ലിബിയൻ ആഭ്യന്തര പ്രതിസന്ധിയും ഈജിപ്ഷ്യൻ സേനയുടെ പടയൊരുക്കവും

കരീം അൽ ജൗഹരി

28 June, 2020

+ -
image

ലിബിൻ അതിർത്തിയോട് ചേർന്ന ഈജിപ്ഷ്യൻ സൈനിക ക്യാമ്പിൽ ഈജിപ്ഷ്യൻ പ്രസിഡണ്ട് അബ്ദുൽ ഫതഹ് അൽ സീസി സന്ദർശനം നടത്തിയതും ദേശീയ ടെലിവിഷൻ വൻ പ്രാധാന്യത്തോടെ അത് പ്രക്ഷേപണം ചെയ്തതും ലിബിയൻ യുദ്ധക്കളത്തിലേക്ക് ഈജിപ്ഷ്യൻ സേന നീങ്ങുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

രാജ്യത്തിനകത്തും വേണ്ടിവന്നാൽ അതിർത്തിക്കപ്പുറവും എന്ത് തരം ആക്രമണത്തിനും തയ്യാറായി നിൽക്കുന്ന സൈനികർക്ക് നന്ദി രേഖപ്പെടുത്തിയ ഈജിപ്ഷ്യൻ പ്രസിഡണ്ട് ഫത്താഹ് സീസിയുടെ നടപടി യുദ്ധപ്രഖ്യാപനമായിട്ടാണ് കരുതപ്പെടുന്നത്. ലിബിയയിൽ നടന്നുകൊണ്ടിരിക്കുന്ന സ്ഥിതിഗതികൾ ഈജിപ്തിന് ഒരിക്കലും സംതൃപ്തി നൽകുന്നതല്ല. ഈജിപ്ത് പിന്തുണക്കുന്ന ഖലീഫ ഹഫ്താറും സംഘവും തലസ്ഥാനമായ ട്രിപ്പോളി പിടിച്ചെടുക്കാൻ നടത്തിയ ആക്രമണം കനത്ത പരാജയത്തിൽ അമർന്നത് മുതൽ ഈജിപ്തുകാർക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്.

സിർത്, ജുഫ്രാ റെഡ് ലൈനുകൾ

ഹഫ്താറിന്റെ നേതൃത്വത്തിൽ ട്രിപ്പോളി പിടിച്ചെടുക്കാൻ നടത്തിയ സൈനിക നടപടി തകർത്തതിന് പിന്നാലെ യുഎൻ അംഗീകൃത തുർക്കി പിന്തുണയുള്ള ഫായിസ് അൽ സർറാജിന്റെ സേന വിഭാഗം രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങൾ കീഴടക്കാൻ മുന്നേറിക്കൊണ്ടിരിക്കുകയാണ്. സിർത് എന്ന തന്ത്ര പ്രധാന നഗരമാണ് മുമ്പിലുള്ളത്. ഇത് പിടിച്ചെടുക്കൽ സർക്കാർ സേനക്ക് അഭിമാന പോരാട്ടമാണ്. അതേസമയം അത് നിലനിർത്തേണ്ടത് ഹഫ്താർ സൈന്യത്തിന് അനിവാര്യവുമാണ്.

സിർതിന് സമീപമാണ് ഹഫ്‌താറിന്റെ സൈന്യത്തിന്റെ ജുഫ്രാ വ്യോമസേന താവളം. അതിനാൽ എന്തുവിലകൊടുത്തും പോരാട്ടം ജയിക്കാൻ ഹഫ്‌താർ ശ്രമം നടത്തും.

യു എൻ അംഗീകൃത സേനക്കെതിരെ റഷ്യ, സൗദി അറേബ്യ, യുഎഇ അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണ ഹഫ്താറിനുണ്ട്. ഈ പിന്തുണ അരക്കിട്ടുറപ്പിക്കുകയാണ് ഈജിപ്ഷ്യൻ പ്രസിഡന്റ. "സിർത്തിന് അപ്പുറം കടക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടങ്കിൽ അവർ മനസ്സിലാക്കേണ്ടത് സിർത് ഞങ്ങൾക്ക് റെഡ് ലൈനാണെന്നാണ്".സൈനിക കേന്ദ്രം സന്ദർശിക്കുന്നതിനിടെ സീസി മുന്നറിയിപ്പു നൽകി.

കിഴക്കൻ ലിബിയയിലെ വിമതസേനക്ക് കൂടുതൽ പരിശീലനം നൽകാൻ ഈജിപ്ഷ്യൻ സൈന്യം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തുർക്കി: ഈജിപ്തിന്റെ മേഖലയിലെ എതിരാളി

ഫായിസ് അൽ സർറാജിന്റെ നേതൃത്വത്തിലുള്ള യുഎൻ അംഗീകൃത സൈന്യത്തിന്റെ മുന്നേറ്റം ഈജിപ്തിനെ സംബന്ധിച്ചിടത്തോളം ഏറെ തലവേദനയാണ്. ഇവരുടെ ഓരോ മുന്നേറ്റവും തുർക്കി നൽകുന്ന പിന്തുണയുടെ ജയം കൂടിയാണെന്നതാണ് ഈജിപ്തിനെ മനോവിഷമത്തിലാക്കുന്നത്.

പ്രധാന എതിരാളിയായ മുസ്‌ലിം ബ്രദർഹുഡിനെ ശക്തമായി പിന്തുണക്കുന്നതാണ് തുർക്കിയോട് സീസിക്ക് എതിർപ്പുയരാൻ കാരണം. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനെ സംബന്ധിച്ചിടത്തോളം ഈജിപ്ഷ്യൻ പ്രസിഡന്റ് സീസി വലിയ എതിരാളി തന്നെയാണ്. തന്നെ സ്ഥാനഭ്രഷ്ടനാക്കാൻ സൈന്യം നടത്തിയ അട്ടിമറി ശ്രമത്തെ പിന്തുണച്ചതാണ് സീസിയെ ഉർദുഗാന്റെ ശത്രുവായി മാറ്റിയിരിക്കുന്നത്.

ലിബിയയിൽ കാര്യങ്ങൾ ഈജിപ്തിന് അനുകൂലമല്ലെങ്കിലും നേരിട്ട് സൈന്യത്തെ അയക്കാനുള്ള സാധ്യത കുറവാണ്. ദീർഘകാലം നീണ്ടുനിൽക്കുന്ന ഒരു ദുരന്തത്തിലേക്ക് വലിച്ചെറിയപ്പെടുന്നതിനാൽ സൈനിക നടപടിയിൽ ഈജിപ്ഷ്യൻ കമാൻഡർമാർ താല്പര്യം കാണിക്കാനിടയില്ല.

പല മേഖലകളിൽ യുദ്ധം

യുദ്ധത്തിൽ നേരിടേണ്ടിവരുന്ന തിരിച്ചടികൾക്ക് പുറമേ ഈജിപ്ഷ്യൻ സേന രാജ്യത്തിനകത്തു തന്നെയുള്ള വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്.

ഉത്തര സിനായിലെ ഗറില്ല നേതാക്കൾ നടത്തുന്ന ആക്രമണങ്ങൾ ഈജിപ്ഷ്യൻ സേനക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. ഇതിനുപുറമേ നൈൽ നദിക്ക് സമീപത്ത് ഡാം നിർമ്മിക്കാനുള്ള എത്യോപ്യയുടെ നീക്കത്തെയും തടയേണ്ടതുണ്ട്. ഇക്കാര്യങ്ങൾ ചേർത്തുവായിക്കുമ്പോൾ നേരിട്ട് സൈന്യത്തെ അയക്കാൻ ഈജിപ്ത് തയ്യാറാവില്ല, മറിച്ച് അനിവാര്യ ഘട്ടത്തിൽ വ്യോമസേനയുടെ പിന്തുണ നൽകാനായിരിക്കും ഈജിപ്ത് തയ്യാറാവുക.

ഫായിസ് അൽ സർറാജിനെ പിന്തുണക്കുന്ന തുർക്കിയും ഖലീഫ ഹഫ്താറിനെ പിന്തുണക്കുന്ന റഷ്യയും വിഷയം രമ്യമായി പരിഹരിക്കാൻ ചർച്ചകൾ തുടരുന്നുണ്ട്. ചർച്ചകൾ വിജയിക്കുകയും ഭാവിയിൽ ഇരുരാജ്യങ്ങളും ലിബിയയിൽ നിന്ന് പൂർണ്ണമായും പിൻവലിയുകയും ചെയ്താലും അയൽ രാജ്യം എന്ന നിലക്ക് ഈജിപ്തിന് ലിബിയൻ പ്രതിസന്ധിയിൽനിന്ന് കൈകഴുകാനാവില്ല, അതുകൂടി മുന്നിൽകണ്ടാണ് ഈജിപ്തിന്റെ പടയൊരുക്കമെന്ന് വിലയിരുത്തപ്പെടുന്നു.

കടപ്പാട്: ഖൻതറ