Thursday, 28 January 2021

അല്ലാഹു നിശ്ചയിച്ചതിൽ തൃപ്തിയടയുക, ഏറ്റവും ഐശ്വര്യവാനായി മാറാം, റസൂൽ സ അബൂ ഹുറൈറ റ ന് നൽകിയ 5 ഉപദേശങ്ങൾ

റാശിദ് ഓത്തുപുരക്കൽ ഹുദവി

31 July, 2020

+ -
image

ഒരിക്കൽ നബി സ സ്വഹാബിമാരുള്ള സദസ്സിൽ ഇങ്ങനെ ചോദിച്ചു, എന്നിൽ നിന്ന് ഈ വാക്കുകൾ സ്വീകരിക്കുകയും, അത് പ്രാവർത്തികമാക്കുകയും മറ്റുള്ളവർക്ക് പങ്കുവെക്കുകയും ചെയ്യാൻ തയ്യാറുള്ളവർ ആരുണ്ട്? നബിയുടെ സന്തത സഹചാരികളിലൊരാളായ അബു ഹുറൈറ റ പറഞ്ഞു. "ഞാൻ തയ്യാറാണ് റസൂലേ" നബി അദ്ദേഹത്തിന്റെ കൈ പിടിച്ച് 5 കാര്യങ്ങൾ എണ്ണി പറഞ്ഞു, "വിരോധിക്കപ്പെട്ട കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുക, എങ്കിൽ ജനങ്ങളിൽ വെച്ച് ഏറ്റവും വലിയ ഭക്തനായി മാറും, അല്ലാഹു നിങ്ങൾക്ക് നിശ്ചയിച്ച് നൽകിയതിൽ സംതൃപ്തി പ്രകടിപ്പിക്കുക, എങ്കിൽ ജനങ്ങളിൽ വെച്ചേറ്റവും ഐശ്വര്യവാനായി മാറും, അയൽവാസികൾക്ക് ഗുണം ചെയ്യുക, എങ്കിൽ യഥാർത്ഥ വിശ്വാസിയായി മാറും, നിങ്ങൾക്ക് ലഭിക്കണമെന്ന് ആഗ്രഹിക്കുന്നത് ജനങ്ങൾക്കും ലഭിക്കണമെന്ന് ഇഷ്ടപ്പെടുക എങ്കിൽ യഥാർത്ഥ മുസ്‌ലിമാകും, ചിരി അമിതമാക്കരുത്, കാരണം അമിത ചിരി ഹൃദയത്തെ മരിപ്പിച്ച് കളയും. അഞ്ച് കാര്യങ്ങളാണ് എണ്ണി പറഞ്ഞതെങ്കിലും സമുദ്ര സമാനമായ വിവരങ്ങളാണ് ഇതിലൂടെ നബിതങ്ങൾ പഠിപ്പിക്കുന്നത്. ചുരുങ്ങിയ വാക്കുകൾകൊണ്ട് വിശാല അർത്ഥങ്ങൾ ഉദ്ദേശിക്കപ്പെടുന്ന ജവാമിഉൽ കലിം എന്ന നബിയുടെ പ്രത്യേകതയുടെ കൃത്യമായ ഉദാഹരണമായി ഈ ഹദീസിനെ ചൂണ്ടിക്കാണിക്കാനാകും. ഒരു കാര്യം നേരിട്ട് അവതരിപ്പിക്കുന്നതിനു പകരം അതിന്റെ പ്രാധാന്യം അറിയിക്കാനായി ചില ആമുഖങ്ങൾ റസൂൽ സ തന്റെ സംസാരങ്ങളിൽ പതിവാക്കാറുണ്ട്. ഈ ഹദീസിൽ ആ രീതി നബി സ്വീകരിച്ചിട്ടുണ്ട്. ഞാൻ പറയാനിരിക്കുന്ന വാക്കുകൾ സ്വീകരിക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും അത് മറ്റുള്ളവർക്ക് പങ്കുവെക്കാനും തയ്യാറുള്ളവർ ആരുണ്ട് എന്ന ചോദ്യം തന്നെ പറയപ്പെടാൻ പോകുന്ന സന്ദേശത്തിന്റെ പ്രാധാന്യത്തെ കുറിക്കുന്നുണ്ട്. അബൂഹുറൈറ അതിന് തയ്യാറാണെന്ന് അറിയിച്ചപ്പോൾ അദ്ദേഹത്തിന്റെ കൈകൾ പിടിച്ച് ഒരു വസിയ്യത്ത് പോലെ ഈ കാര്യങ്ങൾ പറഞ്ഞതും സന്ദേശത്തിന്റെ മൂല്യം വർദ്ധിപ്പിക്കുന്നുണ്ട്. സൽകർമ്മങ്ങൾ ഒരുപാട് വർദ്ധിപ്പിക്കുന്നതിനേക്കാൾ തിന്മകളിൽ നിന്ന് വെടിഞ്ഞു നിൽക്കുന്നതിനാണ് കൂടുതൽ പ്രതിഫലം എന്നാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്. ആയിശ റ പറയുന്നു, ആർക്കെങ്കിലും ത്യാഗ സന്നദ്ധനായ ഒരു ആബിദിനെ പ്രതിഫലത്തിൽ മറികടക്കണമെങ്കിൽ അയാൾ തെറ്റുകളിൽ നിന്ന് വിട്ടു നിൽക്കട്ടെ, ഹസനുൽ ബസരി റ പറയുന്നു. തെറ്റുകളിൽ നിന്ന് വിട്ടു നിൽക്കുക എന്ന ആരാധനയേക്കാൾ മഹത്തായതൊന്നും ഒരാളും ചെയ്തിട്ടില്ല. അള്ളാഹു വിധിച്ചതിൽ സംതൃപ്തിയടയുകയെന്നതാണ് രണ്ടാമത് നൽകിയ ഉപദേശം, ജനങ്ങളിൽ വെച്ച് ഏറ്റവും ഐശ്വര്യവാനാകുമെന്നതാണ് അതിന് വാഗ്ദാനം ചെയ്ത ഫലം. മറ്റൊരു ഹദീസിൽ നബി സ പറയുന്നു, "സമ്പത്ത് കൊണ്ടുള്ള വർധനവല്ല യഥാർത്ഥ ഐശ്വര്യം, മറിച്ച് മനസ്സംതൃപ്തിയാണത്. ഇത് കരഗതമാകാത്തത് കൊണ്ടാണ് വലിയ സമ്പത്ത് നേടിയവരും ജീവിതത്തിൽ ആനന്ദം കണ്ടെത്താൻ സാധിക്കാതെ ആത്മഹത്യയിലേക്ക് നീങ്ങുന്നത്. ദൈവിക സ്മരണ കൊണ്ട് മാത്രമേ മന:ശാന്തി കൈവരികയുള്ളൂ എന്ന ഖുർആനിക വചനവും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. അല്ലാഹുവിന്റെ വിധിയിൽ തൃപ്തിപ്പെടുന്ന ഒരാളിൽ അവന്റെ സ്മരണയും നിർബന്ധമായും കടന്നു വരുമല്ലോ. അയൽക്കാരെ സംബന്ധിച്ചുള്ളതാണ് മൂന്നാമത്തെ കാര്യം, അവരോട് നല്ല രീതിയിൽ പെരുമാറുമ്പോഴാണ് ഒരാളിൽ മുഅമിനിന്റെ ഗുണമഹിമകൾ ഒത്തുകൂടുക എന്നീ ഹദീസ് പഠിപ്പിക്കുന്നു. അവരെ സഹായിക്കുക , അവരുടെ ക്ഷണങ്ങൾക്ക് ഉത്തരം നൽകുക, സ്വന്തം വീട്ടിലെ പരിപാടിയിലേക്ക് അവരെ ക്ഷണിക്കുക, അവരുടെ ആവശ്യങ്ങൾ നിറവേറ്റി നൽകുക, അവരോട് പിണങ്ങാതിരിക്കുക, എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. നബി മറ്റൊരു ഹദീസിൽ പറയുന്നു, "ജിബ്രീൽ അ എന്റെ അരികിൽ വന്ന് അയൽവാസികളുമായി ബന്ധപ്പെട്ട് നിരന്തരമായി വസിയ്യത്ത് ചെയ്തു, സ്വന്തം സ്വത്തിൽ അയൽവാസിക്ക് അവകാശം ഉണ്ടാകുമോ എന്ന് പോലും ഞാൻ കരുതി പോയി. താൻ മോഹിക്കുന്നത് മറ്റുള്ളവർക്കും ലഭിക്കണേ എന്ന് ആഗ്രഹിക്കണമെന്നതാണ് നാലാമത്തെ കാര്യം, മനസ്സിൽ ഒരാളോടും ഒരല്പം പോലും ദേഷ്യം ഇല്ലാത്ത ആളുകൾക്ക് മാത്രമേ ഉന്നതമായ ഈ മാനസികാവസ്ഥ നേടിയെടുക്കാനാവുകയുള്ളൂ, ഒരിക്കൽ മസ്ജിദുൽ നബവിയിൽ വെച്ച് നബി സ പറഞ്ഞു, ഈ വാതിലിലൂടെ ഒരാൾ കടന്നു വരും അയാൾ സ്വർഗാവകാശിയാണ്, ആ വാതിലിലൂടെ കടന്നു വന്നത് തികച്ചും സാധാരണക്കാരനായ ഒരു അൻസാരി സ്വഹാബിയായിരുന്നു, തുടർന്നുള്ള രണ്ടു ദിവസങ്ങളിലും ഇദ്ദേഹത്തെക്കുറിച്ച് സമാനമായ വാക്കുകൾ തന്നെ റസൂൽ പങ്കു വെച്ചു. ഈ സ്വഹാബിയുടെ പ്രത്യേകത എന്തെന്നറിയാൻ അബ്ദുല്ല ബിൻ അംറുബ്ൻ ആസ് റ അദ്ദേഹത്തിന്റെ വീട്ടിൽ മൂന്നുദിവസം താമസിച്ചു. എന്നാൽ എന്തെങ്കിലും പ്രത്യേകമായ ആരാധനാ കർമം അദ്ദേഹം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടില്ല. തിരിച്ചുപോരാനിരിക്കെ അബ്ദുല്ല ചോദിച്ചു, "നിങ്ങളെക്കുറിച്ച് 3 പ്രാവശ്യം റസൂൽ സ്വർഗാവകാശിയാണെന്ന് പറഞ്ഞിട്ടുണ്ട്, അതിന്റെ കാരണം കണ്ടെത്താനാണ് ഞാൻ നിങ്ങളുടെ വീട്ടിൽ മൂന്നുദിവസം അതിഥിയായെത്തിയത്, പക്ഷേ പ്രത്യേകമായ എന്തെങ്കിലും ആരാധനാകർമം എനിക്ക് കണ്ടെത്താൻ സാധിച്ചില്ല. റസൂൽ പറഞ്ഞതുപോലെ സ്വർഗ്ഗം നേടിയെടുക്കാൻ താങ്കൾ എന്ത് കാര്യമാണ് ചെയ്തിട്ടുള്ളത്? പ്രത്യേകമായി ഒന്നും താൻ ചെയ്യുന്നില്ലെന്നായിരുന്നു, അദ്ദേഹത്തിന്റെ മറുപടി. നിരാശനായി പിന്തിരിഞ്ഞ അബ്ദുല്ലയെ തിരിച്ചുവിളിച്ച് ആ സ്വഹാബി പറഞ്ഞു, "പ്രത്യേകമായി ഞാൻ ഒന്നും ചെയ്യാറില്ല, പക്ഷേ മദീനയിലെ ഒരാളോടും എനിക്ക് വെറുപ്പോ വിദ്വേഷമോ അസൂയയോ ഇല്ല". ഇതുകേട്ട് അബ്ദുല്ല പറഞ്ഞു, "ഇതുതന്നെയാണ് താങ്കളെ മഹത്തായ ആ പദവിയിൽ എത്തിച്ചത്". ചിരി അമിതമാക്കരുതെന്നാണ് അവസാനത്തെ ഉപദേശം. ചിരി മനുഷ്യന്റെ മാത്രം പ്രത്യേകതയാണ്, അത്ഭുതപ്പെടുമ്പോഴാണ് ഒരാൾ ചിരിക്കുന്നതെന്നാണ് തർക്കശാസ്ത്ര ഗ്രന്ഥമായ ശറഹു തഹ്ദീബിൽ സഅദുദ്ദീൻ തഫ്താസാനി വ്യക്തമാക്കുന്നത്. അമിതമായി ചിരിക്കുകയും തമാശകളിൽ അഭിരമിക്കുകയും ചെയ്യുമ്പോൾ ഇലാഹിയ്യായ, ആഖിറവുമായി ബന്ധപ്പെട്ട ചിന്തകളിൽ നിന്ന് മനസ്സകലും. ആഖിറം ചിന്തകളിൽ കടന്നു വരാതിരുന്നാൽ പിന്നെ മനസ്സ് മൃതൃ തുല്യമാവുകയും ചെയ്യും. ഇതുകൊണ്ടാണ് തെറ്റില്ലെങ്കിൽ പോലും ചിരി അമിതമാക്കരുതെന്ന ഉപദേശം റസൂൽ നൽകിയത്.