വര്‍ണ്ണവെറി മാറാത്തവരോട്, അത് ജാഹിലിയ്യതാണ്

വിവര സാങ്കേതിക വിദ്യകൊണ്ട് മാനവരാശി വളർച്ചയുടെ  പടവുകൾ കയറി കൊണ്ടിരിക്കുന്ന ഇരുപതിയൊന്നാം നൂറ്റാണ്ടിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും കേരളം പരിഷ്കൃതി കൈവരിച്ച നാടാണെന്ന് നമ്മൾ ഊറ്റം കൊള്ളുമ്പോഴും ഇപ്പോഴും ചില ചലചിത്ര സാംസ്കാരിക നായകർ ജാതിയുടേയും വർണ്ണവെറിയുടേയും  സവർണ്ണ ബോധത്തിൽ അഭിരമിച്ച് കഴിയുന്നുവെന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ വിവാദങ്ങള്‍ തെളിയിക്കുന്നത്.
വർണ്ണവെറിയും ജാതിബോധവും പലരുടെയും മനസ്സിൽ നിന്ന്, കലയുടെ എത്ര ഉന്നതിയിലെത്തിയിട്ടും മാറിപ്പോയിട്ടില്ലയെന്നതിന്റെ പ്രത്യക്ഷമായ തെളിവാണിതെന്ന് പറയാതെവയ്യ. മനുഷ്യന്റെ വൈയ്യക്തിക-സാമൂഹിക-സർഗ്ഗാത്മക കഴിവുകളെ ഏറ്റവും സൗന്ദര്യത്തോടെ പ്രകടിപ്പിക്കലാണ് കല. അത് കൊണ്ട് തന്നെ നമ്മുടെ സാമൂഹിക സാംസ്കാരിക വളർച്ചയിലും മാറ്റത്തിലും കല അനുപമമായ പങ്ക് വഹിച്ചിട്ടുമുണ്ട്. മനുഷ്യോല്‍പത്തിയോളം പഴക്കമുള്ള ആ മഹത്തായ പ്രവൃത്തിയുടെ മനോഹാരിതയും സൗന്ദര്യവും കേവലം കറുപ്പും വെളുപ്പും മാനദണ്ഡമാക്കി വിലയിരുത്തുന്നത് തന്നെ അങ്ങേയറ്റം അപമാനകരമാണ്.

ഫാഷിസവും ഹിന്ദുത്വവും ജനാധിപത്യ മൂല്യങ്ങളെ ചവിട്ടിമെതിച്ചു ഹിന്ദുത്വ രാജ്യത്തിനു വേണ്ടി അക്ഷീണം പ്രയത്നിക്കുന്ന ഈ കെട്ടകാലത്ത് ഇത്തരം മനുഷ്യത്വ രഹിതമായ സംസാരങ്ങളും സങ്കുചിത ചിന്താഗതിക്കാരും തല പൊക്കിയതിൽ അതിശയിക്കേണ്ടതില്ല. മാത്രമല്ല, ഈ രാജ്യത്ത് അധിവസിക്കുന്ന നമ്മളേവരും ഇന്ത്യൻ പൗരരാണെന്ന സമഭാവനയുടെ കാഴ്ചപ്പാടുകളെ ഉൾക്കൊള്ളാൻ കഴിയാത്ത സവർണ്ണ ഹിന്ദുത്വ ഭരണകൂടം തങ്ങൾക്ക് കുടപിടിക്കുമെന്ന ഉറച്ച വിശ്വാസം കൂടിയാണ്, ഇത്തരക്കാര്‍ക്ക് ധൈര്യം പകരുന്നതെന്നും കൂട്ടിവായിക്കേണ്ടതുണ്ട്.
സാമൂഹിക മാധ്യമങ്ങളിലും പത്രകോളങ്ങളിലും ഇതിനെതിരെ പൊട്ടിപ്പുറപ്പെട്ട പ്രതികരണങ്ങൾ ശുഭോദര്‍ക്കമാണ്. അതേസമയം, ഈ ചിന്താഗതിക്ക് കുടപിടിക്കുന്ന ഭരണപാര്‍ട്ടിയുടെ ഭാഗമായി എന്നതിനാല്‍ മാത്രം, അതിനോട് അനുകൂലമായി പ്രതികരിച്ച രാഷ്ട്രീയ നേതാവിനെയും നമുക്ക് കാണാനായി.

വര്‍ണ്ണവെറി അറിയാതെ പുറത്ത് ചാടുന്ന വേളയില്‍, പ്രവാചക ചരിത്രത്തിലെ ഒരു രംഗം നമുക്ക് ഓര്‍ക്കാം. പ്രവാചകരുടെ അനുയായികളില്‍ പ്രമുഖനാണ് അബൂദര്‍റ് അല്‍ഗിഫാരി(റ). തന്റെ ഒരു സുഹൃത്തിനോട് ഒരിക്കല്‍ ദേഷ്യം പിടിച്ച അദ്ദേഹം, കറുത്തവളുടെ മകനേ എന്ന് വിളിച്ച് പോയി. അതില്‍ വിഷമം തോന്നിയ അയാള്‍ പ്രവാചകരോട് പരാതി പറഞ്ഞു. ചോദ്യം ചെയ്യലില്‍ സംഗതി ശരിയാണെന്ന് ബോധ്യപ്പെട്ട പ്രവാചകര്‍(സ്വ), അതിശക്തമായ ഭാഷയില്‍ അബൂദര്‍റ്(റ)നോട് ഇങ്ങനെ പറഞ്ഞു, നിന്നില്‍ ഇപ്പോഴും പഴയ ജാഹിലിയ്യത് (അറിവില്ലായ്മയുടെ കാലത്തെ ലക്ഷണം) ബാക്കിയുണ്ട്. ഇത് അബൂദര്‍റ്(റ)നെ വല്ലാതെ വിഷമിപ്പിച്ചു. ശേഷം, തന്റെ കീഴിലുള്ള അടിമയോട് പോലും അദ്ദേഹം ഏറെ ശ്രദ്ധയോടെയാണ് പെരുമാറിയത്. താന്‍ ധരിക്കുന്നതും കഴിക്കുന്നതും എന്തോ അത് തന്നെയായിരുന്നു മരിക്കുവോളം അദ്ദേഹം അടിമക്കും നല്കിയിരുന്നത്. 

പ്രവാചകരുടെ കാല ശേഷം, റബ്ദയില്‍ ഒറ്റക്ക് കഴിയുകയായിരുന്ന അദ്ദേഹത്തെ മഅ്റൂര്‍ ബിന്‍സുവൈദ്(റ) കാണാനിടയായി. കൂടെ അടിമയുമുണ്ടായിരുന്നു. ഒരു ജോഡി വസ്ത്രത്തിന്റെ മേല്‍വസ്ത്രം അടിമയും താഴ്‍വസ്ത്രം അദ്ദേഹവും ധരിച്ചായിരുന്നു അപ്പോഴുണ്ടായിരുന്നത്. ഇത് കണ്ട അദ്ദേഹം ചോദിച്ചുവത്രെ, ഇത് ഒരു കൂട്ട് വസ്ത്രമല്ലേ. രണ്ടും നിങ്ങള്‍ തന്നെ ധരിച്ചിരുന്നെങ്കില്‍ കാണാന്‍ നല്ല രസമുണ്ടായിരുന്നു. ഉടനെ അദ്ദേഹം ഈ സംഭവം വിശദീകരിച്ചുകൊണ്ട് പറഞ്ഞു, അതിന് ശേഷം ഞാന്‍ ധരിക്കുന്നതും കഴിക്കുന്നതും തന്നെയാണ് എന്റെ അടിമക്കും നല്കുന്നത്.

മനുഷ്യമനസ്സുകളുടെ ശുദ്ധീകരണമാണ് യഥാര്‍ത്ഥത്തില്‍ സംസ്കാരം. വിദ്യാഭ്യാസം പോലെ തന്നെ, കലകളും അതിന് വേണ്ടിയുള്ളതാണ്. അത് കൈവരിക്കാനാവാത്തിടത്തോളം, എത്ര വലിയ സാക്ഷ്യപത്രങ്ങളോ അംഗീകാരങ്ങളോ സ്ഥാനമാനങ്ങളോ കൈയ്യിലുണ്ടായിട്ടും യാതൊരു കാര്യവുമില്ലെന്ന് തന്നെ പറയാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter