കോൺസ്റ്റാന്റിനോപ്പിൾ വിജയം ഇപ്പോഴും യൂറോപ്പിനെ അസ്വസ്ഥമാക്കുന്നു

റാശിദ് ഓത്തുപുരക്കൽ ഹുദവി

26 July, 2020

+ -
image

85 വർഷത്തെ ഇടവേളക്കുശേഷം തുർക്കിയിലെ ഇസ്താംബൂളിലെ പ്രശസ്ത ഹാഗിയ സോഫിയയിൽ ജുമുഅ നിസ്കാരം നിർവഹിക്കപ്പെട്ട വാർത്ത കേട്ട് ആഹ്ലാദ തിമർപ്പിലാണ് മുസ്‌ലിം ലോകം. തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ അടക്കം തുർക്കിയിലെ മത-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ നിർത്തലാക്കപ്പെട്ടതിനുശേഷം നടന്ന ആദ്യ ജുമുഅയിൽ പങ്കെടുത്തു.

ഹാഗിയ സോഫിയ മ്യൂസിയമാക്കി മാറ്റിയ 1934ലെ തുർക്കി ഭരണാധികാരി കമാൽ പാഷയുടെ തീരുമാനം ഉന്നത കോടതി റദ്ദാക്കിയതിനെ തുടർന്ന് രണ്ടാഴ്ചകൾക്ക് മുമ്പ് മുസ്‌ലിം പള്ളിയാക്കി തുര്‍ക്കി സര്‍ക്കാര്‍ മാറ്റുകയായിരുന്നു. ഇതിനെതിരെ അമേരിക്കയടക്കമുള്ള ലോക രാജ്യങ്ങളും മാർപാപ്പയുടെ ഒപ്പമുള്ള നേതാക്കളും വിമർശനം ഉന്നയിച്ചെങ്കിലും സധൈര്യം തീരുമാനവുമായി മുന്നോട്ട് പോവുകയായിരുന്നു തുർക്കി സർക്കാർ. ജുമാ നമസ്കാരത്തിന് ശേഷം കോൺസ്റ്റാന്റിനോപ്പിൾ ജേതാവ് മുഹമ്മദ് ഫാതിഹിന്റെ മഖ്ബറ സിയാറത്തിലും ഉർദുഗാൻ പങ്കെടുത്തു.

കോൺസ്റ്റാന്റിനോപ്പിൾ വിജയം

567 വർഷങ്ങൾക്കു മുമ്പ് സുൽത്താൻ മുഹമ്മദ് രണ്ടാമത്തെ നേതൃത്വത്തിൽ ഒട്ടോമൻ സേന നേടിയെടുത്ത വിജയം ഇസ്‌ലാമിക ചരിത്രത്തിൽ തുല്യതയില്ലാത്തതായിരുന്നു. നഗരങ്ങളുടെ രാജ്ഞിയെന്ന് വിളിപ്പേരുള്ള കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കുക മാത്രമല്ല, മറിച്ച് റോമൻ സാമ്രാജ്യത്തിന്റെ അവസാന തുണ്ട് ഭൂമിയും കീഴടക്കി ലോകം കണ്ട എക്കാലത്തെയും മഹത്തായ സാമ്രാജ്യത്വത്തെ അവസാനിപ്പിക്കുക കൂടിയായിരുന്നു ചെയ്തത്.

മുഹമ്മദ് രണ്ടാമൻ

1432 ൽ ഒട്ടോമൻ സുൽത്താൻ മുറാദ് രണ്ടാമന്റെ മകനായി അന്നത്തെ തലസ്ഥാനമായ എഡിർനയിലാണ് മുഹമ്മദ് രണ്ടാമൻ ജനിക്കുന്നത്. ഇസ്‌ലാമിക, ശാസ്ത്രീയ വിജ്ഞാന ശാഖകളിലെല്ലാം ആഴത്തിലുള്ള വിദ്യാഭ്യാസം തന്നെ അദ്ദേഹത്തിന് ലഭിച്ചു. സർവ്വവിജ്ഞാന ശാഖകളിലും അവഗാഹമുണ്ടായിരുന്ന മുഹമ്മദ് ശംസുദ്ദീൻ ഹംസ എന്ന മഹാ പണ്ഡിതനായിരുന്നു അദ്ദേഹത്തിന്റെ ഗുരുനാഥൻ. ചെറുപ്പം മുതലേ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കുന്നതിനെ കുറിച്ച് ഗുരുനാഥൻ മുഹമ്മദിനെ നിരന്തരമായി ഓർമ്മപ്പെടുത്താറുണ്ടായിരുന്നു.

അമാസ്യ എന്ന പ്രവിശ്യയുടെ ഗവർണറായാണ് മുഹമ്മദ് ഭരണരംഗത്ത് എത്തുന്നത്. 1444 ൽ പിതാവ് അധികാരം മുഹമ്മദിന് കൈമാറി. എന്നാൽ ആ സമയത്താണ് യൂറോപ്യൻ രാജ്യങ്ങളുടെ സഖ്യം ഒട്ടോമൻ സാമ്രാജ്യത്തിനെതിരെ കുരിശുയുദ്ധം നയിക്കുന്നത്. ഇതറിഞ്ഞ ഉടൻ ഭരണം പിതാവിന് തിരികെ നൽകാൻ മുഹമ്മദ് തീരുമാനിച്ചു. പിതാവ് വിസമ്മതിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, താങ്കളാണ് സുൽത്താനെങ്കിൽ വന്ന് സൈന്യത്തെ നയിക്കൂ, ഞാനാണ് സുൽത്താനെങ്കിൽ, ഞാൻ നിങ്ങളോട് കൽപിക്കുന്നു, വരൂ എന്റെ സൈന്യത്തെ നയിക്കൂ. ഒടുവിൽ മുറാദ് രണ്ടാമൻ യുദ്ധം നയിച്ച് വിജയം വരിച്ചു. അതിനു പിന്നാലെ ഭരണത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു. 1452 ൽ അദ്ദേഹത്തിന്റെ വിയോഗത്തോടെ മുഹമ്മദ് രണ്ടാമൻ അധികാരത്തിൽ തിരിച്ചെത്തി.

ഉപരോധത്തിന് മുമ്പുള്ള നടപടികൾ

കോൺസ്റ്റാൻറിനോപ്പിൾ കീഴടക്കുക എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ മുമ്പിലുണ്ടായിരുന്ന ഏക ലക്ഷ്യം. ഇതേക്കുറിച്ചല്ലാതെ മറ്റൊന്നും തന്നോട് സംസാരിക്കരുതെന്ന് അദ്ദേഹം കല്പന പുറപ്പെടുവിക്കുക പോലും ചെയ്തിരുന്നു. ആദ്യമായി മറ്റു യൂറോപ്പ്യൻ ശക്തികളുമായി അദ്ദേഹം സന്ധി ചെയ്തു. തന്റെ പിതാമഹൻ ബായസീദ് ഒന്നാമൻ ബോസ്ഫറസിന്റെ ഏഷ്യൻ ഭാഗത്ത് നിർമിച്ച കോട്ടയുടെ നേരെയുള്ള യൂറോപ്പ്യൻ ഭാഗത്ത് മുഹമ്മദ് പുതിയൊരു കോട്ട പണിതു. യൂറോപ്പിലെ മറ്റു ഭാഗങ്ങളിൽ നിന്ന് വരുന്ന സഹായം പ്രതിരോധിക്കാനായിരുന്നു ഇത്.

തന്റെ സാമ്രാജ്യത്തിന്റെ മുഴുവൻ ഭാഗത്തുനിന്ന് നിന്നും കരുത്തുറ്റ പടയാളികളെ അദ്ദേഹം ഒരുക്കി നിർത്തി. അക്കാലത്തെ ഏറ്റവും നൂതനമായ ആയുധങ്ങളും പടക്കോപ്പുകളും പീരങ്കികളും സജ്ജമാക്കി. തന്റെ മുൻഗാമികളായ ഭരണാധികാരികൾ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കാൻ നടത്തിയ ശ്രമം പരാജയപ്പെടാനുള്ള കാരണങ്ങൾ അദ്ദേഹം സൂക്ഷ്മമായി വിലയിരുത്തി.

ഉപരോധ തുടക്കം

സുൽത്താൻ മുഹമ്മദിന്റെ നടപടികൾ സൂക്ഷ്മമായി വിലയിരുത്തിയ കോൺസ്റ്റന്റൈൻ മറ്റു യൂറോപ്യൻ ശക്തികളോട് സഹായമഭ്യർഥിച്ചു. 100 വർഷം നീണ്ട യുദ്ധം മൂലം തവിട് പൊടിയായ ഫ്രാൻസും ഇംഗ്ലണ്ടും ആദ്യമേ കയ്യൊഴിഞ്ഞു. റോമൻ കത്തോലിക്കാ പോപ്പിനോട് സഹായമഭ്യർത്ഥിച്ചിരുന്നെങ്കിലും വർഷങ്ങളായി കത്തോലിക്കാ-ഓർത്തഡോക്സ് സഭകൾക്കിടയിൽ രഞ്ജിപ്പില്ലാതിരുന്നതിനാൽ അവിടെ നിന്നും സഹായം ലഭിച്ചില്ല. വാർന യുദ്ധത്തിൽ ഒട്ടോമൻ സേനയോട് പരാജയപ്പെട്ടതിനാൽ ഹോളണ്ടും ഹംഗറിയും സഹായം നൽകാൻ തയ്യാറായതുമില്ല.

സഹായം ആകെ ലഭിച്ചതാകട്ടെ ഒരു വടക്കൻ ഇറ്റാലിയൻ വാണിജ്യ നഗരത്തിൽ നിന്ന് മാത്രം, ജിയോവാനി ഗിയൂസ്തിയാനിയെന്ന കമാൻഡർ അങ്ങനെ സഹായവുമായി കോൺസ്റ്റാന്റിനോപ്പിളിലെത്തി. കോൺസ്റ്റന്റൈൻ ചക്രവർത്തി പൂർണ സൈന്യാധിപ സ്ഥാനം ജിയോവാനിക്ക് നൽകുകയും ചെയ്തു.

കോൺസ്റ്റാൻറിനോപ്പിളിൽ 7000 സൈനികരും 26 കപ്പലുകളുമാണ് ഉണ്ടായിരുന്നതെങ്കിൽ ഒട്ടോമൻ ഭാഗത്ത് 50,000-80000 സൈനികരും 126 കപ്പലുകളുമുണ്ടായിരുന്നു. ബസിലിക്ക എന്ന കൂറ്റൻ പീരങ്കിയായിരുന്നു ഒട്ടോമൻ സൈന്യത്തിന്റെ തുറുപ്പ് ചീട്ട്. ഓർബാൻ എന്ന വിഖ്യാതനായ ആയുധ നിർമ്മാതാവ് രൂപകൽപ്പന ചെയ്ത ഈ പീരങ്കിക്ക് 8.2 മീറ്ററായിരുന്നു ഉയരം. 272 കി. കല്ലുകൾ 1.62 കി.മീ ദൂരത്തേക്കെത്തിക്കാൻ ഇതിന് ത്രാണിയുണ്ടായിരുന്നു.

മാർച്ച് 5 ന് സുൽത്താൻ നേരിട്ട് ഉപരോധത്തിന്റെ നേതൃത്വം ഏറ്റെടുത്തു. 20 കി.മീ നീളമുള്ള ശക്തമായ മതിലുകൾ നഗരം അപ്രതിരോധമെന്ന് തോന്നിപ്പിച്ചു. പടിഞ്ഞാറൻ ഭാഗത്തുള്ള തിയോഡൂസിയൻ മതിലുകളെ ആക്രമിക്കുകയെന്നതായിരുന്നു ആദ്യ പദ്ധതി. കടലിലൂടെ സേന നഗരത്തിലേക്ക് പ്രവേശിക്കാതിരിക്കാൻ കോൺസ്റ്റൻ്റൈൻ ബോസ്ഫറസിൽ സ്വർണ ചങ്ങലകൾ സ്ഥാപിച്ചിരുന്നു. ഇതിനെ മറി കടക്കാൻ സുൽത്താൻ മുഹമ്മദ് രണ്ടാമൻ ചെയ്തത് ലോകചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്ത യുദ്ധതന്ത്രമായിരുന്നു; കപ്പലുകളെ കരയിലൂടെ വലിച്ച് ചങ്ങലകൾ ഇല്ലാത്ത കടൽ ഭാഗത്തെത്തിക്കുക. മെഴുക് പുരട്ടിയ തടിക്കഷണങ്ങൾ താഴെ വെച്ച് അതിന് മുകളിലൂടെയായിരുന്നു കപ്പലുകളെ വലിച്ചിരുന്നത്. ഇതുവഴി കോൺസ്റ്റന്റൈയ്ൻ ചക്രവർത്തിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് കപ്പൽപ്പട കോൺസ്റ്റാൻറിനോപ്പിൾ ലക്ഷ്യമാക്കി എത്തി. അതേസമയം നഗരത്തിലെ പടിഞ്ഞാറ് ഭാഗത്തു നിന്ന് ബസിലിക്ക അടക്കമുള്ള പീരങ്കികളിൽ നിന്ന് എയ്ത് വിട്ട തീനാളങ്ങൾ കോൺസ്റ്റാന്റിനോപ്പിൾ ഭിത്തികൾ ഭേദിച്ചു. ഏറെനേരം പിടിച്ചുനിൽക്കാൻ ബൈസാന്റയിൻ സാമ്രാജ്യത്തിന് സാധിച്ചില്ല. ഒടുവിൽ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സാമ്രാജ്യം പൂർണമായും തകർന്നു വീണു.

പുലർന്നത് റസൂൽ സ യുടെ പ്രവചനം

'കോൺസ്റ്റാൻറിനോപ്പിൾ കീഴടക്കപ്പെടും, ആ സൈന്യാധിപൻ എത്ര നല്ല സൈന്യാധിപനാണ്, സൈന്യം എത്ര നല്ല സൈന്യമാണ്'. ക്രി.620 കാലയളവിൽ മുഹമ്മദ് നബി നടത്തിയ പ്രവചനമായിരുന്നു ഇത്. പേർഷ്യൻ റോമൻ സാമ്രാജ്യം തകരുമെന്ന് റസൂൽ മറ്റു ഹദീസുകളിലും പറയുന്നുണ്ട്. ഖുലഫാഉ റാഷിദുകളുടെ കാലത്ത് പേർഷ്യൻ സാമ്രാജ്യം മുഴുവനായും റോമൻ സാമ്രാജ്യത്തിലെ ശാം, ഈജിപ്ത് ഭാഗവും ഇസ്‌ലാമിന് കീഴിൽ വന്നിരുന്നു. കോൺസ്റ്റാൻറിനോപ്പിൾ കീഴടക്കുന്ന സേനാനായകനെ കുറിച്ച് റസൂൽ മതിപ്പ് പ്രകടിപ്പിച്ചതിനാൽ അത് താനാവണമെന്ന് ഓരോ മുസ്‌ലിം ഭരണാധികാരിയും ആഗ്രഹിച്ചിരുന്നു. ഒന്നാം അമവി ഖലീഫയും പ്രമുഖ സ്വഹാബിയുമായ മുആവിയ റ ഇതിനു തുടക്കമിട്ടിരുന്നു. ആ യുദ്ധത്തിലാണ് അബൂ അയ്യൂബ് അൽ അൻസാരി റ ശഹീദാവുന്നത്. എന്നാൽ കോൺസ്റ്റാൻറിനോപ്പിൾ കീഴടക്കാൻ ആർക്കും സാധിച്ചില്ല. ആ ഭാഗ്യം കൈവന്നത് മുഹമ്മദ് രണ്ടാമനായിരുന്നു.

ഹാഗിയാ സോഫിയ

കോൺസ്റ്റാൻറിനോപ്പിൾ കീഴടങ്ങിയതിന് പിന്നാലെ നഗരത്തിലെ മുഴുവൻ ജനങ്ങളും അവരുടെ ആരാധനാലയമായ ഹാഗിയാ സോഫിയയിൽ ഒരുമിച്ചുകൂടി. ഭയചകിതരായ അവരുടെ അരികിലേക്ക് നടന്ന് ചെന്ന മുഹമ്മദ് രണ്ടാമൻ അവരെ ആശ്വസിപ്പിച്ചു. ആശങ്കകൾക്ക് അറുതിവരുത്തി. അവരുടെ ശരീരവും സമ്പത്തും ഇനിമുതൽ മുതൽ തന്റെ സുരക്ഷയിൽ ആണെന്ന് അവർക്ക് ഉറപ്പുനൽകുകയും ചെയ്തു.

റോമാ സാമ്രാജ്യത്തിന്റെ സിരാകേന്ദ്രമായ ഹഗിയാ സോഫിയയും ഇസ്‌ലാമിക കേന്ദ്രമാക്കണമെന്ന് സുൽത്താൻ ആഗ്രഹിച്ചു. യേശുദേവന്റെ സവിശേഷ തിരുനോട്ടം ലഭിക്കുന്ന ദേവാലയമാണതെന്ന വിശ്വാസം വെച്ചുപുലർത്തിയിരുന്ന റോമന്‍ ചക്രവര്‍ത്തിമാര്‍ തങ്ങളുടെ മതപരവും രാഷ്ട്രീയവുമായ രാജശാസനകൾ വിളംബരം ചെയ്തിരുന്നത് അവിടെ വെച്ചായിരുന്നു. ഈ വിശ്വാസം യൂറോപ്പിലാകമാനം നിലനിന്നിരുന്നു. യേശുവിന്റെ അനുഗ്രഹം ഉള്ളതിനാൽ തങ്ങളെ ആര്‍ക്കും പരാജയപ്പെടുത്താനാവില്ലെന്ന ധാരണ ക്രിസ്ത്യാനികള്‍ വെച്ചുപുലര്‍ത്തി. അവരുടെ ആത്മധൈര്യം തകർക്കാനും അങ്ങനെ യൂറോപ്പിനുമേല്‍ ആധിപത്യം നേടാനും .സുല്‍ത്താന്‍ മുഹമ്മദ് റോമന്‍ ചക്രവര്‍ത്തിമാരുടെ രാജകീയ സ്വത്തായിരുന്ന ഹാഗിയാ സോഫിയ തന്റെ സ്വകാര്യ സ്വത്തായി വിലയ്ക്കുവാങ്ങുകയും ഓര്‍ത്തഡോക്‌സ് മതമേലധികാരികളുമായി ചര്‍ച്ച നടത്തി പിന്നീട് മസ്ജിദാക്കി പരിവര്‍ത്തിപ്പിക്കുകയും ചെയ്തു.