ഹസനുൽ ബസ്വരി: പ്രവാചക വീടുകളിൽ കളിച്ചു വളർന്ന മഹാന്‍
പ്രവാചക പത്നി ഉമ്മുൽ മുഅമിനീന്‍ ഉമ്മു സലമ ബീവിയോട് ആരോ ഒരു കാര്യം പറഞ്ഞു. ഇത് കേട്ടതും മഹതി സന്തോഷം കൊണ്ട് പുഞ്ചിരി തൂകി. തന്റെ അടിമസ്ത്രീയായ ഖൈറ ഒരു ആൺകുഞ്ഞിന് ജന്മം നൽകി എന്നുള്ള സന്തോഷ വാർത്തയായിരുന്നു അത്. മഹതിയോട് ഏറെ സ്നേഹത്തിലും അടുപ്പത്തിലുമായിരുന്നു ഖൈറ കഴിഞ്ഞു കൂടിയിരുന്നത്. പ്രസവിച്ച് തൊണ്ണൂറ് കഴിയും വരെ തന്റെ വീട്ടിൽ തന്നെ പരിചരണം നൽകാം എന്ന് അറിയിച്ചുകൊണ്ട് അവരെ തന്റെ വീട്ടിലേക്ക് കൊണ്ടുവരാൻ ആളെ അയച്ചു. കുട്ടിയെ കാണാനുള്ള അടങ്ങാത്ത ആഗ്രഹമായിരുന്നു ആ മനസ്സിൽ. അങ്ങനെ മാതാവും കുട്ടിയും ഉമ്മു സലമ ബീവിയുടെ സവിധത്തിൽ എത്തി.
കുട്ടിയെ കണ്ടപ്പോൾ ആ മനസ്സ് നിറഞ്ഞു. കാണുന്നവരുടെ ഹൃദയം കീഴടക്കുന്ന തരത്തിലുള്ള സുന്ദരവദനനും സുമുഖനുമായ ഒരു ആൺ കുഞ്ഞ്. മാതാവിനോട് കുഞ്ഞിന് പേരിട്ടോ എന്ന് മഹതി ചോദിച്ചു. ഇല്ല, നിങ്ങൾ പേരിട്ടു കൊള്ളൂ എന്നായിരുന്നു മറുപടി. അങ്ങനെ ഹസൻ എന്ന് മഹതി ആ കുഞ്ഞിനെ പേര് വിളിച്ചു, ശേഷം കുഞ്ഞിന്റെ ഭാവിക്കുവേണ്ടി ദുആ ചെയ്യുകയും ചെയ്തു. ഈ കുഞ്ഞിൻറെ ജന്മം കൊണ്ട് സന്തോഷിക്കുന്ന മറ്റൊരു വീട് കൂടിയുണ്ടായിരുന്നു. നബിയുടെ കാതിബു വഹ്‌യായിരുന്ന സൈദുബ്നു സാബിത് (റ) വിന്റെ പ്രിയപ്പെട്ട അടിമ യസാർ ആയിരുന്നു കുട്ടിയുടെ പിതാവ്. ഹസനുബ്നു യസാർ എന്ന ആ കുട്ടിയാണ് ചരിത്രത്തിൽ അറിയപ്പെട്ട സൂഫി വര്യനും പണ്ഡിതനുമായിത്തീർന്ന ഹസനുൽ ബസ്വരി.
പ്രവാചക പത്നിയുടെ വീട്ടിൽ ആ കുഞ്ഞ് വളർന്നു തുടങ്ങി. ഉമ്മു സലമ ബീവിയുടെ യഥാർത്ഥ പേര് ഹിന്ദ് ബിൻത് സുഹൈൽ എന്നായിരുന്നു. കൂർമ ബുദ്ധിയുള്ളവരും ശ്രേഷ്ടമതിയും പ്രവാചക പത്നിമാരിൽ ഏറ്റവും കൂടുതൽ അറിവുള്ളവരും ജാഹിലിയ്യ കാലത്ത് തന്നെ എഴുതാൻ അറിയുന്ന ചുരുക്കം പേരിൽ ഒരാളുമായിരുന്നു മഹതി. ഇവർ തമ്മിലുള്ള ബന്ധം ഇവിടെയൊന്നും തീരുന്നില്ല. കുട്ടിയുടെ മാതാവ് വല്ല ജോലിക്കും വേണ്ടി പുറത്തുപോകുന്ന സമയത്ത് കുഞ്ഞ് വിശന്നു കരയുമ്പോൾ തന്റെ മുല കുഞ്ഞിൻറെ വായിൽ വെച്ചു കൊടുക്കുമായിരുന്നു. ഉമ്മഹാതുൽ മുഅ്മിനീങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധവും അവരുടെ വീടുകൾ തമ്മിലുള്ള അടുപ്പവും എല്ലാ വീടുകളിലും കയറിയിറങ്ങി അവിടങ്ങളിലെല്ലാം സന്തോഷം പകരാന്‍ ആ കുഞ്ഞിന് ഭാഗ്യം ലഭിച്ചു. ഉയർന്ന സ്ഥലങ്ങളിൽ എത്തിപ്പിടിച്ച് കയറി അവിടെനിന്ന് താഴേക്ക് ചാടി ആനന്ദം കണ്ടെത്തുന്നത് ആ കുഞ്ഞിന്റെ കളികളില്‍ പെട്ടതായിരുന്നു. പ്രവാചകസാന്നിധ്യം കൊണ്ട് സുഗന്ധപൂരിതമായിരുന്ന ആ അന്തരീക്ഷത്തില്‍ തന്നെ ജീവിതത്തിന് തുടക്കം കുറിക്കാനായി എന്നതാണ് ആ കുഞ്ഞിന്റെ ഏറ്റവും വലിയ ഭാഗ്യം എന്ന് പറയാം. മഹോന്നതരായ സ്വഹാബാക്കളിൽ നിന്ന് വിദ്യ നുകരാനും ഇത് ഏറെ സഹായകമായി. ഉസ്മാന്‍(റ), അലി(റ), അബു മൂസൽ അശ്അരി(റ), അബ്ദുല്ലാഹിബ്നു ഉമർ(റ), ഇബ്നു അബ്ബാസ്(റ), അനസ്ബ്നു മാലിക്(റ), ജാബിർ ഇബ്നു അബ്ദുല്ല(റ) തുടങ്ങി നീണ്ടുപോകുന്നു അദ്ദേഹത്തിൻറെ ഗുരുനാഥന്മാരുടെനിര. അലി(റ) ആയിരുന്നു പ്രധാന അധ്യാപകൻ. ഭയഭക്തി, വാക്ക് വൈഭവം, സ്ഫുടത എന്നിവയെല്ലാം അലി(റ) ന്റെ പകര്‍പ്പായിരുന്നു ഹസനുല്‍ ബസ്വരി എന്ന് പറയുന്നതാവും ശരി.
തൻറെ പതിനാലാം വയസ്സിൽ മാതാപിതാക്കളോട് കൂടെ ബസറയിലേക്ക് യാത്ര പോയതോടെയാണ് ഹസനുല്‍ ബസരി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. ബസറ എന്നത് അന്നത്തെ വിജ്ഞാനകേന്ദ്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു. അവിടുത്തെ പള്ളിയിൽ ഒരുപാട് സഹാബാക്കൾ അധ്യാപനം നടത്തിയിരുന്നു. ആ പള്ളിയിൽ ഇബ്നുഅബ്ബാസ്(റ) വിൽ നിന്ന് തഫ്സീർ, ഹദീസ്, ഖിറാഅത് എന്നിവയും അദ്ദേഹത്തിൽ നിന്നും മറ്റു പലരിൽ നിന്നും കർമ ശാസ്ത്രം, ഭാഷ, സാഹിത്യം തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രാവീണ്യം നേടി, അവലംബ യോഗ്യനായ ഒരു ഫഖീഹ് ആയി. അദ്ദേഹത്തിന്റെ വഅള് കഠിന ഹൃദയരെ പ്പോലും സ്വാധീനിക്കുന്നതായിരുന്നു. വൈകാതെ എല്ലാവരുടെയും ആശ്രയമായും ഖുലഫാക്കള്‍ പോലും ഉപദേശങ്ങള്‍ക്കായി സമീപിക്കുന്ന പണ്ഡിതശ്രേഷ്ടനായും അദ്ദേഹം മാറി.
ഖാലിദു ബ്നു സ്വഫ്‍വാന്‍ പറയുന്നു: ഞാൻ ഹീറയിൽ മസ്‍ലമതുബ്നു അബ്ദുൽ മലികിനെ കണ്ടു മുട്ടിയപ്പോള്‍ ഹസനുൽ ബസ്വരിയെക്കുറിച്ച് ആരാഞ്ഞു. അദ്ദേഹം പറഞ്ഞു, അദ്ദേഹത്തെ എനിക്ക് നന്നായി അറിയാം. എന്റെ അയൽവാസിയും മജ്‍ലിസിലെ കൂട്ടാളിയുമാണ്. അദ്ദേഹത്തിന്റെ ഉള്ള് പുറം പോലെയാണ്. എന്തെങ്കിലും ചെയ്യാൻ കൽപ്പിച്ചാൽ നന്നായി ചെയ്യുകയും എന്തെങ്കിലും ഒഴിവാക്കാൻ ഏൽപ്പിച്ചാൽ ഏറ്റവും കൂടുതൽ ഒഴിവാക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. ജനങ്ങൾക്ക് അദ്ദേഹത്തെ വേണം, എന്നാൽ ജനങ്ങളുടെ സമ്പത്ത് അദ്ദേഹത്തിന് വേണ്ട തന്നെ. ഇത്രയും പറഞ്ഞപ്പോൾ ഖാലിദ് പറഞ്ഞു, മസ്‍ലമാ മതി! ഇദ്ദേഹത്തെ പോലുള്ളവർ സമുദായത്തിൽ ഉണ്ടാകുമ്പോൾ ആ സമുദായം പിഴച്ചു പോകുകയില്ല.
ഹജ്ജാജുബിന് യൂസഫ് ഇറാഖിലെ ഗവർണറായി അധികാരം ഏറ്റ കാലം. അധികാര ദുർഗനിയോഗം ഹജ്ജാജിന്റെ പതിവായി മാറുന്നതിന് വൈകാതെ എല്ലാവരും സാക്ഷിയായി. സ്വന്തത്തിനു വേണ്ടി ഒരു വലിയ മണിമാളിക പണിത് ജനങ്ങളെ അത് കാണാൻ വേണ്ടി ഒരു ദിവസം വിളിച്ചുവരുത്തി. എന്നാൽ ജനങ്ങൾ കൂടുന്ന ഈ അവസരം അവരെ ഉപദേശിക്കാനും ഹജ്ജാജിന്റെ തെമ്മാടിത്തരങ്ങൾ അനാവരണം ചെയ്യാനും ഉപയോഗപ്പെടുത്താൻ ഹസന്‍ ബസ്വരി തീരുമാനിച്ചു. ജനങ്ങളെല്ലാം ആ മണിമാളികളുടെ സൗന്ദര്യം ആസ്വദിച്ചു കൊണ്ടിരിക്കുന്ന വേളയില്‍, ഹസനുല്‍ ബസ്വരി തൻറെ പ്രഭാഷണം ആരംഭിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു,
നമ്മൾ നോക്കിക്കൊണ്ടിരിക്കുന്നത് മോശക്കാരിലെ ഏറ്റവും മോശക്കാരൻ പണികഴിപ്പിച്ച മണിമാളികയിലേക്കാണ്. ഫിർഔൻ ഇതിനേക്കാൾ വലുത് നിർമ്മിച്ചിട്ടുണ്ടായിരുന്നു. അല്ലാഹു അവനെയും ആ മണിമാളികയെയും നശിപ്പിച്ചു. ആകാശത്തുള്ളവരുടെ കോപം ഹജ്ജാജ് മനസ്സിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അങ്ങനെ തുടർന്നു പോകുന്ന ഒരു ഉഗ്രൻ പ്രസംഗമായിരുന്നു അത്. ഹജ്ജാജിന്റെ അക്രമം ഭയന്ന് ഒരാൾ പറഞ്ഞു: മതി അബൂ സഈദ്, മതി. ഇത് കേട്ട് ഹസൻ(റ) പ്രതിവചിച്ചു, അറിയുന്നവർ ജനങ്ങൾക്ക് പറഞ്ഞുകൊടുക്കാനാണ്, മറച്ചുവെക്കാൻ അല്ല നിയോഗിക്കപ്പെട്ടത്.
അടുത്തദിവസം തന്റെ മജ്‌ലിസിലെത്തിയ ഹജ്ജാജ് കോപാകുലനായിരുന്നു. ദേഷ്യത്തോടെ സദസ്യരോട് അയാള്‍ പറഞ്ഞു, ഒരു അടിമ വന്നുകൊണ്ട് എന്നെക്കുറിച്ച് തോന്നിയതെല്ലാം വിളിച്ചുപറഞ്ഞു. പക്ഷേ നിങ്ങൾക്ക് തടുക്കാനോ മറുപടി പറയാനോ സാധിച്ചില്ല, ഞാൻ പ്രതികാരം എടുക്കുകയാണ്. ശേഷം ആരാച്ചാറെ വിളിച്ച്, തലവെട്ടുന്നവരെ നിർത്താനുള്ള ചുവന്ന പരവതാനി വിരിക്കപ്പെട്ടു, പോലീസുകാരോട് ഹസന്‍(റ)നെ പിടിച്ചുകൊണ്ടുവരാൻ കല്പിച്ചു. വൈകാതെ അവർ അദ്ദേഹത്തെയും കൊണ്ട് ഹജ്ജാജിന്റെ സദസ്സിലെത്തി. എല്ലാ കണ്ണുകളും അദ്ദേഹത്തിലേക്ക് തിരിഞ്ഞു. ഹസനുൽ ബസരിയുടെ മരണം ആഗതമായി എന്ന് തന്നെ എല്ലാവരും ഉറപ്പിച്ചു. എന്നാല്‍ ഭയത്തിന്റെ ലാഞ്ചന പോലുമില്ലാതെ ഉയര്‍ത്തിയ തലയുമായി അദ്ദേഹം ഹജ്ജാജിനടുത്തേക്ക് നടന്നുചെന്നു. ആ മുഖത്ത് ഈമാന്റെ പ്രകാശവും ഗാംഭീര്യവും അഭിമാനവും അലതല്ലുന്നുണ്ടായിരുന്നു. ആ മുഖം കണ്ട ഹജ്ജാജ് ഒന്ന് പേടിച്ചു പോയി. ഇവിടെ വരൂ അബൂസഈദ്, എന്ന് പറഞ്ഞ് തൻറെ വിരിപ്പിൽ സ്വീകരിച്ചിരുത്തി, ചില സംശയങ്ങള്‍ ചോദിച്ചു. എല്ലാത്തിനും പതറാത്ത ഹൃദയത്തോടെ ഉറച്ച ശബ്ദത്തില്‍ ആവശ്യമായ വിശദീകരണത്തോടെ അദ്ദേഹം മറുപടി പറഞ്ഞു. അപ്പോൾ ഹജ്ജാജ് പറഞ്ഞു, താങ്കൾ പണ്ഡിതരുടെ നേതാവാണ്. എന്നിട്ട് സുഗന്ധദ്രവ്യങ്ങൾ അദ്ദേഹത്തിൻറെ താടിയിലും മുടിയിലും പുരട്ടി കൊടുത്ത് യാത്രയാക്കി. തിരിച്ചു പോകുമ്പോൾ കാവൽക്കാരൻ ഹസന്‍(റ)നോട് പറഞ്ഞു, ഇതിനല്ല നിങ്ങളെ ഹജ്ജാജ് വിളിച്ചത്. പക്ഷേ നിങ്ങളെ കണ്ടപ്പോൾ ഹജ്ജാജ് പേടിച്ചു പോയതാണ്. ഉടനെ അദ്ദേഹം പറഞ്ഞു: ഞാൻ ഇബ്രാഹിം നബിക്ക് തീ തണുപ്പ് ആക്കിയതുപോലെ ഹജ്ജാജിന്റെ കോപം തണുപ്പിക്കണേ എന്ന് അല്ലാഹുവിനോട് ദുആ ചെയ്തിരുന്നു. ഇങ്ങനെ ഒരുപാട് സംഭവങ്ങൾ അദ്ദേഹത്തിൻറെ ജീവിതത്തിൽ കാണാവുന്നതാണ്.
ഉമർ ബിൻ അബ്ദുൽ അസീസ്(റ)ന്റെ പിൻഗാമിയായി യസീദ് ബ്നു അബ്ദുൽ മലിക് മുസ്‍ലിം ലോകത്തിൻറെ ഖലീഫയായി സ്ഥാനമേറ്റു. ഇറാഖിൽ ഉമറുബ്നു ഹുബൈറത്തുൽ ഫസാരിച്ച് എന്നയാളെ ഗവർണറായി നിശ്ചയിച്ചു. പിന്നെ അദ്ദേഹത്തിന്റെ ഭരണപ്രവിശ്യയിലേക്ക് ഖുറാസാൻ കൂടി ഉൾപ്പെടുത്തി. പരിത്യാഗിയായ മുൻഗാമിയുടെ പാതയിൽ നിന്ന് തീർത്തും വ്യതിചലിച്ചായിരുന്നു ഖലീഫയുടെ നീക്കങ്ങൾ. ഇതില്‍ വിഷമം തോന്നിയ ഗവര്‍ണര്‍ ഹസനുൽ ബസരിയെയും ശിഅബി എന്നറിയപ്പെട്ട ആമിറുബ്നു ശുറഹ്ബീലിനേയും വിളിച്ചു വരുത്തി. അദ്ദേഹം കാര്യങ്ങൾ അവരെ പറഞ്ഞു ബോധിപ്പിച്ചു. ഖലീഫയുടെ തെറ്റായ സഞ്ചാരത്തെക്കുറിച്ചും പരിധിവിട്ട കൽപ്പനകളെ കുറിച്ചും അവരോട് പറഞ്ഞു. എന്നിട്ട് താൻ എന്ത് ചെയ്യണം എന്ന് അവരോട് അഭിപ്രായം ചോദിച്ചു. ശിഅ്ബി ഖലീഫക്ക് അനുകൂലമായി സംസാരിച്ചു. എന്താണ് താങ്കളുടെ അഭിപ്രായം എന്ന് ഹസന്‍(റ)നോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹുവിനെ അനുസരിക്കുന്നതിൽ യസീദിനെ അല്ല മറിച്ച് യസീദിനെ അനുസരിക്കുന്നതിൽ അല്ലാഹുവിനെയാണ് താങ്കള്‍ ഭയപ്പെടേണ്ടത്. അല്ലാഹുവിനെ അനുസരിക്കുക. എപ്പോഴും മരണം നിങ്ങളെ പിടി കൂടിയേക്കാം. ഖബറിൽ കൊണ്ടുപോയി വെക്കുമ്പോൾ അവിടെ യസീദുണ്ടാവില്ല. യസീദിനെ ഭയന്ന് ചെയ്ത തെറ്റുകളുണ്ടാകും. നിങ്ങള്‍ അല്ലാഹുവിന്റെ കൂടെയാണെങ്കിൽ അവനിൽ നിന്ന് അല്ലാഹു നിന്നെ സംരക്ഷിക്കും. അല്ലാഹുവിൻറെ കൽപ്പനക്കെതിരെ ഒരാളെയും അനുസരിക്കേണ്ടതില്ല. ഇത്രയും പറഞ്ഞത് കേട്ട് നിന്നിരുന്ന ഉമർ കണ്ണീർ പൊഴിക്കാൻ തുടങ്ങി. അങ്ങനെ ശിഅ്ബിയുടെ അഭിപ്രായത്തെ അവഗണിക്കുകയും ഹസനേയും അദ്ദേഹത്തിന്റെ അഭിപ്രായത്തേയും ബഹുമാനപുരസരം സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ഹസനും ശിഅബിയും നേരെ പള്ളിയിലേക്ക് നടന്നു. അവിടെ കൂടിയിരുന്ന ജനങ്ങൾ അമീർ എന്ത് പറഞ്ഞു എന്ന് ഇവരോട് തിരക്കി. ഉടനെ ശിഅ്ബി ഇങ്ങനെ മറുപടി നൽകി, അല്ലാഹുവിന്റെ സൃഷ്ടികളേക്കാൾ ഏതു കാര്യത്തിലും അനുസരിക്കേണ്ടത് അല്ലാഹുവിനേയാണെന്ന് എനിക്ക് ഒരിക്കല്‍ കൂടി ബോധ്യപ്പെട്ടു. ഞാൻ ഉമർബ്ൻ ഹുബൈറയുടെ ചോദ്യത്തിന് മറുപടി നൽകിയത് അദ്ദേഹത്തിന്റെ ഇഷ്ടം കാംക്ഷിച്ചാണ്. അല്ലാഹുവിന്റെ പ്രീതിയായിരുന്നു ഹസൻ കാംക്ഷിച്ചത്. അത് കൊണ്ട് അല്ലാഹു അദ്ദേഹത്തെ ഉമറിലേക്ക് കൂടുതൽ അടുപ്പിച്ചു.
എട്ട് പതിറ്റാണ്ട് കാലം ഹസനുൽ ബസ്വരി ചീവിച്ചു. ജനഹൃദയങ്ങളെ പിടിച്ചു കുലുക്കുന്ന ഉപദേശങ്ങളായിരുന്നു ജീവിതത്തിന്റെ ബാക്കിപത്രം. ഒരിക്കൽ ഒരാൾ ദുനിയാവിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി സർവ്വ ഹൃദയങ്ങളേയും ചിന്തയിലാഴ്ത്തുന്നതാണ്. അതിങ്ങനെ വായിക്കാം, നീ ദുനിയാവിനേയും ആഖിറതിനേയും കുറിച്ചാണോ ചോദിക്കുന്നത്. അവ രണ്ടും രണ്ട് ധ്രുവങ്ങളാണ്. ഒന്നിനോട് കൂടുതൽ അടുത്താൽ മറ്റേതിൽ നിന്ന് കൂടുതൽ അകലും. ഈ വീടിന്റെ തുടക്കം ക്ഷീണവും ഒടുക്കം നാശവുമാണ്. ഈ വീട് ആരെങ്കിലും ആഗ്രഹിച്ചാൽ അവൻ ദുഃഖിക്കേണ്ടി വരും. നിന്റെ ഓരോ ദിവസവും കടന്ന് പോകുമ്പോഴും നീ മരണത്തിലേക്ക് കൂടുതൽ അടുക്കും. നിനക്ക് വേണ്ടപ്പെട്ട പലരും ദൈനംദിനം മരണത്തിന് കീഴടങ്ങുന്നത് നീ കാണുന്നില്ലേ.
ഹി 110 റജബ് മാസം ഒരു വ്യാഴാഴ്ച രാത്രിയായിരുന്നു മഹാൻ അല്ലാഹുവിന്റെ റഹ്മതിലേക്ക് യാത്രയായത്. പ്രഭാതം വിടർന്നപ്പോഴേക്കും തങ്ങളുടെ പ്രിയ നേതാവിന്റെ വേർപാടിന്റെ വാർത്തയറിഞ്ഞ് ബസ്വറ മുഴുവൻ അദ്ദേഹത്തിന്റെ വസതിയിലേക്കൊഴുകിയെത്തി. ജുമുഅക്ക് ശേഷം, തന്റെ ജീവിതത്തിന്റെ സിംഹഭാഗവും ചെലവഴിച്ച പള്ളിയിൽ ജനാസ നിസ്കാരം നടന്നു. ശേഷം ജനസഞ്ചയം ജനാസയെ പിന്തുടർന്നു. അത് കാരണം അന്ന് ആ പള്ളിയിൽ അസർ ജമാഅത്ത് നിസ്കരിക്കാൻ ആരുമുണ്ടായിരുന്നില്ല എന്ന് ചരിത്ര ഗ്രന്ഥങ്ങൾ രേഖപ്പെടുത്തുന്നു. ആ പള്ളിയുടെ നിർമാണ ശേഷം ആദ്യമായാണത്രെ അവിടെ ജമാഅത് നിസ്കാരം മുടങ്ങുന്നത്. മഹാനവർകളുടെ കൂടെ അല്ലാഹു നാമേവരേയും സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ ... ആമീൻ
Leave A Comment