Friday, 23 October 2020

തനിഷ്‌ക് പരസ്യവും വര്‍ഗീയവാദികളുടെ വിഭ്രാന്തിയും

islamonweb

16 October, 2020

+ -
image

ടാറ്റാ ഗ്രൂപ്പിന്റെ ജ്വല്ലറിയായ തനിഷ്‌ക് ഒക്ടോബര്‍ 9 ന് ഒരു പരസ്യം പുറത്തിറക്കി, പരസ്യത്തില്‍ മതവികാരം വ്രണപ്പെടുത്തുന്നുവെന്നും ലൗജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും പറഞ്ഞ് ഹിന്ദുത്വ വര്‍ഗീയ വിഭാഗങ്ങള്‍ പരസ്യം പിന്‍വലിപ്പിക്കാനും മാപ്പ് പറയിപ്പിക്കാനും ജ്വല്ലറിക്കെതിരെ ബഹിഷ്‌കരണാഹ്വാനവും വിദ്വേഷകാമ്പയിനുമായും രംഗത്തിറങ്ങി. തനിഷ്‌ക് ഉടനെ തങ്ങളുടെ പരസ്യം പിന്‍വലിച്ചു.

പിന്‍വലിച്ചാല്‍ മാത്രം പോര മാപ്പും പറയണമെന്നായി ഹിന്ദുത്വ വാദികള്‍, അതിനെ തുടര്‍ന്ന് ബോയ്‌കോട്ട് തനിഷ്‌ക് കാമ്പയിനും ശക്തമാക്കി. ഗുജറാത്ത് പോലുള്ള ചിലയിടങ്ങളില്‍ തനിഷ്‌കിന്റെ സ്‌റ്റോറില്‍ ഹിന്ദുത്വവാദികള്‍ കയറുകയും ആക്രമിക്കുകയും മാനേജരെ കൊണ്ട് നിര്‍ബന്ധപൂർവം മാപ്പ് എഴുതിവാങ്ങിക്കുകയും ചെയ്തു.

ഇതെല്ലാം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് രാഷ്ട്രമെന്ന് അവകാശപ്പെടുന്ന ഇന്ത്യയിലെ പുതിയ വര്‍ത്തമാനങ്ങളാണ്.

ഒരു മുസ്‌ലിം കുടുംബത്തില്‍ ഹൈന്ദവ വിശ്വാസിയായ മരുമകള്‍ ഗര്‍ഭിണിയായപ്പോള്‍  ഹൈന്ദവാചാര പ്രകാരം വീട്ടില്‍ ചടങ്ങ് സംഘടിപ്പിക്കുന്നു, ഈ ആചാരങ്ങള്‍ സാധാരണ ഈ വീട്ടില്‍ നടക്കാറില്ലല്ലോ എന്ന് മരുമകള്‍ ചോദിക്കുമ്പോള്‍ അമ്മായിഅമ്മ പെണ്‍കുട്ടിയെ സന്തോഷവതിയാക്കുന്ന കാര്യങ്ങള്‍ എല്ലാവീട്ടിലും നടക്കാറുണ്ടല്ലോ എന്ന് മറുപടി പറയുകയും ചെയ്യുന്നു. അവസാനത്തില്‍ ആഭരണമണിയിക്കുകയും ഒന്നായി തീര്‍ന്നാല്‍ പിന്നെ നമ്മള്‍ അവര്‍ക്കായി എന്തും ചെയ്യുമെന്ന് പറയുന്ന സന്ദേശത്തോടെ പരസ്യം അവസാനിക്കുകയും ചെയ്യുന്നു.

ജ്വല്ലറിയുടെ പരസ്യമാണെങ്കിലും ഹിന്ദു-മുസ്‌ലിം ഐക്യവും മതസൗഹാര്‍ദ്ദവും ബന്ധങ്ങളുടെ ഊഷ്‌മളതയും വിളിച്ചോതുന്ന പരസ്യമായത് കൊണ്ട് തന്നെ ഹിന്ദ്വുത തീവ്രവാദികള്‍ക്ക് കലിയിളകിയെന്നതാണ് വാസ്തവം. അവര്‍ ഇതിലൂടെ ലൗജിഹാദാണ് ചിത്രീകരിക്കുന്നതെന്ന് ആരോപിക്കുകയും ജ്വല്ലറിയെ ബഹിഷ്‌കരിക്കാനും ആക്രമിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങുകയും ചെയ്തു.

തനിഷ്‌കിന് പിന്തുണയുമായി സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പലരുമെത്തിയെങ്കിലും തനിഷ്‌കിന് പിടിച്ച് നില്‍ക്കാനിയില്ല. അവര്‍ പരസ്യം പിന്‍വലിക്കുകയും ചെയ്തു.
'വര്‍ഗീയ ശക്തികള്‍ ഈ തനിഷ്‌ക് ജ്വല്ലറി പരസ്യം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. എന്ത് കൊണ്ട് ഹിന്ദു മുസ്‌ലിം ഐക്യത്തിന്റെ കേന്ദ്രമായ ഇന്ത്യയെ അവര്‍ ബഹിഷ്‌കരിക്കുന്നില്ല എന്നാണ് ശശി തരൂര്‍ ചോദിച്ചത്.

വിവിധ ഭാഗത്ത് നിന്ന് പിന്തുണ ലഭിച്ചുവെങ്കിലും ഒക്ടോബര്‍ 9 ന് ഇറക്കിയ പരസ്യം ഒക്ടോബര്‍ 15 ന് അവര്‍ തന്നെ പിന്‍വലിച്ചു.
ഐക്യത്തിന്റെ സന്ദേശം നല്‍കുന്ന തനിഷ്‌കിന്റെ പരസ്യത്തില്‍ ഈ രീതിയില്‍ പ്രതികരണം വന്നതില്‍ ദുഖിതരാണെന്നും തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ആലോചിച്ചുകൊണ്ടാണ് പരസ്യം പിന്‍വലിക്കുന്നതെന്നുമാണ് തനിഷ്‌ക് പിന്‍വലിച്ച് കൊണ്ടുള്ള പ്രസ്താവനയില്‍ അധികൃതർ വ്യക്തമാക്കിയത്.
പരസ്യത്തിനെതിരെ മുമ്പും രാജ്യത്ത് വര്‍ഗീയവാദികളുടെ വിഭ്രാന്തി പൂണ്ട സ്വരമുയര്‍ന്നിരുന്നു. 2019 ല്‍ സര്‍ഫ് എക്സല്‍ പരസ്യം ഇറങ്ങിയപ്പോള്‍ പരസ്യത്തിലെ ഹിന്ദു-മുസ്‌ലിം പെണ്‍കുട്ടിയുടെ സൗഹൃദം ലൗജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് പ്രചരിപ്പിക്കുകയും സര്‍ഫ് എക്സല്‍ കത്തിക്കുകയും മറ്റും ചെയ്തുവെങ്കിലും അധികൃതര്‍ അന്ന് പരസ്യം പിന്‍വലിക്കാന്‍ തയ്യാറായിരുന്നില്ല.

ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് അവര്‍ സ്വീകരിച്ചിരുന്ന നയമാണ് ഡിവൈഡ് ആന്‍ഡ് റൂള്‍ (ഭിന്നിപ്പിച്ച് ഭരിക്കുക) പോളിസി. ഹിന്ദു-മുസ്‌ലിം ഐക്യവും സൗഹൃദവും കണ്ട് അത് സഹികെട്ട് ഭിന്നിപ്പിച്ച് ഭരിക്കല്‍ മറയാക്കിയാണ് അവര്‍ ബംഗാള്‍ വിഭജനം സാധ്യമാക്കിയത്.
ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ട് ശേഷവും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ-മതേതരത്വ -സോഷ്യലിസ്റ്റ് രാജ്യമായ ഇന്ത്യയില്‍ ഇത്തരം ഐക്യപ്പെടലുകളില്‍ വിഭ്രാന്തി പൂണ്ടവരോട് സമ്മര്‍ദത്തിന് വഴങ്ങുന്നതും രാജിയാവുന്നതും തീര്‍ത്തും ഖേദകരമാണ്. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി നേടിയവര്‍ കണ്ട ഇന്ത്യ ഇങ്ങനെയല്ല എന്ന് ഉറക്കെ പറയാനുള്ള  ഊര്‍ജമാണ് നമ്മളില്‍ ഉണ്ടാവേണ്ടത്.

 - അബ്ദുല്‍ ഹഖ്. മുളയങ്കാവ്