ശിഹാബ് തങ്ങൾ വായിച്ചു തീരാത്ത പുസ്തകം

ശറഫുദ്ദീൻ ഹുദവി ആനമങ്ങാട്

01 August, 2020

+ -
image

കടലുണ്ടിപ്പുഴയോരത്തുനിന്ന്  നൈൽനദീതീരത്തേക്ക് ജ്ഞാനയാത്റ നടത്തി തിരിച്ചു പോരുന്പോൾ  ഇമാം ശാഫിഈയുടെ ജ്ഞാനലോകത്തോടൊപ്പം ഇമാം ബൂസ്വീരിയുടെ കാവ്യലോകത്തോടൊപ്പം മറ്റൊന്നുകൂടി തങ്ങൾ  കൈയിൽ കരുതിയിരുന്നു. അംറുബ്നുൽ ആസ്വി  (റ)യുടെ രാഷ്ട്രീയമായിരുന്നു അത്.     ഉമർ (റ)ൻറെ ബർകത്തുറ്റ കത്ത്  നൈൽ നദിയിലേക്കെറിഞ്ഞ്  അൽഭുതം സൃഷ്ടിച്ചതിൽ മാത്രമല്ല ആ സാമ്യത.

ഇതരമതസമൂഹങ്ങൾക്ക്  സ്വാധീനമുള്ള ഈജിപ്തിൽ മുസ്ലിം രാഷ്ട്രീയത്തിൻറെ വിജയപരീക്ഷണമായിരുന്നു  ആ സ്വഹാബിവര്യർ നടത്തിയത് . ക്രൈസ്തവർക്കും മറ്റുമതവിഭാഗങ്ങൾക്കും നേട്ടങ്ങൾ മാത്രമാണ് ആ ഭരണം കൊണ്ടുണ്ടായത്.

 ശിഹാബ് തങ്ങൾ കേരളത്തിൽ നേടിയത് ഇതേ വിജയമാണ്. 1975 നും 2009 നുമിടയിൽ  രണ്ടു പതിറ്റാണ്ടോളം ശിഹാബ് തങ്ങളുടെ പാർട്ടിക്ക് സ്വാധീനമുള്ള  സർക്കാർ കേരളം ഭരിച്ചു. തങ്ങൾ കൈ ചൂണ്ടുന്നിടത്തേക്ക് നോക്കുന്ന നിരവധി മന്ത്രിമാർ ഭരിച്ചു. തങ്ങൾ വ്യക്തിപരമായി ഒന്നും നേടിയില്ല. മുസ്ലിം ന്യൂനപക്ഷത്തിന് മാത്രമല്ല പൊതുസമൂഹത്തിനാണ് അത് നേട്ടമുണ്ടാക്കിയത്. അതായിരുന്നു അംറുബ്നുൽ ആസ്വി(റ)യുടെ രാഷ്ട്രീയം.

1991 ൽ ശിഹാബ് തങ്ങളുടെ രാഷ്ട്രീയ തീരുമാനത്തിനു മുന്നിൽ കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യൻമാരായ ഇ. എം. എസും ഇ കെ നായനാരും കെ കരുണാകരനും പകച്ചു നിന്നു. 1992 ൽ ബാബരി മസ്ജിദിൻറെ പതനം സഹനം കൊണ്ട് നേരിടാൻ തങ്ങൾ ആഹ്വാനം ചെയ്തപ്പോൾ  ഫാസിസ്റ്റുകളും മാർക്സിസ്റ്റുകളും ഒന്നിച്ചു തോറ്റു. 1993 ലെ ഒറ്റപ്പാലം ഉപതെരഞ്ഞെടുപ്പിൽ  തങ്ങളുടെ രാഷ്ട്രീയ സത്യസന്ധതക്കുമുന്നിൽ കേരളം കൈകൂപ്പി നിന്നു. 

അംറുബ്നുൽ ആസ്വി  (റ)യുടെ കാലത്ത് ഒരു സംഭവമുണ്ടായി.   ആരോ യേശുവിന്റെ പ്രതിമയുടെ മൂക്ക് മുറിച്ചു. ക്രൈസ്തവനേതാക്കൾ ക്ഷുഭിതരായി  അംറി(റ)നെ സമീപിച്ചു. നബി(സ)യുടെ പ്രതിമയുണ്ടാക്കി  മൂക്ക് മുറിക്കാനനുവദിക്കണമെന്ന ആവശ്യമുന്നയിച്ചു. ആ ആദർശാലി അതനുവദിച്ചില്ല. എന്നാൽ അദ്ദേഹം പറഞ്ഞു : പകരം  നിങ്ങൾക്ക് എൻറെ മൂക്ക് മുറിക്കാം. ജനങ്ങളുടെ മുന്നിൽ വെച്ചു  ക്രൈസ്തവനേതാവിൻറെ കഠാരയുടെ മുന്നിലേക്ക്  ആ മതസ്വാതന്ത്ര്യ സംരക്ഷകൻ മൂക്ക് നീട്ടിക്കൊടുത്തു. അപ്പോഴേക്ക്  യേശു പ്രതിമയുടെ മൂക്ക് മുറിച്ചയാൾ ഓടിവന്ന് തൻറെ മൂക്ക് നീട്ടിക്കൊടുത്തു. ആരുടെയും മൂക്ക് മുറിഞ്ഞില്ല ; സംഘർഷം തീർന്നു.


Also Read:പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍


മതസൗഹാർദ്ദ സംരക്ഷണ ത്തിൽ ഇതേ ജാഗ്രതയായിരുന്നു തങ്ങൾക്ക്.  അങ്ങാടിപ്പുറം തളിക്ഷേത്റത്തിൻറെ ഗോപുരവാതിൽ ആരോ കത്തിച്ചു. വൈകാതെ തങ്ങൾ അവിടെയെത്തി. സുരക്ഷയെ കുറിച്ചൊന്നും  അദ്ദേഹം ആലോചിച്ചില്ല. ക്ഷേത്ര ഭണ്ഡാരത്തിലേക്ക് ഒരു കൈനീട്ടൽ . സംഘർഷ സാധ്യത അവസാനിച്ചു.

 ഒരു മൂക്ക് നീട്ടലിലും ഒരു കൈനീട്ടലിലും സുരക്ഷിതമായത് ഒരുപാട് മൂക്കുകളും കൈകളും

വായിച്ചു തീരാത്ത ആ പുസ്തകത്തിൻറെ പുറംചട്ടയിൽ ഇങ്ങനെ കുറിച്ചിടാം  പാണക്കാട് തങ്ങളെ പോലെയാണെന്കിൽ  ആത്മീയനേതാവിന് രാഷ്ട്രീയത്തിൽ വലിയൊരിടമുണ്ട് ; മഹത്തായ ഒരിടം

ഇതര സംസ്ഥാനങ്ങളിലെ മുസ്ലിംകളെ കുറിച്ച്  ആത്മപിതാവ് ഹാജിയാർ പറഞ്ഞത് വീണ്ടുമോർക്കാം  നമുക്ക്   പാണക്കാട്ടെ കുട്ടികളുള്ളതുകൊണ്ട് സുഖമാണെന്ന് കരുതാം. അവർക്ക് ആരാണുള്ളത്