വിശേഷങ്ങളുടെ ഖുർആൻ: (26) ശുഭചിന്തകളുടെ കേദാരം

ശുഭചിന്തകളുടെ കേദാരം

ലോകത്തെ ഏറ്റവും മനോഹരമായ നിർമാണ ചാതുരി നിരാശയുടെ നദിക്ക് മുകളിലൂടെ പ്രതീക്ഷയുടെ പാലം പണിയുകയാണെന്ന് ഒരു മഹാൻ പറഞ്ഞത് എത്ര ചിന്താർഹമാണ്! മനുഷ്യനിൽ പ്രതീക്ഷയും ശുഭ വിശ്വാസവും നിലനിർത്താൻ കഴിയുന്നതിനോളം പോരുന്ന സുകൃതമെന്താണ്?

നിൻ്റെ ധനം നഷ്ടപ്പെട്ടാൽ മൂല്യമുള്ള ഒരു വസ്തു നിനക്ക് നഷ്ടപ്പെട്ടു. നിൻ്റെ മാന്യതയാണ് കൈമോശം വന്നതെങ്കിൽ ഒരമൂല്യ വസ്തു നിനക്ക് നഷ്ടമായി. എന്നാൽ പ്രതീക്ഷയാണ് നഷ്ടപ്പെട്ടതെങ്കിൽ നിൻ്റെ എല്ലാം പോയി എന്നും ചിലർ പറഞ്ഞു വച്ചിട്ടുണ്ട്. പൂവിന് മുന്നിലെ മുളളിനെയോർത്തു പരിതപിക്കുന്നവരെയും മുള്ളിനപ്പുറത്തെ പൂവിനെ കണ്ടെത്തി സന്തോഷിക്കുന്നവരെയും ഖലീൽ ജബ്റാൻ എടുത്ത് പറയുന്നുണ്ട്.

വിശുദ്ധ ഖുർആനെ മൊത്തമായി വിലയിരുത്താൻ ശ്രമിച്ചാൽ മനുഷ്യമനസ്സിൽ ശുഭ വിശ്വാസവും പ്രതീക്ഷയും അങ്കുരിപ്പിക്കുന്ന ഒരു പൂർവ ഗ്രന്ഥം എന്ന് വിശേഷിപ്പിക്കാം. അത്രയേറെ ഉത്തേജകവും ആവേശ ദായകവുമാണ് ഖുർആനിലെ വചനങ്ങളും വീക്ഷണങ്ങളും. നിരവധി കഥകളുടെ കലവറയാണല്ലോ ഖുർആൻ. ആ കഥകൾ ഉദ്ധരിച്ചത് വിശ്വാസികൾക്ക് ഗുണപാഠം ഉൾക്കൊള്ളാനാണെന്ന് ഖുർആൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പൂർവ പ്രവാചകരെയും അവരുടെ പ്രബോധന ജീവിതത്തിലെ വ്യത്യസ്ത മുഹൂർത്തങ്ങളെയും വേദഗ്രന്ഥം പരിചയപ്പെടുത്തുന്നു. ഈ കഥകൾ ഏതാണ്ടെല്ലാം ശുഭപര്യാവസായിയാണെന്ന കാര്യം ശ്രദ്ധേയമാണ്. 

ഓരോ ഘട്ടത്തിലും പ്രവാചകർ നേരിടുന്ന പരീക്ഷണങ്ങൾ, പ്രതിബന്ധങ്ങൾ, പ്രതിസന്ധികൾ,ഒന്നിന് പിറകെ ഒന്നായി വരിഞ്ഞുമുറുക്കുന്ന കട്ടപിടിച്ച കൂരിരുട്ടുകൾ, പ്രകമ്പനങ്ങൾ..... ഖുർആൻ തന്നെ സൂചിപ്പിച്ചത് പോലെ അവയുടെ ആഘാതത്തിൽ "ചിലപ്പോൾ ദൈവ ദൂതരും അനുഗാമികളും പോലും ആത്മഗതം ചെയ്യുമാറ്: എപ്പോഴാണ് അല്ലാഹുവിൻ്റെ സഹായം വരിക? അറിയുക, ദൈവിക സഹായം സമീപസ്ഥമാണ്.'' ( അൽ ബഖറ:214).

ആദം നബിയും പത്നിയും പൈശാചിക പ്രേരണയാൽ വശംവദരായി വിലക്കപ്പെട്ട കനി ഭുജിച്ച ഉടനെ സമനില വീണ്ടെടുത്തു എല്ലാം ഏറ്റുപറഞ്ഞു നാഥൻ്റെ മുന്നിൽ ഗദ്ഗദകണ്ഠരായപ്പോൾ അവർക്ക് നഷ്ടപ്പെട്ട സ്വർഗരാജ്യം ഭാവിയിൽ തങ്ങൾക്കും വരുന്ന തലമുറക്കൾക്കും പിശാചിനെതിരെ വിജയകരമായ പ്രതിരോധമുറകൾ സ്വീകരിച്ചു തിരിച്ചു ചെല്ലേണ്ട ഗൃഹാതുര സ്വപനമായി നിലനിർത്തി. നൂഹ് നബി 950 വർഷം തൗഹീദിലേക്ക് ആളുകളെ ക്ഷണിച്ചിട്ടും കാര്യമായ അനുകൂല പ്രതികരണം ലഭിക്കാതെ ഹതാശനായപ്പോൾ ദൈവിക തുണ പെട്ടക രൂപത്തിൽ വന്നു രക്ഷാകവചം തീർത്തു. ധിക്കരിച്ചു മാറി നിന്നവർ പ്രളയത്തിൻ്റെ കുത്തൊഴുക്കിൽ ചരിത്രത്തിൻ്റെ പിന്നാമ്പുറത്തേക്ക് ഒലിച്ചുപോയി.

അഗ്നിപരീക്ഷണം, ഭാര്യയെയും മകനേയും കയ്യൊഴിയൽ, പുത്ര ബലി അങ്ങനെ ഒന്നൊന്നായി വന്ന പരീക്ഷണങ്ങളെ തരണം ചെയ്ത ഇബ് റഹീം നബി(അ) ഒടുവിൽ ദീർഘായുഷ്മാനായി, മക്കളുടെ സൗഭാഗ്യ ഗമനങ്ങൾക്ക് സാക്ഷിയായി, ചരിത്രത്തിലെ അനശ്വര മുഹൂർത്തങ്ങളുടെ നായകനായി വാഴ്ത്തപ്പെടുന്നു. അത് പോലെ മൂസാ നബി, അയ്യൂബ് നബി,യൂനുസ് നബി, ഈസാ നബി(അലൈഹിമുസ്സലാം) തുടങ്ങി നിരവധി പ്രവാചകരുടെ സമ്മിശ്ര ജീവിതങ്ങളുടെ പരിണാമഗുപ്തി ഖുർആൻ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. അതെല്ലാം ക്ഷമയും ദൈവിക സമർപ്പണവും കൈമുതലാക്കി മുന്നോട്ട് നീങ്ങുന്ന വിശ്വാസികൾക്ക് പ്രത്യാശയുടെയും ആത്മവിശ്വാസത്തിൻ്റെയും പുതു ലോകം തുറന്നുകൊടുക്കാൻ പര്യാപ്തമാണ്.

അന്ത്യപ്രവാചകൻ്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിൽ അവിടന്ന് പുലർത്തിയ മന: സ്ഥൈര്യവും വിശ്വാസദാർഢ്യവും വലിയ ഉത്തേജനവും കരളുറപ്പുമാണ് അനുയായികളിൽ ചൊരിഞ്ഞു കൊടുക്കുക.  പ്രലോഭനങ്ങളെയും പ്രകോപനങ്ങളെയും അവഗണിച്ചു ആദർശത്തിൻ്റെ വഴിയിൽ ഉറച്ചു നിന്നതിൻ്റെ പേരിൽ കടുത്ത എതിർപ്പുകൾ നേരിടേണ്ടി വന്ന പ്രവാചകനെ ഒടുവിൽ കഥ കഴിക്കാൻ തന്നെ അവർ തീരുമാനിക്കുന്നു. അതിനായി വീട് വളഞ്ഞ ശത്രുക്കളുടെ കണ്ണ് വെട്ടിച്ച് ഇറങ്ങിപ്പോയ പ്രവാചകനെ വഴിയിലും അവർ വെറുതെ വിടുന്നില്ല. 

ഉറ്റ തോഴനായ അബൂബക്റിൻ്റെ കൂടെ നാട് വിടാനൊരുങ്ങിയ ഘട്ടത്തിൽ ശത്രുക്കൾ അവരെ പിന്തുടരുകയായിരുന്നു. അതിനിടയിൽ സൗർ ഗുഹയിൽ അഭയം തേടിയ ഇരുവരേയും കണ്ടു പിടിക്കാനെത്തിയ ശത്രുസംഘം ഗുഹാമുഖത്തിൻ്റെ തൊട്ടരികെ. അവരുടെ പദനിസ്വനം കേൾക്കാം. ഒന്ന് കീഴ്പോട്ട് നോക്കിയാൽ കാണാവുന്ന അവസ്ഥ. കണ്ടാൽ അവരുടെ കഥ കഴിഞ്ഞുവെന്ന് ഉറപ്പ്. അത്തരമൊരു സന്നിഗ്ധ ഘട്ടത്തിൽ കൂട്ടുകാരൻ തൻ്റെ ഉത്കണ്ഠ പങ്ക് വയ്ക്കുന്നു. പ്രവാചകന് ഒരു കുലുക്കവുമില്ല. അബൂബക്ർ, നാം എന്തിന് പേടിക്കണം? അല്ലാഹു മൂന്നാമനായുള്ള രണ്ട് പേരുടെ കാര്യത്തിൽ ഉൽകണ്ഠപ്പെടാനെന്തിരിക്കുന്നു?' 

ഇക്കാര്യം തൗബ അധ്യായത്തിൽ (വചനം: 40) ഇങ്ങനെ ഉദ്ധരിക്കുന്നു. "അദ്ദേഹം തൻ്റെ കൂട്ടുകാരനോട് പറഞ്ഞ സന്ദർഭം ഓർക്കുക. ദു:ഖിക്കരുത്, അല്ലാഹു നമ്മോടൊപ്പമുണ്ട്. അതോടെ അല്ലാഹു തൻ്റെ ശാന്തി അദ്ദേഹത്തിൽ ഇറക്കി. നിങ്ങൾ കാണാത്ത സേനകളിലൂടെ അവൻ അദ്ദേഹത്തെ ശക്തിപ്പെടുത്തി." വിശ്വാസം നൽകുന്ന മനോബലത്തിന് ചരിത്രത്തിൽ ഇതിലും ഉദാത്തമായ ഉദാഹരണം കണ്ടെത്താമോ?

Also Read:വിശേഷങ്ങളുടെ ഖുർആൻ: (25) ജ്ഞാനവിജ്ഞാനങ്ങളുടെ  ഖുർആനിക പരിപ്രേക്ഷ്യം

ഖുർആനിലെ പല വചനങ്ങളും മനുഷ്യനിൽ സാന്ത്വനവും ആശ്വാസവും പകർന്നു കൊടുക്കുന്ന മന:ശാസ്ത്ര ചികിത്സയുടെ ഫലം നൽകുന്നു. ഇൻശിറാഹ് അധ്യായത്തിൽ പ്രവാചകൻ സ്വന്തം ജീവിതത്തിൽ തരണം ചെയ്ത പ്രയാസ ഘട്ടങ്ങളെ ഓർമപ്പെടുത്തിയ ശേഷം നാഥൻ  ആവർത്തിച്ച് മനസ്സിനെ ബോധ്യപ്പെടുത്തുന്നു: "നിശ്ചയം, ഞെരുക്കത്തോടൊപ്പം എളുപ്പമുണ്ട്. പ്രയാസത്തോടൊപ്പം ആശ്വാസവുമുണ്ടെന്ന് തീർച്ച."

പലപ്പോഴും ആഗ്രഹിച്ചത് നടക്കാതെ വരുമ്പോഴും ആശങ്കിച്ചത് വന്നു ഭവിക്കുമ്പോഴുമാണ് നമുക്ക് വലിയ അസ്വസ്ഥതയും നിരാശയും അനുഭവപ്പെടുക. സത്യത്തിൽ ഏതാണ് ഗുണകരമെന്നത് സംബന്ധിച്ച് നമുക്ക് വല്ല തിട്ടവും ഉണ്ടോ? ചിലപ്പോൾ വല്ല യുദ്ധത്തിലും നേരിട്ട പരാജയം, കളിയിലോ പരീക്ഷയിലോ തെരഞ്ഞെടുപ്പിലോ വന്നു പെട്ട തോൽവി നമ്മെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിടുന്നു. ആ ആഘാതത്തിൽ നിന്ന് മുക്തി നേടാനാകാതെ ഗതികെട്ട് പോകുന്നവരും ഒരുവേള ആത്മഹത്യയിൽ അഭയം തേടുന്നവർ വരെ കണ്ടെന്ന് വരാം. 

ഖുർആൻ എത്ര ദാർശനികമായാണ് ആ സമസ്യയെ കെകാര്യം ചെയ്യുന്നതെന്ന് നോക്കൂ! "അനിഷ്ടകരമാണെങ്കിലും നിങ്ങൾക്ക് യുദ്ധം ചെയ്യൽ അനിവാര്യമാണ്. ഒരു കാര്യം ഉദാത്തമായിരിക്കേ നിങ്ങൾക്ക് അനിഷ്ടപ്പെട്ടെന്ന് വരാം; ദോഷകരമായിരിക്കേ പ്രിയങ്കരമായെന്നും ഭവിക്കാം. അല്ലാഹു അറിയുന്നു; നിങ്ങൾ അറിയുന്നില്ല." (അൽബഖറ: 215) നാം അനുമാനിക്കുന്ന ശരി-തെറ്റുകൾക്കനുസൃതമായിരിക്കണമെന്നില്ല പലപ്പോഴും ജയ- പരാജയങ്ങൾ. ഉദ്ദിഷ്ട കാര്യം സാധിക്കാത്തതിൻ്റെ പേരിൽ വലിയ ആധിയും അസ്വസ്ഥതയും നമ്മെ പിടികൂടാറുണ്ട്. കാലക്രമത്തിലാണ് പലപ്പോഴും അത് നടക്കാത്തത്  ഗുണകരമായെന്ന് നാം തിരിച്ചറിയുക. 

" നിങ്ങൾ ഒരു കാര്യം അനിഷ്ടപ്പെടുകയും അതിൽ നാഥൻ ധാരാളം നൻമവരുത്തുകയും ചെയ്യാം " എന്ന നിസാ അധ്യായത്തിലെ വചനം 19 ലെ പരാമർശം വിവാഹബന്ധം നിലനിർത്തുന്നതുമായി ബന്ധപ്പെട്ടാണെങ്കിലും പൊതുവായ അർത്ഥത്തിൽ പല സംഭവങ്ങളിലും നാം നേരിൽ അനുഭവിക്കാറുണ്ട്. വിശ്വാസികളെ പലപ്പോഴും വലിയ തോതിൽ അലട്ടാറുള്ള വിഷയമാണ് ചെയ്തു പോയ തെറ്റുകുറ്റങ്ങൾ. ദുർബല നിമിഷത്തിൽ സംഭവിച്ച തെറ്റിൽ മനസ്സ് ഉടക്കി നിൽക്കുന്നതിനാൽ ഒരടി മുന്നോട്ട് പോകാനാവാതെ അവൻ ആകുലചിത്തനാകുന്നു. 

ഇത്തരമൊരവസ്ഥയിൽ പെട്ടവനെ ആശ്വസിപ്പിക്കാനും കരകയറ്റാനും ഏറെ സഹായകമാണ് ഖുർആനിലെ ക്രിയാത്മക നിലപാട്. സുമർ അധ്യായം വചനം 53 ഇത്തരക്കാർക്ക് സുപ്രതീക്ഷയുടെ ടോണിക്കാണ്. " പറയുക, സ്വന്തത്തോട് അതിക്രമം കാട്ടിയ എൻ്റെ അടിമകളേ, അല്ലാഹു വിൻ്റെ അനുഗ്രഹത്തെക്കുറിച്ച് നിങ്ങൾ ഭഗ്നാശരാകരുത്. അവൻ പാപങ്ങളത്രയും മാപ്പാക്കുക തന്നെ ചെയ്യും; ഏറെ പാപം പൊറുക്കുന്നവനും കരുണാമയനും അവൻ തന്നെ;തീർച്ച."
എന്തെങ്കിലും അപ്രതീക്ഷിതമായത് സംഭവിച്ചാൽ അതിൽ അസ്വസ്ഥ ചിത്തനായി നീറി നീറിക്കഴിയുന്നവന്  ഈ വചനം എത്ര ശുഭ വിശ്വാസവും സമാധാനവും നൽകുമെന്ന് നോക്കുക: "പറയുക, അല്ലാഹു ഞങ്ങൾക്ക് നിശ്ചയിച്ചത് മാത്രമേ ഞങ്ങളെ ബാധിക്കുകയുള്ളൂ. അവൻ ഞങ്ങളുടെ യജമാനനാണ്. സത്യവിശ്വാസികൾ അവനിൽ ഭരമേൽപ്പിക്കട്ടെ."(തൗബ: 51)

അല്ലാഹുവിനെ രണ്ട് തരം ഗുണങ്ങളിലൂടെ ഖുർആൻ പരിചയപ്പെടുത്തുന്നു. വലിയ കണിശക്കാരനും കടുത്ത ശിക്ഷ നൽകുന്നവനും കുറ്റം ചെയ്യുന്നവരെ കത്തിയാളുന്ന നരകാഗ്നിയുടെ ഇന്ധനമാക്കുന്നവനുമാണവൻ. അതേ സമയം മറ്റൊരു മുഖം ദയയുടെയും സ്നേഹത്തിൻ്റെയും വിട്ടുവീഴ്ചയുടേതുമാണ്.  ശിക്ഷയും രക്ഷയും അവൻ്റെ അധികാര പരിധിയിലാണ്. രക്ഷയുടെ പ്രതീകമായി സ്വർഗവും ശിക്ഷയുടെ പ്രതിരൂപമായി നരകവും അവൻ പരിചയപ്പെടുത്തുന്നു. ഇതിൽ ഏതിനാണ് മുൻതൂക്കം. രക്ഷകനായ അല്ലാഹുവോ ശിക്ഷകനായ അല്ലാഹുവോ മികച്ചു നിൽക്കുക? 

സംശയിക്കണ്ട; കാരുണ്യവാനും ദയാലുവുമായ നാഥൻ തന്നെ. ഇക്കാര്യം ഖുർആൻ തന്നെ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു. അ 'അറാഫ് അധ്യായം വചനം 156 ൽ ഇങ്ങനെ കാണാം: "അവൻ പറഞ്ഞു: ഞാൻ ഉദ്ദേശിക്കുന്നവരെ എൻ്റെ ശിക്ഷ ബാധിക്കും. എന്നാൽ എൻ്റെ കാരുണ്യം സമസ്ത വസ്തുക്കൾക്കും പ്രവിശാലമത്രെ." ഇതിന് പിൻബലമേകുന്ന ഒരു ഖുദ്സിയായ ഹദീസ് കൂടി കാണാം. 'നിശ്ചയം, എൻ്റെ കാരുണ്യം കോപത്തെ അതിജയിച്ചിരിക്കുന്നു.' ( ബുഖാരി, മുസ് ലിം) 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter