ശൈഖ് മുഹമ്മദ് യഅ്ഖൂബീ; പാണ്ഡിത്യഗരിമയുടെ സമകാലിക സിറിയൻ മോഡൽ 

ഒട്ടേറെ പണ്ഡിത കുലപതികൾക്ക് ജന്മമേകിയ മണ്ണാണ് സിറയയുടേത്. ആധുനിക ലോകത്തും ഇസ്‍ലാമിക വൈജ്ഞാനിക പ്രഭവകേന്ദ്രങ്ങളാൽ സമൃദ്ധമാണവിടം. ശൈഖ് മുഹമ്മദ് സഈദ് റമളാൻ ബൂതി അടക്കമുള്ള പ്രമുഖ പണ്ഡിത നിരതന്നെ അവിടെ നിന്നും ഉയിർക്കൊണ്ടിട്ടുണ്ട്. ആ പണ്ഡിത നിരയിൽ ഇന്ന് ലോകത്ത് എണ്ണപ്പെടുന്ന പ്രമുഖ സുന്നി-മാലികി പണ്ഡിതനും അറിയപ്പെടുന്ന ഹദീസ് വിശാരദനുമാണ് ശൈഖ് മുഹമ്മദ് അബുൽ ഹുദാ അന്നുഅ്മാനീ അൽഹസനി.

സിറിയയിലെ പ്രസിദ്ധ നഗരമായ ഡമസ്കസിലെ പുകൾപെറ്റ ഒരു പണ്ഡിത തറവാട്ടിൽ 1963 മെയ് 7 (ഹി. 1382) നായിരുന്നു ജനനം (നിലവിൽ 58 വയസ്സ്). അദ്ദേഹത്തിന്റെ പിതാവ് ശൈഖ് ഇബ്റാഹീം യഅ്ഖൂബീ എന്നവർ    നാട്ടിലെ അറിയപ്പെടുന്ന പണ്ഡിതനും സിറിയയിലെ അമവിയ്യ മസ്ജിദിലെ ഇമാമും മുദരിസുമായിരുന്നു. ഇതിന് പുറമെ ദർവീശ് പാഷാ ജുമാമസ്ജിദ്, ഉസ്മാൻ ജുമാമസ്ജിദ് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇവരുടെ കുടുംബ വേര് ചെന്നെത്തുന്നത് മൊറോക്കോയിലാണ്. അവിടെ നിന്നും സിറിയയിലേക്ക് കുടിയേറിയവരാണ് പ്രപിതാക്കന്മാരിൽ ചിലർ. മൊറോക്കോയിലെ അദാരിസ് ഭരണകൂടത്തിന്റെ സ്ഥാപകനായിരുന്ന ഇദ്‍രീസുബ്നു അബ്ദില്ലാഹ് എന്നവരിലൂടെ പ്രവാചകൻ മുഹമ്മദ് നബി (സ്വ) യിലേക്കെത്തുന്നത് കുടുംബപരമ്പര.

വിദ്യാഭ്യാസം 
ചെറുപ്പം മുതൽക്കേ അദ്ദേഹത്തെ അറിവിന്റെ വഴിയിലേക്ക് വെളിച്ചം പകർന്നത് പണ്ഡിതനായ പിതാവ് തന്നെയായിരുന്നു. അറിവിന്റെ വഴിയിൽ ആ പിതാവ് പ്രിയ പുത്രന്ന് പകർന്നേകിയ പ്രോത്സാഹനവും പിന്തുണയുമാണ് അദ്ദേഹത്തെ വിജ്ഞാനത്തിന്റെ വിസ്തൃത ലോകത്തെത്താൻ പ്രേരിപ്പിച്ചത്. 

വിശുദ്ധ ഖുർആൻ മനപാഠമാക്കിയാണ് പഠന സപര്യക്ക് നാന്ദി കുറിച്ചത്. ഹദീസ്, തർക്കശാസ്ത്രം തുടങ്ങി അടിസ്ഥാന വിജ്ഞാനീയങ്ങളിലെ ഗ്രന്ഥങ്ങളാണ് പ്രാരംഭത്തിൽ പഠിച്ച് തുടങ്ങിയത്. ശേഷം, 1980 ൽ ഭൗതിക വിഷയങ്ങളിൽ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കുകയും 1982 ൽ ശരീഅ വിഭാഗത്തില്‍ സെക്കൻഡറി സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു. ശേഷം, ബൈറൂത് അറബിക് യൂണിവേഴ്സിറ്റിയിൽ നിന്നും അറബി ഭാഷയിൽ ബിരുദം നേടി. എങ്കിലും അദ്ദേഹത്തിന്റെ പഠനങ്ങൾ ഭൂരിഭാഗവും പിതാവിൽ നിന്ന് തന്നെയായിരുന്നു. 

Also Read:ശൈഖ് അബ്ദുല്ലാഹിബ്നു ബയ്യ; മിതവാദത്തിന്റെ മൗറിത്താനിയൻ വ്യക്തിമുദ്ര 

അതിന് പുറമെ പ്രമുഖരായ നിരവധി പണ്ഡിത മഹത്തുക്കളിൽ നിന്നും അധ്യാപനത്തിനും വൈജ്ഞാനിക പ്രസരണത്തിനുമുള്ള ഇജാസത് (അനുവാദം/ആശീർവാദം) നേടുകയും ചെയ്തു. ശാം മുഫ്തിയായിരുന്ന ശൈഖ് മുഹമ്മദ് അബുൽ യസ്ർ ആബിദീൻ, മാലിഖി മദ്ഹബിലെ പ്രഗൽഭ മുഫ്തിയായിരുന്ന ശൈഖ് സയ്യിദ് മുഹമ്മദ് മക്കിയ്യുൽ കതാനി(മക്ക), ശൈഖ് സൈനുൽ ആബിദീൻ (തുനീഷ്യ), ശൈഖ് അബ്ദുൽ അസീസ് ഉയൂനുസ്സൂദ്, ശൈഖ് മുഹമ്മദ് സ്വാലിഹ് ഫർഫൂർ , ശൈഖ് മുഹമ്മദ് സ്വാലിഹ് അൽ ഖതീബ് തുടങ്ങിയവർ ആ പണ്ഡിത നിരയിലെ ചിലർ മാത്രമാണ്.

പ്രബോധന വീഥിയിൽ 
പിതാവ് ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ അധ്യാപന രംഗത്തും പ്രഭാഷണ മേഖലയിലും സജീവമായി തുടങ്ങി. പിതാവിന്റെ വിയോഗ ശേഷം തന്റെ 15-ാം വയസ്സിൽ പിതാവിന്റെ പകരക്കാരനായി അധ്യാപനവും പ്രഭാഷണവും നടത്തി പോന്നു. പിന്നീട് സിറിയയിലെ വിവിധ പള്ളികളിലും വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റുമായി പരന്ന് കിടക്കുന്ന വിജ്ഞാന കുതുകികൾക്ക് മത വിജ്ഞാനീയങ്ങളിൽ അധ്യാപനം നടത്തി. 1980 മുതൽ 1990 വരെയുള്ള പത്ത് വർഷ കാലയളവിൽ ത്വാവൂസിയ്യ ജുമുഅ മസ്ജിദിൽ ഖതീബായിരുന്നു. 1983 മുതൽ 1990 വരെ സിറിയയിലെ ജനറൽ ഫത്‌വ വകുപ്പിന് കീഴിൽ മതാധ്യാപനം നടത്തി. 

അതോടൊപ്പം 1986 മുതൽ 1990 വരെ ശൈഖ് ബദ്റുദ്ദീൻ ഹസനി ഇസ്‍ലാമിക് ഇന്സ്റ്റിറ്റ്യൂട്ടിൽ മാലികി കർമശാസ്ത്ര വിഷയത്തിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 
തുടർന്ന് കുവൈത്തിലുള്ള ദാറുൽ ആസാർ ഇസ്‍ലാമിയ്യ എന്ന ഇസ്‍ലാമിക ഗവേഷണ കേന്ദ്രത്തിൽ ഗവേഷകനായി. ഗോതൻബർഗ് യൂണിവേഴ്സിറ്റിയിൽ അറബിക് ലിറ്ററേച്ചറിൽ ഗവേഷകനായും അധ്യാപകനായും സേവനം ചെയ്തു. ഹദീസ് വിജ്ഞാന ശാഖയിൽ ഏറെ തൽപരനായ അദ്ദേഹം കർമശാസ്ത്രത്തിലും മികവ് തെളിയിച്ചു. നല്ല കാവ്യ നൈപുണ്യവും സാഹിത്യ വെണ്മയുമുള്ള അദ്ദേഹം പ്രഭാഷണ രംഗത്ത് സജീവമായി തുടർന്ന് കൊണ്ടിരിക്കുന്നു. ഇംഗ്ലീഷ് ഭാഷയിൽ വളരെ ഹൃദ്യവും മനോഹരവുമായി സംസാരിക്കുന്ന അദ്ദേഹം പ്രബോധന പ്രവർത്തനങ്ങൾക്കായി ഒട്ടുമിക്ക യൂറോപ്യൻ രാജ്യങ്ങളിലും മലേഷ്യ, ഇന്തോനേഷ്യ, സിംഗപ്പൂർ, ഇന്ത്യ, പാക്കിസ്ഥാൻ, ആഫ്രിക്ക, തുടങ്ങി ഒട്ടേറെ രാജ്യങ്ങള്‍ സന്ദർശിച്ചിട്ടുണ്ട്. തസ്വവ്വുഫിൽ തല്‍പരനായിരുന്ന അദ്ദേഹം ശാദുലിയ്യ സൂഫി സരണിയാണ് അനുധാവനം ചെയ്തത്. 

രചനകൾ 
എഴുത്ത് രംഗത്ത് ശോഭനമായ സംഭാവനകൾ നൽകിയ അദ്ദേഹം ഫിഖ്ഹ്, ഹദീസ്, അഖീദ, ഭാഷ തുടങ്ങി വിവിധ വിഷയങ്ങളിൽ ഒട്ടനവധി രചനകൾ നടത്തിയിട്ടുണ്ട്. പ്രധാനപ്പെട്ടവ താഴെ നല്കുന്നു.
-അഹ്കാമു തസ്ഈർ ഫിൽ ഫിഖ്ഹിൽ ഇസ്‍ലാമീ (ഫിഖ്ഹ്)
- ഹുസ്നുൽ ഫഹ്മ് (ഫിഖ്ഹ്)
- ഇൻഖാദുൽ ഉമ്മ (ISIS ഭീകരതയെ എതിർത്തുള്ള രചന)
- അഹ്സനുൽ മുഹാളറ ഫീ ആദാബിൽ ബഹ്സി വൽ മുനാളറ (മൻതിഖ്)
- അതഹ്സീൽ : ലിഫവാഇദി റഫ്ഇ വ തക്മീൽ (ഹദീസ്)
- ഹിദായതുസ്സുആത്
- അൽ-ലുമത്തുൽ മർദിനിയ ഫി ശർഹി യസാമിനിയ
- അൽ മദ്ഖൽ (ഹദീസ്)
- സഹാഇബുന്നിദാ 
- അൽ ഫുതൂഹാതുൽ മഗ്‌രിബിയ്യ
- ശമാഇലുൽ ഹബീബിൽ മുസ്തഫ (സ്വ) (നബിയുടെ വ്യക്തിത്വത്തെ വിവരിക്കുന്ന രചന)
- ഇമാം ബഗ്‍വിയുടെ 'അൽ അൻവാർ ഫി ശ്ശമാഇൽ' എന്ന ഗ്രന്ഥത്തിന്റെ വിശകലന കൃതി.
- Refuting ISIS: A Rebuttal Of Its Religious And Ideological Foundations (also in Arabic)
- Foreword, Lights of Yearning: In Praise of the Most Praised ﷺ
- Al-Anwar Al-Muhammadiyyah: The Prophetic Lights
- Celebrating Love and Theology: Refutation of the Mu'tazilites
- A Compendium of the Prophet Muhammad's Noble Names
- The Moroccan Revelations

നിലവിൽ 
യൂറോപ്യൻ രാജ്യങ്ങളിൽ ഹദീസ് വിജ്ഞാനീയത്തിലെ രിവായ, ഇസ്നാദ്, ഇജാസത് (അംഗീകാരം) എന്നീ ഘടകങ്ങളെ പുനരുജ്ജീവിപ്പിക്കാൻ അദ്ദേഹം കഠിന പ്രയത്നം നടത്തി. ഹദീസ് ഗ്രന്ഥങ്ങൾ മനനം ചെയ്യുന്നതിലും വായിക്കുന്നതിലും ക്ഷീണമോ വിരസതയോ ഇല്ലാതെ ദീർഘനേരം വായിക്കാനുള്ള ക്ഷമയും താൽപര്യവും അല്ലാഹു അദ്ദേഹത്തിന് കനിഞ്ഞേകിയിട്ടുണ്ട്. നിലവിൽ പ്രമുഖ തസവ്വുഫ് ഗ്രന്ഥം രിസാലതുൽ ഖുശൈരിയ്യയുടെ ക്ലാസ് ആഴ്ചതോറും (വെള്ളിയാഴ്ച ഇശാ നിസ്കാര ശേഷം) നടത്തിവരുന്നു. അതിന് പുറമെ ശമാഇൽ മുഹമ്മദിയ്യ, ശറഹുൽ അഖാഇദ്, കിതാബുശ്ശിഫാ തുടങ്ങി വിവിധ ഹദീസ്, തസവ്വുഫ്, അഖീദ മേഖലകളിലെ ഗ്രന്ഥങ്ങളുടെ വിജ്ഞാന സദസ്സുകൾക്കും നേതൃത്വം നൽകുന്നുണ്ട്. 

അദ്ദേഹത്തിന്റെ ഹദീസ് വിജ്ഞാനീയത്തിലെ സംഭാവനകൾ മുൻ നിർത്തി ഗവേഷണ പഠനം നടത്താനുള്ള സാധ്യത കാണുന്നു. താൽപര്യമുള്ളവർക്ക് ശ്രമിക്കാവുന്നതാണ്. അല്ലാഹു കൂടുതൽ കാലം ഉമ്മത്തിന് സേവനം ചെയ്യാൻ കരുത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter