അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 10-13) നേതാക്കളും കരാറും

കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞിരുന്നത്, സത്യവിശ്വാസം സ്വീകരിച്ച് സല്‍ക്കര്‍മങ്ങളനുഷ്ഠിച്ച്, നീതിനിഷ്ഠരായി, മറ്റുള്ളവരോട് അതിക്രമങ്ങള്‍ കാണിക്കാതെ, നല്ല നിലക്ക് ജീവിക്കുന്നവര്‍ക്ക് ലഭിക്കുന്ന നേട്ടങ്ങളെയും പ്രതിഫലങ്ങളെയും കുറിച്ചായിരുന്നു. ഇഹലകോത്തും പരലോകത്തും അത്തരക്കാര്‍ രക്ഷപ്പെടും. പരലോകത്ത്, പാപമോചനവും മികച്ച പ്രതിഫലവുമാണ്‌ അല്ലാഹു അവര്‍ക്ക്‌ ഒരുക്കിവെച്ചിരിക്കുന്നതെന്നും പറഞ്ഞു.

ഇനി  പറയുന്നത്, സത്യനിഷേധികളുടെ അവസ്ഥയാണ്. അവര്‍ക്ക് പരലോകത്ത് ലഭിക്കാനിരിക്കുന്നത് നരകശിക്ഷയാണ്.

وَالَّذِينَ كَفَرُوا وَكَذَّبُوا بِآيَاتِنَا أُولَٰئِكَ أَصْحَابُ الْجَحِيمِ (10)

അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിക്കുകയും ചെയ്തവര്‍ നരകാവകാശികളാണ്. 

അടുത്ത ആയത്ത് 11

മുഅ്മിനീങ്ങള്‍ക്ക് അല്ലാഹു ചെയ്തുകൊടുത്ത ചില അനുഗ്രഹങ്ങള്‍ ഓര്‍മിപ്പിക്കുകയാണിനി. പലപ്പോഴും അല്ലാഹു അവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അതെപ്പോഴും ഓര്‍‌മിക്കണം. അവന്‍റെ കല്‍പനകള്‍ ധിക്കരിക്കാതിരിക്കണം. എല്ലാം അവനില്‍ അര്‍പ്പിച്ച് ജീവിക്കണം. പൂര്‍ണമായി അല്ലാഹുവിങ്കല്‍ ഭരമേല്‍പിച്ച്‌ കാര്യങ്ങള്‍ മുന്നോട്ടു നീക്കുന്നവന് വിജയം സുനിശ്ചിതമാണ്. وَمَنْ يَتَوَكَّلْ عَلَى اللهِ فَهُوَ حَسْبُهُ അല്ലാഹുവിങ്കല്‍ ആരെങ്കിലും കാര്യങ്ങള്‍ ഭരമേല്‍പ്പിക്കുന്നുവെങ്കില്‍ അയാള്‍ക്ക്‌ അവന്‍ തന്നെ മതി (സൂറത്തുത്ത്വലാഖ്‌ 3) എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ.

ശരിയായ തവക്കുലായിരിക്കണമെന്നു മാത്രം. നമ്മളൊക്കെ പലപ്പോഴും തവക്കുല്‍ വാക്കുകളില്‍ മാത്രം ഒതുക്കുന്നവരാണ്;  പ്രവര്‍ത്തനങ്ങളിലൊന്നുമുണ്ടാകില്ല. നന്നായി ഡിസൈന്‍ ചെയ്ത് വാള്‍ഫ്രെയ്മുകളായും മറ്റും ബോര്‍ഡെഴുതി വെക്കാനൊക്കെ വലിയ ഉത്സാഹമാണ്.

പലപ്പോഴും മറ്റു പലതിനെയുമാണ് നമ്മള്‍ ഭരമേല്പിക്കാറുള്ളത്, അല്ലെങ്കില്‍ നമ്പാറുള്ളത്. ബാങ്ക് ബാലന്‍സ്, ജോലി, ബിസിനസ്... അങ്ങനെ പലതും.

നമുക്ക് ചെയ്യാനുള്ളതൊക്കെ ചെയ്യുകയും എല്ലാം റബ്ബിലേക്ക് പരിപൂര്‍ണമായി ഏല്പിച്ചുകൊടുക്കുകയും വേണം. എങ്കില്‍ അല്ലാഹു പല വഴികളും തുറന്നുതരും. നമ്മളറിയാത്ത രൂപത്തില്‍ കാര്യങ്ങള്‍ പരിഹരിക്കപ്പെടും.

ഇനി നമ്മള്‍ പഠിക്കുന്ന ആയത്തില്‍ പറയുന്ന അനുഗ്രഹം, പ്രത്യേകമായൊരു സംഭവത്തെക്കുറിച്ചാണെന്നും അല്ലെന്നും 2 അഭിപ്രായമുണ്ട്.

പൊതുവെയുള്ള അനുഗ്രഹമാണ് ഉദ്ദേശ്യം എന്നാണ് ഒരു വിഭാഗം വ്യാഖ്യാതാക്കള്‍ പറയുന്നത്. അതായത് - വിവിധ തരം പദ്ധതികളാവിഷ്കരിച്ച് സത്യവിശ്വാസികളെ ഉന്മൂലനം ചെയ്യാന്‍ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നല്ലോ ഇസ്‌ലാമിന്‍റെ ശത്രുക്കള്‍. പക്ഷേ, അല്ലാഹു അവരുടെ അത്തരം പദ്ധതികളും പ്രതിലോമ പ്രവര്‍ത്തനങ്ങളുമെല്ലാം കൃത്യസമയത്ത് പരാജയപ്പെടുത്തി മുസ്‌ലിംകള്‍ക്ക് വിജയവും പ്രതാപവും നല്‍കി. അതെല്ലാം എപ്പോഴും നന്ദിയോടെ ഓര്‍ക്കണം.

ഒരു പ്രത്യേക  സംഭവമാണ് ഉദ്ദേശ്യം എന്ന അഭിപ്രായവുമുണ്ട്. അത് ആയത്ത് പഠിച്ച ശേഷം പറയാം – إن شاء الله

يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ إِذْ هَمَّ قَوْمٌ أَنْ يَبْسُطُوا إِلَيْكُمْ أَيْدِيَهُمْ فَكَفَّ أَيْدِيَهُمْ عَنْكُمْ ۖ وَاتَّقُوا اللَّهَ ۚ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ (11)

സത്യവിശ്വാസികളേഒരു വിഭാഗമാളുകള്‍ നിങ്ങളെ കൈയേറ്റം ചെയ്യാനുദ്ദേശിച്ചപ്പോള്‍ അല്ലാഹു അവരുടെ കരങ്ങളെ നിങ്ങളില്‍ നിന്നു തടുത്ത അനുഗ്രഹം അനുസ്മരിക്കുക. നിങ്ങള്‍ ദൈവഭക്തിയുള്ളവരാകണം. സത്യവിശ്വാസികള്‍ അല്ലാഹുവിങ്കല്‍ കാര്യങ്ങള്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ. 

ഒരു പ്രത്യേക സംഭവമാണിവിടെ ഉദ്ദേശ്യമെന്ന അഭിപ്രായ പ്രകാരം, അതുസംബന്ധമായി വിവിധ റിപ്പോര്‍ട്ടുകളുണ്ട്:

1) തിരുനബി (صلى الله عليه وسلم) യും സ്വഹാബികളും ഉസ്‌ഫാന്‍ എന്ന സ്ഥലത്തുവെച്ചു ളുഹ്‌ര്‍ നമസ്‌കാരം ജമാഅത്തായി നമസ്‌കരിക്കുന്നത് ശത്രുക്കള്‍ കണ്ടു. ദാത്തുര്‍റിഖാഅ്‌ യുദ്ധവേളയിലായിരുന്നു അത്‌. നമസ്‌കാരം കഴിഞ്ഞപ്പോഴായിരുന്നു ശത്രുക്കള്‍ക്ക്‌ തോന്നിയത്‌, നമസ്‌കാരത്തില്‍ തിരുനബി (صلى الله عليه وسلم) യെയും കൂട്ടുകാരെയും ഒന്നടങ്കം നശിപ്പിക്കാമായിരുന്നുവെന്ന്‌. ഇത്രയും നല്ലൊരു അവസരം പാഴായിപ്പോയതില്‍ അവര്‍ വല്ലാതെ ഖേദിച്ചു. ഇനി അടുത്ത അസ്വ്‌ര്‍ നിസ്‌കാരത്തില്‍ ഉദ്ദേശ്യം നടപ്പില്‍ വരുത്താമെന്ന്‌ തീരുമാനിച്ചു. എന്നാല്‍, അതിന്‍റെ സമയമാകുന്നതിനു മുമ്പുതന്നെ സൂറത്തുന്നിസാഇലെ 102-ആം ആയത്ത് അവതരിച്ചു. ആ ആയത്തില്‍, ശത്രുക്കളെ ഭയപ്പെടുമ്പോള്‍ നമസ്‌കരിക്കേണ്ട ക്രമം പഠിപ്പിച്ചുകൊടുത്തു. അങ്ങനെ അവരുടെ കുതന്ത്രങ്ങള്‍ അല്ലാഹു പരാജയപ്പെടുത്തി. സൂറത്തുന്നിസാഅ് പഠിച്ചപ്പോള്‍ നമ്മളത് പറഞ്ഞുകഴിഞ്ഞിട്ടുണ്ട്.

2) ഒരു യുദ്ധസംബന്ധമായ യാത്രയില്‍ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു മരത്തണലില്‍ വിശ്രമിക്കുകയായിരുന്നു. സ്വഹാബികള്‍ ഓരോ ജോലിയില്‍ വ്യാപൃതരുമായിരുന്നു. മുഹാരിബ് (محارب) ഗോത്രക്കാരനായ ഒരാള്‍ ഈ തക്കം നോക്കിവന്ന് തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വാളെടുത്തു. അതു ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ‘മുഹമ്മദേ, ഇപ്പോള്‍ നിന്നെ ആര് രക്ഷിക്കും?’ എന്നു ചോദിച്ചു. തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉത്തരം പറഞ്ഞു: ‘അല്ലാഹു’. അവന്‍ സ്തബ്ധനായിപോയി. വാള്‍ കൈയില്‍നിന്നു വീണു. തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വാളെടുത്തു അതേചോദ്യം അവനോടു ചോദിച്ചു. അവനെന്തു മറുപടി പറയാനാ... കരുണ യാചിക്കുകയാണവന്‍ ചെയ്തത്.

തിരുനബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ അവനെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. പക്ഷേ, സ്വീകരിക്കാന്‍ തയ്യാറായില്ല. പകരം, ഇനിയൊരിക്കലും ഉപദ്രവിക്കില്ലെന്ന് പറഞ്ഞു. തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മാപ്പു നല്‍കി വിട്ടയച്ചു. വിവിധ തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഈ സംഭവത്തിനുണ്ട്.

3) തിരുനബി  صلى الله عليه وسلمയെയും പ്രമുഖ സ്വഹാബികളെയും ഒരു സല്‍കാരത്തിനു ക്ഷണിക്കാനും ഭക്ഷണാനന്തരം വിശ്രമിക്കുമ്പോള്‍ അവരുടെ നേരെ ചാടിവീണ് കൂട്ടക്കൊല നടത്താനും ജൂതന്മാര്‍ ഒരു ഗൂഢാലോചന നടത്തി. അല്ലാഹു അത് നേരത്തെതന്നെ തിരുനബിصلى الله عليه وسلمക്ക് അറിയിച്ചുകൊടുത്തു.

4) തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെയും സ്വഹാബികളെയും യഹൂദികള്‍ ഒരു വിരുന്നിനു ക്ഷണിച്ചു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലാനായിരുന്നു പരിപാടി. നേരത്തെതന്നെ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു വഹ്‌യു മുഖേന അറിവ് ലഭിച്ചു. അങ്ങനെ, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സ്വഹാബികളും അതില്‍ പങ്കെടുത്തില്ല.

5) കാശുമായി ബന്ധപ്പെട്ട ഒരാവശ്യത്തിനുവേണ്ടി, യഹൂദിഗോത്രമായ ബനൂന്നളീറിന്‍റെ അടുത്തേക്ക് തിരുനബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യും സംഘവും ചെന്നു. കാശ് കൊടുക്കാമെന്നവര്‍ സമ്മതിച്ചു. ഒരു ചുമരിനു താഴെ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അവരിരുത്തി. അതിനു മുകളില്‍നിന്നു ഒരു ആസ്സ് കല്ലെടുത്ത് തിരുനബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ തലക്കു മീതെയിട്ട് കൊല്ലാന്‍ ഒരാളെ ശട്ടം കെട്ടുകയും ചെയ്തു. ഈ ഗൂഢരഹസ്യം അല്ലാഹു തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് അറിയിച്ചുകൊടുത്തു. തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും കൂടെയുണ്ടായിരുന്ന സ്വഹാബികളും അവിടം വിടുകയും ചെയ്തു.

ഈ പറഞ്ഞ സംഭവങ്ങളില്‍ ഏതെങ്കിലുമൊന്നോ, അല്ലെങ്കില്‍ ഇതുപോലുള്ള സംഭവങ്ങള്‍ പൊതുവെയോ ആയിരിക്കാം ഇവിടെ ഉദ്ദേശ്യം. സത്യവിശ്വാസികള്‍ക്ക് അല്ലാഹു ചെയ്തുകൊടുത്ത വലിയ അനുഗ്രഹങ്ങളാണിവയെല്ലാം എന്നു പറയേണ്ടതില്ലല്ലോ.

അടുത്ത ആയത്ത് 12

7-ആം ആയത്തില്‍, സത്യവിശ്വാസികള്‍ അല്ലാഹുവിനോട്‌ ചെയ്‌ത കരാര്‍ ഓര്‍ക്കണമെന്നും അതു ലംഘിക്കാതിരിക്കണമെന്നും അല്ലാഹുവിനെ സൂക്ഷിക്കണമെന്നും പറഞ്ഞിരുന്നല്ലോ.  ഇനി പറയുന്നത്, ഇതുപോലെയുള്ളൊരു കരാര്‍ ഇസ്രാഈല്യരോടും മുമ്പ്‌ വാങ്ങിയിരുന്നു എന്നാണ്. പക്ഷേ, അവരതു ലംഘിക്കുകയും തന്മൂലം അല്ലാഹു അവരെ ശപിക്കുകയുമാണ് ചെയ്തത്. മുസ്‌ലിംകള്‍ക്കതൊരു പാഠമാകണം.

മൂസാ നബി(عليه السلام) യും ഇസ്രാഈല്യരും ചെങ്കടല്‍ കടന്ന് രക്ഷപ്പെട്ട ശേഷം സീനാ താഴ്‌വരയില്‍ താമസിച്ചിരുന്നല്ലോ കുറച്ചു കാലം. ആ സമയത്ത് അവര്‍ക്കു വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന കന്‍ആന്‍ (ഫലസ്തീന്‍) ദേശം ശത്രുക്കളില്‍ നിന്ന് തിരിച്ചുപിടിക്കുന്നതിന്‍റെ മുന്നോടിയായി, ശത്രുക്കളെക്കുറിച്ച് നിരീക്ഷണം നടത്തി തന്ത്രപരമായി വിവരങ്ങള്‍ മനസ്സിലാക്കാന്‍, പന്ത്രണ്ട് ഗ്രോത്രത്തില്‍ നിന്ന് പന്ത്രണ്ടു നേതാക്കളെ മൂസാ നബി (عليه السلام) തെരഞ്ഞെടുത്തു. അല്ലാഹുവിന്‍റെ കല്പന പ്രകാരമായിരുന്നു ഇങ്ങനെ ചെയ്തത്.

അവിടെ പോയി അന്വേഷിച്ച്, ആ വിവരം രഹസ്യമായി തന്നെ അറിയിക്കണമെന്നായിരുന്നു മൂസാ നബി (عليه السلام) ഈ നേതാക്കളോട് പറഞ്ഞിരുന്നത്. അങ്ങനെ ചെയ്യാമെന്ന് ഇവര്‍ ഉറപ്പും കൊടുത്തു. (ഈ സംഭവം ഇതേ സൂറയില്‍ തന്നെ [21-26] വഴിയെ വരുന്നുണ്ട്).

പക്ഷേ, ഇവര്‍ അവിടെച്ചെന്നു നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. ശത്രുക്കളുടെ ദേഹബലവും മറ്റും കണ്ട്‌ പേടിച്ചുപോയി. തിരിച്ചുവന്ന് സംഭവം അവരവരുടെ ഖൌമിനോട് പരസ്യമായി പറയുകയും ചെയ്‌തു. അതുകൊണ്ടുതന്നെ, യുദ്ധത്തിനിറങ്ങാന്‍ മൂസാനബി(عليه السلام) കല്‍പ്പിച്ചപ്പോള്‍ ഭീരുക്കളായി പിന്മാറുകയാണ്‌ അവര്‍ ചെയ്‌തത്‌. നീയും നിന്‍റെ റബ്ബും പോയി യുദ്ധം ചെയ്യുക, ഞങ്ങളിവിടെ ഇരിക്കാം, എന്ന് അഹങ്കാരത്തോടെ പറയുകയാണവര്‍ ചെയ്തത്.

നേതാക്കളില്‍ രണ്ടുപേര്‍ മാത്രമാണ് മൂസാനബി عليه السلامയുടെ കല്പന ശരിയായ രൂപത്തില്‍ അനുസരിച്ചത്. ബാക്കി 10 പേരും മൂസാ നബി عليه السلامയോട് ചെയ്ത കരാര്‍ പാലിച്ചില്ല, വഞ്ചിക്കുകയാണ് ചെയ്തത്.

وَلَقَدْ أَخَذَ اللَّهُ مِيثَاقَ بَنِي إِسْرَائِيلَ وَبَعَثْنَا مِنْهُمُ اثْنَيْ عَشَرَ نَقِيبًا ۖ وَقَالَ اللَّهُ إِنِّي مَعَكُمْ ۖ لَئِنْ أَقَمْتُمُ الصَّلَاةَ وَآتَيْتُمُ الزَّكَاةَ وَآمَنْتُمْ بِرُسُلِي وَعَزَّرْتُمُوهُمْ وَأَقْرَضْتُمُ اللَّهَ قَرْضًا حَسَنًا لَأُكَفِّرَنَّ عَنْكُمْ سَيِّئَاتِكُمْ وَلَأُدْخِلَنَّكُمْ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ ۚ فَمَنْ كَفَرَ بَعْدَ ذَٰلِكَ مِنْكُمْ فَقَدْ ضَلَّ سَوَاءَ السَّبِيلِ (12)

ഇസ്രയേല്യരോട് അല്ലാഹു കരാര്‍ വാങ്ങുകയും അവരില്‍ നിന്നു പന്ത്രണ്ടു നായകരെ നിയോഗിക്കയും ഇങ്ങനെ പറയുകയുമുണ്ടായി: ഞാന്‍ നിങ്ങളൊന്നിച്ചുണ്ട്നിങ്ങള്‍ യഥായോഗ്യം നമസ്‌കാരം നിലനിറുത്തുകയും സകാത്ത് നല്‍കുകയും എന്‍റെ ദൂതന്മാരെ വിശ്വസിക്കുകയും സഹായിക്കുകയും അല്ലാഹുവിനു മെച്ചപ്പെട്ട കടം നല്‍കുകയും ചെയ്യുന്നുവെങ്കില്‍ ഞാന്‍ നിങ്ങളുടെ പാപങ്ങള്‍ പൊറുക്കുന്നതും ചുവട്ടിലൂടെ അരുവികളൊഴുകുന്ന സ്വര്‍ഗങ്ങളില്‍ പ്രവേശിപ്പിക്കുന്നതുമാണ്. ഇങ്ങനെ കരാര്‍ ചെയ്തിട്ടും നിങ്ങളിലാരെങ്കിലും നിഷേധിയായാല്‍ അവന്‍ നേര്‍മാര്‍ഗത്തില്‍ നിന്നു പിഴച്ചുപോവുക തന്നെ ചെയ്തു. 

وَبَعَثْنَا مِنْهُمُ اثْنَيْ عَشَرَ نَقِيبًا

ഇസ്രാറാഈലുകാര്‍ പന്ത്രണ്ടു ഗോത്രങ്ങളായിരുന്നുവല്ലോ. ഇസ്രാഈല്‍ എന്നും പേരുണ്ടായിരുന്ന മഹാനായ യഅ്ഖൂബ് നബി (عليه السلام) യുടെ പന്ത്രണ്ട് മക്കളുടെ പിന്തുടര്‍ച്ചക്കാരായിരുന്നു ഈ ഗോത്രങ്ങള്‍. ഓരോ ഗോത്രത്തിനും ഓരോ നേതാവിനെയും അല്ലാഹുവിന്‍റെ നിര്‍ദ്ദേശപ്രകാരം നിശ്ചയിച്ചിരുന്നു. അവരെപ്പറ്റിയാണ് ‘പന്ത്രണ്ട് നായകന്മാര്‍’ എന്ന് പറഞ്ഞത്.

‘നാം നിയോഗിച്ചു’ (بَعَثْنَا) എന്നു പറഞ്ഞതില്‍നിന്ന് അത് മനസ്സിലാക്കാമല്ലോ - ഈ തലവന്മാരുടെ നിയോഗം അല്ലാഹുവിന്‍റെ കല്പന പ്രകാരമായിരുന്നുവെന്ന്. അവരെ നിയോഗിച്ചു എന്നതിനോടു ചേര്‍ത്തിയാണ്, ഈകരാറിനെക്കുറിച്ചു അല്ലാഹു പറഞ്ഞത്. അതായത്, ഈ നേതാക്കള്‍ മുഖേനയാണ് ഇസ്രാഈല്യരുടെ കരാര്‍ നടന്നത് എന്നര്‍ത്ഥം.

وَقَالَ اللَّهُ إِنِّي مَعَكُمْ ۖ

ഞാന്‍ നിങ്ങളെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നര്‍ത്ഥം. എപ്പോഴും അല്ലാഹു കൂടെയുണ്ടെന്ന വിചാരമാണ് സത്യവിശ്വാസിക്ക് ഉണ്ടാകേണ്ടത്. ആ വിചാരപ്പെടലാണ്, പ്രതിസന്ധികള്‍ തരണം ചെയ്യാനും ശുഭപ്രതീക്ഷയോടുകൂടി ജീവിതം നയിക്കാനും, എല്ലാറ്റിലുമുപരി പരലോകത്തേക്കൊരുങ്ങാനും അവനെ പ്രാപ്തനാക്കുന്നത്.

وَأَقْرَضْتُمُ اللَّهَ قَرْضًا حَسَنًا

അല്ലാഹുവിന് നല്ല കടംകൊടുക്കുക എന്നുവെച്ചാല്‍, സകാത്തിനു പുറമെ നല്ല വഴിയിലെല്ലാം സന്തോഷത്തോടും നിഷ്‌കളങ്കതയോടും കൂടി സമ്പത്ത് ചെലവഴിക്കുക എന്നര്‍ത്ഥം.

മനസ്സില്‍ തട്ടുന്ന ഒരു പ്രയോഗമാണത്. റബ്ബ് നമ്മുടെ കൈയിലേല്പിച്ചുതന്ന സമ്പത്തില്‍ നിന്ന് അവന്‍ കടം ചോദിക്കുകയാണ്. ശരിക്ക് പിടിച്ചുവാങ്ങാമല്ലോ! കാരണം, അവന്‍റേതല്ലേ ആ സമ്പത്ത്.

അങ്ങനെയല്ല, മാന്യമായി ചോദിക്കുകയാണ് – തരാന്‍ നിങ്ങള്‍ തയ്യാറുണ്ടോ... വെറുതെ വേണ്ട – എമ്പാടും പ്രതിഫലം തരാം, ഇരട്ടിയിലേറെ തരാം എന്നൊക്കെ വാഗ്ദാനം ചെയ്ത് മികച്ച പ്രോത്സാഹനം നല്‍കുകയാണ്. എത്ര ഉദാരനാണ് അല്ലാഹു!

അടുത്ത ആയത്ത് 13

പാലിക്കാമെന്ന് ഉറപ്പു നല്‍കിയിട്ട് പിന്നെയും ആ കരാര്‍ ലംഘിച്ചപ്പോള്‍ അല്ലാഹു അവരെ ശപിച്ചുകളഞ്ഞു. അവന്‍റെ കാരുണ്യം അവര്‍ക്ക് നഷ്ടപ്പെടുകയും കോപത്തിന്  വിധേയരാവുകയും ചെയ്തു. മേലിലെങ്കിലും നന്നാകാന്‍ മാര്‍ഗമില്ലാത്തവിധം അവരുടെ ഹൃദയങ്ങള്‍ കടുത്തുപോയി. സൂറത്തുല്‍ ബഖറ 74 ല്‍ ഈ ഹൃദയകാഠിന്യത്തെക്കുറിച്ച്‌ പറഞ്ഞിട്ടുണ്ട്.

പിന്നെയങ്ങോട്ട് അവരുടെ രീതി തന്നെ ആകെ മാറി. ദീനിന്‍റെ ശാസനകളും വേദവാക്യങ്ങളും സ്വന്തം താല്‍പര്യത്തിനനുസരിച്ച് മാറ്റിമറിക്കുന്നതും ദുര്‍വ്യാഖ്യാനം ചെയ്യുന്നതും പതിവായി. അല്ലാഹു പറയാത്തത് അവന്‍റെ മേല്‍ കെട്ടിച്ചമച്ചുണ്ടാക്കുകയും ചെയ്തു. (ഈ വിഷയങ്ങളെല്ലാം  സൂറത്തുല്‍ ബഖറ:33 ലും  സൂറത്തുന്നിസാഅ് :46 ലും പറഞ്ഞിട്ടുണ്ട്.)

فَبِمَا نَقْضِهِمْ مِيثَاقَهُمْ لَعَنَّاهُمْ وَجَعَلْنَا قُلُوبَهُمْ قَاسِيَةً ۖ يُحَرِّفُونَ الْكَلِمَ عَنْ مَوَاضِعِهِ ۙ وَنَسُوا حَظًّا مِمَّا ذُكِّرُوا بِهِ ۚ وَلَا تَزَالُ تَطَّلِعُ عَلَىٰ خَائِنَةٍ مِنْهُمْ إِلَّا قَلِيلًا مِنْهُمْ ۖ فَاعْفُ عَنْهُمْ وَاصْفَحْ ۚ إِنَّ اللَّهَ يُحِبُّ الْمُحْسِنِينَ (13)

അങ്ങനെ തങ്ങളുടെ കരാര്‍ ലംഘിച്ചതിനാല്‍ അവരെ നാം ശപിക്കുകയും അവരുടെ ഹൃദയങ്ങള്‍ കഠിനതരമാക്കുകയും ചെയ്തു. ദൈവിക വചനങ്ങള്‍ യഥാസ്ഥാനങ്ങളില്‍ നിന്ന് അവര്‍ വളച്ചൊടിക്കുകയും തങ്ങളോടനുശാസിക്കപ്പെട്ടതില്‍ നിന്നു വലിയൊരു ഭാഗം അവര്‍ മറന്നു കളയുകയുമുണ്ടായി. അവരുടെ ചതികള്‍ താങ്കള്‍ തന്നെ കണ്ടുകൊണ്ടിരിക്കുന്നുണ്ട്ചുരുക്കം പേരില്‍ നിന്നൊഴികെ. അതുകൊണ്ട് അവര്‍ക്ക് മാപ്പ് കൊടുക്കുകയും വിട്ടുവീഴ്ച നല്‍കുകയും ചെയ്യുക. നിശ്ചയമായും പുണ്യം ചെയ്യുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നതാണ്. 

ജൂതസമൂഹം ഒട്ടേറെ ദിവ്യാനുഗ്രഹങ്ങള്‍ കൊണ്ടനുഗൃഹീതരായിരുന്നു. എന്നിട്ടും വഞ്ചന, കാപട്യം, ബൈബിള്‍ വചനം മാറ്റിമറിക്കലും ദുര്‍വ്യാഖ്യാനം ചെയ്യലും, പ്രവാചകന്മാരെ കൊല്ലുക തുടങ്ങി നിരവധി നന്ദികേടുകളവര്‍ കാട്ടി. തന്മൂലം അല്ലാഹുവിന്‍റെ ശാപത്തിന്നവര്‍ വിധേയരായി.

وَجَعَلْنَا قُلُوبَهُمْ قَاسِيَةً

ഹൃദയം കടുത്തുപോകുകയെന്നത് ഒരുതരം ശിക്ഷയാണ്. തെറ്റുകളില്‍ നിന്ന് പിന്മാറാതെ, തൌബ ചെയ്തുമടങ്ങാതെ, നല്ല വഴിയിലേക്ക് മടങ്ങാതെ അങ്ങനെ ജീവിച്ചുപോകുന്നവരുടെ ഹൃദയം ക്രമേണ കടുക്കും.  പിന്നെ നല്ലതൊന്നും അതിനുള്ളിലേക്ക് കടക്കാതെയാകും. അല്ലാഹു നമ്മളെ കാത്തുരക്ഷിക്കട്ടെ-ആമീന്‍.

وَنَسُوا حَظًّا مِمَّا ذُكِّرُوا بِهِ

‘അവരോടനുശാസിക്കപ്പെട്ടതില്‍ നിന്ന് വലിയൊരു ഭാഗം അവര്‍ മറന്നു’ എന്ന് പറഞ്ഞത്, അന്ത്യപ്രവാചകരായ തിരുനബി صلى الله عليه وسلمയെക്കുറിച്ച് അവരുടെ വേദത്തിഗ്രന്ഥത്തിലുള്ള വിവരങ്ങളും മറ്റുമൊക്കെയാണ്. തിരുനബി صلى الله عليه وسلم അന്ത്യപ്രവാചകനായി വരുമെന്നും അവിടത്തെ അടയാളങ്ങളും മറ്റും പറഞ്ഞ്, ആ  പ്രവാചകനെ അംഗീകരിക്കണമെന്നും അവരുടെ വേദങ്ങളിലുണ്ടായിരുന്നുവല്ലോ.

وَلَا تَزَالُ تَطَّلِعُ عَلَىٰ خَائِنَةٍ مِنْهُمْ

അവരുടെ ചതികള്‍ തിരുനബി صلى الله عليه وسلم കണ്ടുകൊണ്ടേയിരിക്കുന്നുണ്ട്,

വിശ്വാസവഞ്ചനയും ചതിയും യഹൂദികളുടെ സ്വഭാവമാണല്ലോ. തക്കം കിട്ടുമ്പോഴെല്ലാം അവരത് ചെയ്യും.

മുസ്ലിംകളും യഹൂദികളും തമ്മിലുള്ള കരാറുകള്‍  ലംഘിച്ച്, ശത്രുക്കളോടൊപ്പം ചേര്‍ന്ന് മുസ്‍ലിംകള്‍ക്കെതിരെ യുദ്ധം ചെയ്തിട്ടുണ്ട് അവര്‍. തിരുനബിصلى الله عليه وسلم യെ വകവരുത്താന്‍ പലപ്പോഴും ചതിപ്രയോഗങ്ങള്‍ നടത്തിയിട്ടുമുണ്ട്.

إِلَّا قَلِيلًا مِنْهُمْ

യഹൂദികളിലും ചില മര്യാദക്കാരുണ്ടെന്ന് അര്‍ത്ഥം. അവരുടെ കൂട്ടത്തില്‍നിന്ന് ഇസ്‌ലാം സ്വീകരിക്കാന്‍ മുന്നോട്ടുവന്ന അബ്ദുല്ലാഹിബ്‌നു സലാം (رَضِيَ اللهُ عَنْهُ) വിനെ പോലെയുള്ള, ദൈവിക മതത്തിന്‍റെയും വേദത്തിന്‍റെയും അന്തഃസത്ത ഗ്രഹിച്ച ചുരുക്കം ചിലര്‍.

ഇവരൊഴിയെകുള്ള മഹാഭൂരിഭാഗം ജൂതന്മാരും അല്ലാഹുവിനെയും നബിമാരെയും കൊണ്ട് അമ്മാനമാടുകയായിരുന്നു. ആര്‍ക്കും ബോധ്യപ്പെടുന്ന പരസ്യമായ കാര്യമാണിത്.

فَاعْفُ عَنْهُمْ وَاصْفَحْ ۚ إِنَّ اللَّهَ يُحِبُّ الْمُحْسِنِينَ

ഇങ്ങനെയൊക്കെയാണ് യഹൂദികളുടെ സ്ഥിതിഗതികളെങ്കിലും, അവരോടു മാപ്പിന്‍റെയും വിട്ടുവീഴ്ചയുടെയും നയം സ്വീകരിക്കണമെന്നും, അതു സുകൃതം ചെയ്യുന്നവരുടെ സ്വഭാവമാണെന്നും, അല്ലാഹു അത്തരം നന്മ ചെയ്യുന്നവരുടെ പക്ഷത്താണെന്നും പ്രത്യേകം പറയുകയാണ്. അതായത്,  അവര്‍ക്കായിരിക്കും റബ്ബിന്‍റെ സഹായവും അനുഗ്രഹവും ലഭിക്കുക.

യുദ്ധത്തിന് അനുമതി ലഭിക്കുന്നതിന് മുമ്പായിരുന്നു ഇങ്ങനെ വിട്ടുവീഴ്ച ചെയ്യാന്‍ പറഞ്ഞതെന്നും, യുദ്ധ കല്പന ലഭിച്ചതോടുകൂടി ഈ ആയത്ത് നസ്ഖ് ചെയ്യപ്പെട്ടെന്നും (ദുര്‍ബലപ്പെടുത്തപ്പെട്ടു) പല മുഫസ്സിറുകളും രേഖപ്പെടുത്തിയിട്ടുണ്ട്.

വിട്ടുവീഴ്ചാ മനോഭാവം നല്ലൊരു  സ്വഭാവമാണ്. അല്ലാഹു പലപ്പോഴും പലയിടത്തും പ്രോത്സാഹിപ്പിക്കാറുള്ളതാണിത്. പകരം വീട്ടാന്‍ കഴിയുമെങ്കിലും, അതായത് ഇങ്ങോട്ട് അക്രമങ്ങളും ചതിപ്രയോഗങ്ങളും നടത്തുന്നവരോട് അങ്ങോട്ടും അതേപോലെ ചെയ്യാന്‍ കഴിയുമെങ്കിലും, അതിനൊരുങ്ങാതെ വിട്ടുവീഴ്ച ചെയ്ത് മാപ്പു നല്‍കുക. പലപ്പോഴും തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കാണിച്ചുതന്ന മാതൃകയും അതുതന്നെയാണ്. ആ മാതൃക അനുധാവനം ചെയ്യാന്‍ അല്ലാഹു  സഹായിക്കട്ടെ-ആമീന്‍.

----------------------

 ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter