റമദാന്‍ ചിന്തകള്‍ - നവൈതു...12. ജോലിയിലും സൂക്ഷിക്കാന്‍ മൂല്യങ്ങളേറെയുണ്ട്

പ്രവാചകനായ മൂസാ(അ)നെ ജോലിക്കാരനായി നിയമിക്കണമെന്ന് ശുഐബ്(അ)നോട് മകള്‍ ആവശ്യപ്പെടുന്നിടത്ത് വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പറയുന്നത് കാണാം, ജോലിക്കാരനായി നിയമിക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍ ശക്തനും വിശ്വസ്തനും തന്നെയാവുന്നു. ഒരു വിശ്വാസി താന്‍ ചെയ്യുന്ന ജോലിയില്‍ എങ്ങനെയായിരിക്കണമെന്നതിന്റെ ഏറ്റവും ഹ്രസ്വവും സമഗ്രവുമായ വിവരണമാണ് ഇതെന്ന് പറയാം.

ഏറ്റെടുക്കുന്ന ജോലിയെന്തോ, അത് കൃത്യമായി ചെയ്യാന്‍ സാധിക്കുന്നവനും അതിന് ആവശ്യമായ കഴിവുകള്‍ ഉള്ളവനുമായിരിക്കണം അവന്‍. തന്നിലര്‍പ്പിതമാവുന്ന കാര്യങ്ങള്‍ തന്നെകൊണ്ട് സാധിക്കില്ലെന്ന ബോധ്യമുണ്ടായാല്‍ അക്കാര്യം തുറന്ന് പറഞ്ഞ്, അതിന് ഏറ്റവും യോജിച്ചവനെ കണ്ടെത്താന്‍ അവസരം നല്കുകകയാണ് ഇവിടെ ആദ്യമായി കടന്നുവരുന്നത്. സമൂഹത്തിലെ വിവിധ ആളുകളുടെ കഴിവുകളെ യഥാവിധി ഉപയോഗപ്പെടുത്താനും മനുഷ്യവിഭവശേഷികളുടെ ഏറ്റവും സാധ്യവും സുതാര്യവുമായ നിക്ഷേപവുമാണ് ഇതിലൂടെ ഉറപ്പ് വരുത്തപ്പെടുന്നത്.
Read More: റമദാന്‍ ചിന്തകള്‍ - നവൈതു..11. ളുഹാ സമയം, അതും പ്രധാനം തന്നെ

രണ്ടാമതായി, ഏറ്റെടുത്ത ജോലിയോട് സത്യസന്ധത പുലര്‍ത്തുക എന്നതാണ്. കഴിവുകളേക്കാളേറെ ആത്മാര്‍ത്ഥതക്കും സത്യസന്ധതക്കുമാണ് ഇന്ന് ലോകോത്ത രകമ്പനികള്‍ പോലും മുന്‍ഗണന നല്കുന്നത്. ഏതൊരു ജോലിയിലും അവ രണ്ടും ഏറെ പ്രധാനമാണെന്നത് തന്നെ കാരണം. എത്ര കഴിവുള്ളവനായാലും ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥതയും സത്യസന്ധതയും കാണിക്കാത്തവനാണെങ്കില്‍, ആ കഴിവുകളെല്ലാം നിഷ്ഫലവും ഉപയോഗശൂന്യവുമാണെന്ന് പറയാം. അതേ സമയം, ആ രണ്ട് ഗുണങ്ങളുണ്ടെങ്കില്‍ കഴിവ് കുറഞ്ഞവരാണെങ്കില്‍ പോലും ആ മേഖലയില്‍ പതിയെ മുന്നേറുന്നതും നാം കാണുന്നതാണ്. 

അന്നം തേടിയിറങ്ങുന്ന വിശ്വാസി നിര്‍ബന്ധമായും ഈ ഗുണങ്ങള്‍ ഉള്ളവനായിരിക്കണം എന്നാണ് പ്രമാണങ്ങള്‍ പറയുന്നത്. അഥവാ, ജോലിസ്ഥലത്തും ഒരു വിശ്വാസി അവന്റെ ഉന്നത മൂല്യങ്ങളിലൂടെ, ആരും കൊതിച്ച് പോവുന്ന ഗുണങ്ങളിലൂടെ വ്യതിരിക്തനായി നില്ക്കണമെന്നാണ് മതം ആഗ്രഹിക്കുന്നത്. 

അതില്ലാതെ, ജോലിദാതാവിനൊരു ഭാരമായി കഴിയേണ്ടവനല്ല അവന്‍. സമൂഹത്തിന്റെ സൃഷ്ടിപരമായ മുന്നേറ്റത്തില്‍ ഭാഗഭാക്കാവേണ്ടവനാണ് ഓരോ വിശ്വാസിയും, അവന്റെ സേവന മേഖല, അത് ഏതുമാവട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter