ഒമാന്‍
അറേബ്യന്‍ ഉപദ്വീപിന്റെ തെക്കു-കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന രാജ്യം. സുല്‍ഥാനേറ്റ് ഓഫ് ഒമാന്‍ എന്ന് ഔദ്യോഗിക നാമം. മസ്‌കത്ത് എന്ന് ആദ്യകാലങ്ങളില്‍ അറിയപ്പെട്ടു. തെക്ക് പടിഞ്ഞാറ് യമനും തെക്കും കിഴക്കും അറേബ്യന്‍ കടലും വടക്ക് ഗള്‍ഫ് ഓഫ് ഒമാനും വടക്ക് പടിഞ്ഞാറ് യു.എ.ഇയും പടിഞ്ഞാറ് സഊദി അറേബ്യയും സ്ഥിതിചെയ്യുന്നു. വിസ്തീര്‍ണം: 3,00,000 ച.കി.മീ. ജനസംഖ്യ: 2,773,479. ഇതില്‍ 90 ശതമാനവും മുസ്‌ലിംകളാണ്. ഇസ്‌ലാമേതര വിഭാഗങ്ങള്‍ വളരെ ചെറിയ നൂനപക്ഷമേയുള്ളൂ. മുസ്‌ലിംകളില്‍തന്നെ സുന്നികള്‍ക്കു പുറമെ ശിയാക്കളും വഹാബികളും ഇസ്മാഈലികളുമുണ്ട്. രാജ്യത്തെ ജനവിഭാഗങ്ങളില്‍ കൂടുതലാളുകളും അറബികളാണ്. മസ്‌കത്താണ് തലസ്ഥാനം. നാണയം ഒമാനി റിയാല്‍. ഔദ്യോഗിക ഭാഷ അറബിയാണ്.
ചരിത്രം:
ബി.സി. 3000 മുതല്‍തന്നെ ജനവാസമുള്ള, പാരമ്പര്യമുള്ള ഒരു നാടാണ് ഒമാന്‍. പ്രവാചകന്‍ ഇസ്‌ലാമിക പ്രചരണവുമായി വന്ന സമയം രാജാക്കന്മാര്‍ക്ക് കത്തയച്ച കൂട്ടത്തില്‍ ഒമാനിലെ ഭരണാധികാരിക്കും കത്തയച്ചിരുന്നു. അവര്‍ ഇസ്‌ലാം വിശ്വസിച്ചു. തുടര്‍ന്ന് ഒമാനില്‍ ഇസ്‌ലാമിന്റെ വേരോട്ടം ദ്രുതഗതിയിലായിരുന്നു. ഖുലഫാഉര്‍റാശിദയുടെ കാലത്തിലൂടെ അബ്ബാസി ഖിലാഫത്തിന്റെ അന്ത്യംവരെ ഈ ബന്ധം വിജയകരമായി നിലനിന്നു. എഡി. 746 ല്‍ ഖവാരിജ് വിഭാഗക്കാരായ ഇബാദികള്‍ രംഗത്തു വരികയും ഭരണത്തിനെതിരെ തിരിയുകയും ചെയ്തു. ഇബാദികളെ അടിച്ചമര്‍ത്തിക്കൊണ്ടായിരുന്നു അബ്ബാസികളുടെ ഭരണം. ഉള്ളില്‍ പുകഞ്ഞുകൊണ്ടിരുന്ന ഈ ഛിദ്രത മുതലെടുത്ത് 1507 ല്‍ ഒമാന്റെ ചില ഭാഗങ്ങള്‍ പോര്‍ച്ചുഗീസ് അധിനിവേശത്തിനു കീഴില്‍ വന്നു. താമസിയാതെ അവര്‍ പൊതുശത്രുവിനെതിരെ ഒന്നിക്കുകയും വൈദേശികാധിപത്യത്തിനെതിരെ രംഗത്തിറങ്ങുകയും ചെയ്തു. 1649 ല്‍ സുല്‍ഥാന്‍ ബ്‌നു സൈഫ് അധികാരമേറ്റെടുത്തു. ഈ പോരാട്ടത്തിന് നേതൃത്വം നല്‍കി. 1650 ല്‍ പോര്‍ച്ചുഗീസ് കരങ്ങളില്‍നിന്നും യമന്‍ മോചിപ്പിക്കപ്പെടുകയും ഇത് അവരുടെ സ്വാതന്ത്ര്യ വര്‍ഷമായി പരിഗണിക്കപ്പെടുകയും ചെയ്തു. 1741 ല്‍ പേര്‍ഷ്യക്കാര്‍ ഒമാന്‍ ആക്രമിച്ചു. പിന്നീടു വന്ന സഈദ് രാജവംശം അവരെ പുറത്താക്കി. സഈദ് ബ്‌നു സുല്‍ഥാനായിരുന്നു (1800-1856) ഇതിലെ ഏറ്റവും പ്രഗല്‍ഭനായ ഭരണാധികാരി. സഈദ് ബ്‌നു തിമൂര്‍ (1910-1970) ആയിരുന്നു ഈ പരമ്പരയിലെ പ്രധാനിയായ മറ്റൊരു ഭരണാധികാരി. പിതാവ് തിമുര്‍ ബ്‌നു ഫൈസലിന്റെ നിര്യാണത്തെ തുടര്‍ന്ന് 1932 ലാണ് അദ്ദേഹം അധികാരം ഏറ്റെടുത്തത്. പക്ഷെ, 1967 മുതല്‍ എണ്ണ ഖനനം ആരംഭിച്ചെങ്കിലും അത് ശരിയാംവിധം അദ്ദേഹം ഉപയോഗപ്പെടുത്തിയിരുന്നില്ല. ഇത് മനസ്സിലാക്കിയ ഖാബൂസ് 1970 ല്‍ പിതാവിനെ സ്ഥാനഭ്രഷ്ടനാക്കുകയും അധികാരത്തിലേറുകയും ചെയ്തു. ഇന്നും ആ ഭരണം തുടര്‍ന്നുകൊണ്ടിരിക്കുന്നു.
മതരംഗം:
പ്രവാചകരുടെ കാലത്തുതന്നെ ഒമാനില്‍ ഇസ്‌ലാം പ്രചരിച്ചു. അംറു ബ്‌നുല്‍ ആസ് (റ) വാണ് പ്രവാചകരുടെ കത്തുമായി അന്നത്തെ രാജാവായിരുന്ന ജൈഫറിനെ കാണാനെത്തിയത്. അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുകയും തന്റെ നാട്ടില്‍ ഇസ്‌ലാമിനെ പ്രചരിപ്പിക്കാന്‍ സൗകര്യങ്ങള്‍ ചെയ്യുകയുമായിരുന്നു.
രാഷ്ട്രീയരംഗം:
സുല്‍ഥാന്‍ ഭരണമാണ് ഒമാനിലുള്ളത്. 1981 മുതലുള്ള ഭരണ സംവിധാനം പിരിച്ചുവിട്ട് 1992 ല്‍ മജ്‌ലിസ് ശൂറ ഏന്ന പേരില്‍ ഒരു കൂടിയാലോചനാ സമിതിക്ക് രൂപം നല്‍കി. 80 പേരടങ്ങുന്ന പ്രതിനിധികളാണ് ഭരണം നടത്തുന്നത്.
Leave A Comment