപ്പുകളെ കഴിയുന്നത്ര അംഗീകരിക്കുകയും ചെയ്യുന്നതാണ് വിശുദ്ധ ഇസ്‍ലാമിന്റെ കാഴ്ചപ്പാട്. മതത്തിന്റെ വ്യക്തമായ രേഖകള്‍ക്ക് വിരുദ്ധമാവാത്തിടത്തോളം അത് തന്നെയാണ് നിയമം, ഉര്‍ഫ് എന്ന പേരില്‍ കര്‍മ്മശാസ്ത്രം പോലും അത്തരം നാട്ടുപതിവുകളെ അംഗീകരിക്കുന്നുണ്ട്. 
വിശുദ്ധ ഇസ്‍ലാമിന്റെ ഈ വിശാലതയെ ഏറ്റവും അധികം നെഞ്ചേറ്റുന്നത് സുന്നികളാണെന്നതിലും തര്‍ക്കമില്ല. ഇതര അവാന്തരവിഭാഗങ്ങളെല്ലാം തീവ്ര ചിന്തകളിലേക്ക് തെന്നിമാറുമ്പോഴും സുന്നികളാണ് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഈ ഇന്‍ക്ലൂസീവ്നെസിനെ കാത്ത് സൂക്ഷിച്ചത്. ആയതിനാല്‍ ഇന്ത്യയെന്ന ബഹുസ്വര രാജ്യത്ത് ജീവിക്കുന്ന നാം അത് കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ചുരുക്കത്തില്‍ പേരിലും പോസ്റ്ററിലും കാണിക്കുന്നതിനേക്കാളേറെ, ഇസ്‍ലാം പ്രകടമാവേണ്ടത് നമ്മുടെ ജീവിതത്തിലാണ്, അത് കണ്ട് വേണം ഇതരമതസ്ഥരും നമ്മുടെ സുഹൃത്തുക്കളും വിശുദ്ധ ഇസ്‍ലാമിനെ മനസ്സിലാക്കേണ്ടത്, അങ്ങനെയാണ് ഇതുവരെയുള്ളവര്‍ ഇസ്‍ലാമിനെ കണ്ടറിഞ്ഞതും. ഹുദൈബിയ്യ സന്ധിയില്‍ കരാര്‍ പത്രത്തില്‍നിന്ന് റസൂലുല്ലാഹ് എന്നത് വെട്ടി മാറ്റുന്നതില്‍ പ്രവാചകര്‍ക്ക് യാതാരുവിധ പ്രയാസവുമില്ലായിരുന്നു, കാരണം അപ്പോഴും ആ വിശുദ്ധ ജീവിതം പരിശുദ്ധ ഖുര്‍ആന്‍ തന്നെയായിരുന്നു.