മക്തൂബ് - 12 പ്രകാശ പ്രസരണങ്ങളുടെ വിവിധ തലങ്ങള്‍

എന്‍റെ സഹോദരന്‍, ശംസുദ്ധീന്‍,
ദിവ്വ്യജ്ഞാനങ്ങളുടെ വെളിച്ചം കൊണ്ട് അല്ലാഹു ഹൃദയം പ്രകാശപ്പിക്കട്ടെ.

ഹൃദയനാരി അണിഞ്ഞൊരുങ്ങിയിരിക്കന്നു, അഴുക്കില്‍നിന്നും മനുഷ്യഗന്ധിയായ ഇരുട്ടില്‍ നിന്നും മുക്തയായി. അഥവാ അദൃശ്യവെളിച്ചം വരവേല്‍ക്കാന്‍ അത് സന്നദ്ധമായിക്കഴിഞ്ഞു. ഇനി ഒരു മിന്നല്‍ പോലെ അല്ലാഹുവിന്റെ നൂറ് കടന്നെത്തും. വിശുദ്ധി വര്‍ദ്ധിക്കുന്നതനുസരിച്ച് ആ നൂറ് ശക്തിപ്പെടുകയും വര്‍ദ്ധിത വീര്യം പ്രാപിക്കുകയും ചെയ്യുന്നു. പിന്നീടത് മെഴുകായും വിളക്കായും ഒരു തീനാളമായും അഗ്നിയായും രൂപാന്തരപ്പെടുന്നു. ചെറുതും വലുതുമായ നക്ഷത്രങ്ങളെ പോലെ തുടങ്ങി, ശേഷം ചന്ദ്രനെപ്പോലെ തെളിഞ്ഞ്, പിന്നീട് സൂര്യനായി ജ്വലിക്കുന്നു.

അസാധാരണമായ ഈ വെളിച്ചം  വുളൂഇന്‍റെയും നിസ്കാരത്തിന്‍റെയും ബറകത് കൊണ്ടാവും സംഭവിക്കുന്നത്. ഒരിക്കല്‍ അബൂ സഈദ് അബുല്‍ ഖൈര്‍ തങ്ങളുടെ മുരീദ് വുളൂഅ് എടുത്തു കഴിഞ്ഞപ്പോള്‍ ഒരു വെളിച്ചം കണ്ടു. ഉച്ചത്തില്‍ ശബ്ദിച്ചു കൊണ്ട് അദ്ധേഹം പറഞ്ഞു: ഞാന്‍ അല്ലാഹുവിനെ കണ്ടു. 
കാര്യം മനസ്സിലാക്കിയ ശൈഖ് പറഞ്ഞു: ഏയ്, അത് വുളൂഇന്റെ നൂറ് ആണ്. അല്ലാഹുവിന്റെ നൂറ് നീ എങ്ങെനെ കാണാനാണ്. 
തന്റെ ശൈഖിന്റെ ഈ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ ഈ മുരീദ് സ്വയം നാശത്തിലകപ്പെടുമായിരുന്നു. എന്നാല്‍ വിളക്ക്, മെഴുക്, തീനാളം തുടങ്ങിയവ പോലെയുള്ള നൂറ് തന്റെ ശൈഖിന്റെ വിലായത്തിന്റെയോ  പ്രവാചകരുടെ നുബുവ്വത്തിന്റെയോ ബറകത് കൊണ്ട് സംഭവിക്കുന്നതാണ്. ഈ സന്ദര്‍ഭത്തില്‍ ഹൃദയം പ്രകാശത്താല്‍ വിളക്കു പോലെ, മെഴുക് പോലെ തിളങ്ങുന്നു. പാനീസിന്റെയും വിളക്കുമാടത്തിന്റെയും വെളിച്ചമാണെങ്കിലും ഇപ്രകാരം തന്നെ. 

Read More: മക്തൂബ്-11 സിദ്ധീഖീങ്ങളുടെ അവസ്ഥാന്തരങ്ങൾ

എന്നാല്‍ സൂര്യ ചന്ദ്ര നക്ഷത്രാദികളുടെ വെളിച്ചസമാനമാണെങ്കില്‍ അത് തന്റെ വിശുദ്ധിക്കനുസരിച്ച് ഹൃദയമാനത്ത് തെളിയുന്ന ആത്മീയവെളിച്ചമാണ്. നക്ഷത്രത്തെപ്പോലെ ഹൃദയദര്‍പ്പണം തെളിഞ്ഞതാണെങ്കില്‍ ആത്മാവിന്റെ നൂറും അപ്രകാരം തന്നെയാവും. ഇനി പൂര്‍ണ്ണചന്ദ്രനെപ്പോലെ പ്രഭാപൂരിതമാണെങ്കില്‍ അദ്ധേഹത്തിന്റെ ഹൃദയവും പൂര്‍ണ്ണമായും പരിശുദ്ധമായിരിക്കും. ചന്ദ്ര ശോഭയില്‍ വല്ല കുറവുമുണ്ടെങ്കില്‍ അത്രതന്നെ ഹൃദയത്തിലും ഉണ്ടായിരിക്കും. ഹൃദയദര്‍പ്പണം തെളിമയുടെ പരമകാഷ്ഠ പ്രാപിച്ചാല്‍ ആത്മാവിന്റെ നൂറ് സൂര്യസമാനമായിരിക്കും. വിശുദ്ധി കൂടും തോറും അതിന്റെ തെളിച്ചം പരസഹസ്രം ഇരട്ടി വര്‍ധിക്കുന്നു. സൂര്യന്റെയും ചന്ദ്രന്റെയും പ്രഭ ഒരുമിച്ചു ദൃശ്യമായാല്‍ ചന്ദന്‍ ഹൃദയവും സൂര്യന്‍ ആത്മാവുമാണ്. രണ്ടിന്റെയും വെളിച്ചം ഹൃദയത്തില്‍ പ്രതിബിംബിക്കുന്നു. ഈ സമയത്തും മറ നിലനില്‍ക്കുന്നു. സൂര്യരൂപം കേവലം ഒരു വിചാരവും ധാരണയുമാണ്. കാരണം ആത്മാവിന്റെ വെളിച്ചത്തിനു രൂപഭാവങ്ങളില്ലല്ലോ. ചില സന്ദര്‍ഭങ്ങളില്‍ അല്ലാഹുവിന്റെ വിശേഷണങ്ങളുടെ നൂറിന്റെ നിഴല്‍ അദ്ധേഹത്തിന്റെ മേല്‍ തെളിഞ്ഞെന്നുവരാം.  അതാണല്ലോ പ്രവാചകന്റെ ഈ വചനം സൂചിപ്പിക്കുന്നത്, ആരെങ്കിലും ഒരു ചാണ്‍ എന്നിലേക്ക് അടുത്താല്‍ ഒരു മുഴം അവനിലേക്ക് ഞാന്‍ അടുക്കും.

അന്നേരം മനസ്സിന്റെ കണ്ണാടിയില്‍ അത് തെളിയും. കണ്ണാടിയുടെ തെളിമക്കനുസരിച്ച് അതിന്‍റെ പ്രഭ തെളിഞ്ഞ് വരും. 
ചോദ്യം: ഇത് അല്ലാഹുവിന്റെ വിശേഷണങ്ങളുടെ നൂറിന്റെ നിഴലാണെന്ന് എങ്ങനെ തിരിച്ചറിയും?
ഉത്തരം: അല്ലാഹുവിന്റെ വിശേഷണങ്ങളുടെ വെളിച്ചമാണ് അതെന്ന് ഹൃദയം തിരിച്ചറിയും. ആ വെളിച്ചം തന്നെയാണ്, അത് അല്ലാഹുവില്‍ നിന്നാണ് എന്നതിന്റെ  തെളിവ്. അത് തന്നെയാണ് അതിന്‍റ  വിശദീരണം പറയുന്നതും. ആ സന്ദര്‍ഭത്തില്‍ ആത്മാവിന് ഒരു അഭിരുചിയുണ്ടാകും. അതിലൂടെ താന്‍ കണ്ടത് അല്ലാഹുവിന്റെ നൂറ് തന്നെയാണെന്നും മറ്റൊന്നുമല്ലെന്നും അദ്ധേഹം മനസ്സിലാക്കും. ഇതൊരു വൈകാരികവും അഭിരുചിക്കനുസരിച്ചുമുള്ള കാര്യമായതിനാല്‍ വാക്യങ്ങളിലൂടെ വിശദീകരിക്കാനാകില്ല. സൂഫികള്‍ പറയുന്നു: ദിവ്വ്യസൗന്ദര്യത്തിന്റെ വിശേഷണവെളിച്ചങ്ങള്‍ ജ്വലിക്കുന്നതാണ്, കരിക്കുന്നതല്ല. എന്നാല്‍ ദൈവികസത്തയുടേത് കരിക്കുന്നതാണ്, ജ്വലിക്കുന്നതല്ല. ഈയവസ്ഥ മനസ്സിലാക്കാന്‍ ബുദ്ധിയും യുക്തിയും അശക്തമാണ്. 

ഹൃദയം അതിന്റെ വിശുദ്ധിയുടെ പൂര്‍ണ്ണത കൈവരിക്കുമ്പോഴാണ് അല്ലാഹുവിന്റെ ഈ വചനം അര്‍ത്ഥപൂണ്ണമാകുന്നത്, നാം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ചക്രവാളങ്ങളിലും അവരുടെ ശരീരങ്ങളിലും കാണിക്കുന്നതാണ്. 
അന്നേരം ഹഖ് മാത്രമേ അദ്ധേഹം കാണൂ. സ്വശരീരത്തിലേക്ക് നോക്കിയാലും സകലവസ്തുക്കളിലേക്ക് നോക്കിയാലും ഹഖ് മാത്രമേ അദ്ധേഹം ദര്‍ശിക്കൂ. സൂഫികളില്‍ പെട്ട ഒരു മഹാന്‍ പറഞ്ഞു: ഞാന്‍ എന്ത് നോക്കിയാലും അവിടെ അല്ലാഹുവിനെ കാണുന്നു.

പിന്നീട്, അല്ലാഹുവിന്റെ നൂറ് ആത്മാവിന്റെ നൂറിനു മീതെ പതിക്കുന്നു.  ദിവ്വ്യദര്‍ശനം തന്നില്‍ ഇഴചേര്‍ന്നു നിന്നാല്‍, ഹൃദയത്തിന്റെയോ ആത്മാവിന്റെയോ മറയില്ലാതെ, നിറമോ രൂപമോ ഉടലോ ആകാരമോ ഇല്ലാതെ അല്ലാഹുവിന്റെ നൂറ് ദര്‍ശിക്കപ്പെടുന്നു. ആധ്യാത്മിക സഞ്ചാരി അതിനെ വിടാതെ പിന്തുടരുന്നു. കാരണം ഇനിയൊരു ഉദയമോ അസ്തമാനമോ ഇല്ല, ഇടതും വലതും മുകളും താഴെയും ഇല്ല,  സ്ഥലവും കാലവും അടുപ്പവും അകലവും ഇല്ല, രാവും പകലും മണ്ണും വിണ്ണും ഇഹപരലോകങ്ങളും പേനയും മൊഴിയും ഇല്ല. ബുദ്ധി പൂര്‍ണ്ണമായൊരു അമ്പരപ്പിലായിരിക്കും. ശാസ്ത്രവും യുക്തിയും പരിഭ്രാന്തിയുടെ താഴ്വരകളില്‍ അലയുകയാണ്. 
എന്റെ സഹോദരാ, ഈ വ്യസനത്തില്‍ തന്നെ നീ നിന്റെ ജീവിതം കഴിച്ചുകൂട്ടൂ. ദുഖത്തോടെ വിദൂരതയില്‍ കഴിയലാണ് ലോകമാന്യത്തോടെ സമീപസ്ഥനാകുന്നതിനെകാള്‍ ഭേദം. കാരണം ഈ ലോകമാന്യം അനുഗ്രഹങ്ങള്‍ നീങ്ങിപ്പോകുന്നതിന്റെ പ്രാരംഭഘട്ടമാണ്. ആ ദുഖമോ നേട്ടത്തിന്റെ തുടക്കവും.

ചുരുക്കത്തില്‍ നിന്റെ സാനിധ്യത്തില്‍ നിന്നും ഈ വഴിയെ നീ ശുദ്ധമാക്കണം. ഒപ്പം മാനുഷികമായ നിന്റെ ഉടയാടകളെല്ലാം നീ അഴിച്ചുവെക്കുകയും വേണം. തന്റെ സ്വത്വത്തിന് ഉണ്‍മയുണ്ടെന്ന് കരുതുന്നവന്‍ ഈ സരണിയിലെ നപുംസകമാണ്. ആദം നബിക്കരികില്‍ വെച്ച്, തന്നെ കണ്ട ഒരുത്തനെ നിനക്കറിയില്ലേ. മാലാഖമാരുടെ ഗുരുനാഥനായിരുന്നു അദ്ധേഹം. സ്വയം അഹന്ത നടിച്ചപ്പോള്‍ ഒരു നപുംസകമായി മാറി. ദുന്‍യാവ് അയാള്‍ക്ക്  ഏല്‍പ്പിക്കപ്പെട്ടു. നീചന്മാര്‍ക്ക് പോലും അവന്‍ നീചനായി മാറി.

Read More: ഔലിയാഉം കറാമത്തും- മക്തൂബ്10

സുബ്‍ഹാനല്ലാഹ്.. പരമാധികാരം (ഖഹ്റ്) മലക്കുകളുടെ ഗുരുനാഥന്റെ മേല്‍ ഇറങ്ങിയപ്പോള്‍ അവന്‍ നിന്ദ്യരില്‍ നിന്ദ്യനായി മാറി. എന്നാല്‍ ഒരുപിടി മണ്ണില്‍ അല്ലാഹുവിന്റെ കാരുണ്ണ്യം ഇറങ്ങിയപ്പോള്‍ അത് ഔന്നത്യത്തിന്റെ ഉച്ചിയിലായി.  ഒരിക്കലും സ്വീകരിക്കപ്പെടാത്തവിധം ഇബ്‍ലീസ് നിഷേധിക്കപ്പെട്ടു. എന്നാല്‍ ഒരിക്കലും നിരാകരിക്കപ്പെടാത്ത വിധം ആദം നബി സ്വീകരിക്കപ്പെടുകയും ചെയ്തു. ഇതാണ് അല്ലാഹുവിന്റെ രീതി. ആദമുണ്ടാകുമ്പോഴെല്ലാം എതിര്‍വശത്ത് ഇബ്‍ലീസുമുണ്ടാവും. 

ഓരോ വസ്തുവും അറിയപ്പെടുന്നതു തന്നെ അതിന്റെ വിപരീതം കൊണ്ടാണ്. ഉദാഹരണം ഒരു സുമുഖനായ ആളുണ്ടെങ്കില്‍ വിരൂപനായ ഒരാള്‍ എതിര്‍വശത്ത് ഉണ്ടാകും. ഇല്ലെങ്കില്‍ ആ സൗന്ദര്യം പ്രകടമാകില്ല. കൊട്ടാരമുണ്ടെങ്കില്‍ കുടിലുമുണ്ട്. വിലായതിന്റെ വെളിച്ചത്തില്‍ വിമലീകരിക്കപ്പെട്ട ഹൃദയമുണ്ടാകുമ്പള്‍ തന്നെ എതിരില്‍ ഒരു ദുശിച്ച ശരീരവുമുണ്ട്. വിശുദ്ധിയുടെ വസ്ത്രമാണ് ഹൃദയത്തില്‍ വിരിച്ചതെങ്കില്‍ അജ്ഞതയുടെയും അന്ധകാരത്തിന്റെയും പാടുകളാണ് മറുവശത്തുള്ളത്.  ശരീരത്തിന്റെ യാഥാര്‍ത്ഥ്യത്തില്‍ നിന്നും നിന്ദ്യതയില്‍ നിന്നും ശ്രദ്ധതെറ്റിപ്പോവാതിരിക്കാന്‍ വേണ്ടിയാണ് ഇപ്രകാരം നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. നീ മയിലിനെ കണ്ടിട്ടില്ലേ. അത് തന്റെ ചിറകിലേക്ക് നോക്കിയാല്‍ സൗന്ദര്യത്താല്‍  ആനന്ദനൃത്തം ചവിട്ടും. കാല്‍പാദത്തിലേക്കു നോക്കിയാലോ ദുഖിതയായിത്തീരുകയും ചെയ്യുന്നു, വസ്സലാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter