“ഗ്രേറ്റർ ഇസ്രായേൽ”: സയണിസത്തിന്റെ കപട മോഹങ്ങൾ
ഗസ്സയിൽ തുടരുന്ന അതിരൂക്ഷമായ ആക്രമണങ്ങളുടെയും പട്ടിണിയുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോഴാണ് കഴിഞ്ഞ ബുധനാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗ്രേറ്റർ ഇസ്രായേലുമായി ബന്ധപ്പെട്ട ചില വിവാദ പരാമർശങ്ങൾ പുറപ്പെടുവിച്ചത്. i24 NEWS എന്ന ഇസ്രായേൽ വാർത്താചാനലിൽ മാധ്യമപ്രവർത്തകൻ നടത്തിയ അഭിമുഖത്തിൽ അദ്ദേഹം ഇക്കാര്യം പരോക്ഷമായി പറഞ്ഞതിനെ തുടർന്നാണ് ഇക്കാര്യം വീണ്ടും ചർച്ചയാകുന്നത്. "ചരിത്രപരവും ആത്മീയപരവുമായ" ഒരു ഉദ്യമത്തിലാണ് താനെന്നും ഗ്രേറ്റ് ഇസ്രായേൽ എന്ന ആശയത്തെ പിന്തുണക്കുന്നുവോ എന്ന ചോദ്യത്തിന് "വളരെയധികം" പിന്തുണക്കുന്നു എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
തുടർന്ന് ജോർദാൻ, ഈജിപ്ത്, ഇറാഖ്, ഖത്തർ പോലുള്ള അറബ് രാജ്യങ്ങൾ ഈ പരാമർശങ്ങളെ അപലപിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള നീക്കങ്ങൾ പ്രകോപനപരവും അപകടകരവുമാണെന്നും ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര നിയമങ്ങൾക്ക് എതിരാണെന്നും പ്രദേശത്തെ ക്രമസമാധാനം ഇല്ലാതാക്കുന്നതുമാണെന്നും അവർ വ്യക്തമാക്കി. എന്നാൽ "ഗ്രേറ്റർ ഇസ്രായേൽ" അല്ലെങ്കിൽ ഇസ്രയേൽ ദേശം (Land of israel) എന്നത് ഒരു പുതിയ ആശയമൊന്നുമല്ല. ഇസ്രായേലിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയ ധാര (Far right politics) കാലങ്ങളായി ഉയർത്തിപ്പിടിക്കുന്ന ആശയമാണിത്. പൊതു മധ്യത്തിൽ ആദ്യമൊക്കെ ഇവർ ഇത് പറയാതിരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പലപ്പോഴായി ഇത് അവരിൽ നിന്നു തന്നെ വ്യക്തമായതാണ്. 2016ൽ അന്നത്തെ ജൂയിഷ് ഹോം പാർട്ടിയുടെ തലവനും നെസെറ്റ് അംഗവുമായിരുന്ന ബെസാലെൽ സ്മോട്രിച്ച് (നിലവിൽ ഇസ്രായേൽ ധനകാര്യ മന്ത്രി) ഒരു മാധ്യമ ചർച്ചയിൽ ഇത് സൂചിപ്പിച്ചിരുന്നു. ഇസ്രയേലിന്റെ സ്വപ്നം സാക്ഷാത്കൃതമാകാൻ ഇനിയും കുറെ അറബ് രാജ്യങ്ങൾ ഇസ്രായേലിനു കീഴിൽ വരണമെന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്.
എന്താണ് ഗ്രേറ്റർ ഇസ്രായേൽ?
1988 ൽ ഇസ്രയേലിന്റെ 10 അഗോറോട്ട് നാണയം ഉയർത്തിപ്പിടിച്ചുകൊണ്ട് PLO നേതാവ് യാസർ അറഫാത്ത് നടത്തിയ പരാമർശങ്ങൾ വലിയ ജനശ്രദ്ധ നേടിയിരുന്നു. നാണയത്തിൽ കൊടുത്തിട്ടുള്ള ഭൂപടം സയണിസ്റ്റുകളുടെ ലക്ഷ്യമായ മുഴുവൻ ഇസ്രായേലിന്റെ ഭൂപടത്തെ കുറിക്കുന്നതാണെന്നും നാണയത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചന ഉണ്ടെന്നും അദ്ദേഹം ആരോപണം ഉയർത്തിയിരുന്നു. പക്ഷേ ഈ ആരോപണങ്ങളെ ഇസ്രായേൽ ബാങ്ക് നിരാകരിക്കുകയും എതിർക്കുകയും ചെയ്തു. ഇതുപോലെതന്നെ ഇസ്രയേലിന്റെ ദേശീയ പതാകയിലുള്ള നീല നിറത്തിലുള്ള രണ്ടു വരകൾ നൈൽ നദിയെയും യൂഫ്രട്ടീസ് നദിയെയും സൂചിപ്പിക്കുന്നുവെന്നും ഇതിനിടയിലുള്ള പ്രദേശമാണ് ഇസ്രയേല്യരുടെ വാഗ്ദത്ത ഭൂമി എന്നുമുള്ള സൂചനകളെ ഹമാസും ഇറാനും യാസർ അറഫാത്തും പലപ്പോഴും തുറന്ന് കാട്ടിയിരുന്നു. ഇതിനെതിരെ ഇതു ശരിയല്ലെന്നും പതാകയിലുള്ള രണ്ടു നീല വരകൾ ജൂത പാരമ്പര്യത്തിലെ ആരാധനാ ഷോളായ താലിതിനെ സൂചിപ്പിക്കുന്നതാണെന്നും സയണിസത്തെ എതിർക്കുന്ന ജൂതർക്ക് പോലും ഇതിൽ തർക്കം ഇല്ലെന്നും പറഞ്ഞ് ഇസ്രായേലി ജേണലിസ്റ്റായ ഡാനി റൂബിൻസ്റ്റൈൻ രംഗത്ത് വന്നിരുന്നു.
ജൂത ബിബ്ലിക്കൽ ആഖ്യാനങ്ങൾ പ്രകാരം ഇസ്രയേല്യരുടേതെന്ന് സയണിസ്റ്റുകൾ അവകാശപ്പെടുന്ന മുഴുവൻ ഭൂപ്രദേശങ്ങളും അടങ്ങുന്ന വിശാലമായ രാജ്യമാണ് ഗ്രേറ്റർ ഇസ്രായേൽ കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ഇതുപ്രകാരം ഇന്ന് ഇസ്രയേലിന്റെ കൈവശമുള്ള മുഴുവൻ ഫലസ്തീൻ ഭൂമിക്ക് പുറമെ, എട്ടോളം അറബ് രാജ്യങ്ങൾ കൂടി ഇതിൽ ഉൾപ്പെടുന്നു. തോറയിൽ (ഉല്പത്തി 15:18-21) പരാമർശിക്കപ്പെട്ടത് പ്രകാരം ദൈവം അബ്രഹാമിന് കൊടുത്ത വാഗ്ദത്ത ഭൂമിയാണ് ഇസ്രായേൽ. "അന്നേദിവസം ദൈവം അബ്രഹാമിനോട് വാഗ്ദാനം ചെയ്തു, നിനക്കും നിന്റെ വരാനിരിക്കുന്ന സന്താനങ്ങൾക്കുമായി ഈജിപ്തിലെ നദി മുതൽ യൂഫ്രട്ടീസ് വരെയുള്ള ഭൂമി നാം നൽകും". ഇത് പ്രകാരം ഗസ്സയും വെസ്റ്റ് ബാങ്കും ജൗലാൻ കുന്നുകളും തുടങ്ങി 1948 ൽ ഇസ്രായേൽ അധിനിവേശം ചെയ്ത മുഴുവൻ ഫലസ്തീൻ തന്നെ ഇസ്രയേലിന്റെ പരിധിയിൽ പെടുന്നുവെന്നാണ് അവരുടെ അവകാശവാദം.
ഗ്രേറ്റർ ഇസ്രായേലിനെ പ്രോമിസ്ഡ് ലാൻഡ് (വാഗ്ദത്ത ഭൂമി) അല്ലെങ്കിൽ ലാൻഡ് ഓഫ് ഇസ്രായേൽ എന്നിങ്ങനെ പല പദങ്ങളിലൂടെയാണ് പരിചയപ്പെടുത്താറ്. ബൈബിളില്‍ മൂന്നു തരത്തിലുള്ള വിശദീകരണങ്ങളാണ് ഈ ഭൂമിയുമായി ബന്ധപ്പെട്ട് വന്നിട്ടുള്ളത്. അതിലൊന്ന് മേൽപ്പറഞ്ഞ ഉല്പത്തിയിലെ പരാമർശമാണ്; നൈൽ നദി തൊട്ട് യൂഫ്രട്ടീസ് നദി വരെയുള്ള വിശാലമായ ജിയോഗ്രഫിക്കൽ ഏരിയയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഇതിൽ പുതിയ ഇസ്രായേലും അവശേഷിക്കുന്ന ഫലസ്തീൻ പ്രദേശങ്ങളും അതോടൊപ്പം ലെബനാൻ, സിറിയ, ജോർദാൻ, ഇറാഖ് കൂടാതെ കുവൈത്ത്, സൗദി അറേബ്യ, യുഎഇ, ഒമാൻ, യമൻ, തുർക്കിയുടെ ഒട്ടുമിക്ക പ്രദേശങ്ങളും നൈൽ നദിയുടെ കിഴക്കൻ പ്രദേശങ്ങളും ഉൾപ്പെടുന്നു. രണ്ടാമത്തേതും മൂന്നാമത്തേതും അക്കങ്ങളിലും നിയമാവർത്തനത്തിലും പരാമർശിക്കപ്പെട്ട ഇത്ര തന്നെ വ്യക്തമല്ലാത്ത വിശദീകരണമാണ്. "ഡൻ മുതൽ ബീർഷീബ വരെ" എന്ന പരാമർശം ഏഴോളം തവണ വന്നിട്ടുണ്ട്. ഇത് ഇസ്രായേലിന്റെ 12 ഗോത്രങ്ങൾക്കായി ദൈവം നിയമിച്ച സ്ഥലമായിരുന്നു.
ഇസ്രയേലിന്റെ ചരിത്രം
ബിസി 1047ലാണ് ആദ്യ ഇസ്രായേൽ ഭരണകൂടം രൂപീകരിക്കപ്പെട്ടത്. പിന്നീട് അത് ജൂത ഭരണകൂടമായി മാറുകയും ബിസി 587 നു ശേഷം ബാബിലോണിയക്കാർ ഈ ഭരണകൂടത്തെ കീഴ്പ്പെടുത്തുകയും ചെയ്തു. പിന്നീട് വർഷങ്ങൾക്കു ശേഷം പേർഷ്യൻ ഭരണകൂടം ബാബിലോണിയൻ ഭരണകൂടത്തെ തകർക്കുകയും സൈറസ് ദ ഗ്രേറ്റ് ജൂതർക്ക് ജെറുസലേമിലേക്ക് മടങ്ങാനുള്ള അനുവാദം നൽകുകയും ചെയ്തു. ഇവിടം മുതലാണ് രണ്ടാം ടെമ്പിൾ പീരിയഡ് തുടങ്ങുന്നത്. പിന്നീട് അക്കാമെനിദ് കീഴിലെ യഹൂദ സ്റ്റേറ്റ് ആയി ഇത് നിലനിന്നു പോന്നു. പിന്നീട് റോമക്കാരാണ് ഇവിടം കീഴടക്കുന്നത്.
1917 ൽ ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ഒട്ടോമൻ ഭരണകൂടം തകരുകയും പിന്നീട് ബ്രിട്ടീഷ് അധീനതയില്‍ വന്ന ഫലസ്തീനിനെ ജൂതർക്ക് വേണ്ടിയുള്ള നാടാക്കാൻ തീരുമാനിക്കുകയുമാണുണ്ടായത്. ബ്രിട്ടന്റെ വിദേശ സെക്രട്ടറി ആർദർ ബാൾഫർ ബ്രിട്ടീഷ് ജൂത കമ്മ്യൂണിറ്റി യുടെ നേതാവായിരുന്ന ലോർഡ് റോത്ഷീൽഡിന് ഇതുമായി ബന്ധപ്പെട്ട് കത്തയക്കുകയും അത് പിന്നീട് ബൾഫർ പ്രഖ്യാപനമായി പുറത്തുവരികയും ചെയ്തു. തുടർന്നാണ് ജൂത കുടുംബങ്ങൾ ലോകത്തിൻറെ അനേകം ദിക്കുകളിൽ നിന്നും ഫലസ്തീനിലേക്ക് കുടിയേറിയത്. ഫലസ്തീനിലെ ബ്രിട്ടീഷ് മാൻഡേറ്റിന്റെ കാലത്ത് റവല്യൂഷണറി സയണിസ്റ്റ് ഗ്രൂപ്പുകളായിരുന്ന ബേറ്ററുകളും ഇർഗുൻകളും ഫലസ്തീൻ മാൻഡേറ്റിനെയും ട്രാൻസ് ജോർദാൻ പ്രദേശത്തെയും ഉൾപ്പെടുത്തിയാണ് ഗ്രേറ്റ് ഇസ്രായേൽ എന്ന് കണക്കാക്കിയിരുന്നത്.
1937ൽ നടന്ന പീൽ കമ്മീഷൻ ഫലസ്തീൻ മാൻഡേറ്റിനേ അറബികൾക്കും ജൂതർക്കുമായി വീതം വച്ചു നൽകാമെന്ന തീരുമാനം മുന്നോട്ടുവച്ചു. എന്നാൽ ഡേവിഡ് ബംഗോരിയോൺ അടക്കമുള്ള ഇസ്രായേൽ നേതാക്കൾ ഇതൊരു ആദ്യപടി എന്നോണം അംഗീകരിക്കാം എന്നേറ്റു. 1948 ഇസ്രായേൽ രൂപീകരിക്കപ്പെട്ടതിനുശേഷം 30 വർഷത്തോളം ഭരണം നടത്തിയ ലേബർ സയണിസ്റ്റുകൾ പ്രദേശത്തെ അറബികൾക്കും ജൂതർക്കുമായി വിഭജിക്കാമെന്ന ആശയത്തെയാണ് പിന്തുണച്ചത്. ഇതുമായി ബന്ധപ്പെട്ടാണ് 1993ല്‍ PLO നേതാവ് യാസിർ അറഫാത്തും ഇസ്രായേൽ പ്രധാന മന്ത്രി ഇസ്ഹാഖ് റാബിനും തമ്മിൽ ഒത്തു തീർപ്പുകളിലേക്ക് എത്തിയിരുന്നതും പിന്നീട് അതും വിഫലമായി.
ഇന്നത്തെ ബെഞ്ചമിൻ നെത്യാഹുവിന്റെ ലിക്കുഡ് പാർട്ടി പ്രതിനിധീകരിക്കുന്ന റവല്യൂഷണിസ്റ്റ് സയണിസ്റ്റുകൾ ഇതിനെ എതിർക്കുകയും ഗ്രേറ്റ് ഇസ്രയേൽ ആശയത്തെ പിന്തുണക്കുകയും ചെയ്തവരായിരുന്നു. അറുപതുകളിലും എഴുപതുകളിലും സജീവമായിരുന്ന "മൂവ്മെന്റ് ഓഫ് ഗ്രേറ്റ് ഇസ്രായേലിനേ" തുടർന്ന് 1967 ജൂലൈ മാസത്തിൽ ഇതൊരു സംഘടനയായി രൂപപ്പെട്ടു. തുടർന്ന് ഒരു മാസത്തിനു ശേഷം നടന്ന "സിക്സ് ഡേ വാറിൽ" ഇസ്രായേൽ ജോർദാന്റെയും ഈജിപ്തിന്റെയും കയ്യിൽ നിന്ന് വെസ്റ്റ് ബാങ്കും സിനായ് മേഖലയും ഗാസാ മുനമ്പും അന്യായമായി പിടിച്ചെടുത്തതും സെറ്റിൽമെന്റുകൾ സ്ഥാപിക്കുകയും ചെയ്തത് ഇതിന്റെ ഭാഗമായിട്ടാണ്. 1977ലെ തെരഞ്ഞെടുപ്പോട് കൂടി ലിക്കുഡ് പാർട്ടിയുടെ മെനാഷെം ബെഗിൻ അധികാരത്തിൽ എത്തിയതും ഇതിനുള്ള വലിയൊരു ചവിട്ടുപടി ആയിരുന്നു. അദ്ദേഹത്തിന് ശേഷം വന്ന പ്രധാനമന്ത്രി ഇസ്ഹാഖ് ഷാമിറും കൂടുതൽ ജൂത സെറ്റിൽമെന്റുകൾക്ക് വളം വച്ചു.
രണ്ടു വർഷങ്ങൾക്കു മുന്നേ 2023 മാര്‍ച്ചിൽ ഇസ്രായേൽ ധനകാര്യ മന്ത്രി ബെസാലെൽ സ്മോട്രിച്ച് പാരീസിൽ വച്ച് നടത്തിയ സംസാരത്തിൽ ഇതുമായി ബന്ധപ്പെട്ട ചില പരാമർശങ്ങൾ നടത്തുകയും തുടർന്ന് അത് ഇസ്രായേൽ ജോർദാൻ നയതന്ത്ര ബന്ധങ്ങളിൽ സാരമായ വിള്ളൽ ഉണ്ടാക്കുകയും ചെയ്തിരുന്നു. പിന്നീട് ഇതുമായി ബന്ധപ്പെട്ട് ഇസ്രായേൽ വിദേശകാര്യമന്ത്രാലയം വിശദീകരണം നൽകുകയും ജോർദാന്റെ പരമാധികാരത്തെ അംഗീകരിക്കുകയും ചെയ്യുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. കാലങ്ങളായി അവര്‍ കൊണ്ട് നടക്കുന്ന ഈ വിശാല ഇസ്റാഈല്‍ പദ്ധതിയാണ് നെതന്യാഹുവിന്റെ വായിലൂടെ വീണ്ടും പുറത്ത് വന്നിരിക്കുന്നത്. ഇസ്റാഈല്‍ ഉള്ളില്‍കൊണ്ട് നടക്കുന്നത് എത്രമാത്രം അപകടകരമായ സ്വപ്നങ്ങളാണെന്ന് ഇനിയും അറബ് ലോകം തിരിച്ചറിഞ്ഞിരുന്നെങ്കില്‍...
Leave A Comment