റമദാനും മഗ്ഫിറതിന്റെ വഴികളും - 6

ശൈഖ് മഹ്മൂദ്‌ അല്‍-മിസ്‌രി എഴുതിയ റമദാനും മഗ്ഫിറത്തി (പാപം പൊറുക്കല്‍)ന്റെ വഴികളും എന്ന ലഘു ഗ്രന്ഥത്തിന്റെ വിവര്‍ത്തനം വിവിധ ഭാഗങ്ങളായി ഇസ്‌ലാംഓണ്‍ വെബ് പ്രസിദ്ധീകരിക്കുന്നു. അവസാന ഭാഗം

റമദാനിലെ നോമ്പ്

നബി(സ) പറഞ്ഞു: “ആരെങ്കെലും വിശ്വാസത്തോടെ, അല്ലാഹുവിന്‍റെ പ്രതിഫലം കാംക്ഷിച്ച് റമദാന്‍ മാസം നോമ്പു നോറ്റാല്‍ അവനു കഴിഞ്ഞു പോയ അവന്‍റെ ദോഷങ്ങള്‍ പൊറുക്കപ്പെടുന്നതാണ്.” (ബുഖാരി, മുസ്‍ലിം)

തറാവീഹ്

നബി(സ) പറഞ്ഞു: “ആരെങ്കിലും വിശ്വാസത്തോടെയും അല്ലാഹുവിന്‍റെ പ്രതിഫലം കാംക്ഷിച്ചും റമദാനില്‍ (തറാവീഹ്) നിസ്കരിച്ചാല്‍ അവന്‍റെ മുന്‍കഴിഞ്ഞ ദോഷങ്ങള്‍ പൊറുത്തു കൊടുക്കപ്പെടുന്നതാണ്.” (ബുഖാരി, മുസ്‍ലിം)

ലൈലത്തുല്‍ ഖദ്‍റിലെ തറാവീഹ്

നബി(സ) പറഞ്ഞു: “ആരെങ്കിലും ഈമാനോടെ അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം കാംക്ഷിച്ചു് ഖദ്റിന്‍റെ രാവില്‍ (തറാവീഹ്) നിസ്കരിച്ചാല്‍ അവന്‍റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടും.” (ബുഖാരി)

അല്ലാഹുവിനെ ഭയന്നു കരയുക

നബി(സ) പറഞ്ഞു: “രണ്ടു കണ്ണുകളെ നരകം ഒരിക്കലും സ്പര്‍ശിക്കുകയില്ല തന്നെ. അല്ലാഹുവിനെ ഭയന്ന് കരഞ്ഞ ഒരു കണ്ണ്. മറ്റൊന്ന് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ഉറക്കമൊഴിച്ച കണ്ണും.” (അല്‍ജാമിഅ്)

ഈ കരച്ചില്‍ റമദാനിലെ നിസ്കാരങ്ങളില്‍ വര്‍ദ്ധിപ്പിക്കണം. പ്രത്യേകിച്ച് ലൈലതുല് ഖദ്റില്‍.

നാല്‍പതു ദിവസം ജമാഅത്തായി നിസ്കാരം

നബി(സ) പറഞ്ഞു: “ആരെങ്കിലും അല്ലാഹുവിനു വേണ്ടി നാല്‍പതു ദിവസം ആദ്യത്തെ തക്ബീറ് ലഭിച്ച് ജമാഅതായി നിസ്കരിച്ചാല്‍ അവനു രണ്ടു മോചനങ്ങള്‍ എഴുതപ്പെടും. ഒന്നു നരകത്തില്‍ നിന്നുള്ള മോചനവും മറ്റൊന്ന് കാപട്യത്തില്‍ നിന്നുള്ള മോചനവും.” (അല്‍ജാമിഅ്)

ഈ മഹത്തായ പ്രതിഫലം കരസ്ഥമാക്കാന്‍ പ്രിയപ്പെട്ട സഹോദരാ, നീ പരിശ്രമിക്കണം. റസൂല്‍(സ) പറഞ്ഞു: “അഞ്ചു നിസ്കാരങ്ങള്‍ ജുമുഅ മുതല്‍ജുമുഅ വരെയും റമദാന്‍ മുതല്‍ റമദാന്‍ വരെയും അവയിക്കിടയിലുള്ളതിനുള്ള പ്രായിശ്ചിത്യമാണ്. വന്‍ ദോഷങ്ങള്‍ ഒഴിവാക്കിയാല്‍” (മുസ്‍ലിം)

ദുഹ്റിനു മുമ്പും ശേഷവും നാലു റക്അത് പതിവാക്കുക

റസൂല്‍(സ) പറഞ്ഞു: “ആരെങ്കിലും നാലു റക്അത് ദുഹ്റ് നിസ്കാരത്തിനു മുമ്പും നാലു റക്അത് ദുഹ്റിനു ശേഷവും പതിവാക്കിയാല്‍ അവന്‍ നരകത്തിനു നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.” (അല്‍ജാമിഅ്)

ജമാഅതായി സുബ്ഹ് നിസ്കാരവും അതിനു ശേഷം സൂര്യനുദിക്കുന്നതുവരെ ദിക്റും പിന്നെ രണ്ടു റക്അതുകളും

റസൂല്‍(സ) പറഞ്ഞു: “ആരെങ്കിലും സുബ്ഹ് ജമാഅത്തായി നിസ്കരിക്കുകയും സൂര്യനുദിക്കുന്നതുവരെ അല്ലാഹുവിനു ദിക്റ് ചൊല്ലിയിരിക്കുകയും പിന്നീട് രണ്ട് റക്അത് നിസ്കരിക്കുകയും ചെയ്താല്‍ അവന് പൂര്‍ണ്ണമായ, പൂര്‍ണ്ണമായ, പൂര്‍ണ്ണമായ ഹജ്ജിന്‍റെയും ഉംറയുടെയും പ്രതിഫലമുണ്ട്.” (അല്‍ജാമിഅ്)

ഭക്ഷണം നല്‍കല്‍

നബി(സ) പറഞ്ഞു: “ജനങ്ങളേ, നിങ്ങള്‍ സലാം പ്രചരിപ്പിക്കുക. ഭക്ഷണം നല്‍കുക, കുടുംബ ബന്ധം പുലര്‍ത്തുക. ജനങ്ങള്‍ ഉറങ്ങുമ്പോള്‍ രാത്രിയില്‍ നിസ്കരിക്കുക. സമാധാനത്തോടെ സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കു പ്രവേശിക്കാം.” (തിര്‍മദി)

നബി(സ)യോടൊപ്പമുള്ള ഹജ്ജ്

നബി(സ) പറഞ്ഞു: “ഉംറ മുതല്‍ ഉംറ വരെ അവയ്ക്കിടയിലുള്ളതിനുള്ള പ്രായിശ്ചിത്യമാണ്.” (ബുഖാരി, മുസ്‍ലിം)

നബി(സ) പറഞ്ഞു: “റമദാനിലെ ഒരു ഉംറ എന്‍റെ കൂടെയുള്ള ഹജ്ജ് പോലെയാണ്.” (അല്‍ജാമിഅ്)

മാന്യ സഹോദരാ - സഹോദരീ, പരിശുദ്ധ റമദാനില്‍ മാത്രം ലഭിക്കുന്ന ഈ അമല്‍ ചെയ്യാന്‍ പ്രത്യേകം താല്‍പര്യമെടുക്കണം.

കഅ്ബ ത്വവാഫ് ചെയ്യാന്‍

നബി(സ) പറഞ്ഞു: “ആരെങ്കിലും ഈ ബൈതിനെ (കഅ്ബയെ) ഏഴു പ്രാവശ്യം ത്വവാഫ് ചെയ്യുകയും അത് ക്ലിപ്തമാക്കുകയും ചെയ്താല്‍ അത് ഒരു അടിമയെ സ്വതന്ത്രനാക്കിയതു പോലെയാണ്. ഒരു പാദം പൊക്കുകയും മറ്റൊന്നു് ഉയര്‍ത്തുകയുമില്ല അവക്കു പകരമായി അവന്‍റെ ഒരു തിന്മ അല്ലാഹു മായിച്ചു കളയുകയും ഒരു നന്മ അവനായി എഴുതി വെക്കുകയും ചെയ്തിട്ടല്ലാതെ.” (അല്‍ജാമിഅ്)

സംസം വെള്ളം ദോഷങ്ങള്‍ പൊറുത്തു കിട്ടാനെന്ന കരുത്തോടെ കുടിക്കുക

നബി(സ) പറഞ്ഞു: “സംസം വെള്ളം അത് എന്തിനു വേണ്ടി കുടിച്ചുവോ അതിനുള്ളതാണ്.” (അല്‍ജാമിഅ്)

ദിക്റ് ചൊല്ലുന്നവരുമായി സഹവസിക്കല്‍

അബൂ ഹുറൈറ (റ) ല്‍ നിന്നു നിവേദനം. റസൂല്‍(സ) പറഞ്ഞു: “തീര്‍ച്ചയായും അല്ലാഹുവിനു ദിക്റിന്‍റെ ആളുകളെ തിരഞ്ഞു വഴികളിലൂടെ ചുറ്റി സഞ്ചരിക്കുന്ന മലക്കുകളുണ്ട്. ഏതെങ്കിലും കൂട്ടം അല്ലാഹുവിനു ദിക്ര്‍ ചൊല്ലുന്നതായി കണ്ടാല്‍ അവര്‍ വിളിച്ചു പറയും. നിങ്ങളുടെ ആവശ്യം നിറവേറ്റാന്‍ വരൂ. അപ്പോള്‍ മലക്കുകള്‍ അവരെ താഴെ ആകാശം വരേക്കും തങ്ങളുടെ ചിറകുകള്‍ കൊണ്ട് പൊതിയുന്നതാണ്. അന്നേരം മലക്കുകളോട് അവരുടെ റബ്ബ് ചോദിക്കും: -അല്ലാഹു സര്‍വ്വതും അറിയുന്നവനാണ് - ʻഎന്‍റെ അടിമകള്‍ എന്താണ് പറയുന്നത്?ʼ മലക്കുകള്‍ പറയും:ʻനിനക്ക് തസ്ബീഹ് ചൊല്ലുന്നു. തക്ബീര്‍ ചൊല്ലുന്നു. നിന്നെ സ്തുതിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു.ʼ

അല്ലാഹു: അവര്‍ എന്നെ കണ്ടുവോ?

മലക്കുകള്‍: ഇല്ല. അല്ലാഹുവാണേ അവര്‍ നിന്നെ കണ്ടിട്ടില്ല.

അല്ലാഹു? അവരെന്നെ കണ്ടാലെങ്ങനെയായിരിക്കും?

മലക്കുകള്‍: അവര്‍ നിന്നെക്കണ്ടാല്‍ അവര്‍നിനക്കു ഏറ്റവും ശക്തമായി ഇബാദത്ത് ചെയ്യും. ഏറ്റവും ശക്തമായി പ്രകീര്‍ത്തനങ്ങള്‍ അര്‍പ്പിക്കും. ഏറ്റവും കൂടുതല്‍ നിനക്കു തസ്ബീഹ് ചൊല്ലും.

അല്ലാഹു: അവരെന്താണ് ചോദിക്കുന്നത്?

മലക്കുകള്‍: സ്വര്‍ഗം ചോദിക്കുന്നു.

അല്ലാഹു: അവര്‍ അത് കണ്ടിട്ടുണ്ടോ?

മലക്കുകള്‍: ഇല്ല. അല്ലാഹുവാണ് സത്യം. റബ്ബേ, അവര്‍ അത് കണ്ടിട്ടില്ല.

അല്ലാഹു: അവര്‍ അത് കണ്ടാല്‍ എങ്ങനെയായിരിക്കും?

മലക്കുകള്‍: അവരെങ്ങാനും അത് കണ്ടിരുന്നുവെങ്കില്‍ അതിനോട് അതിശക്തമായ ആര്‍ത്തിപൂണ്ടവരും അത് ഏറ്റവും ശക്തമായി ആവശ്യപ്പെടുന്നവരും അതില്‍ വളരെ വലിയ താല്‍പര്യവുമുള്ളവരാകുമായിരിക്കും.

അല്ലാഹു: എന്തില്‍ നിന്നാണവര്‍ കാവല്‍ ചോദിക്കുന്നത്?

മലക്കുകള്‍: അവര്‍ നരകത്തില്‍ കാവല്‍ തേടുന്നു.

അല്ലാഹു: അവര്‍ അത് കണ്ടിട്ടുണ്ടോ?

മലക്കുകള്‍: ഇല്ല. അല്ലാഹുവാണേ, അവര്‍ അത് കണ്ടിട്ടില്ല.

അല്ലാഹു: അവര്‍ അത് കണ്ടിരുന്നുവെങ്കില്‍ എങ്ങനെയിരിക്കും?

മലക്കുകള്‍: അവര്‍ അത് കണ്ടിരുന്നുവെങ്കില്‍ അതില്‍ നിന്ന് ഏറ്റവും ശക്തമായി ഓടിപ്പോകുന്നവരും. അതിനെ ഏറ്റവും ശക്തമായി ഭയപ്പെടുന്നവരുമായിരിക്കും.

അല്ലാഹു: നിങ്ങളെ ഞാന്‍ സാക്ഷി നിര്‍ത്തുന്നു. ഞാന്‍ അവര്‍ക്കു പൊറുത്തു കൊടുത്തിരിക്കുന്നു.

ഒരു മലക്ക് പറയുന്നു: അവരില്‍ പെടാത്ത ഒരു വ്യക്തി അവര്‍ക്കിടയിലുണ്ട്. അവന്‍ മറ്റൊരു ആവശ്യത്തിനു മാത്രം വന്നതാണ്.

അല്ലാഹു പ്രതിവചിക്കും:കൂടെയിരിക്കുന്നവരും പരാജയപ്പെടാത്ത ഒരു സമൂഹമാണ് അവര്‍.”

(ബുഖാരി)

അനാഥകളുടെ സംരക്ഷണം

നബി(സ) പറഞ്ഞു: “ഞാനും സ്വന്തത്തില്‍പ്പെട്ടതോ അല്ലാത്തതോ ആയ അനാഥകളെ സംരക്ഷിക്കുന്നവനും സ്വര്‍ഗത്തിലാണ്. വിധവകള്‍ക്കും അഗതികള്‍ക്കും വേണ്ടി യത്നിക്കുന്നവന്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ധര്‍മ്മ സമരം ചെയ്യുന്നവനെപ്പോലെയാണ്.”  (മുസ്‍ലിം)

ഈ പരിശുദ്ധ മാസത്തില്‍ അനാഥരായ കുട്ടികള്‍ തങ്ങളുടെ ചുറ്റുമുള്ളവരില്‍ നിന്ന് മുഴുവന്‍ വാത്സല്യവും കാരുണ്യവും അനുഭവിക്കുന്നത് എത്ര സുന്ദരമാണ്.

രാത്രിയിലെ നിസ്കാരം

നബി(സ) പറഞ്ഞു: “നിങ്ങള്‍ രാത്രിയില്‍ നിന്ന് നിസ്കരിക്കണം. അത് നിങ്ങള്‍ക്കു മുമ്പുള്ള സജ്ജനങ്ങളുടെ പതിവായിരുന്നു. അല്ലാഹുവിലേക്കടുക്കാനുള്ള ഒരു ഇബാദത്തും തിന്മയെ വിരോധിക്കുന്നതും ചീത്ത പ്രവൃത്തികള്‍ക്ക് പ്രായിശ്ചിത്യവും ശരീരത്തിലെ രോഗങ്ങള്‍ അകറ്റുന്നതുമാണ് അത്. (അല്‍ജാമിഅ്)

റമദാനിലെ നോമ്പും തറാവീഹും പതിവാക്കിയതിനു ശേഷമുള്ള മരണം

നബി(സ)യുടെ അടുത്ത് ഒരാള്‍ വന്നു പറഞ്ഞു: “അല്ലാഹുവിന്‍റെ റസൂലേ, ഞാന്‍ അല്ലാഹു അല്ലാതെ ഒരാരാധ്യനില്ലെന്നും അങ്ങ് അവന്‍റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുന്നു. അഞ്ചു നേരം നിസ്കരിക്കുകയും സകാതു കൊടുത്തു വീട്ടുകയും റമദാനില്‍ നോമ്പു നോല്‍ക്കുകയും നിന്ന് നിസ്കരിക്കുകയും ചെയ്താല്‍ ഞാന്‍ ആരില്‍ പെട്ടവനെന്നു് അങ്ങു പറയുമോ. റസൂല്‍(സ) പറഞ്ഞു: “സ്വിദ്ദീഖുകളിലും ശുഹദാക്കളിലും” (അത്തര്‍ഗീബ്)

ഇബ് ഖുസൈമ പറഞ്ഞു: “സ്വിദ്ദീഖുകളുടെയും ശുഹദാക്കളുടെയും കൂട്ടത്തില്‍ പേരു വരണമെങ്കില്‍ റമദാനില്‍ നോമ്പനുഷ്ഠിക്കുകയും അതിലെ പ്രത്യേക നിസ്കാരം നിര്‍വ്വഹിക്കുന്നതോടൊപ്പം അഞ്ചു നേരത്തെ നിസ്കാരം നിലനിര്‍ത്തുന്നവനും സകാത് കൊടുത്തു വീട്ടുന്നവനും അല്ലാഹുവിന്‍റെ ഏകത്വത്തെ സാക്ഷ്യപ്പെടുത്തുന്നവനും നബി(സ)യുടെ രിസാലത്തിനെ അംഗീകരിക്കുന്നവനുമായിരിക്കണം.”

(അടുത്ത പേജിലേക്ക്)



നോമ്പുകാരന്‍ നോമ്പു തുറക്കുമ്പോള്‍ അല്ലാഹു അവന് നരകമോചനം ഔദാര്യമായി നല്‍കുന്നു.

റസൂല്‍(സ) പറഞ്ഞു: “അല്ലാഹുവിനു എല്ലാ നോമ്പു തുറയിലും നരകത്തില്‍ നിന്നു വിമോചിതരാവുന്നവരുണ്ട്. ഇത് എല്ലാ രാത്രിയിലുമുണ്ട്.” (അല്‍ജാമിഅ്)

നിന്നിലേക്കല്ലാതെ നിന്നില്‍ നിന്നുള്ള അഭയവും രക്ഷയുമില്ല

ഒരു പാപി തന്‍റെ ദോഷങ്ങള്‍ ഓരോന്നായി ഓര്‍ത്തെടുക്കുകയും അല്ലാഹുവിനോട് പൊറുക്കല്‍ തേടുകയും ചെയ്യുന്നു. അങ്ങനെ അവനു തൌബക്ക് ശേഷം തൌബ എഴുതപ്പെടുന്നു. ഇതത്ര സുന്ദരമാണ്. അവനു തൌബ ചെയ്യാന്‍ ബോധനം നല്‍കിയ, ആ തൌബ കാരണത്താല്‍ അവന്‍റെ ദോഷങ്ങള്‍ പൊറുത്തുകൊടുത്ത, എന്നിട്ട് ആ തിന്മകളെയെല്ലാം നന്മകളാക്കി പരിവര്‍ത്തിപ്പിച്ച, അല്ലാഹുവിനെ അനുസരിച്ച് ഋജുവായി ജീവിക്കാന്‍ അനുഗ്രഹിച്ച അല്ലാഹുവിന്‍റെ ഔദാര്യമെത്രെയാണെന്നവന്‍ മനസ്സിലാക്കട്ടെ.

അല്ലാഹുവിനോട് ഈ സന്ദര്‍ഭത്തില്‍ ചോദിക്കാവുന്ന മധുരതരമായ വചനങ്ങളിതാ

أسألك بعزك وذلي إلا رحمتني، أسألك بقوتك وضعفي، وبغناك عني وفقري إليك، هذه ناصيتي الكاذبة الخاطئة بين يديك، عبيدك سواي كثير، وليس لي سيد سواك، لا ملجأ ولا منجأ من إلا إليك، أسألك مسألة المسكين، وأبتهل إليك ابتهال الخاضع الذليل، وأدعوك دعاء الخائف الضرير، سؤال من خضعت لك رقبته، ورغم لك أنفه، وفاضت لك عيناه، وذل لك قلبه.


നാഥാ നിന്‍റെ പ്രതാപവും നീ കനഞ്ഞില്ലെങ്കില്‍ എനിക്കുണ്ടാവുന്ന നിസ്സാരതയും മുന്‍ നിര്‍ത്തി നിന്നോട് ചോദിക്കുന്നു. നിന്‍റെ ശക്തിയും എന്‍റെ അവശതയും വെച്ച് ഞാന്‍ ചോദിക്കുന്നു.  നിന്‍റെ ഐശ്വര്യവും നിന്നിലേക്കുള്ള എന്‍റെ ആവശ്യകതയും മുന്നിര്‍ത്തി ഞാന്‍ നിന്നോടു ചോദിക്കുന്നു. ഇതാ തെറ്റു ചെയ്ത, കളവു പറഞ്ഞ എന്‍റെ മൂര്‍ദ്ധാവ് നിന്‍റെ മുമ്പില്‍. ഞാനല്ലാത്ത ദാസന്മാര്‍ തന്നെ ധാരാളമുണ്ട് നിനക്ക്. പക്ഷേ, എനിക്ക് നീയല്ലാതെ ഒരു യജമാനനുമില്ല. നിന്നില്‍ നിന്നുള്ള അഭയവും രക്ഷയും നിന്നിലേക്കു തന്നെ. പാവപ്പെട്ടവന്‍ ചോദിക്കുന്നതുപോലെ ഞാന്‍ നിന്നോടു ചോദിക്കുന്നു. നിസ്സാരനും തലകുനിച്ചവനും കരഞ്ഞു പറയുന്നതു പോലെ ഞാന്‍ നിന്നോടു കരഞ്ഞു പറയുന്നു. കഷ്ടപ്പാടുകള്‍ക്കു നടുവില്‍ ഭയവിഹ്വലനായ ഒരുത്തന്‍റെ പ്രാര്‍ത്ഥനയാണ് ഞാന്‍ നിന്നോടു പ്രാര്‍ത്ഥിക്കുന്നത്. നിനക്കുവേണ്ടി പിരടി താഴ്ത്തിപ്പിടിച്ചവന്‍റെ യാചനയാണിത്. നിനക്കു മുമ്പില്‍ മുഖം കുത്തിവീണവന്‍റെ യാചന, നിനക്കായി കണ്ണുകള്‍ നിറഞ്ഞൊലിച്ചവന്‍റെ യാചന, നിനക്കായ് മനസ്സ് തകര്‍ന്നവന്‍റെ യാചന....

يا من ألوذ به فيما أؤمله - ومن أعوذ به مما أحاذره


(എന്‍റെ ആഗ്രഹ സാഫല്യത്തിനായി ഞാന്‍ അഭയം തേടുന്നവനായവനേ, എന്‍റെ ഭയപ്പാടുകളില്‍ നിന്നു കാവല്‍ ചോദിക്കുന്നവനേ- അല്ലാഹുവേ,)

لا يجبر الناس عظما أنت كاسره - ولا يهيضون عظما أنت جابره


(നീ പൊട്ടിച്ചു കളഞ്ഞ ഒരു എല്ലും കൂട്ടിവിളക്കുന്നവന്‍ നീ മാത്രം.നീ കൂട്ടിവിളക്കിയ അസ്ഥികള്‍ ഇളക്കിയെടുക്കാനും നീ മാത്രം.)

(മദാരിജുസ്സാലികീന്‍)

ആരാധനകള്‍ക്കു ശേഷം പാപമോചനം നടത്തുന്നത് സജ്ജനങ്ങളുടെ അടയാളം

ഇബ്നുല്‍ ഖയ്യിം പറഞ്ഞു: “ദൃഢനിശ്ചയവും സൂക്ഷ്മജ്ഞാനവും ഉള്ളവര്‍ ആരാധനകള്‍ കഴിഞ്ഞയുടനെ നന്നായി പാപമോചനം നടത്താറുണ്ടായിരുന്നു. ഈ അനുഷ്ഠാനങ്ങളില്‍ ന്യൂനതകളുണ്ടാവാമെന്നതിനാലും അല്ലാഹുവിന്‍റെ പ്രതാപത്തിനും മഹത്വത്തിനു അനുയോജ്യമായി അവ നിര്‍വഹിക്കാന്‍ കഴിഞ്ഞില്ലെന്ന കാരണത്താലുമായിരുന്നു ഈ പൊറുക്കലിനെ തേടല്‍. ഇങ്ങനെ ചെയ്യാന്‍ കല്‍പനയുണ്ടായിരുന്നില്ലെങ്കില്‍ അവരൊരിക്കലും അത് ചെയ്യുമായിരുന്നില്ല. തങ്ങളുടെ നാഥനു മുമ്പില്‍ അങ്ങനെ ചെയ്യാന്‍ തൃപ്തിപ്പെടുകയും ചെയ്യുമായിരുന്നില്ല.

അല്ലാഹു തആല തന്‍റെ ഭവനത്തില്‍ ഹജ്ജ്  ചെയ്യാനെത്തിയവരോട് അറഫയില്‍ നിന്നതിനു ശേഷം ഇസ്തിഗ്ഫാര്‍ ചെയ്യാന്‍ കല്‍പ്പിക്കുന്നുണ്ട്. ഹജ്ജിന്‍റെ കര്‍മ്മങ്ങളില്‍ വളരെ വിശിഷ്ടവും മഹത്ത്വവുമാണ് അറഫിയിലെ നിര്‍ത്തം. അല്ലാഹു പറയുന്നു:“അറഫാത്തില്‍ നിന്ന് നിങ്ങള്‍ പുറപ്പെട്ടു കഴിഞ്ഞാല്‍ മശ്അറുല്‍ ഹറാമിനടുത്തു വെച്ച് നിങ്ങള്‍ അല്ലാഹുവിനെ പ്രകീര്‍ത്തിക്കുവീന്‍. അവന്‍ നിങ്ങള്‍ക്ക് വഴികാണിച്ച പ്രകാരം നിങ്ങളവനെ ഓര്‍ക്കുവീന്‍. തീര്‍ച്ചയായും ഇതിനു മുമ്പ് നിങ്ങള്‍ വഴിപിഴച്ചവരില്‍പ്പെട്ടവര്‍തന്നെയായിരുന്നുവെങ്കിലും. എന്നിട്ട് ആളുകള്‍ എവിടെ നിന്ന് പുറപ്പെടുന്നുവോ അവിടെ നിന്നു തന്നെ നിങ്ങള്‍ പുറപ്പെടുക. നിങ്ങള്‍ അല്ലാഹുവിനോട് പാപ മോചനം നടത്തുകയും ചെയ്യുക. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.”(അല്‍ബഖറ 197-199)

അല്ലാഹു തആല പറഞ്ഞു: “രാത്രിയുടെ അന്ത്യയാമങ്ങളില്‍ പാപമോചനം തേടുന്നവരുമാണവര്‍” (ആലുഇംറാന്‍ - 17)

അല്‍ഹസനുല്‍ബസ്വറീ (റ) പറഞ്ഞു: “അവര്‍ നിസ്കാരം അത്താഴ സമയം വരെ (രാത്രിയുടെ അവസാന സമയം വരെ) നീട്ടിക്കൊണ്ടു പോകും. പിന്നെ ഇസ്തിഗ്ഫാര്‍ ചൊല്ലിയിരിക്കും.”

സ്വഹീഹായ ഹദീസുകളില്‍ വന്നിട്ടുണ്ട്. റസൂല്‍(സ) നിസ്കാരത്തില്‍ നിന്ന് സലാം വീട്ടിയാല്‍ മൂന്നു പ്രവാശ്യം ഇസ്തിഗ്ഫാര്‍ ചൊല്ലുമായിരുന്നു. പിന്നെ പറയും “അല്ലാഹുവേ, നീയാണ് സലാം (സമാധാനം / രക്ഷ). നിന്നില്‍ നിന്നാണ്  സലാം. മാന്യതയും ബഹുമാനവും ഉടയവനെ നീ അനുഗ്രഹ പൂര്‍ണ്ണനായിരിക്കുന്നു.”

റസൂല്‍(സ) രിസാലത്ത് പൂര്‍ത്തിയാക്കിയപ്പോള്‍. അവിടത്തെ ഉത്തരവാദിത്തം നിറവേറ്റിപ്പോള്‍ ഹജ്ജെന്ന നിര്‍ബന്ധ ബാധ്യത നിര്‍വഹിച്ചപ്പോള്‍ - നബി(സ)യുടെ അവസാന ദിനങ്ങളായപ്പോള്‍ അല്ലാഹു ഇസ്തിഗ്ഫാര്‍ ചെയ്യാന്‍ കല്പ്പിച്ചു. അവസാനം ഇറങ്ങിയ സൂറത്തില്‍ അല്ലാഹു പറയുന്നു:“അല്ലാഹുവിന്‍റെ സഹായവും വിജയവും വരികയും  ജനങ്ങള്‍ കൂട്ടങ്ങളായി ദീനില്‍ പ്രവേശിക്കുന്നതായി അങ്ങ് കാണുകയും ചെയ്താല്‍ അങ്ങയുടെ നാഥനു സ്ത്രോത്തങ്ങള്‍ അര്‍പ്പിച്ച് തസ്ബീഹ് ചൊല്ലുക. അവനോട് പൊറുക്കല്‍ തേടുകയും ചെയ്യുക. അവന്‍ തീര്‍ച്ചയായും വളരെയധികം പശ്ചാതാപം സ്വീകരിക്കുന്നവന്‍ ആയിരിക്കുന്നുവല്ലോ.” (അന്നസ്വ്ര്‍1-3)

ഇക്കാരണത്താലാണ് ഉമര്‍(റ), ഇബ്നു അബ്ബാസ്(റ) എന്നിവര്‍ക്ക് ഈ സൂറത് അവതരിച്ചപ്പോള്‍ റസൂലി(സ)ന്‍റെ അന്ത്യം അടുത്തിരിക്കുന്നുവെന്ന് മനസ്സിലായത്. നബി(സ) അവിടത്തെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയപ്പോള്‍ ഇസ്തിഗ്ഫാര്‍ ചെയ്യാന്‍ കല്‍പ്പിച്ചു. അഥവാ, നബിയേ, താങ്കള്‍ താങ്കളുടെ ഉത്തരാവാദിത്തം തീര്‍ച്ചയായും നിറവേറ്റി എന്നറിയിക്കുകയായിരുന്നു ആ കല്‍പനയിലൂടെ. ഇനി ഒന്നും ചെയ്തു തീര്‍ക്കാനായി ഇല്ല. അതിനാല്‍ ആ ഫര്‍ള് ചെയ്ത് കഴിഞ്ഞ ഉടനെ ഇസ്തിഗ്ഫാര്‍ ചെയ്തു അവസാനിപ്പിക്കുക.

നിസ്കാരം, ഹജ്ജ്, രാത്രി നിസ്കാരം എന്നിവ അവസാനിപ്പിക്കുമ്പോള്‍ ഇസ്തിഗ്ഫാര്‍ ചെയ്യുന്നതു പോലെ.

വുളൂഇനു ശേഷവും ഉണ്ട് ഇസ്തിഗ്ഫാര്‍. വുളൂഇല്‍ നിന്ന് വിരമിച്ചാല്‍ പറയേണ്ടത്:

سبحانك اللهم وبحمدك أشهد أن لا إله إلا أنت، أستغفرك وأتوب إليك، اللهم اجعلني من التوابين واجعلني من المتطهرين


(അല്ലാഹുവേ, നിന്നെ പരിശുദ്ധനാക്കുന്നു. നിനക്കു സ്ത്രോത്തങ്ങള്‍ സമര്‍പ്പിച്ചു ഞാന്‍ സാക്ഷ്യം വഹിക്കുന്നു. നീയല്ലാതെ ഒരു ഇലാഹ് ഇല്ല. നിന്നോട് പൊറുക്കല്‍ തേടുന്നു. നിന്നിലേക്ക് ഖേദിച്ചു മടങ്ങുന്നു. അല്ലാഹുവേ നീ എന്നെ നന്നായി പശ്ചാതപിക്കുന്നവരില്‍ ഉള്‍പ്പെടുത്തേണമേ. എന്നെ നീ മികച്ച ശുദ്ധിയുള്ളവരിലും ഉള്‍പ്പെടുത്തേണമേ.)

അല്ലാഹുവിന് എന്താണ് കാഴ്ചവെക്കേണ്ടതെന്നും അവനു് അനുയോജ്യമായ രീതിയില്‍ അല്ലാഹുവിനു് ആരാധനകള്‍ അര്‍പ്പിക്കുന്നതിന്റെ കടപ്പാടുകളും നിബന്ധനകളും എന്തെന്നും മനസ്സിലാക്കിയവരുടെ രീതി ഇതാണ്. സത്യത്തില്‍ നിന്നു വ്യതിചലിച്ച ചല്‍പ്പനങ്ങളുമായി നടക്കുന്ന അജ്ഞന്മാര്‍ക്കിത് മനസ്സിലാവില്ല.

ദീന്‍ ഗുണകാംക്ഷയാണ്

ഈ പ്രബന്ധം ചില അമൂല്യ ഉപദേശങ്ങളോടെ ഉപസംഹരിക്കുന്നു. അല്ലാഹു അവ നിര്‍വഹിക്കാന്‍ അനുഗ്രഹിക്കട്ടെ.. ആമീന്‍

    • ഈ മാസാദ്യത്തിലും അന്ത്യത്തിലും ഒരു ആത്മവിചാരം നടത്തുക. ഈ മാസത്തില്‍ സ്വന്തത്തിനു എന്തു കരുതിവെച്ചു എന്നു മനസ്സിലാക്കാന്‍ ഇത് സഹായിക്കും.

    • എല്ലാ ദിവസവും ഉറങ്ങുന്നതിനു മുമ്പ് തൌബ പുതുക്കുക. അങ്ങനെ നീ മരിക്കുകയാണെങ്കില്‍ തൌബ ചെയ്തവരുടെ കൂട്ടത്തില്‍ നീ പുനര്‍ജനിക്കപ്പെടും.

    • അല്ലാഹുവിന്‍റെ ദിക്ര്‍ ചൊല്ലുന്നതില്‍ നിന്‍റെ നാവിനു ഒരിക്കലും ക്ഷീണം തോന്നരുത്.

    • എല്ലാ ദിവസവും ഒരാളെയെങ്കിലും നോമ്പു തുറപ്പിക്കുക. അയാളുടേതു പോലെയുള്ള പ്രതിഫലം നിങ്ങള്‍ക്കും ലഭിക്കും.

    • അനാഥരെയും അഗതികളെയും ദരിദ്രരെയും പാവങ്ങളെയും ഈ പവിത്ര മാസത്തില്‍ മറന്നു പോവരുത്.

    • ധാരാളം ഖുര്‍ആന്‍ ഓതുക. ഇത് ഖുര്‍ആനിന്‍റെ മാസമാകുന്നു.

    • ഓര്‍ക്കുക ഈ പുണ്യമാസം യാത്ര ചോദിച്ചിറങ്ങിപ്പോവുന്ന ഒരു അഥിതിയാണ്. അതു കൊണ്ട് ഈ മാസത്തെ നന്നായി സല്‍ക്കരിക്കുക.

    • ഭക്ഷണ പാനീയങ്ങളിലെ അമിതവ്യയം ഒഴിവാക്കുക. അല്ലാഹുവിനെ വഴിപ്പെടാന്‍ കൂടുതല്‍ സമയം കാണുക.

    • അവസാന പത്തു ദിനങ്ങളില്‍ പ്രത്യേകം ശ്രദ്ധവേണം. ലൈലതുല്‍ ഖദ്ര്‍ കിട്ടുന്ന ഭാഗ്യവാന്മാരില്‍പ്പെടാം.

    • ചീത്ത കൂട്ടു കെട്ട് ഉപേക്ഷിച്ച് നല്ലവരുമായി സഹവസിക്കുക.

    • പള്ളിയില്‍ ജമാഅതിനു പിന്തരുത്.

    • റമദാനിനു ശേഷവും അല്ലാഹുവിനു വഴിപ്പെട്ടു തന്നെ ജീവിതം തുടരുമെന്ന് ദൃഢയനിശ്ചയമെടുക്കുക.

    • റമദാനിലും റമദാനിനു ശേഷവും രാത്രി തഹജ്ജുദ് നിസ്കരിക്കുക.

    • റമദാനില്‍ തറാവീഹ് നിസ്കാരം ഒരിക്കലും ഉപേക്ഷിക്കരുത്.

    • ജനങ്ങളോട് ഒരിക്കലു അതിക്രമവും അനീതിയും പ്രവര്‍ത്തിക്കരുത്

    • അറിയുക. പെരുന്നാള്‍ അത് അല്ലാഹുവിനു വഴിപ്പെട്ടവര്‍ക്കു മാത്രമാകുന്നു.




     
  •  


അവസാനമായി അല്ലാഹുവിനോട് ചോദിക്കുന്നു. നമ്മുടെ നോമ്പും നിസ്കാരങ്ങളും അവന്‍ സ്വീകരിക്കട്ടെ. നമ്മുടെ അമലുകള്‍ അവന്‍റെ പ്രീതിക്കു മാത്രമാകട്ടെ. ആമീന്‍  (അവസാനിച്ചു)

വിവ: അബ്ദുല്‍ ജലീല്‍ ഹുദവി വേങ്ങൂര്‍

മുന്‍ഭാഗങ്ങള്‍

റമദാനും മഗ്ഫറിതിന്റെ വഴികളും – 1

 

റമദാനും മഗ്ഫറിതിന്റെ വഴികളും – 2

 

റമദാനും മഗ്ഫറിതിന്റെ വഴികളും – 3

 

റമദാനും മഗ്ഫറിതിന്റെ വഴികളും – 4

 

റമദാനും മഗ്ഫറിതിന്റെ വഴികളും – 5

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter